UPDATES

യാത്ര

എവറസ്റ്റിന്റെ ഉയരം കണ്ടുപിടിച്ച കഥ; ചില ചരിത്ര വിവാദങ്ങളും

ഒരു ദിവസം സര്‍വെ ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് ഓടിക്കയറിയ രാധാനാഥ് സിഖ്ദാര്‍ ‘സര്‍! ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഞാന്‍ കണ്ടുപിടിച്ചു,’ എന്ന് ആവേശഭരിതനായി

1800-ല്‍ ബ്രിട്ടീഷ് സേന ടിപ്പു സുല്‍ത്താനെ അന്തിമമായി കീഴടക്കിയതോടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും ഗണിതപരവുമായ സര്‍വെ നടത്തുക എന്ന ആശയം ബ്രിട്ടീഷ് സര്‍വെയറും ഭൂമിശാസ്ത്രകാരനുമായ വില്യം ലാംബ്ടണ്‍ മുന്നോട്ടു വെച്ചത്. ഒരേ അക്ഷാംശത്തിലുള്ള രണ്ട് സ്ഥലങ്ങളുടെ ദൂരം അളക്കുക എന്നതായിരുന്നു സര്‍വെയുടെ പ്രചോദനമെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി മനസിലാക്കുക എന്ന കൊളോണിയല്‍ താല്‍പര്യവും അതിന് പിന്നിലുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പായ കേപ് കമോറിന്റെ (ഇപ്പോള്‍ കന്യാകുമാരി) 78 ഡിഗ്രി കിഴക്കായി കിടക്കുന്ന സ്ഥലത്തു നിന്നും അളവ് തുടങ്ങാനുള്ള ലാബ്ടണിന്റെ പദ്ധതിക്ക് പെട്ടെന്ന് തന്നെ സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തു.

ലളിതമായ അടിസ്ഥാനരേഖകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പ്രലോഭനീയ പദ്ധതിക്ക് 1802-ല്‍ തുടക്കം കുറിച്ചു. ത്രികോണവല്‍ക്കരണത്തിലൂടെയാണ് അളവുകള്‍ തിട്ടപ്പെടുത്തിയിരുന്നത്. പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന കുന്നിന്റെയോ വലിയ കെട്ടിടത്തിന്റെയോ മുകളില്‍ നിന്നും കാണാവുന്ന മൂന്ന് ബിന്ദുക്കളെ ത്രികോണത്തിന്റെ മൂന്ന് മൂലകളായി സങ്കല്‍പിച്ചുകൊണ്ടുള്ള രീതിയിലാണ് അളവ് പുരോഗമിച്ചത്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീമമായ ഭൂമിശാസ്ത്രപദ്ധതികളില്‍ ഒന്നായി ദ ഗ്രേറ്റ് ട്രിഗ്‌ണോമെട്രിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ജിടിഎസ്‌ഐ) മാറി. ദൂരമറിയാവുന്ന രണ്ട് സ്ഥലങ്ങളിലൂടെ ഒരു സാങ്കല്‍പിക രേഖ വരച്ച ശേഷം അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സാങ്കല്‍പിക രേഖയ്ക്ക് രൂപം കൊടുക്കുകയുമായിരുന്ന അളവുരീതി. പിന്നീട് പുതുതായി സൃഷ്ടിക്കപ്പെട്ട മൂന്നാമത്തെ രേഖ അടുത്ത ത്രികോണത്തിന്റെ അടിസ്ഥാന രേഖയായി മാറും. 1823-ല്‍ ലാംബ്ടണ്‍ അന്തരിച്ചതോടെ ജിടിഎസ്‌ഐയുടെ ചുമതല, അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ സര്‍വേയര്‍ ജനറലായ ജോര്‍ജ്ജ് എവറസ്റ്റിലേക്ക് മാറി.

ഹാത്തിപാങില്‍ എവറസ്റ്റ് താമസിച്ചിരുന്ന കെട്ടിടം

1833-ല്‍ എവറസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം മുസോറിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള ഹാത്തിപാങ് കണ്ടുപിടിച്ചതോടെ സര്‍വെയുടെ ആസ്ഥാനം അവിടേക്ക് മാറ്റണമെന്ന് എവറസ്റ്റ് ആവശ്യം ഉന്നയിച്ചു. എന്നാല്‍ സര്‍വെയുടെ ഭരണസിരാകേന്ദ്രം അന്നത്തെ തലസ്ഥാനമായ കല്‍ക്കട്ടയില്‍ തുടര്‍ന്നുകൊണ്ട് സര്‍വെ ഹാത്തിപാങില്‍ നിന്നും നടത്താനുള്ള അനുമതി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. അവിടെ പാര്‍ക്ക് ഹൗസ് എന്ന ഒരു വീട്ടില്‍ എവറസ്റ്റ് താമസമാരംഭിച്ചു. ഒരു മിനി പരീക്ഷണശാലയും നിരീക്ഷണകേന്ദ്രവും ലോഗരിതം ലോഡ്ജ് എന്ന ബംഗ്ലാവും സ്ഥാപിച്ചുകൊണ്ട് പത്തുവര്‍ഷം എവറസ്റ്റ് ഹാത്തിപാങില്‍ താമസിച്ചു.

അദ്ദേഹത്തിന്റ വീടിന് സമീപത്ത് ആയിരം അടിയോളം ഉയരത്തില്‍ ഒരു കുന്നുണ്ടായിരുന്നു. അവിടെ കയറിയാല്‍ ബന്ദര്‍പുഞ്ച്, കേദാര്‍, കാമെത്ത്, ത്രീശൂല്‍, നന്ദാദേവി തുടങ്ങിയ കൊടുമുടികള്‍ കാണാന്‍ സാധിക്കുമായിരുന്നു. ലാംബ്ടണിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുടര്‍ന്ന എവറസ്റ്റ് പല ജിയോടെറ്റിക് കണ്ടുപിടുത്തങ്ങളും നടത്തി. രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള കോണളവ് രേഖപ്പെടുത്തുന്ന യന്ത്രമായ തിയോഡോലിറ്റ് ഇതില്‍ ഒന്നായിരുന്നു. ഇതുപയോഗിച്ചാണ് 1941-ല്‍ ദ ഗ്രേറ്റ് ആര്‍ക്ക് എന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂഅളവ് നടത്തിയത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങിയ എവറസ്റ്റിന് പകരം സര്‍വേയര്‍ ജനറലായി 1843-ല്‍ ചുമതലയേറ്റ ആന്‍ഡ്ര്യൂ സ്‌കോട്ട് വോ ഹിമാലയന്‍ നിരകളുടെ അളവിന് ഗ്രേറ്റ് ആര്‍ക്കിനെ അടിസ്ഥാനമാക്കാന്‍ തീരുമാനിച്ചു. സര്‍വെ ഓഫ് ഇന്ത്യയുടെ (എസ്ഒഐ) കല്‍ക്കട്ട ഓഫീസില്‍ തന്റെ അനുയായി ആയി എവറസ്റ്റ് നിയമിച്ച രാധാനാഥ് സിഖ്ദാര്‍ എന്ന പത്തൊമ്പതുകാരനായ ഗണിത അത്ഭുതമായിരുന്ന യുവാവാണ് ലോകത്തിന്റെ തിലകക്കുറി ആദ്യമായി കണ്ടുപിടിച്ചത് എന്നൊരു കഥയുണ്ട്. ഒരു ദിവസം വോയുടെ ഓഫീസിലേക്ക് ഓടിക്കയറിയ സിഖ്ദാര്‍ ‘സര്‍! ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഞാന്‍ കണ്ടുപിടിച്ചു,’ എന്ന് ആവേശഭരിതനായി എന്നതാണ് കഥ. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ് എന്നാണ് ദ ഗ്രേറ്റ് ആര്‍ക്ക്: ദ ഡ്രമാറ്റിക് ടെയ്ല്‍ ഓഫ് ഹൗ ഇന്ത്യ വാസ് മാപ്പ്ഡ് ആന്റ് എവറസ്റ്റ് വാസ് നെയ്മിഡ് (2000) എന്ന പുസ്തകമെഴുതിയ ചരിത്രകാരനായ ജോണ്‍ കേയ് എന്ന ചരിത്രകാരന്‍ പറയുന്നു. പക്ഷെ സിഖ്ദാറിന്റെ അന്യാദൃശ്യമായ ഗണിതശേഷി, തഢാം കൊടുമുടിയുടെ ഉയരം നിശ്ചയിക്കാന്‍ സഹായിച്ചിരിക്കാം എന്ന് കേയും സമ്മതിക്കുന്നുണ്ട്.

ജോര്‍ജ് എവറസ്റ്റും അദ്ദേഹം എഴുതിയ കത്തുകള്‍ അടങ്ങിയിരിക്കുന്ന ഡയറിയും

അങ്ങനെ 1856-ല്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ പതിനഞ്ചാം കൊടുമുടിയുടെ ഉയരം സമുദ്രനിരപ്പില്‍ നിന്നും 29,002 അടിയാണെന്ന കണക്ക് കല്‍ക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റിയില്‍ നടത്തപ്പെട്ടു. എവറസ്റ്റിന്റെ ശിഷ്യനായ വോയാണ് തന്റെ ഗുരുവിന്റെ പേര് കൊടുമുടിക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വച്ചത്. അത് അംഗീകരിക്കപ്പെടുകയും കൊടുമുടിയുടെ പ്രാദേശിക നാമങ്ങളായ ചോമോലുംഗ്മ, ക്വോമോലുംഗ്മ, സാഗര്‍മാത തുടങ്ങിയ പേരുകളെല്ലാം അപ്രസക്തമായി തീരുകയും ചെയ്തു. എന്നാല്‍ താനൊരിക്കലും കണ്ടിട്ടില്ലാത്ത കൊടുമുടിക്ക് തന്റെ പേര് നല്‍കുന്നതിനോട് എവറസ്റ്റിന് പോലും താല്‍പര്യമില്ലായിരുന്നു എന്നാണ് കഥ.

1956-ല്‍, ആദ്യത്തെ അളവ് കഴിഞ്ഞ് കൃത്യം നൂറ് വര്‍ഷത്തിന് ശേഷം എസ്ഒഐ വീണ്ടും അളന്നപ്പോള്‍ എവറസ്റ്റിന്റെ ഉയരം 29,028 അടിയാണെന്നാണ് കണ്ടെത്തിയത്. 1970-ല്‍ ചൈന അളന്നപ്പോള്‍ 20,029.29 അടിയും 1999-ല്‍ അമേരിക്കന്‍ പര്യവേഷണ സംഘം ജിപിഎസ് സംവിധാനം ഉപയോഗിച്ച് അളന്നപ്പോള്‍ 29,035 അടിയുമാണ് എവറസ്റ്റിന്റെ ഉയരം എന്നാണ് രേഖപ്പെടുത്തിയത്. ഇതെല്ലാം വളരെ പിന്നോക്ക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആദ്യകാലത്ത് നടത്തിയ അളവിന്റെ കൃത്യതയാണ് തെളിയിക്കുന്നത്. ഇപ്പോള്‍ എസ്ഒഐ ആദ്യം നടത്തിയ സര്‍വെയുടെ 251-ാം വീണ്ടും എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സംഘം.

2015 നേപ്പാളില്‍ നടന്ന വന്‍ഭൂകമ്പത്തില്‍ എവറസ്റ്റിന്റെ ഉയരം താണിട്ടുണ്ടാവാം എന്ന് ചില ശാസ്ത്രജ്ഞരെങ്കിലും അനുമാനിക്കുന്നുണ്ട്. ഇതും ഇന്ത്യന്‍ സംഘം അന്വേഷണ വിധേയമാക്കുമെന്ന് ഇപ്പോഴത്തെ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ സ്വര്‍ണ സുബ്ബ റാവു പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് എസ്ഒഐയുടെ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായത്. എന്നാല്‍ നേപ്പാളിന്റെ ചൈനയുടെയും സംഘങ്ങളോടൊപ്പം പര്യവേഷണം നടത്തുന്നതായിരിക്കും ഉചിതമെന്നാണ് നേപ്പാളിന്റെ നിലപാട്. ഇക്കാര്യത്തില്‍ 2015-ല്‍ തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ചിലവ് മുഴുവന്‍ ഇന്ത്യ വഹിക്കുമെന്നും റാവു പറയുന്നു. സംഘത്തില്‍ മൊത്തം 30 പേരാണ് ഉണ്ടാവുക. ഇവരില്‍ പതിനഞ്ച് പേര്‍ ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പര്‍വതാരോഹരുമായിരിക്കും. ബാക്കി 15 പേര്‍ ഷെര്‍പ്പകളായിരിക്കുമെന്നും അവരുടെ സഹായമില്ലാതെ പര്യവേഷണം വിജയകരമാവില്ലെന്നും റാവു പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അനുമുതി നല്‍കിയിട്ടുണ്ട്.

രാധാനാഥ് സിക്ദര്‍

എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കുന്നതില്‍ രാധാനാഥ് സിക്ദറുടെ പങ്ക് എപ്പോഴും ചര്‍ച്ച വിഷയം ആയിട്ടുണ്ട്. 1870-ല്‍ അന്തരിച്ച ബംഗാളി ക്രിസ്ത്യാനിയായിരുന്ന സിക്ദറുടെ കല്ലറ ഇപ്പോഴും കൊല്‍ക്കത്തയില്‍ നിന്നും 50 കി.മീ അകലെയുള്ള ഫ്രഞ്ച് കോളനിയായിരുന്ന ചന്ദനനഗറില്‍ ഉണ്ട്. അവിടെ ഒരു ചെറിയ തെരുവും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എന്ത് തന്നെയായിരുന്നാലും പ്രധാന കണക്കുകൂട്ടലുകള്‍ നടക്കുമ്പോള്‍ എസ്ഒഐയുടെ കല്‍ക്കട്ട ഓഫീസിലെ മനുഷ്യ കമ്പ്യൂട്ടറായിരുന്നു സിക്ദാര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രധാന കണക്കുകൂട്ടലുകള്‍ ഡെറാഡൂണിലാണ് നടന്നത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സിക്ദാറുടെ പങ്ക് എസ്ഒഐ ചരിത്രകാരന്മാരായ ബി എല്‍ ഗുലാത്തി, എസ് ജി ബുറാദ്, ആര്‍ എച്ച് ഫിലിമോര്‍ തുടങ്ങിയവര്‍ തള്ളിക്കളയുമ്പോള്‍, സമീപകാലത്തിറങ്ങിയ രണ്ട് പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ നിരത്തുന്നുണ്ട്.

ഇന്‍ടു തിന്‍ എയര്‍ (1996) എന്ന തന്റെ പ്രസിദ്ധ പുസ്തകത്തില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും പര്‍വതാരോഹകനുമായ ജോണ്‍ ക്രാകൗര്‍ സിക്ദാറിന് അനുകൂലമായ നിലപാട് എടുക്കുന്നു. എവറസ്റ്റ് എ മൗണ്ടനീയറിംഗ് ഹിസ്റ്ററി (1981) എന്ന പുസ്തകത്തില്‍ വാള്‍ട്ട് അണ്‍സ്‌വര്‍ത്ത് 1856-ല്‍ വോ എഴുതിയ ഒരു കത്ത് ഉദ്ധരിച്ചുകൊണ്ട് സിക്ദാറിന്റെ പങ്ക് ശരിവെക്കുന്നു. ഏതായാലും സിക്ദാറിന്റെ ഇക്കാര്യത്തിലുള്ള പങ്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. ചില ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ ഗവേഷണം തുടരുന്നുണ്ട്. ഇന്ത്യ പുതിയ സര്‍വെ നടത്തുമ്പോഴും ഇക്കാര്യത്തില്‍ എന്തെങ്കിലും പുതിയ വെളിച്ചങ്ങള്‍ വീശാനുള്ള സാധ്യതകള്‍ വിരളമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍