UPDATES

ഇന്ത്യ

സാഗര്‍ എലിയാസ് ഷാഗി: താനെ കോള്‍ സെന്‍റര്‍ തട്ടിപ്പിന്റെ ആസൂത്രകന്‍

Avatar

അഴിമുഖം പ്രതിനിധി

താനെ കോള്‍ സെന്റര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിക്കുന്നത്. താനെ വ്യാജ കോള്‍ സെന്റര്‍ തലവന്‍ ഷാഗി എന്ന് വിളിക്കുന്ന സാഗര്‍ താക്കറിന്റെ ദിവസ വരുമാനം ആറരലക്ഷം രൂപ വരുമെന്ന വിവരം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസര്‍മാരുടെ നാലംഗ കമ്മിറ്റിയെ ഞെട്ടിച്ചിരിക്കുകയാണ്. താനെയിലും അഹമ്മദാബാദിലുമുള്ള കോള്‍ സെന്ററുകള്‍ക്ക് പുറമെ ഇയാള്‍ക്ക് നോയിഡയിലും ഗാസിയാബാദിലും കോള്‍ സെന്ററുകളുണ്ട്. ഇയാള്‍ ഇപ്പോള്‍ ദുബായില്‍ ഒളിവിലാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

നഗരത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഇയാളുടെ അടുത്ത ബന്ധവും പോലീസിനെ കുഴക്കുന്നുണ്ട്. അഹമ്മദാബാദിലെ മുന്നോ നാലോ വ്യാജ കോള്‍ സെന്ററുകളിലെ 30, 40 ശതമാനം ഓഹരികള്‍ സംശയത്തിന്റെ നിഴലിലുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്ന് കോണ്‍ കോള്‍ സെന്ററുകള്‍ പൂട്ടിയിട്ടുണ്ട്.

ഇന്ത്യയിലെ 3,000 ഫോണ്‍ ഉപയോക്താക്കളെ തന്റെ വരുതിയിലാക്കാന്‍ താനെ വ്യാജ കോള്‍ സെന്റര്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ താക്കറിന് സാധിച്ചിട്ടുണ്ട്. അവരെ കൊണ്ട് ആഭ്യന്തര റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥരാണെന്ന (ഐആര്‍എസ്) വ്യാജേന വിദേശ നമ്പറുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിക്കുന്ന രീതിയായിരുന്നു ഇവരുടേത്. ബാങ്കോക്കിലും യുഎസിലും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ക്ക് ഉടമയായ താക്കര്‍ക്ക് അഹമ്മദാബാദില്‍ ഏക്കറ് കണക്കിന് ഭൂമിയുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍ഭാടത്തിന്റെയും സ്‌പോര്‍ട്ട്‌സ് കാറുകളുടെയും കമ്പക്കാരനായ താക്കര്‍, അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോലിയുടെ പക്കല്‍ നിന്നും 2.5 കോടി രൂപ വിലയുള്ള ഒരു സ്‌പോര്‍ട്ട്‌സ് കാര്‍ വാങ്ങിയിരുന്നു. താക്കറിന്റെ അഹമ്മദാബാദിലെ ഭൂമികള്‍ കണ്ടെത്തണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മറ്റ് പലരുടെയും പേരിലാവും ഇയാള്‍ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്നതിനാല്‍ ഇത് കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍