UPDATES

ട്രെന്‍ഡിങ്ങ്

അത് ഏതോ ഒരു പിള്ളയല്ല; മുഖ്യമന്ത്രിക്കൊരു ചരിത്രോപദേശകനും(യും) ആവാം

പി എസ് നടരാജ പിള്ള തിരു-കൊച്ചിയില്‍ ധനമന്ത്രി, 1962ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മുന്‍ ധനമന്ത്രിയും എംപിയും എംഎല്‍എയുമായ പി എസ് നടരാജ പിള്ളയെക്കുറിച്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഏതോ ഒരു പിള്ള എന്ന പ്രസ്താവന വളരെയധികം വിവാദമായിരിക്കുകയാണ്. തിരു-കൊച്ചിയില്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന നടരാജ പിള്ളയെ പിണറായി വിജയന് അറിയില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. ഭൂമിയുടെ അവകാശിയായ ഏതോ ഒരു പിള്ളയുടെ ഭൂമി ഏറ്റെടുത്തത് പഴങ്കഥയാണെന്ന് പറഞ്ഞ് ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ ആവശ്യത്തെ പിണറായി പരിഹസിച്ചു തള്ളുകയായിരുന്നു.

സോഷ്യലിസ്റ്റ് നേതാവും പിന്നീട് കോണ്‍ഗ്രസുകാരനുമായ നടരാജ പിള്ള 1962ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കമ്യൂണിസ്റ്റ് പിന്തുണയോടെ പിണറായിക്ക് അദ്ദേഹത്തെ അറിയില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അന്നത്തെ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ നടരാജ പിള്ളയുടെ ഹര്‍വിപുരം ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടിയത്. ഇതേത്തുടര്‍ന്ന് ഇന്നത്തെ ലോ അക്കാദമിക്ക് മുന്നിലുള്ള ഓലപ്പുരയിലേക്ക് അദ്ദേഹം താമസം മാറ്റുകയായിരുന്നു.

തിരു-കൊച്ചിയില്‍ അദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് ഭൂപരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത്. ഭൂപരിഷ്‌കരണ കാലത്ത് പിടിച്ചെടുത്ത ഭൂമി മടക്കി നല്‍കാന്‍ പട്ടം താണുപിള്ള തയ്യാറായെങ്കിലും ഏറ്റെടുക്കാന്‍ പിള്ള തയ്യാറായില്ല. ഈ ഭൂമിയാണ് പിന്നീട് നാരായണന്‍ നായര്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ വിട്ടുകൊടുത്തതും പിന്നീട് കുടുംബ സ്വത്താക്കി മാറ്റിയതും.

മന്ത്രിയായിരുന്ന കാലത്ത് പോലും ഓലക്കുടിലില്‍ ജീവിച്ച നടരാജ പിള്ള ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇന്നത്തെ പേരൂര്‍ക്കടയുടെ വികസനത്തിന് അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. സുന്ദരം പിള്ള വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വിദ്യാഭ്യാസം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്ന പി എസ് നടരാജ പിള്ള പേരൂര്‍ക്കടയില്‍ ഒരു സ്‌കൂള്‍ തുടങ്ങിയിരുന്നു. പിന്നീട് പിഎസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നറിയപ്പെട്ട ഈ സ്‌കൂളും സ്ഥലവും പിള്ള സര്‍ക്കാരിന് വിട്ടുകൊടുത്തതാണ്. സമ്പന്നമായ ബാല്യ കൗമാരങ്ങള്‍ പിന്നിട്ട അദ്ദേഹം ദരിദ്രനായായിരുന്നു മരിച്ചത്.

മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായ പിള്ളയാണ് ഭൂപരിഷ്‌കരണത്തിനുള്ള ആദ്യ കരട് തയ്യാറാക്കിയത്. ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ മുന്നേറ്റമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കമിട്ട നടരാജ പിള്ളയെയാണ് ഇപ്പോള്‍ പിണറായി ഏതോ ഒരു പിള്ളയെന്ന് തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇത് ചരിത്രത്തെ നിഷേധിക്കലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍