UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തമ്പ്’ ഒരു സാമൂഹ്യ പാഠശാല

Avatar

രാജേന്ദ്ര പ്രസാദ്

നവംബര്‍ 14, 2015 – ശിശുദിനം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ കേരളത്തിലെ വിവിധ ആദിവാസി-ദലിത്-മത്സ്യബന്ധന മേഖലയില്‍ നിന്നെത്തിയ കുട്ടികളുടെ പത്രസമ്മേളനം നടക്കുന്നു.

”ഞങ്ങളുടെ ഭാഷയില്‍ സംസാരിച്ചാല്‍ നിങ്ങള്‍ക്കത് തിരിച്ചറിയാനാവുമോ”. അട്ടപ്പാടി ഇരുള ആദിവാസി ഭാഷയിലുള്ള ആ ചോദ്യം പത്രപ്രവര്‍ത്തകര്‍ക്ക് പുതിയൊരു കേള്‍വിയായിരുന്നു. അട്ടപ്പാടിയില്‍ നിന്നെത്തിയ പൊന്മണിയുടേതായിരുന്നു ആ ചോദ്യം. ആദിവാസി മേഖലയില്‍ തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായിരുന്നു പൊന്മണി, സ്വന്തം ഭാഷയിലുള്ള ആ ചോദ്യം ഉന്നയിച്ചത്. ഭാഷാ പ്രശ്‌നമാണ് ഞങ്ങള്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന പ്രതിസന്ധി എന്നും ആദിവാസി മേഖലകളില്‍ ഐ.സി.ഡി.എസ്. കേന്ദ്രങ്ങളടക്കം മാതൃഭാഷയിലുള്ള ബോധനരീതി ശാസ്ത്രം വികസിപ്പിക്കേണ്ട വിദ്യാഭ്യാസ അവകാശത്തെ സംബന്ധിച്ചും സ്വന്തം നിലപാടു തറയില്‍ നിന്നുകൊണ്ട് പൊതുസമൂഹത്തോട് സംവദിക്കുകയായിരുന്നു പൊന്മണി. ഞങ്ങളുടെ മാതൃഭാഷ അറിയാത്ത അദ്ധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കുവാന്‍ എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വിശദീകരിച്ചപ്പോള്‍ അത് ശ്രവിച്ച പത്രപ്രവര്‍ത്തകര്‍ ആദിവാസി കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികള്‍, മാതൃഭാഷാ-വിദ്യാഭ്യാസ നിഷേധം എന്നിവ സ്വയം തിരിച്ചറിയുകയായിരുന്നു.

കേരളത്തിലെ ആദിവാസി മേഖലകളില്‍ കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ‘തമ്പ്’ (സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് ആന്റ് റിസേര്‍ച്ച്) എന്ന കൂട്ടായ്മയ്ക്ക് കീഴിലുള്ള ‘കാര്‍തുമ്പി’ എന്ന കുട്ടികളുടെ സാംസ്‌ക്കാരിക സമിതിയുടെ സെക്രട്ടറിയാണ് പതിനാറുകാരിയായ പൊന്മണി.

കാര്‍തുമ്പി
കേരളത്തിലെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയിലടക്കം പ്രധാന ആദിവാസി മേഖലകളില്‍ കുട്ടികളുടെ കൂട്ടായ്മയായ കാര്‍തുമ്പി സജീവമാണ്. അന്യം നിന്നുപോയ ആദിവാസി കലാരൂപങ്ങള്‍/ അറിവുകള്‍/ വായ്‌മൊഴി കഥകള്‍/ വായ്‌മൊഴി കവിതകള്‍/ നാട്ടറിവുകള്‍/ സാംസ്‌കാരിക ചിഹ്നങ്ങള്‍ എന്നിവ പുതുതലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് കാര്‍തുമ്പിയിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തം സാമൂഹ്യ-സാംസ്‌ക്കാരിക പൈതൃകത്തിന്റെ ആഴം മനസ്സിലാക്കി, മാറുന്ന കാലത്തിനൊത്ത് സ്വയം രൂപപ്പെടുക എന്നതാണ് ഇതിലൂടെ സാധ്യമാവുന്നത്. കുട്ടികളുടെ ചിന്തകള്‍/ പാഠ്യവിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള˜വേദി കൂടിയാണ് കാര്‍തുമ്പി. അട്ടപ്പാടിയില്‍ പഞ്ചായത്തുകള്‍ കുട്ടികളുടെ ഗ്രാമസഭ വിളിച്ചു ചേര്‍ത്തപ്പോള്‍ അതിന്റെ നേതൃത്വ സ്ഥാനത്തുണ്ടായിരുന്നത് കാര്‍തുമ്പി കൂട്ടുകാരാണ്. ഷോളയൂര്‍ പഞ്ചായത്തില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയെ കണ്ട്, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ പോയതും അവരുടെ നേതാവായ പൊന്മണിയുടെ നേതൃത്വത്തിലാണ്. അംഗനവാടികളുടെ ശോചനീയാവസ്ഥ കുട്ടികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഊരുകളില്‍ സ്‌കൂളില്‍ പോകാതെ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ സ്‌കൂളില്‍ എത്തിക്കുന്നതിനും കാര്‍തുമ്പി കൂട്ടങ്ങള്‍ വേദിയായിത്തീരുന്നു. അതുപോലെ ബാലവേലയിലെത്തുന്ന കുട്ടികളെ മോചിപ്പിക്കുവാന്‍ വേദിയൊരുക്കുകയും അവരുടെ പുനരധിവാസവും തുടര്‍ വിദ്യാഭ്യാസവും സാധ്യമാക്കുകയും ചെയ്യുക എന്ന ദൗത്യവും തമ്പ്-ന്റെ സഹായത്തോടെ കാര്‍തുമ്പി നിര്‍വ്വഹിക്കുന്നു. അട്ടപ്പാടിയില്‍ മാത്രം 2000-ത്തോളം ആദിവാസി ബാല്യങ്ങള്‍ കാര്‍തുമ്പി കൂട്ടുകാരായി ഉണ്ട്. അട്ടപ്പാടിയിലെ 60-ളം ഊരുകളില്‍ ഇന്ന് ‘കാര്‍തുമ്പി’ സജീവമായി നടക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഒത്തുകൂടി സ്വന്തം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രീതി നിലനില്‍ക്കുന്നു. കേരളത്തിലെ പ്രധാന സാമൂഹ്യ-സാംസ്‌ക്കാരിക നായകര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ആരോഗ്യ വിദഗ്ദ്ധര്‍, മറ്റു ആദിവാസി മേഖലയിലെ മൂപ്പന്മാര്‍ എന്നിവര്‍ കാര്‍തുമ്പി ക്യാമ്പുകളില്‍ എത്താറുണ്ട്. ‘തമ്പ്’-ന്റെ പ്രവര്‍ത്തകരും, ഊരിലെ അമ്മമാരുടെ കൂട്ടായ്മയായ തായാര് ഒത്തിമെയും, ഊരുമൂപ്പന്മാരും വേണ്ട സഹായം നല്‍കിവരുന്നു. അക്ഷരങ്ങളാണ് വിശക്കുന്നവന്റെ ആയുധം എന്ന മൊഴി സ്വയം ഏറ്റെടുത്തു കൊണ്ട് അട്ടപ്പാടിയിലെ ഊരുകളില്‍ അറിവിന്റെ അഗ്നിയായി കമ്മ്യൂണിറ്റി ലൈബ്രറികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കാര്‍തുമ്പി കൂട്ടുകാര്‍. കോട്ടത്തറ ‘തമ്പ്’ ഓഫീസ് അങ്കണത്തിലും കക്കുപ്പടി ഊരിലും 2 കമ്മ്യൂണിറ്റി ലൈബ്രറികള്‍ ഇതിനോടകം ആരംഭിച്ചു. താമസിയാതെ മറ്റു ഊരുകളിലും ലൈബ്രറികള്‍ ആരംഭിക്കും. പ്രസ്തുത പദ്ധതിയ്ക്ക് കേരള മനസ്സിന്റെ നിസ്വാര്‍ത്ഥ സഹകരണമാണ് ‘തമ്പ്’-ന്റെ ഓഫീസിലേയ്ക്ക് ഒഴുകിയെത്തുന്ന പുസ്തകക്കെട്ടുകള്‍ – ഡി.സി. ബുക്‌സ്, മാതൃഭൂമി ബുക്‌സ് തുടങ്ങി പുസ്തകം അയച്ചുതന്ന എല്ലാ സുമനസ്സുകയളെയും ഞങ്ങള്‍ ഇവിടെ ഓര്‍ക്കുന്നു.

‘ഗാവു’ (The Sage of Sacrifice)
അട്ടപ്പാടിയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമ ചെയ്യുക എന്ന ആവശ്യത്തിനാണ് 90 കളില്‍ വിവിധ ഊരുകളില്‍ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോന്ന കുട്ടികളുടെ കണക്ക് ‘തമ്പ്’ എടുക്കുന്നത്. ഒരു വര്‍ഷത്തോളം വരുന്ന കാലയളവില്‍ വിവിധ ഊരുകളില്‍ നേരിട്ടെത്തി കണക്കുകള്‍ എടുക്കുകയായിരുന്നു. അന്ന് വിവിധ ഊരുകളിലേയ്ക്ക് കാല്‍നടയായി തന്നെ പോകണം. അതിനിടയിലാണ് പാലൂരിലെ ‘മശാണി’ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കോയമ്പത്തൂരിലെ ഗൗണ്ടറുടെ വീട്ടിലേയ്ക്ക് ജോലിക്ക് പോയ മശാണി അവിടെ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും അവര്‍ക്ക് അറിയാവുന്ന ഭാഷയില്‍ ‘തമ്പ്’-ലേക്ക് എഴുതുമായിരുന്നു. ആ കാലഘട്ടത്തില്‍ വിവിധ ഊരുകളില്‍ അത്തരം മശാണിമാരെ ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. മേല്‍പ്പറഞ്ഞ പഠനവും മശാണിയുടെ കത്തുകളും പ്രമേയമാക്കിയാണ് ‘ഗാവു’ എന്ന ചലച്ചിത്രം രൂപപ്പെടുന്നത്. വിദ്യാലയങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കും, അതിന് ശേഷം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കോട്ടത്തറ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോന്ന വള്ളി, തുളസി എന്നീ രണ്ടു കൂട്ടുകാരികളുടെ 3 ദിവസം ചിത്രീകരിച്ചുകൊണ്ട് അട്ടപ്പാടിയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഗാവു’ എന്ന സിനിമ. ‘ഗാവു’ (The Sage of Sacrifice) എന്ന വാക്കിന് അര്‍ത്ഥം ബലി എന്നാണ്. വിദ്യാലയങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കും, ശോചനീയാവസ്ഥയും, കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും, അടിമപണിയടക്കമുള്ള പ്രശ്‌നങ്ങളും ‘ഗാവു’ പൊതുസമൂഹത്തിന്റെ കാഴ്ചയിലേയ്ക്ക് എത്തിച്ചു. പത്ര-മാധ്യമങ്ങള്‍ ‘ഗാവു’ ഏറ്റെടുത്തു. സര്‍ക്കാര്‍ ഇടപെടലുകള്‍ വന്നു.

അട്ടപ്പാടിയുടെ ഹൃദയവും തലച്ചോറും
‘ഗാവു’ വിന്റെ അനുഭവ പാഠങ്ങളില്‍ നിന്നാണ് അട്ടപ്പടിയില്‍ ഒരു സംഘടന എന്ന നിലയില്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യകത ‘തമ്പ്’ മനസ്സിലാക്കുന്നതും, അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതും. അതിന് ശക്തിയും പ്രേരണയുമായി- വഴി കാട്ടിയുമായി നിന്ന യശ്ശശരീരനായ ബഹു. ജസ്റ്റീസ് കൃഷ്ണയ്യര്‍ സാറിനെ ഇവിടെ സ്മരിക്കുന്നു. 1990 കളിലാണ് ‘തമ്പ്’ ആരംഭിക്കുന്നത്. അത് ഒരു സംഘടന എന്ന നിലയില്‍ രൂപപ്പെട്ടത് 2002 ലാണ്. അന്ന് മുതല്‍ ഇപ്പോഴും ‘തമ്പ്’ അട്ടപ്പാടിയിലെ ഊരുകളില്‍ സജീവമാണ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല, ഊരുകാരുടെ പ്രശ്‌ന പരിഹാരത്തിനായി നിരന്തരം ഇടപെടലുകളിലൂടെ അവര്‍ക്കിടയില്‍ ഒരു കൈത്താങ്ങായി ‘തമ്പ്’ ഉണ്ട്. 2011 (അസംബ്ലി), 2014 (പാര്‍ലമെന്റ്), 2015 (തദ്ദേശ സ്വയംഭരണം) തെരഞ്ഞെടുപ്പുകളില്‍ ആദിവാസി വോട്ടിംഗ് ശതമാനം വിലയിരുത്തുന്ന ഏതൊരു സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിയ്ക്കും മനസ്സിലാകുന്ന ഒരു വസ്തുത അട്ടപ്പാടിയിലെ ആദിവാസി വോട്ടുകളില്‍ ഉണ്ടായ വര്‍ദ്ധനവാണ്. ജനാധിപത്യ സംവിധാനങ്ങളെ ചലനാത്മകമാക്കുന്നതിലൂടെയാണ് പ്രസ്തുത വര്‍ദ്ധനവ് സാധ്യമാകുന്നത്. അതിനാവശ്യമായ ശാക്തീകരണം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ‘തമ്പി’ന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ട്. ഊരുകൂട്ടങ്ങള്‍, തായാര് ഒത്തിമെ എന്ന അമ്മക്കൂട്ടങ്ങള്‍, കാര്‍തുമ്പി എന്ന കുട്ടികളുടെ സമിതികള്‍, മൂപ്പന്മാരുടെ കൂട്ടായ്മകള്‍, ഗ്രാമസഭകള്‍ എന്നിവയെ ചലനാത്മകമാക്കുന്നതിലൂടെ സാധ്യമായതാണ് ഇത്തരം സൂചികകള്‍. ആദിവാസി മേഖലയിലെ ക്ഷേമവികസന പ്രവര്‍ത്തനങ്ങളുടെ തീരുമാനങ്ങള്‍ ഊരുകൂട്ടങ്ങളിലൂടെ വേണമെന്ന 2003 ലെ സര്‍ക്കാര്‍ ഉത്തരവ് അടിസ്ഥാനപ്പെടുത്തി എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളും ഊരുക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന രീതി അനുവര്‍ത്തിക്കാന്‍ ഊരുകൂട്ടങ്ങളെ പ്രാപ്തരാക്കുകയും, അതിലൂടെ ആദ്യകാലങ്ങളില്‍ റോഡ്, ചുറ്റുമതില്‍ നിര്‍മ്മാണങ്ങള്‍ മാത്രം രേഖപ്പെടുത്തിയിരുന്ന ഊരുകൂട്ട പ്രമേയങ്ങള്‍ കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളും ഭൂപ്രശ്‌നവും ചര്‍ച്ച ചെയ്യുന്ന ഒരു രീതി നിലവില്‍ വന്നു. അത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇങ്ങനെ കുട്ടികളുടെ അവകാശ സംരക്ഷണ സംഘടന ആയിരിക്കെ, ഒരു സമൂഹത്തിന്റെ മനസ്സായി സ്വയം രൂപപ്പെടുവാന്‍ ‘തമ്പ്’-ന് കഴിഞ്ഞത് ജനകീയ ഇടപെടലിലൂടെയാണ്.

വനാവകാശനിയമവും ഭൂമിയുടെ ഉടമസ്ഥതയും
2006 ല്‍ വനാവകാശനിയമം പ്രാബല്യത്തില്‍ വന്നപ്പോഴും, അതിനുമുമ്പും നിയമത്തെ സംബന്ധിച്ച് ഊരുകളില്‍ വിളിച്ചു ചേര്‍ത്ത നിയമ പഠന കളരികള്‍, അട്ടപ്പാടിയില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിലും നിയമാനുകൂല്യം ആദിവാസികളില്‍ എത്തിക്കുന്നതിലും ക്രിയാത്മക പങ്ക് വഹിച്ചു. ഊരുകൂട്ടങ്ങളും, തായാര് ഒത്തിമെകളും നിയമത്തെ സംബന്ധിച്ച് പഠിച്ചു. പ്രസ്തുത പ്രവര്‍ത്തനങ്ങളിലൂടെ ആയിരത്തിലധികം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചു. അട്ടപ്പാടിയില്‍ മാത്രമല്ല വയനാട്ടിലും കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി എന്നിവിടങ്ങളിലും വനാവകാശനിയമത്തിന്റെ കാര്യത്തില്‍ മറ്റു സംഘടനകളുമായി ചേര്‍ന്ന് ഇടപെടലുകള്‍ നടത്തി. നിയമം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഊരുകളിലെത്തിച്ചു. സ്വന്തം ആദിവാസി ഭാഷയില്‍ ക്ലാസ്സുകളെടുത്തു. വനാവകാശ സമിതി രൂപീകരണം ഊരുകൂട്ടങ്ങളിലൂടെ വേണമെന്ന ആവശ്യം സര്‍ക്കാര്‍ ഉത്തരവിലൂടെ (28/07/2008 GO-2941/2008/LSGD, GO. MS 44/14/G Edu-Dated 1st March 2014) നടപ്പിലാക്കുവാന്‍ കഴിഞ്ഞു. കേരളത്തില്‍ നിയമപ്രകാരം 8222 കൈവശവകാശ രേഖ പ്രകാരം 12652.22 ഏക്കര്‍ ഭൂമി ലഭ്യമായി. കുട്ടികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുമ്പോഴും കുട്ടിയെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താനാവില്ല എന്ന തിരിച്ചറിവാണ് ‘തമ്പ്’-ന്റെ ഇത്തരം ഇടപെടലുകള്‍ക്ക് ശക്തി പകരുന്നത്.

പോഷണശോഷണവും ശിശുമരണങ്ങളും
അട്ടപ്പാടിയിലെ ശിശുമരണം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത് ‘തമ്പ്’-ന്റെ ഇടപെടലിനെ തുടര്‍ന്നാണ്. മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഐ.സി.ഡി.എസ്. കേന്ദ്രങ്ങള്‍ എന്നിവയുടെ ശോചനീയ മുഖം പൊതുസമൂഹത്തില്‍ എത്തിച്ചത് ‘തമ്പ്’ ആണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ (2012-2015) 112 ശിശുമരണങ്ങളും 200-ഓളം ഗര്‍ഭസ്ഥ ശിശുമരണങ്ങളും പുറത്തുവിട്ടതിലൂടെയാണ് കേരളമനസ്സിനെ ദു:ഖത്തിലാഴ്ത്തിയ ശിശുമരണം പൊതുസമൂഹം ചര്‍ച്ച ചെയ്തത്. അതിനെ തുടര്‍ന്ന് കോടികള്‍ അട്ടപ്പാടിയിലേയ്ക്ക് ഒഴുകി എത്തിയെങ്കിലും ഇന്നും മരണം തുടരുകയാണ്. ഈ വര്‍ഷം നവംബര്‍ 20 വരെ 25 ശിശുമരണങ്ങള്‍ക്ക് അട്ടപ്പാടി വേദിയായി. ഇനിയും കൃത്യവും, ആദിവാസി വിഷയങ്ങളെ അവരുടെ കണ്ണിലൂടെ കാണേണ്ട ആവശ്യകതയാണ് അത് ആവശ്യപ്പെടുന്നത്. അട്ടപ്പാടിയില്‍ 2 തവണ മെഡിക്കല്‍ ക്യാമ്പ് നടത്തി. കുട്ടികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലെത്തിച്ചു. ‘അട്ടപ്പാടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍’ എന്ന പഠനം പുറത്തിറക്കി. ശിശുമരണത്തെ തുടര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ വന്നു. 300 കോടിയോളം രൂപ സ്‌പെഷ്യല്‍ പദ്ധതികള്‍ വന്നു. മേഖലയിലെ ഐ.സി.ഡി.എസ്., പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ ശാക്തീകരിക്കപ്പെട്ടു. ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്ററും കമ്മ്യൂണിറ്റി കിച്ചനും തുടങ്ങി.

ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍

2012- 16
2013- 47
2014 -24
2015 -25

ആകെ 112

ആദിവാസി വികസനത്തിനായി കോടികള്‍ ചിലവഴിക്കുമ്പോള്‍ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിയാതെ പോകുന്നത്, ആദിവാസി നേരിടുന്ന പ്രശ്‌നങ്ങളെ അവരുടെ കാഴ്ചപ്പാടിലൂടെ കാണുവാനുള്ള മനസ്സ് നമുക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ്. അതിന് ആദ്യം വേണ്ടത് ആദിവാസികളെക്കുറിച്ച് പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന മനോഭാവത്തില്‍ മാറ്റം വരുക എന്നതാണ്. ആദിവാസി വികസനത്തിന്റെ ആദ്യപടിയായെങ്കിലും ഇത് പരമപ്രധാനമാണ്. മേഖലയുടെ വികസനം കൊണ്ട് ഉദ്യേശിക്കുന്നത് ക്ഷേമം മാത്രമല്ല. യഥാര്‍ത്ഥ വികസനം സാധ്യമാക്കുന്നതിന് ആദിവാസി സമൂഹത്തിന് തങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് സ്വയം നിര്‍ണ്ണയിക്കുവാനാവശ്യമായ ശേഷി നേടുമ്പോഴാണ്. അതിന് അവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍, പോഷകാഹാര നയം, ആദിവാസി മേഖലകളില്‍ കുടുംബശ്രീ… എന്നിങ്ങനെ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കിയത് ശിശുമരണം പുറത്തുകൊണ്ടുവന്നതിന് ശേഷമാണ്.

അട്ടപ്പാടി സംസ്ഥാന ബജറ്റില്‍ 
അട്ടപ്പാടി ആദിവാസി വികസനം സംസ്ഥാന ബജറ്റില്‍ പ്രതിഫലിക്കുന്ന രീതിയില്‍ പ്രസ്തുത വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഒരു സാമൂഹ്യ സംഘടന എന്ന നിലയില്‍ ‘തമ്പ്’ വിജയിച്ചു. 25 കോടി രൂപയാണ് ശിശു വികസനത്തിനായി ബജറ്റില്‍ അനുവദിച്ചത്. ആദിവാസി ക്ഷേമവികസനത്തിനായുള്ള സംസ്ഥാന വിഹിതം രണ്ട് ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി ഉയര്‍ത്തുകയുണ്ടായി.

ഡബ്ല്യുഎച്ച്ഒയും ശിശു സംരക്ഷണവും
ഡബ്ല്യുഎച്ച്ഒ ഈ വര്‍ഷം കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കേരളത്തെ സംബന്ധിച്ച് തിരഞ്ഞെടുത്ത വിഷയങ്ങള്‍ പോഷകാഹാരകുറവ്, ശുദ്ധജല ലഭ്യത, ശൈശവവിവാഹം എന്നിവയാണ്. പ്രസ്തുത വിഷയങ്ങള്‍ ആദിവാസി മേഖലയുമായി ബന്ധപ്പെട്ടവയാണ്. അതില്‍ ആദ്യത്തെ രണ്ട് വിഷയവും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കുട്ടികളുടെ അവകാശ സംഘടന എന്ന നിലയില്‍ ‘തമ്പ്’-ന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ അവകാശ നിയമവും ആദിവാസി കുട്ടികളും
വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ചും അത് ആദിവാസി മേഖലയില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെ സംബന്ധിച്ചും ഊരുകാര്‍ക്കും കാര്‍തുമ്പി കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ 354 എം.ജി.എല്‍.സികള്‍ക്ക് പകരം പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ‘തമ്പ്’-ന്റെയും മറ്റു സംഘടനകളുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടയിലാണ് 2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമം വരുന്നത്. അതിനെ തുടര്‍ന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ ആവശ്യപ്പെടുന്നതിന് നിയമ പരിരക്ഷ ലഭിച്ചു. 24 എം.ജി.എല്‍.സികള്‍ അട്ടപ്പാടിയിലും 115 ഇടുക്കിയിലും, 57 എണ്ണം വയനാട്ടിലുമാണ് എം.ജി.എല്‍.സികള്‍ ഉള്ളത്. കേരളത്തിലെ എം.ജി.എല്‍.സികളില്‍ 90 ശതമാനം ആദിവാസി കുട്ടികളാണ് പഠിക്കുന്നത്. പ്രസ്തുത എം.ജി.എല്‍.സികള്‍ക്ക് പകരം 111 പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് പിന്നില്‍ ‘തമ്പ്’ അടക്കമുള്ള സംഘടനകളുടെ സമ്മര്‍ദ്ദവും സമരവും ഉണ്ട്. വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് ഒരു സമൂഹത്തിന്റെ മോചനം സാധ്യമാവുന്നത്. 2008 ല്‍ കില നടത്തിയ പഠനത്തില്‍ കേരളത്തിലെ ആദിവാസി കുട്ടികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കൂടിവരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ അടിസ്ഥാന കാരണമെന്നത് പ്രാഥമിക വിദ്യാലയങ്ങളില്‍ മാതൃഭാഷയിലുള്ള ബോധനരീതിയുടെ അഭാവവും നന്നെ ചെറുപ്രായത്തില്‍ തന്നെ ഊരിനടുത്ത് സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ദൂരെയുള്ള ഹോസ്റ്റലുകളില്‍ നിന്നു പഠിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളുമാണ്. വിദ്യാഭ്യാസവകാശനിയമം അനുശാസിക്കും പോലെ ഊരിനടുത്ത് ഒരു കിലോമീറ്ററിനുള്ളില്‍ പ്രൈമറി സ്‌കൂളുകളും 3 കിലോമീറ്ററിനുള്ളില്‍ യു.പി. സ്‌കൂളും 5 കിലോമീറ്ററിനുള്ളില്‍ ഹൈസ്‌കൂളും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം നിയമങ്ങളും, അവകാശങ്ങളും ഊരുകൂട്ടങ്ങളും, തായാര് ഒത്തിമെകളും കാര്‍തുമ്പിയും ചര്‍ച്ച ചെയ്യുന്നു.

നിയമപരമായ ഇടപെടലുകള്‍
ഊരുകാര്‍ക്കായി നിയമ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിലൂടെ കോടതി നിയമങ്ങളെ സംബന്ധിച്ച അവബോധം അവര്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിഞ്ഞു. ഒപ്പം അട്ടപ്പാടിയിലെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ട ആവശ്യകതയെ സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി, എല്ലാ ഓര്‍ഫനേജുകളും ജെ.ജെ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി (പ്രസ്തുത കേസിലാണ് അന്യസംസ്ഥാന കുട്ടികളെ കൊണ്ടുവന്ന കേസ്സില്‍ ഹൈക്കോടതി സി.ബി.ഐ. അന്വേഷണം ഉത്തരവിട്ടത്). എന്നിവ നിയമപോരാട്ട വഴിയിലെ പ്രധാന ഏടുകളാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ ബാലാവകാശ കമ്മിഷന്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍, കേരള ബാലാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച് ഊരുകാര്‍ക്കും ആദിവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ ക്ലാസ്സുകള്‍ നടത്തുന്നു. അതിലൂടെ ആവശ്യമായ ഇടപെടല്‍ സാധ്യമാക്കുന്നു. ഒപ്പം ഗ്രാമസഭകള്‍, പഞ്ചായത്തു ഭരണസമിതികള്‍, കേരള നിയമസഭ, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍ ആദിവാസി അനുബന്ധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാവശ്യമായ അടിസ്ഥാന ഇടപെടലുകള്‍ നടത്തുന്നു.

മീഡിയ അഡ്വക്കസിയും/ സര്‍ക്കാര്‍തല ഇടപെടലുകളും
ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന്റെ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരുകയും അതിലൂടെ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുക എന്ന അഡ്വക്കസിയിലൂടെ സാധ്യമായത്. പൊതുസമൂഹത്തിന്റെ സപ്പോര്‍ട്ടോടു കൂടിയല്ലാതെ ഒരുശതമാനം വരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.

ഒരു കൂട്ടായ്മയുടെ സൂചകം
ഒരു സാമൂഹിക സംഘടന എന്ന നിലയില്‍ ‘തമ്പ്’-ന് താങ്ങും തണലുമായി നിന്നതില്‍ നമ്മളെ വിട്ടുപോയ ജസ്റ്റീസ് കൃഷ്ണയ്യരുടെ പേര് പ്രധാനപ്പെട്ടതാണ്. സാമൂഹ്യ-സാംസ്‌ക്കാരിക നായകര്‍, നിയമ വിദഗ്ദ്ധര്‍, റിട്ടയേഡ് ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, വിവിധ മേഖലയിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണ സാരഥികള്‍ എന്നിവരുടെ ഇടപെടലുകളും ഉപദേശ നിര്‍ദേശങ്ങളുമാണ് ഒരു സാമൂഹ്യ സംഘടന എന്ന നിലയില്‍ ‘തമ്പ്’-നെ രൂപപ്പെടുത്തിയത്. ഒപ്പം ‘തമ്പ്’-ന്റെ പ്രവര്‍ത്തകരുടെ നിരന്തരമായ ചര്‍ച്ചയും തിരുത്തലുകളും പഠനങ്ങളും നിരീക്ഷണങ്ങളും, തുറന്ന മനസ്സോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനശക്തിയുമാണ് ആദിവാസി സമൂഹത്തില്‍ ‘തമ്പ്’-ന് ഏതെങ്കിലും ഇടം അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന് സഹായകമായത്. അതിന് ഞങ്ങളെ പ്രാപ്തരാക്കിയ എല്ലാ സുമനസ്സുകള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതിനോടൊപ്പം തുടര്‍ന്നും സഹായ-സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‘തമ്പ്’ എന്നത് ഒരു കൂട്ടായ്മയുടെ സൂചകം മാത്രമാണ്. നിങ്ങള്‍ ഓരോരുത്തരേയും ഞങ്ങള്‍ അതിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ആദിവാസി ആക്ടിവിസ്റ്റും, എഴുത്തുകാരനും, ഗോത്രഭൂമി മാസികയുടെ പത്രാധിപരുമായ ലേഖകനാണ് സംഘടനയുടെ അദ്ധ്യക്ഷന്‍. മനേഷ് എന്‍. കൃഷ്ണയാണ് സിക്രട്ടറി. ആദിവാസി മേഖലയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളായ കെ.എ. രാമു, വസന്ത കൃഷ്ണന്‍ എന്നിവരടങ്ങുന്ന ഏഴംഗ നേതൃനിരയാണ് ‘തമ്പ്’-ന് ഉള്ളത്. ഗവേണിംഗ് ബോഡി കൂടാതെ ദേശീയ ഭൂപരിഷ്‌ക്കരണ സമിതി അംഗവും പ്രമുഖ ഗാന്ധിയനുമായ പി.വി. രാജഗോപാല്‍ അടക്കം സാമൂഹ്യ-സാംസ്‌ക്കാരിക നിയമ രംഗത്തെ പ്രഗല്‍ഭരടങ്ങിയ ഉപദേശക സമിതിയും ഉണ്ട്. കഴിഞ്ഞ 25 ല്‍ അധികം വര്‍ഷമായ കേരളത്തിലെ ആദിവാസി മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ് ‘തമ്പ്’ എങ്കിലും ഒരു സംഘടന എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത് 2002 മുതലാണ്.

(ആദിവാസി ആക്ടിവിസ്റ്റും, എഴുത്തുകാരനും, ഗോത്രഭൂമി മാസികയുടെ പത്രാധിപരും ആയ ലേഖകന്‍ തമ്പിന്റെ അദ്ധ്യക്ഷനാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍