UPDATES

വിദേശം

സി ഐ എ: കൊടുംക്രൂരതകളുടെ 10 ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

Avatar

വാഷിംഗ്ടണ്‍ പോസ്റ്റ്

സി ഐ എയുടെ ചോദ്യംചെയ്യല്‍ പദ്ധതി പ്രസിഡന്റ് ഒബാമ നിര്‍ത്തലാക്കിയതിന് അഞ്ചു വര്‍ഷത്തിനുശേഷം ഏജന്‍സിയുടെ രീതികളെക്കുറിച്ച് സെനറ്റ് ഇന്റലിജന്‍സ് സമിതി അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള ചില ഞെട്ടിപ്പിക്കുന്ന ഭാഗങ്ങള്‍ ഇതാ :

1)119 സി ഐ എ തടവുകാരില്‍, 26 പേരെ തടവില്‍ വെയ്ക്കാനെ പാടില്ലായിരുന്നു. ഇവരില്‍ ‘ഐസ് പോലെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും, 66 മണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കാതെ നിര്‍ത്തുകയും ചെയ്ത’അബു ഹുദൈഫ ഉണ്ട്. ‘കരുതിയ ആള്‍ ഇയാളല്ലെന്ന്’പിന്നീടാണ് സി ഐ എ തിരിച്ചറിഞ്ഞത്.

2)പദ്ധതി തുടങ്ങി നാലു വര്‍ഷത്തിന് ശേഷം, 2006ലാണ് വിപുലമാക്കിയ ചോദ്യംചെയ്യല്‍ വിദ്യകളെക്കുറിച്ച് പ്രസിഡന്റ് ബുഷിനെ ആദ്യമായി ധരിപ്പിക്കുന്നത്. ‘ഡയപ്പര്‍ മാത്രം ധരിപ്പിച്ച ഒരു തടവുകാരനെ തട്ടില്‍ കെട്ടിത്തൂക്കിയിട്ട’ ദൃശ്യം കണ്ടപ്പോള്‍ ബുഷ് അസ്വസ്ഥത പ്രകടിപ്പിച്ചു എന്നു സി ഐ എ രേഖകള്‍ പറയുന്നു.

3)ചുരുങ്ങിയത് 5 തടവുകാരെയെങ്കിലും മലദ്വാരത്തിലൂടെയുള്ള ഭക്ഷണം കയറ്റലിനും, വെള്ളം കയറ്റലിനും സി ഐ എ വിധേയരാക്കി. ഭക്ഷണം നല്‍കുന്നതിനോട് മജീദ് ഖാന്‍ സഹകരിച്ചെങ്കിലും സി ഐ എ അയാളെ, ‘സമ്മതമില്ലാതെ മലദ്വാരത്തിലൂടെ ഭക്ഷണം നല്‍കലിനും വെള്ളം നല്‍കലിനും വിധേയനാക്കുകയായിരുന്നു.’ അയാളുടെ ഭക്ഷണ പാത്രത്തില്‍ ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുകയും പിന്നീടത് മലദ്വാരത്തിലൂടെ നല്‍കുകയും ചെയ്യും.

2004 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ 2006ല്‍ ഗ്വാണ്ടനാമോയിലെ യു എസ് സൈനിക തടവറയിലേക്ക് മാറ്റും വരെ മജീദ് ഖാന്‍ നിരവധി തവണ നിരാഹാര സമരവും, ആത്മഹത്യ ശ്രമവും നടത്തി. ഇതയാളെ അതീവശ്രദ്ധ നല്‍കേണ്ട ആളാക്കി. നിരാഹാരസമരത്തെ തുടര്‍ന്ന് അയാള്‍ക്ക് മൂക്കിലൂടെയും മറ്റും ഭക്ഷണം നല്‍കി. ഇതിനോടയാള്‍ സഹകരിച്ചു. എന്നാല്‍ മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ ‘അനാവശ്യമായ സംസാരം ഒഴിവാക്കി’ സി ഐ എ വളരെ രൂക്ഷമായൊരു ചികിത്സാ രീതി തുടങ്ങുകയായിരുന്നു. നിരാഹാരം കൂടാതെ രണ്ടുതവണ കൈത്തണ്ട മുറിച്ചതടക്കം മജീദ്ഖാന്‍ സ്വയം പീഡനത്തിനും ശ്രമിച്ചിരുന്നു. ഒരു തവണ പാദത്തിന് മുകളിലുള്ള ഞരമ്പ് മുറിക്കാനും ശ്രമിച്ചു. മറ്റൊരിക്കല്‍ കൈമുട്ടിലെ തൊലി ഒരു ടൂത്ബ്രഷ് ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചിരുന്നു.

4)ചുരുങ്ങിയത് 3 തടവുകാരുടെ കുടുംബാംഗങ്ങളെയെങ്കിലും പീഡിപ്പിക്കുമെന്ന് സി ഐ എ ഭീഷണിപ്പെടുത്തി. ഒരവസരത്തില്‍ ഒരു തടവുകാരനോട് അയാളുടെ അമ്മയുടെ കഴുത്ത് മുറിക്കുമെന്ന് പറഞ്ഞു.

തടവുകാരെ ഐസ് വെള്ളത്തില്‍ കുളിപ്പിക്കും. തടവുകാരോട് പലരോടും അവരൊരിക്കലും സി ഐ എ തടവറയില്‍ നിന്നും പുറത്തുപോകില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ശവപ്പെട്ടി പോലുള്ള പെട്ടിയിലായിരിക്കും പോവുകയെന്നും. തന്നെ ഒരിയ്ക്കലും കോടതിയില്‍ കൊണ്ടുപോകില്ലെന്നും കാരണം നിങ്ങളോട് ചെയ്തതൊന്നും ലോകം അറിയാന്‍ പാടില്ലെന്നും ഒരു തടവുകാരനോട് ഒരു ചോദ്യം ചെയ്യല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

5)ഏജന്‍സിയുമായി ബന്ധമുള്ള ഒരു ‘സഖ്യ സര്‍ക്കാരിനുവേണ്ടി’ പണിയെടുക്കുന്ന രണ്ടു വിദേശികളെ സി ഐ എ തടവില്‍ വെച്ചു. അവരെ ഉറങ്ങാന്‍ സമ്മതിക്കാതെയും ഭക്ഷണക്രമം തെറ്റിച്ചും ദ്രോഹിച്ചു. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള അല്‍ക്വെയ്ദ ആക്രമണങ്ങളെക്കുറിച്ച് സി ഐ എക്ക് വിവരം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും. രണ്ടുപേരുടെയും മോചനത്തിന് മാസങ്ങളെടുത്തു.

ഈ രണ്ടു പേരുടെയും യഥാര്‍ത്ഥ പേരുകള്‍ മാറ്റിയാണ് കാണിച്ചത്. സി ഐ എ പിടിയിലേക്ക് ഇവരെ നല്‍കുമ്പോള്‍ ഇവര്‍ സഖ്യസര്‍ക്കാരിന് വേണ്ടി പണിയെടുക്കുകയാണെന്ന് സി ഐ എക്കു അറിയാമായിരുന്നു. ഇവര്‍ വിവരങള്‍ നല്‍കാന്‍ സി ഐ എയുമായി ബന്ധപ്പെടാന്‍ ആഴ്ചകളായി ശ്രമിക്കുകയായിരുന്നു എന്നുറപ്പുവരുത്തുംവരെ പീഡനങ്ങള്‍ തുടര്‍ന്നു.

6) സി ഐ എയുടെ ആദ്യ തടവുകാരന്‍ അബു സുബൈദ ശവപ്പെട്ടിയുടെ വലിപ്പമുള്ള പെട്ടിയില്‍ 266 മണിക്കൂര്‍ കഴിഞ്ഞു. സയന്‍ അല്‍ ആബിദിന്‍ മുഹമ്മദ് ഹുസൈന്‍ എന്ന സുബൈദ പലപ്പോഴും ‘കരഞ്ഞു,യാചിച്ചു, കെഞ്ചി, മോങ്ങി’. ശവപ്പെട്ടി പോലൊരു പെട്ടിയിലായിരിക്കും പുറത്തുപോവുകയെന്ന് അയാളോട് പറഞ്ഞു.

‘തീവ്രമായ ചോദ്യംചെയ്യല്‍’ ആഗസ്ത് 23 വരെ തുടര്‍ന്നു.11 ദിവസവും 2 മണിക്കൂറും അബു സുബെയ്ദ 21 ഇഞ്ച് വീതിയും, 2.5 അടി ആഴവും, 2.5 അടി പോക്കവുമുള്ള ആ പെട്ടിയില്‍ കഴിഞ്ഞു. യാചനകളും കരച്ചിലുമെല്ലാം നടത്തിയാലും യു എസിലെ നിലവിലെ ഭീഷണികളെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അധികവിവരമുണ്ടെന്നത് അയാള്‍ നിഷേധിച്ചു.

7)183 തവണ വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ച ഖാലിദ് ഷേഖ് മുഹമ്മദിനെ അയാള്‍ അതിനിടയില്‍ ശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്വേഷകര്‍ ചുണ്ട് പിടിച്ച് വായില്‍ വെള്ളമൊഴിച്ചു.

ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച കേബിളുകള്‍ അനുസരിച്ചു ‘വെള്ളമൊഴിക്കല്‍ അതിന്റെ പരിധിയിലെത്തിയാല്‍ തടവുകാരന്‍ രണ്ടു ചൂണ്ടുവിരലുകള്‍ മുകളിലേക്കു ഉയര്‍ത്തുമായിരുന്നു.”ഈ പരിപാടിയുടെ രീതികളുമായി അയാള്‍ പരിചിതനായി എന്നാണ് ഇത് കാണിക്കുന്നതെന്നും’ അതില്‍ പറയുന്നു. ദിവസത്തിലെ രണ്ടാമത്തെ വെള്ളത്തില്‍ മുക്കലിന് കൊണ്ടുപോകുമ്പോള്‍ അയാള്‍ ‘അലറുകയും, പുളയുകയും’ ചെയ്‌തെങ്കിലും അത് സഹിക്കാന്‍ അയാള്‍ ശീലിച്ചപ്പോലെ തോന്നി. യു.എസിലെ ഭീകരവാദ പദ്ധതികളെക്കുറിച്ച് പുതുതായൊന്നും പറയാനില്ലെന്നും പറഞ്ഞു.

8) വളരെയേറെ ഉപയോഗിച്ച വെള്ളമൊഴിച്ച് ശ്വാസം മുട്ടിക്കല്‍ കേന്ദ്രം പോലെ തോന്നിച്ച ഒന്നു അങ്ങനെയൊന്നിന്റെ ഉപയോഗം നടന്നതായി അറിയിക്കാത്ത ഒരു കേന്ദ്രത്തില്‍ സെനറ്റ് സമിതി കണ്ടു.

കൊബാള്‍ട് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെ ഒരു വെള്ളമൊഴിച്ച് ശ്വാസം മുട്ടിക്കാനുള്ള സംവിധാനത്തിന്റെ ചിത്രം സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതിനെക്കുറിച്ച് രേഖകളിലൊന്നുമില്ലെങ്കിലും, ഇതിന് ചുറ്റും ബക്കറ്റുകളും, ഇളംച്ചുവപ്പു നിറത്തിലുള്ള സംയുക്തവുമെല്ലാം ഉണ്ടായിരുന്നു. സമിതിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇത് വിശദീകരിക്കാന്‍ സി ഐ എക്ക് ആയില്ല.

9) തെറ്റായി തടവില്‍ പാര്‍പ്പിച്ച കുറഞ്ഞത് 26 തടവുകാരില്‍ ഒരാള്‍ ‘ബുദ്ധിഭ്രമം’ ഉള്ളയാളായിരുന്നു.ഇയാളുടെ നിലവിളി ശബ്ദലേഖനം നടത്തി അന്വേഷകര്‍ ഇയാളുടെ ഒരു ബന്ധുവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു.

10) സി ഐ എ ഉദ്യോഗസ്ഥര്‍ തടവുകാരെ നഗ്നനായി നിര്‍ത്തി 72 മണിക്കൂറോളം ചങ്ങലയ്ക്കിടുമായിരുന്നു. അയാളെ ഇടക്കിടക്ക് തണുത്ത വെള്ളമൊഴിച്ച് ഉണര്‍ത്തുകയും ചെയ്യും.

ചോദ്യം ചെയ്യാനുള്ള DCI മാര്‍ഗരേഖകള്‍ ഗുല്‍ റഹ്മാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുവിച്ചതെങ്കിലും പല ചോദ്യംചെയ്യല്‍ രീതികളും അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഉദാഹരണത്തിന് ‘തണുത്ത വെള്ളക്കുളി’, നീണ്ടകാലം വെളിച്ചം കാണിക്കാതിരിക്കുക തുടങ്ങിയവ നിരോധിച്ചോ എന്നു വ്യക്തമല്ലായിരുന്നു. ‘സൗകര്യപ്പെടുന്ന സമയത്ത്”സാധാരണ രീതികള്‍’ക്കായി മുന്‍കൂട്ടി അനുവാദം വാങ്ങാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് വലിയ വിവേചനാധികാരം നല്‍കി. സമയവും സൗകര്യവും രീതികളും അവര്‍ നിശ്ചയിച്ചു. ഇതിനൊന്നും അവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാറില്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍