UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇല്ലാതാകുന്നത് ഒരു മല മാത്രമല്ല; മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന തട്ടുപാറ സമരം ഓര്‍മിപ്പിക്കുന്നത്

Avatar

രാകേഷ് സനല്‍

”കൊച്ചിയുടെ വികസനം കെട്ടിയുയര്‍ത്തുന്നത് ഞങ്ങളുടെ കല്ലും മണ്ണും ഉപയോഗിച്ചാണ്, പാതിയിലേറെയും കൊണ്ടുപോയിരിക്കുന്നു. മിച്ചമൊന്നും വയ്ക്കില്ലെന്ന പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. ഒരിടത്തു വികസിക്കുമ്പോള്‍ മറ്റൊരിടത്ത് പ്രകൃതിയും മനുഷ്യനും ഇല്ലാതാകും… ആര്‍ക്കെങ്കിലും അത് മനസിലാകുന്നുണ്ടോയെന്ന് അറിയില്ല…”

ബിനോയി ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പെന്നോണം പറഞ്ഞു.

എറണാകുളം അങ്കമാലി അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിലുള്ള തട്ടുപാറ ക്വാറി ഖനനത്തെ കുറിച്ചാണ് ബിനോയി പറയുന്നത്. നിയമങ്ങള്‍ തെറ്റിച്ചും പ്രകൃതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന ക്വാറി പ്രവര്‍ത്തനത്തിനെതിരെ ഗ്രാമവാസികള്‍ നടത്തിവരുന്ന സമരം ഇന്നലെ മൂന്നുവര്‍ഷം പിന്നിട്ടു.

നിര്‍ഭാഗ്യകരമെന്ന പറയട്ടെ സമരം തുടങ്ങാന്‍ നേതൃത്വം നല്‍കിയവരില്‍ നിന്നുതന്നെ മൂന്നാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടിരിക്കുന്നു.

കൂടെനില്‍ക്കുമെന്നു കരുതിയ രാഷ്ട്രീയക്കാര്‍, സഹായിക്കുമെന്ന് കരുതിയ ഭരണകൂടം, അതിശക്തരായ ക്വാറിസംഘം; ഇവര്‍ക്ക് വളരെയെളുപ്പം ഒരു ജനകീയസമരത്തില്‍ വിള്ളല്‍ വീഴ്ത്താനും വിഘടിപ്പിക്കാനും സാധിച്ചെന്നാണ്‌  ബിനോയിയെ പോലുള്ളവര്‍ പറയുന്നത്. 

“ഞങ്ങളുടെ പേരില്‍ കേസുകളുടെ കൂമ്പാരമാണ്. നാടിനു വേണ്ടിയിറങ്ങുമ്പോള്‍ കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുന്നു. സാധാരണക്കാരന് കുടുംബമല്ലേ വലുത്, പിന്നെ സ്വന്തം ജീവിതവും. ഇതില്‍ രണ്ടിലും ഞങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ പേരില്‍ 21-ഓളം കേസുകളാണ്. എല്ലാംതന്നെ കള്ളക്കേസുകള്‍. പക്ഷെ അതിന്റെയെല്ലാം ദുരിതം എന്നെ വിട്ടൊഴിയുന്നില്ല. എന്തിനേറെ, സ്വന്തം നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട അവസ്ഥപോലും എനിക്കു വന്നിരിക്കുന്നു. മുന്നും പിന്നും നോക്കാതെ, ധാരാളം പണം കൈയില്‍ നിന്നു ചെലവഴിച്ചും ഞാന്‍ മുന്നിട്ടിറങ്ങിയതാണ്, എന്നിട്ടും...” തട്ടുപാറ പരിസ്ഥിതി സമിതിയുടെ മുന്‍ കണ്‍വീനര്‍ കൂടിയായ ബെന്നി പറയുന്നു. “കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും വിളിച്ചിരുന്നു, സമരത്തിന്റെ മൂന്നാം വാര്‍ഷികമാണ്, എന്താണ് ചെയ്യേണ്ടത്?” ടെലിഫോണില്‍ ബെന്നിയുടെ ശബ്ദം നേരിയ ഇടര്‍ച്ചയോടെ നിന്നു.

മനോഹരമായ കാഴ്ചയായിരുന്നു ഒരിടക്കാലം വരെ തട്ടുപാറ. മലയോര ഗ്രാമത്തിന്റെ സകല ഭംഗിയും നിറഞ്ഞ അയ്യമ്പുഴയുടെ അടയാളമായിരുന്നു ആ മല. കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതവുമായി സാധാരണക്കാരായ ജനങ്ങള്‍ സമാധനത്തില്‍ കഴിഞ്ഞൊരിടം.

ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തട്ടുപാറ മലയിലേക്ക് ചിലര്‍ വെടിമരുന്നുമായി കയറിയത്. വലിയൊരു അപകടത്തിന്റെ ആദ്യ സൂചനകള്‍ ഗ്രാമവാസികള്‍ക്ക് കിട്ടാന്‍ വര്‍ഷങ്ങള്‍ കുറച്ചു കഴിയേണ്ടി വന്നെന്നു മാത്രം.

മലയുടെ താഴ്‌വാരത്തില്‍ ജീവിച്ചിരുന്നവരാണ് ക്വാറി പ്രവര്‍ത്തനത്തിന്റെ ദൂഷ്യങ്ങള്‍ ആദ്യം അനുഭവിച്ചു തുടങ്ങിയത്. വീടുകളുടെ അടിത്തറകള്‍ കുലുങ്ങി വിറയ്ക്കാന്‍ തുടങ്ങി. ഭയത്തിന്റെ വിള്ളലുകള്‍ ഓരോ മനസിലും പടര്‍ന്നു. 

“കിഴക്കമ്പലത്തുള്ള ജി കെ ഗ്രാനൈറ്റ്‌സിന്റെ ഉടമസ്ഥതയിലാണ് ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നത്. അവര്‍ നിയമപരമായല്ല പാറ പൊട്ടിക്കുന്നത്. കോടതിയെപോലും കബളിപ്പിക്കാന്‍ അവര്‍ക്കായി. പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും അവര്‍ക്ക് അനുകൂലമായി നിന്നു. സമരം ചെയ്ത നാട്ടുകാരെ കള്ളക്കേസുകളില്‍ കുടുക്കി. തട്ടുപാറ പരിസ്ഥിതി സമിതി എന്ന പേരില്‍ രൂപീകരിച്ച ജനകീയ മുന്നണി തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു;” സമിതി പ്രവര്‍ത്തകനായ സജിയുടെതാണ് വാക്കുകള്‍.

“കൊടിയ വേനല്‍ക്കാലത്തുപോലും വറ്റാത്ത കിണറുകളായിരുന്നു ഇവിടെയുള്ളത്. ഇപ്പോള്‍ ഓരോ ആണ്ടിലും മീറ്റുകള്‍ ആഴം കൂട്ടിയാല്‍ മാത്രമാണ് വെള്ളം കിട്ടുന്നത്. കൃഷി നശിക്കുന്നു, വീടുകളുടെ അടിത്തറയിളകുന്നു… ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു; ഒരു ക്വാറിസംഘം അവരുടെ സാമ്പത്തികലാഭത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് തിരിച്ചു കിട്ടുന്നത് ഇതൊക്കെയാണ്;” സജി പറയുന്നു.

“കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അഞ്ചു ഹെക്ടറിനു മേലെ ഖനനം നടത്താന്‍ മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതി വേണം. ഇവര്‍ക്കതില്ല. രണ്ടു യൂണിറ്റുകളായാണ് ഇവിടെ അവര്‍ പ്രവര്‍ത്തിക്കുന്നത്, ക്രിസ്റ്റല്‍ ഗ്രാനൈറ്റും ജി കെ ഗ്രാനൈറ്റും. ഇതില്‍ ഒന്ന് അഞ്ചരയേക്കറിലും മറ്റെത് ഒമ്പത് ഏക്കറിലുമാണ്. നിയമമനുസരിച്ച് കേന്ദ്രാനുമതി രണ്ടിനും കിട്ടേണ്ടതല്ല. പക്ഷെ അയ്യമ്പുഴ പഞ്ചായത്ത് സെക്രട്ടറി അവിടെ നിന്നും മാറി പോകുന്നതിനു മുമ്പ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കി. ക്വാറി പ്രവര്‍ത്തനം ജനങ്ങള്‍ക്ക് രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാക്കിയതോടെയാണ് ജനകീയ സമരം തുടങ്ങാന്‍ തീരുമാനിച്ചത്. ക്വാറികളില്‍ നിന്നുള്ള ടോറസുകള്‍ ഞങ്ങളുടെ സമാധനത്തിനുമേല്‍ കൂടിയാണ് ചീറിപ്പാഞ്ഞത്. സമരം തുടങ്ങുമ്പോള്‍ അന്നു പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫും പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫും ഞങ്ങള്‍ക്കൊപ്പം നിന്നു. ക്വാറി പ്രവര്‍ത്തനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കി. 2014 ഡിസംബറില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന നിലപാടിലേക്ക് കോടതി വന്നു. എന്നാല്‍ ഇങ്ങനെ ഉത്തരവ് കോടതിയില്‍ നിന്നുണ്ടാകുന്നതിനു മുന്നെ ക്വാറിക്കാര്‍ കോതിയോട് അങ്ങോട്ടൊരു കാര്യം ആവശ്യപ്പെട്ടു, നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് ഇടരുത്, സ്വമേധയ നിര്‍ത്താന്‍ ഞങ്ങളെ അനുവദിക്കുക. ആ വാദം കോടതി അംഗീകരിച്ചു. അതുപക്ഷേ ക്വാറിക്കാരുടെ ബുദ്ധിപൂര്‍വമായ നീക്കമായിരുന്നു. ഇതിനുശേഷം ഡിസംബര്‍ വെക്കേഷനായി കോടതി പിരിഞ്ഞു.

പിന്നീടാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ക്വാറിക്കാരുടെ കളി നടന്നത്. വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ ക്വാറിക്കാരുടെ വാദം, രണ്ടു ഹെക്ടറായി കുറച്ച് പ്രവര്‍ത്തനം നടത്തിക്കോളം എന്നതായി. രണ്ടു ഹെക്ടറില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ കേന്ദ്രാനുമതി വേണ്ട! കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. എജി യാണ് ഹാജരായത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ലെന്ന് എ ജി വ്യക്തമാക്കി. രണ്ട് ഹെക്ടറില്‍ പ്രവര്‍ത്തിച്ചോളാന്‍ കോടതി അനുമതിയും നല്‍കി. അവിടെ ജനങ്ങള്‍ തോറ്റു;” ബെന്നി പറയുന്നു.

രാഷ്ട്രീയക്കാരുടെ മാറ്റം
“കൂടെയുണ്ടാകുമെന്ന് ഉറപ്പു തന്നവരാണ് എല്‍ഡിഎഫും യുഡിഎഫും. വെറും രാഷ്ട്രീയതാത്പര്യത്തിന്റെ പേരില്‍ ഇന്നവരാരും ഞങ്ങള്‍ക്കൊപ്പമില്ല. വി എസ് അച്യുതാനന്ദനെ സമരപന്തലില്‍ കൊണ്ടുവന്നു എന്ന കാരണത്താല്‍ യുഡിഎഫ് ആണ് ആദ്യം പിന്‍വാങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസ്തുത സ്ഥലം ഉള്‍പ്പെടുന്ന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് എല്‍ഡിഎഫും ഞങ്ങളെ ഉപേക്ഷിച്ചു പോയി. പഞ്ചായത്ത് ഇലക്ഷന്‍ വരെ സമരം ശക്തമായിരുന്നു. രാത്രികാലങ്ങളില്‍ ക്വാറിയില്‍ നിന്നും വണ്ടി പോകുന്നത് തടഞ്ഞു. പള്ളി വികാരിയായിരുന്ന സെബാസ്റ്റ്യന്‍ നെല്ലിശ്ശേരി അച്ചന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമൊക്കെയുണ്ടായി. ആ മുന്നേറ്റങ്ങള്‍ ഫലം കാണുകയും ചെയ്തിരുന്നു. പിന്നീട് കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ പോയില്ല. പൊലീസിന്റെ സഹായത്തോടെ സമരക്കാരില്‍ പലര്‍ക്കുമെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാനും മറ്റൊരാളും കൂടി സമരപന്തലില്‍ ഇരിക്കുമ്പോഴാണ്, അവരുടെ ലോറി ഒരു വളവു തിരിയുന്ന ഭാഗത്തായി നിര്‍ത്തി. അവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടുവന്നു സമരപന്തലും കടന്നാലാണ് ജി കെ ഗ്രാനൈറ്റിന്റെ സൈറ്റിലേക്ക് എത്തുന്നത്. അതിനു മുന്നേ ലോറി നിര്‍ത്തിയതില്‍ എന്തോ പന്തികേടു തോന്നി. ഞാനും സുഹൃത്തും ലോറിയുടെ അടുത്തേക്ക് ചെന്നു. ഞങ്ങളുടെ സാമിപ്യം മനസിലാക്കിയതോടെ ഡ്രൈവര്‍ പെട്ടെന്നു ചാടിയിറങ്ങി താഴെ കിടന്ന കല്ലെടുത്ത് ലോറിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പിന്നീട് മറ്റൊരു വഴിയിലൂടെ ഓടി മറഞ്ഞു. പലരും ദൃക്‌സാക്ഷികളാണ്. പക്ഷേ ഞങ്ങള്‍ക്ക് ഇരുവര്‍ക്കുമെതിരെ കേസ്! ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിക്കുകയും ലോറിക്ക് കേടുപാടുകള്‍ വരുത്തിയെന്നതുമായിരുന്നു കുറ്റം. ഇതുപോലെയാണ് മറ്റു പല കേസുകളും സമരത്തില്‍ പങ്കെടുവരുടെ മേല്‍ ഉണ്ടായത്;” ബെന്നി തുടര്‍ന്നു.

വി എസ്സിന്റെ വരവും പ്രതീക്ഷകളും
തട്ടുപാറ സമരം കേരളത്തിന്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റുന്നത് വി എസ് അച്യുതാനന്ദന്റെ വരവോടെയായിരുന്നു. 2014 ഒക്ടോബറില്‍ വി എസ് തട്ടുപാറയില്‍ എത്തി. ഏതാണ്ട് മൂവായിരത്തോളം ജനങ്ങളാണ് അന്ന് വി എസിന്റെ വാക്കുകള്‍ കേള്‍ക്കാനായി അവിടെയെത്തിയത്. മാധ്യമങ്ങള്‍ തട്ടുപാറ സമരത്തിന് മുന്‍പേജ് പ്രാധാന്യം കൊടുത്തു. അന്ന് വി എസ് ഞങ്ങളോട് പറഞ്ഞത് ഈ വിഷയം മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കുമെന്നും മുഖ്യമന്ത്രിയെക്കൊണ്ട് സാധിച്ചില്ലെങ്കില്‍ വിഷയം പ്രധാനമന്ത്രിക്കു നേരിട്ട് പരാതി നല്‍കുമെന്നുമായിരുന്നു. നിയമസഭയില്‍ അദ്ദേഹം ഈ വിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ഉണ്ടായി. പക്ഷെ നാട്ടുകാര്‍ക്ക് അനുകൂലമായി എന്തെങ്കിലും നടന്നോ എന്നറിയില്ല.

ഇതേ വിഷയം വീണ്ടുമൊരിക്കല്‍ വി എസിനെ ഓര്‍മിപ്പിച്ചു. അദ്ദേഹം ഞങ്ങളുടെ മുന്നില്‍വച്ചു തന്നെ എറണാകുളം കളക്ടര്‍ രാജമാണിക്യത്തെ വിളിച്ച് ഈ വിഷയത്തില്‍ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് അറിയിച്ചു. കളക്ടര്‍ ഞങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചു. നാലോ അഞ്ചോ തവണ ചര്‍ച്ചയ്ക്കായി പോയി. ഒരു പോക്കിലും കളക്ടറെ കാണാന്‍ കഴിഞ്ഞില്ല. ചര്‍ച്ച നടത്തിയത് മുഴുവന്‍ എഡിഎം ആയിരുന്നു, അദ്ദേഹത്തിന്റെ ചേംബറില്‍. ചര്‍ച്ചയല്ല, ഞങ്ങള്‍ക്കുള്ള ഉപദേശമായിരുന്നു അവിടെ നടന്നിരുന്നത്. പിന്നീടൊരിക്കല്‍ ഇതേ എഡിഎം പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും ഓരോന്നും നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തതാണ്. അന്നദ്ദേഹം മടങ്ങിയത് ഞങ്ങളെ ആശ്വസിപ്പിച്ചാണ്, അനുകൂലമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് വാക്കും തന്നു. പിന്നീട് കേട്ടു, അദ്ദേഹത്തെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തൂവെന്ന്!

കേസുകളും ഭീഷണികളും കൂടിവരികയും ഭരണകൂട-രാഷ്ട്രീയ പിന്തുണ ഇല്ലാതാവുകയും ചെയ്തതോടെയാണ് സമരസമിതിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചത്. ആളുകള്‍ വിഘടിച്ചു മാറാന്‍ തുടങ്ങി. പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് കേസ് നടത്തിയത്. പക്ഷേ അനൂകൂലമായ വിധി ഉണ്ടായില്ല. കോടതിയെ കബളിപ്പിച്ച് അവരിപ്പോഴും ആവശ്യത്തിനുള്ള പാറ പൊട്ടിക്കുന്നു. ഇതൊക്കെ ജനങ്ങളില്‍ നിരാശ പടര്‍ത്തി. പണം കണ്ടെത്താന്‍ സമ്മാന്‍ കൂപ്പണ്‍ വിതരണം നടത്തിയിരുന്നു. ഇതെങ്ങനെ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞെന്നാല്‍, ലോട്ടറി നടത്തിയെന്നു കേസായി. പരാതി പറയാന്‍ നാട്ടുകാരില്‍ തന്നെ ആളുണ്ടായി. ബലംപ്രയോഗിച്ച് ലോട്ടറി അടിച്ചേല്‍പ്പിച്ചെന്നുവരെ പരാതി പോയി. ഞാന്‍ ഒന്നാം പ്രതിയും പള്ളി വികാരി രണ്ടാം പ്രതിയായും കേസ് വന്നു. ഇങ്ങനെയൊക്കെയാണ് ഒരു ജനകീയ സമരം തകര്‍ന്നു തുടങ്ങിയത്.

ഞങ്ങള്‍ക്കെതിരെ എവിടെ നിന്നൊക്കെയാണ് കേസുകള്‍ വരുന്നതെന്ന് അറിയില്ല. ഒരു ദിവസം കൂടെയുള്ള ചെറുപ്പക്കാരന്‍ വിളിക്കുകയാണ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലടി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന അനുഭവം പറഞ്ഞു. തട്ടുപാറ സമരത്തില്‍ പങ്കെടുക്കുന്നവനായതു കൊണ്ട് കേസ് ഉണ്ടെന്നും അക്കാര്യം എഴുതുമെന്നുമായിരുന്നു ഭീഷണി. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. അദ്ദേഹം കമ്മിഷണറ വിളിച്ച് കാലടി എസ് ഐയെ മാറ്റാന്‍ പറഞ്ഞു. നിങ്ങള്‍ പറയാതെ തന്നെ ഞാന്‍ ചെയ്തതു കണ്ടോ എന്നായി മന്ത്രി. എസ് ഐ യെ സ്ഥലം മാറ്റാനല്ല, സമരം നടത്തുന്നതിന്റെ പേരില്‍ പൊലീസില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രതികാരങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് വന്നതെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. ഇതിലെ തമാശ എന്തെന്നാല്‍, മന്ത്രി ഞങ്ങള്‍ക്കു മുന്നില്‍വച്ച് സ്ഥലം മാറ്റാന്‍ പറഞ്ഞ് എസ് ഐ ആ സ്റ്റേഷനില്‍ നിന്നും പോകുന്നത് ഒരു വര്‍ഷം കഴിഞ്ഞ്, അതും പണിഷ്‌മെന്റ് വാങ്ങി!

തട്ടുപാറ മല ഏതാണ്ട് എഴുപത് ശതമാനത്തോളം പൊട്ടിച്ചു തീര്‍ത്തു. കൊച്ചിയിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടുത്തെ മണ്ണും കല്ലും ഉപയോഗിച്ചാണ് നടക്കുന്നത്. കൊച്ചി വളരുന്നത് നമുക്ക് അഭിമാനം തന്നെയാണ്. പക്ഷേ ഞങ്ങളുടെ അവസ്ഥയോ. ക്വാറി സൈറ്റില്‍ നിന്നുള്ള ക്ലേ ഒഴുകി വയലുകളിലേക്കു വരികയാണ്. കൃഷി നശിച്ചു. കിണറുകളിലെ വെള്ളം വറ്റുന്നു. കെട്ടിടങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുന്നു. പള്ളിവക സ്ഥലം വരെ അവര്‍ കയ്യേറിയിരിക്കുന്നു. ഐ എ പി കനാല്‍ വക സ്ഥലവും അവരുടെ കൈയിലാണ്. പറയാന്‍ ഇനിയുമേറെയുണ്ട്… എന്തു ചെയ്യാനാകും? എന്നാല്‍ എന്തെങ്കിലും ചെയ്യുകയും വേണം. ഒരു മല മാത്രമല്ലല്ലോ ഇല്ലാതാകുന്നത്….

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍