UPDATES

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ആകാശത്ത് നിന്ന് പൊട്ടിവീണതാണോ ഈ തങ്കരശ് നടരാജന്‍?

ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ തങ്കരശില്‍ ഒരു കപില്‍ ദേവിനെയോ സഹിര്‍ഖാനെയോയാണ് എല്ലാവരും തിരഞ്ഞത്

തങ്കരശ് നടരാജന്‍ ഇന്നലെ വരെ ആരുമല്ലായിരുന്നു. അതുകൊണ്ടു തന്നെ പലരും ഇത്തരത്തില്‍ ചോദിച്ചിട്ടുണ്ടാവും, ‘ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ആകാശത്ത് നിന്ന് പൊട്ടിവീണതാണോ ഈ തങ്കരശ് നടരാജന്‍?’. ഇന്നലത്തെ ഐപിഎല്‍ താര ലേലത്തിന് ശേഷം എല്ലാവരും അന്വേഷിച്ചത് ഈ യുവാവിനെയായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കി (മൂന്ന് കോടി) അറിയപ്പെടാത്ത തങ്കരശിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോഴാണ് പലരും ഇയാളെ തിരഞ്ഞത്. ഈ കായികതാരം ഒരു ബാറ്റ്‌സ്മാന്‍ അല്ല, ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണെന്നു കൂടി അറിവായപ്പോള്‍ ഇന്ത്യന്‍ കായിക പ്രേമികളും ഒന്ന് അമ്പരന്നു. ഇര്‍ഫാന്‍ പഠാനും ഇഷാന്ത് ശര്‍മ്മയ്ക്കും കിട്ടാത്ത പരിഗണന എന്തുകൊണ്ട് തങ്കരശിന് കിട്ടി? പൊതുവെ നല്ല ഫാസ്റ്റ് ബൗളര്‍ക്ക് ക്ഷാമമുള്ള ഇന്ത്യയില്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ തങ്കരശില്‍ പ്രതിഭകൊണ്ട്‌ ഒരു കപില്‍ ദേവിനെയോ സഹിര്‍ഖാനെയോയാണ് എല്ലാവരും തിരഞ്ഞത്. ശരിയാണ്, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഒരു പക്ഷെ കപില്‍ ദേവിനെയോ സഹീര്‍ ഖാനെയോ അല്ല അവരെക്കാളുയരത്തില്‍ പ്രതിഭകൊണ്ട് ക്രിക്കറ്റ് ഭൂപത്തില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ കഴിയുന്ന താരമാണ് തങ്കരശ്.

തങ്കരശിന്റെ കായിക ജീവിതവും വ്യക്തിജീവിതവും ഒട്ടും സുഖകരമായ കഥകളല്ല. 1991 മെയ് 27-ന് തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെ ഒട്ടും സൗകര്യങ്ങളില്ലാത്ത ചിന്നാംപെട്ടിയെന്ന ഗ്രാമത്തിലാണ് നടരാജന്‍ ജനിച്ചത്. ഏതൊരു ഇന്ത്യന്‍ ഗ്രാമീണന്റെയും ദാരിദ്ര്യം തന്നെയായിരുന്നു ഈ താരത്തിന്റെയും കുടുംബത്തിന്റെ സമ്പാദ്യം. ഒരു സാരി കമ്പനിയിലും പിന്നെ റെയില്‍വെ പോര്‍ട്ടറായും ജോലി നോക്കിയിരുന്ന പിതാവ് നടരാജനും വഴിയരിക്കിലെ പലഹാര കച്ചവടം നടത്തുന്ന അമ്മയും വളരെ ബുദ്ധിമുട്ടി തന്നെയാണ് തങ്കരശിനെയും സഹോദരനെയും രണ്ട് സഹോദരിമാരെയും വളര്‍ത്തിയത്.


സ്‌കൂള്‍ ടീമിലോ കോളജ് ടീമിലോ കളിച്ചിട്ടില്ലാത്ത തങ്കരശ് സുഹൃത്തുകള്‍ക്കൊപ്പം ഗ്രാമത്തിലെ പ്രാദേശിക മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. യോര്‍ക്കറുകളാണ് ഈ ഇടംകൈയ്യന്റെ വജ്രായുധം. 20-ാം വയസ് വരെയും ടെന്നീസ് ബോളിലായിരുന്നു തങ്കരശ് കളിച്ചിരുന്നത്. എന്തിന് നല്ല ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു കളിപോലും തങ്കരശ് അന്നുവരെ കളിച്ചിട്ടില്ലായിരുന്നു. തങ്കരശിന്റെ മാസ്മരിക ബൗളിംഗ് കണ്ട പ്രദേശവാസിയായ ജയപ്രകാശ് എന്നയാള്‍ അവന്റെ വഴിതന്നെ തിരിച്ചുവിട്ടുകളഞ്ഞു. തങ്കരശിന്റെ പ്രതിഭ മനസിലാക്കിയ നടരാജിന്റെ പ്രചോദനം കൊണ്ടുകൂടിയാണ് താരം ചെന്നൈയില്‍ എത്തുന്നത്. ചെന്നൈയിലെ ഒരു ക്ലബിനു വേണ്ടി കളി തുടങ്ങിയ തങ്കരശ് തന്റെ യോര്‍ക്കറുകള്‍ കൊണ്ട് അവിടെയും പ്രസിദ്ധനായി.

ആ പ്രസിദ്ധി തങ്കരശിനെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഫോര്‍ത്ത് ഡിവിഷന്‍ ലീഗില്‍ ബിഎസ്എന്‍എല്ലിന് വേണ്ടി കളത്തിലിറങ്ങാന്‍ സഹായിച്ചു. അധികം വൈകാതെ ഒന്നാം ഡിവിഷന്‍ ടീമില്‍ താരം എത്തി. 2012-13-ല്‍ മുരളി വിജയിയും ആര്‍ ആശ്വിനും ഒക്കെ കളിച്ച പ്രമുഖ ക്ലബ് ജോളി റോവേഴ്സിനു വേണ്ടിയായിരുന്നു തങ്കരശിന്റെ യോര്‍ക്കറുകള്‍ പാറിയത്. 2015-ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെസ്റ്റ് ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി ഇറങ്ങിയ തങ്കരശ് മികച്ച പ്രകടനം നടത്തി. അന്നുമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പല ക്ലബുകളും നിശ്ശ്ബ്ദമായി തങ്കരശിനെ പിന്തുടരുന്നുണ്ടായിരുന്നു. താരത്തിന്റെ പ്രതിഭ മിന്നല്‍പോലെ വന്ന് മായുന്നതാണോ? അതോ സ്ഥിരതയുള്ള താരമാണോയെന്ന് അവര്‍ വിശകലനം ചെയ്യുകയായിരുന്നു. അവര്‍ക്കുള്ള മറുപടിയായിരുന്നു തങ്കരശിന്റെ 2016-17ലെ തമിഴ്‌നാട്ടിലെ ഇന്റര്‍ സ്റ്റേറ്റ് ട്വന്റി-20 ടൂര്‍ണമെന്റിലെ പ്രകടനം. അതോടെ തങ്കരശ് ഐപിഎല്‍ ടീമിന്റെ നോട്ടപ്പുള്ളിയായി. ഇതിന്റെ ഫലമായിരുന്നു ഇന്നലെ പഞ്ചാബ് വന്‍തുക നല്‍കി താരത്തെ റാഞ്ചിയത്.

2015- തങ്കരശിന് പല അവസരങ്ങളും നല്‍കിയിരുന്നവെങ്കിലും ആ വര്‍ഷം താരം ആലോചിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കാരണം ആദ്യ രഞ്ജി മത്സരം കഴിഞ്ഞപ്പോള്‍ തന്നെ തങ്കരശിന്റെ ബൗളിംഗ് ആക്ഷനെ ചൊല്ലി റിപ്പോര്‍ട്ട് പോയി. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ എന്ന ആരോപണം തങ്കരശിനെ ചെറുതായിട്ട് ഒന്നു തളര്‍ത്തി. പക്ഷെ കഠിനമായി പരിശീലിച്ചും പരിശ്രമിച്ചും തങ്കരശ് വീണ്ടും എത്തി. ബിസിസിഐ പാനലിലെ സുനില്‍ സുബ്രഹ്മണ്യന്‍, ഡി വാസു, എം വെങ്കട്ട്‌രാമന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ തങ്കരശ് തന്റെ ബൗളിംഗ് ആക്ഷന്‍ പരിഹരിച്ചു. ജോളി റോവേഴ്സിലെ ഭരത് റെഡ്ഡിയുടെയും ജയകുമാറിന്റെയും ഉപദേശമാണ് തങ്കരശിന്റെ തിരിച്ചുവരവിന് കാരണമായത്.


അവിടെ നിന്ന് എത്തിയ തങ്കരശ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു വേണ്ടിയാണ് ഇറങ്ങിയത്. ലീഗില്‍ തങ്കരശ് ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. 135 കി.മീ വേഗതയില്‍ എത്തിയ തങ്കരശിന്റെ ഷോര്‍ട്ട് പിച്ചുകളും ടൊയ് ക്രഷേസും നിറഞ്ഞ പന്തുകളും ബാറ്റ്മാന്മാരെ വെള്ളംകുടിപ്പിച്ചു. അതിന്റെ കൂടെ യോര്‍ക്കറുകളും കൂടി പ്രവഹിച്ചപ്പോള്‍ കാണികള്‍ താരത്തിന് ഒരു ചെല്ലപേരും കൂടി സമ്മാനിച്ചു. തമിഴ്‌നാടിന്റെ ‘മുസാഫീര്‍ റഹ്മാന്‍’ എന്നാണ് അവര്‍ ആവേശത്തോടെ താരത്തെ വിളിച്ചത്. തന്റെ ആദ്യ രണ്ട് ഏകദിന മാച്ചുകളില്‍ നിന്ന് റെക്കോര്‍ഡ് വിക്കറ്റ് നേട്ടത്തിന് ഉടമയായ ബംഗ്ലദേശിന്റെ സീമറായ മുസാഫീര്‍ റഹ്മാനോടാണ് ആരാധകര്‍ തങ്കരശിനെ താരതമ്യം ചെയ്തത്.

സത്യത്തില്‍ വെറും അഞ്ചുകൊല്ലം കൊണ്ടാണ് തങ്കരശ് എന്ന് ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഉണ്ടായത്. ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്ന ‘ഇന്‍ ബോണ്‍ ടാലന്റ്’ എന്നതാണ് തങ്കരശിനെ നിലവിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഐപിഎല്ലിലേക്ക് എത്തിയതോടെ ഈ പ്രതിഭയെ ഇനി ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് അധികാരികള്‍ താരത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം. പ്രതിഭസമ്പന്നരായ ഇര്‍ഫാന്‍ പഠാനെയും മുഹമ്മദ് കൈഫിനെയും പോലുള്ള താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തവരാണ് നമ്മുടെ ക്രിക്കറ്റ് ബോര്‍ഡെന്ന്, ക്രിക്കറ്റ് നിരൂപകരുടെ കൈയില്‍ നിന്ന് ഏറെ പഴികേട്ടിട്ടുള്ളതാണ്. 25-കാരനായ തങ്കരശിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ വിദേശ പിച്ചുകളില്‍ പതുങ്ങുന്നവരാണെന്ന നമ്മുടെ ബൗളര്‍മാര്‍ക്കെതിരെയുള്ള ആക്ഷേപം ഇല്ലാതാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, ഇന്ത്യന്‍ ടീമിന്റെ സ്ഥിരതയാര്‍ന്ന വിജയങ്ങള്‍ക്കും ആ താരം ഒരു ഘടമാകുമെന്ന കാര്യം തീര്‍ച്ചയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍