UPDATES

സിനിമ

ദി ക്ലബ്; മതവിശ്വാസത്തിന്റെ അനാവരണം

Avatar

മനു സെബാസ്റ്റ്യന്‍

“മതത്തിന്റെ വിമര്‍ശനം മനുഷ്യനെ അവന്റെ മിഥ്യാലോകത്ത് നിന്ന് മോചിപ്പിച്ച്‌ അവനെ ചിന്തിക്കാനും പ്രവർത്തിക്കാനും ശക്തനാക്കുന്നു. മിഥ്യയിൽ നിന്നുള്ള മോചനം അവനു ബോധം തിരിച്ചു നല്കുന്നു. അതോടെ അവൻ തന്നെയാകുന്നു അവൻ പ്രദക്ഷിണം വെക്കുന്ന സൂര്യൻ. തനിക്കു ചുറ്റും പ്രദക്ഷിണം വെക്കാൻ തയ്യാറാകാത്ത മനുഷ്യന്റെ വ്യാജ സൂര്യനാണ് മതം”– കാറൽ മാര്‍ക്സ് 

മതം മർദ്ദിതന്റെ നിശ്വാസം ആണെന്നും ഭൌതിക സാഹചര്യങ്ങളുടെ പരിമിതികളാണ് മതവിശ്വാസം വളരാൻ വഴിയൊരുക്കുന്നതും എന്നുള്ള മാർക്സിന്റെ നിരീക്ഷണങ്ങൾ പ്രസിദ്ധമാണ്. പക്ഷെ, മാർക്സ് നിരീക്ഷിച്ച  പോലെ, കേവലം ഒരു ഭൌതിക പ്രതിഭാസമായി മാത്രം മതത്തിനെ കാണാനാവില്ല. പലപ്പോഴും. അത് ഒരുവന്റെ അസ്തിത്വത്തെ തന്നെ നിർവചിക്കുന്ന ഘടകമായി തീരുന്നു. അവന്റെ വ്യക്തിത്വത്തിന്റെ സത്തയിൽ മതവിശ്വാസസംഹിതകൾ വേര്‍പിരിക്കാനാവാത്ത വിധം അലിഞ്ഞു ചേരുകയും ചെയ്യാം. തന്റെ ജീവിതമണ്ഡലത്തെ മതത്തിന്റെ കോണിലൂടെ മാത്രം കാണാൻ ശീലിച്ച ഒരുവന്, അതിന്റെ മിഥ്യാമണ്ഡലത്തെ ഭേദിച്ച് പുറത്തു വരുക പ്രയാസകരമാണ്. കാരണം. സത്യത്തെ മനസ്സിലാക്കാനും യാഥാര്‍ത്ഥ്യത്തെ  അങ്ങനെ തന്നെ അംഗീകരിക്കാനും മനുഷ്യന് ഭയമാണ്. ആ ഭയത്തിൽ നിന്ന് ധാതുകൾ സ്വീകരിച്ചാണ് മതങ്ങൾ കാലാകാലങ്ങൾ കൊണ്ട് തഴച്ചു വളരുന്നത്.

മനുഷ്യാസ്തിത്വത്തിനു മേൽ മതത്തിനുള്ള സ്വാധീനം ചർച്ച ചെയ്യുന്ന ചിത്രമാണ് ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിലിയിൽ നിന്നുള്ള പാബ്ലോ ലാരിന്‍ (Pablo Larrain) സംവിധാനം ചെയ്ത ദി ക്ലബ് (El Club) എന്ന  ചിത്രം. വൈദികവൃത്തിയില്‍ നിന്ന് വിരമിക്കേണ്ടി വന്ന നാല് കത്തോലികാസഭയിലെ  പുരോഹിതന്മാർ ആണ്  ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ലൈംഗികചൂഷണം മുതൽ വിവിധതരത്തിലുള അധികാര ദുർവിനയോഗത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷ നടപടിയായാണ്‌ അവർക്ക് വിരമിക്കേണ്ടി വരുന്നത്. തങ്ങളുടെ പാപങ്ങളെ ഓർത്തു പശ്ചാത്തപിച്ചു പരിഹാരപ്രാർത്ഥനകൾ നടത്തി ശിഷ്ട കാലം ജീവിക്കുവാൻ, അവരെ സഭ ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. അതാണ്‌ ചിത്രത്തിലെ ‘ക്ലബ്‌’. ഒരു കടൽക്കരയിലെ കൊച്ചു ഗ്രാമത്തിലെ ഭവനം. ശുദ്ധീകരണസ്ഥലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന, വിഷാദവും നിരാശയും വിരസതയും ഘനീഭവിച്ചു നില്‍ക്കുന്ന, സദാ മേഘാവൃതമായ ആ ഗ്രാമത്തിൽ, തങ്ങളുടെ യാന്ത്രികമായ  പ്രാര്‍ത്ഥനജപങ്ങളും സ്തോത്രഗീതങ്ങളും നിറഞ്ഞ, തികച്ചും സംഭവരഹിതമായ ജീവിതം അവർ നയിച്ചു പോരുന്നു. രക്ഷയും മോചനവും തേടി! അങ്ങനെയിരിക്കെ, പുതിയ ഒരു പുരോഹിതൻ അവരുടെ ‘ക്ലബി’ലേക്ക്‌ ചെര്‍ക്കപ്പെടുന്നു.  അദ്ദേഹം വരുന്ന ദിവസം തന്നെ, ആ ഗ്രാമത്തിലെ ‘സണ്ടോകാൻ’  എന്ന പേരുള്ള ഒരു മീന്‍പിടുത്തക്കാരൻ അവരുടെ ഭവനത്തിനു മുന്നില്  വരുന്നു. പുതിയതായി വന്നു ചേർന്ന പുരോഹിതന്റെ ലൈംഗിക  അതിക്രമങ്ങൾക്ക് താൻ ചെറുപ്പത്തിൽ ചെറുപ്പത്തിൽ ഇരയായിരുന്നു എന്ന് അയാള്‍ വെട്ടിത്തുറന്നു പറയുന്നു. മദ്യലഹരിയിൽ ലക്ക്കെട്ടു, താൻ അനുഭവിക്കേണ്ടി വന്ന രതിവൈകൃത്യങ്ങളുടെ വിവരണം അശ്ലീലഭാഷയില്‍ അയാള്‍ നടത്തുന്നു. അയാളുടെ വെളിപെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ, നവാഗതനായ പുരോഹിതന്‍ സ്വന്തം ശിരസ്സില്‍ നിറയൊഴിച്ചു ആത്മഹത്യ ചെയ്യുന്നു. അയാളുടെ മരണം അന്വേഷിക്കാന്‍ സഭാനേതൃത്വം ഒരു വൈദികനെ അയക്കുന്നു. ഉത്പതിഷ്ണുവും, സഭയ്ക്ക് ഒരു നവീകരണവും ഉണര്‍വും നല്‍കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യുന്ന ആ പുരോഹിതന്റെ അന്വേഷണങ്ങള്‍, അവിടത്തെ അന്തേവാസികളുടെ ജീവിതത്തിലേക്കും അവരുടെ അന്തരങ്ങങ്ങളിലെക്കും വെളിച്ചം വീശുന്നു.

ജീവിതത്തെ നിഷേധിച്ചു സ്വര്‍ഗത്തെ പുല്കുക എന്ന ദര്‍ശനമാണ് ക്രൈസ്തവസഭയുടെ അടിസ്ഥാനമായി നിലകൊള്ളുന്നത്. ലോകം-സ്വര്‍ഗം, ശരീരം-ആത്മാവ് എന്നിങ്ങനെയുള്ള പരസ്പരവിരുദ്ധങ്ങളായ ദ്വന്ദങ്ങളാണ് അതിനു ആധാരശില. സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സന്ദേശങ്ങള്‍ നല്‍കിയ യേശുവിന്റെ പ്രബോധനങ്ങളെക്കാള്‍, ഉല്‍പതിഷ്ണുവായ പൗലോസ്‌ ശ്ലീഹായുടെ പ്രഘോഷണങ്ങള്‍ ആണ് സഭയുടെ തത്വശാസ്ത്രത്തെ സ്വാധീനിച്ചിട്ടുള്ളത്. ശരീരത്തിന്‍റെ ചോദനകള്‍ പാപകരവും ജടികവും ആണെന്നും, അവയെ തിരസ്കരിക്കുന്നതു വഴിയേ രക്ഷയും നിത്യ ജീവനും പ്രാപ്തമാവുകയുള്ളൂ എന്നും പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നു. [“ജടികപ്രവണതകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പികുക സാധ്യമല്ല. ജടികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍റെ പ്രവണതകളെ ആത്മാവിനാല്‍ ഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും” (റോമ: 8:8-12); “ജഡമോഹങ്ങളേ ഒരിക്കലും ത്രുപ്തിപെടുത്തരുത്. എന്തെന്നാല്‍, ജടമോഹങ്ങള്‍ ആത്മാവിനു എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നത് നിമിത്തം ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ” (ഗലാത്തിയ:5:16-18] . ഐഹികജീവിതത്തില്‍ ആനന്ദത്തിനും ഉത്സാഹത്തിനും അര്‍ത്ഥമില്ലെന്നും, ജീവിത്തില്‍ അര്‍ഥം കണ്ടെത്തേണ്ടത്‌ പാപപരിഹാരത്തിലും പശ്ചാത്താപത്തിലും ആണെന്ന ധ്വനിയാണ് ആ പ്രബോധങ്ങളില്‍ ഉടനീളം. സഹനത്തിലൂടെ രക്ഷയും നിത്യജീവനും കരസ്ഥമാകും എന്ന വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ചിത്രത്തിലെ വൈദികര്‍. എന്നിരുന്നാലും, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ്‌ശ്ലീഹ വിലപിക്കുന്നത് പോലെ( റോമ: 7:13-25), ആഗ്രഹിക്കുന്ന നന്മയല്ല, വെറുക്കുന്ന തിന്മയാണ് തങ്ങള്‍ ചെയ്തു പോകുന്നതെന്ന് അവിടുത്തെ അന്തേവാസികള്‍ തിരിച്ചറിയുന്നു. ദൈവത്തിന്റെ നിയമത്തോട് കലഹിക്കുന്ന വേറൊരു നിയമമാണ് തങ്ങളുടെ അവയവങ്ങളെ ഭരിക്കുന്നത്‌ എന്നറിയുമ്പോള്‍, അവര്‍ പാപബോധത്തില്‍ നിപതിക്കുന്നു. മനസ്സില്‍ ദൈവത്തിന്റെ നിയമമോര്‍ത്തു ആഹ്ലാദിക്കുമ്പോഴും, തങ്ങളുടെ ജീവിത്തില്‍ ഒരു ശൂന്യത ഉണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. കടല്‍ക്കരയില്‍ സ്ഥിരമായി ഉല്ലസിക്കാന്‍ എത്തുന്ന യുവജനസംഘത്തെ നഷ്ടബോധത്തോടെ നോക്കുന്ന ഒരു കഥാപാത്രമുണ്ട് ചിത്രത്തില്‍. അമൂര്‍ത്തമായ വിശ്വാസപ്രമാണങ്ങള്‍ക്ക് നികത്താന്‍ ആകാത്ത വിടവുകള്‍ ഉണ്ട് ജീവിതത്തില്‍ എന്ന തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആണ് അവ.

വിരസമെങ്കിലും, സ്വസ്ഥമായി നീങ്ങിയിരുന്ന തങ്ങളുടെ ജീവിതത്തിന്റെ സമാധാനം തകര്‍ത്ത സണ്ടോകാന്‍ എന്ന മീന്‍പിടുത്തകാരനെ അവര്‍ വെറുക്കുകയും അയാളെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതി ഇടുകയും ചെയ്യുന്നു. മനുഷ്യരെ സാത്വികരും വിശുദ്ധരും ആക്കേണ്ട മതങ്ങള്‍ എങ്ങനെ അവരെ ഉഗ്രവാദികള്‍ ആക്കുന്നു എന്ന മനശാസ്ത്രവും ചിത്രം ചര്‍ച്ച ചെയ്യുന്നു. തങ്ങളുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും ആശ്വാസവും പകരുന്ന മതവിശ്വാസങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലേയെന്ന ചോദ്യം ചെയ്യപ്പെടല്‍ ഒരു വിശ്വാസിക്കും സഹിക്കാന്‍ കഴിയില്ല. അത് അവരുടെ അസ്തിത്വത്തിന്റെ അടിത്തറയിളക്കുകയും അവരെ ഭ്രാന്തരാക്കുകയും ചെയ്യുന്നു. യുക്തി കൊണ്ട് നേരിടാന്‍ കഴിയാത്തതിനെ അക്രമം കൊണ്ട് നേരിടുന്നു.

അവസാനം,സണ്ടോകനോട് ചെയ്ത അക്രമത്തില്‍ അവര്‍ പശ്ചാത്തപിക്കുന്നു. അനാഥനും തൊഴില്‍രഹിതനുമായ അയാളെ തങ്ങളുടെ ഭവനത്തിലേക്ക്‌ കൂട്ടികൊണ്ട് വരുന്നു. അയാളുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നു. മീന്‍പിടുത്തക്കാരെ മനുഷ്യരെ പിടിക്കുന്ന അപസ്തോലന്മാരായി നവീകരിച്ച യേശുവുമായി അങ്ങനെ താദാത്മ്യം പ്രാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ പാപബോധം, വിശ്വാസത്തെ മുറുകെ പിടിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. അവ വെറും മിഥ്യയാണെന്ന് അറിഞ്ഞിട്ടും. മതം തന്നെ കൃത്രിമമായി സൃഷ്ടിക്കുന്ന പാപബോധത്തിന് മതം തന്നെ പരിഹാരവും നല്‍കുന്നു. നിലനില്‍പ്പിനായി മതങ്ങള്‍ സ്വീകരിച്ചു പോരുന്ന ആ നയത്തിലെക്കും സിനിമ അപഗ്രഥനത്തിനു വിധേയമാക്കുന്നു.

ചിത്രത്തില്‍ നിരന്തരം ഒരു ‘മോടിഫ്’(motif) പോലെ പ്രത്യക്ഷമാകുന്ന ഒരു സീന്‍ ഉണ്ട്. ഒരു വൈദികന്‍ കടല്‍ക്കരയില്‍ തന്‍റെ വളര്‍ത്തുനായയെ പരിശീലിപ്പിക്കുന്ന രംഗങ്ങള്‍. ഒരു വലിയ വടിയുടെ അറ്റത്ത് ഒരു തുണികഷ്ണം കെട്ടി, തന്റെ നായയുടെ ചുറ്റും ഉയരത്തില്‍ കറക്കുന്നു. അത് ചാടി പിടിക്കാന്‍ നായ വട്ടത്തില്‍ കറങ്ങി കുതിച്ചുചാടുന്നു. ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യത്തെ ചൂണ്ടിക്കാണിച്ചു മനുഷ്യരെ വട്ടം കറക്കുന്ന മതങ്ങളുടെ ഒരു പ്രതീകമായി ആ രംഗങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ നിന്ന് രക്ഷപ്പെടാന്‍ വിശ്വാസത്തിന്‍റെ ഒരു കുതിച്ചുചാട്ടം(A leap of faith) വേണമെന്ന്, തത്വചിന്തകനായ ‘സോറന്‍ കീര്‍ക്കെഗാര്ദ്’ (Soren Kierkegaard) പറഞ്ഞിട്ടുണ്ട്. അത് പോലെ, കുതിച്ചുചാടി, തങ്ങളെ പ്രദിക്ഷിണം വെയ്ക്കാന്‍ തയ്യാറാകാതെ, മതമാകുന്ന സൂര്യനെ പ്രദിക്ഷിണം വെയ്ക്കുന്ന മനുഷ്യാവസ്ഥയാണ് സിനിമ അനാവരണം ചെയ്യുന്നത്. പക്ഷെ, വിശ്വാസത്തിന്റെ അത്തരം കുതിച്ചുചാട്ടം നടത്തിയിട്ടും, ആന്തരികശൂന്യതയും നിരര്‍ത്ഥകതയും അവരെ വിട്ടൊഴിയുന്നില്ല. അത്തരം വൈരുധ്യങ്ങള്‍ മനോഹരമായി ദ്യോതിപ്പിച്ചിരിക്കുന്നു, ചിന്തോദീപകമായ ഈ സിനിമ.

(കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റാണ് മനു സെബാസ്റ്റ്യന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍