UPDATES

വീഡിയോ

കമാന്‍ഡിംഗ് ഹൈറ്റ്‌സ്; ലോകസാമ്പത്തിക രാഷ്ട്രീയത്തിന്റെ വിശകലനം

‘ആശയങ്ങളുടെ പോരാട്ടം’ ,’പരിഷ്‌കരണത്തിന്റെ പ്രാണവേദന’,’കളിയിലെ പുതിയ നിയമങ്ങള്‍’ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിലെ സ്വതന്ത്രകമ്പോളങ്ങളെയും ആഗോളീകരണ പ്രക്രിയയെയും കുറിച്ച് അവലോകനം ചെയ്യുന്ന ‘ദ കമാന്‍ഡിംഗ് ഹൈറ്റ്‌സ്: ദ ബാറ്റില്‍ ഫോര്‍ ദ വേള്‍ഡ് ഇക്കോണമി’ എന്ന പുസ്തകം എഴുതിയത് ദാനിയല്‍ യെര്‍ജിനും ജോസഫ് സ്റ്റാനിസ്ലാവും ചേര്‍ന്നാണ്. ലോക സമ്പത്തിക വളര്‍ച്ചയെയും അതില്‍ ആധിപത്യം നേടാനുള്ള ശ്രമങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന പുസ്തകം 1998ലാണ് പുറത്തിറങ്ങിയത്. ദേശീയ സമ്പദ്ഘടനയുടെ പ്രധാന മേഖലകളെ നിയന്ത്രിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട് ലെനിന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിന്നാണ് ‘കമാന്‍ഡിംഗ് ഹൈറ്റ്‌സ്’ എന്ന പ്രയോഗം ലഭിച്ചതെന്ന് രചയിതാക്കള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

ലോക സാമ്പത്തികരാഷ്ട്രീയത്തെ സൂക്ഷമമായി വിശകലനം ചെയ്യുന്ന പുസ്തകം 2002ല്‍ ഒരു ടെലിവിഷന്‍ ഡോക്യുമെന്ററി ആക്കപ്പെട്ടു. പിബിഎസ് ടെലിവിഷനാണ് ഇത് ആദ്യമായി പ്രക്ഷേപണം ചെയ്തത്. രണ്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഭാഗങ്ങളായിട്ടാണ് മൊത്തം ആറു മണിക്കൂര്‍ നീളമുള്ള ഈ ഡോക്യുമെന്ററി ആദ്യം പ്രക്ഷേപണം ചെയ്തത്. രണ്ടു ഭാഗങ്ങള്‍ വില്യം ക്രാനും ഒരു ഭാഗം ഗ്രേഗ് ബാര്‍ക്കറുമാണ് സംവിധാനം ചെയ്തത്.

ഒന്നാം ലോകമഹായുദ്ധം മുതല്‍ 1970കള്‍ വരെയാണ് ‘ആശയങ്ങളുടെ പോരാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ എപ്പിസോഡിന്റെ കാലഘട്ടം. ലോകമഹായുദ്ധത്തിന്റെ ഭാഗമായി വന്‍ശക്തികളുടെ സാമ്പത്തികവിഭവങ്ങള്‍ തകര്‍ന്നതോടെ സാമ്പത്തിക സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. തകര്‍ച്ചയുടെ ചാരത്തില്‍ നിന്നും സര്‍ക്കാര്‍ ശക്തികളും കമ്പോള ശക്തികളും തമ്മിലുള്ള സംവാദങ്ങള്‍ ഉടലെടുത്തു. പുതിയൊരു ലോക സാമ്പത്തിക ക്രമം കണ്ടെത്താനുള്ള ദൃഢനിശ്ചയിത്തിലായിരുന്നു ഇരുകൂട്ടരും. ഈ സംവാദങ്ങളെ വിശദീകരിക്കാനും മുന്നോട്ട് കൊണ്ടുപോകാനുമായി വളരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും രൂപപ്പെടുത്തിയ ആശയങ്ങളുമായി രണ്ടുപേര്‍ രംഗത്തെത്തി. ഇംഗ്ലണ്ടില്‍ നിന്നും ധിഷണാശാലിയും മാന്യനുമായ ജോണ്‍ മേനാര്‍ഡ് കെയ്ന്‍സും യുദ്ധത്തില്‍ തകര്‍ന്ന ഓസ്ട്രിയയില്‍ നിന്നുള്ള കുടിയേറ്റക്കാരനും എന്തും വെട്ടുത്തുറന്നു പറയുന്ന ആളുമായ ഫെഡറിക് വോണ്‍ ഹെയ്ക്കും.

30-കളില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ മുതലാളിത്ത ലോകം അടിപ്പെട്ടപ്പോള്‍ കെയ്ന്‍സിനും ഹെയ്ക്കിനും എതിര്‍ക്കേണ്ടിയിരുന്നത് ഹിറ്റ്‌ലറിന്റെ തേഡ് റീഷെയെ മാത്രമായിരുന്നില്ല, മാര്‍ക്‌സിന്റെയും ലെനിന്റെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട സ്റ്റാലിന്റെ സോവിയറ്റ് യൂണിയനെ കൂടിയായിരുന്നു. അടുത്ത അരനൂറ്റാണ്ട് സംവാദങ്ങളുടെ കാലഘട്ടമായിരുന്നു. സര്‍വ്വാധിപത്യ സോഷ്യലിസ്റ്റ് സംവിധാനങ്ങള്‍ മുതല്‍ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ വരെയും വികസ്വര ലോകത്തിലെ സ്വതന്ത്രരാജ്യങ്ങള്‍ മുതല്‍ യൂറോപ്പിലെ മിശ്രസമ്പദ്‌വ്യവസ്ഥകളുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിയന്ത്രിത മുതലാളിത്തം വരെയുമുള്ള സാമ്പത്തികഘടനകള്‍ മേല്‍ക്കോയ്മയ്ക്കായി മത്സരിച്ചു. ഒടുവില്‍ സര്‍ക്കാര്‍ ആസൂത്രണം ‘ആധിപത്യ ഉയരങ്ങളില്‍’ (commanding heights) എത്തി.

പക്ഷെ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ അതിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുകയും കമ്മ്യൂണിസം പൂര്‍ണമായും അരക്കിട്ടുറപ്പിക്കുകയും ചെയ്യപ്പെട്ട കാലഘട്ടത്തില്‍ സാമ്പത്തിക മാന്ദ്യം ഇരുവശങ്ങളെയും ആക്രമിച്ചു. ബ്രിട്ടനിലെ ഒരു ഗ്രോസറി കച്ചവടക്കാരന്റെ മകളും ഒരു ഹോളിവുഡ് നടനും രാജ്യത്തിന്റെ തലവന്മാരായതോടെ ഹെയ്ക്കിന്റെ സിദ്ധാന്തങ്ങള്‍ക്ക് ചുറ്റം അവര്‍ ഐക്യത്തിന്റെ കോട്ടകെട്ടി. ലോകത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ അതോടെ മാറിമറിയാന്‍ തുടങ്ങി.

‘പരിഷ്‌കരണത്തിന്റെ പ്രാണവേദന’ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തില്‍ ശീതയുദ്ധത്തിന്റെ അവസാനവും ലോക സമ്പത്തികരംഗത്ത് മിക്ക രാജ്യങ്ങള്‍ക്കുമുണ്ടായ തകര്‍ച്ചയും സ്വതന്ത്ര കമ്പോള മുതലാളിത്തത്തിലേക്കുള്ള അവയുടെ സഞ്ചാരവും രേഖപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ തകരുന്ന സാമ്പത്തികവാസ്ഥയെ സൈനിക മറയ്ക്കുള്ളില്‍ ഒതുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു. വിദേശമൂലധന ചൂഷണം തടയാന്‍ ശ്രമിച്ച ലോറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളുടെ നടപടികള്‍ മൂലം കടക്കെണിയില്‍ പെടുകയും രൂക്ഷമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. ദാരിദ്രം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ബ്യൂറോക്രസിയെ വളര്‍ത്തുകയും അത് അഴിമതിക്കും കള്ളപ്പണത്തിനും കാരണമായ ഇന്ത്യയും ആഫ്രിക്കയിലെ രാജ്യങ്ങളും തകര്‍ച്ചയുടെ വക്കിലെത്തി. ചുരുക്കത്തില്‍ ആസൂത്രിത സാമ്പത്തികരംഗങ്ങള്‍ക്ക് ഇക്കാലയളവില്‍ വന്‍തിരിച്ചടിയേറ്റു. ഇതില്‍ നിന്നും കരകയറുന്നതിന് ബൊളീവിയ മുതല്‍ പെറുവരെയും പോളണ്ട് മുതല്‍ റഷ്യവരെയും ഉള്ള രാജ്യങ്ങള്‍ താച്ചറിന്റെ റീഗന്റെയും സ്വതന്ത്ര കമ്പോള നയങ്ങളിലേക്കാണ് ഉറ്റുനോക്കിയത്. പക്ഷെ ഈ നയമാറ്റം അത്ര എളുപ്പമായിരുന്നില്ല. ഇതൊരു ഞെട്ടല്‍ ചികിത്സയായി പലയിടത്തും മാറി. ചിലര്‍ക്ക് കമ്പോളം പ്രദാനം ചെയ്ത ചോദനങ്ങളും അവസരങ്ങളും വിമോചനത്തിന്റെ പാതയൊരുക്കിയപ്പോള്‍ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന രാജ്യങ്ങളിലെ സുരക്ഷയും ജീവസന്ധാരണ മാര്‍ഗ്ഗങ്ങളും ഒഴികിപ്പോയി. ചുരുക്കത്തില്‍, ആഗോള സമ്പത്ത് വര്‍ദ്ധിച്ചപ്പോള്‍ തന്നെ ഉള്ളവരും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വര്‍ദ്ധിച്ചു. സാമ്പത്തിക പുനഃരുദ്ധാരണത്തിന് വലിയ മനുഷ്യവില നല്‍കേണ്ടി വന്നുവെന്ന് സാരം.

‘കളിയിലെ പുതിയ നിയമങ്ങള്‍’ എന്നാണു മൂന്നാം ഭാഗത്തിന്റെ പേര്. കമ്മ്യൂണിസം തകര്‍ന്നതോടെ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ സ്വതന്ത്ര കമ്പോളത്തില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നു. ചൈന, ദക്ഷിണപൂര്‍വ ഏഷ്യ, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയവരൊക്കെ ആഗോള മൂലധനം ആകര്‍ഷിക്കാനും നിയന്ത്രണള്‍ക്ക് ഇളവുകള്‍ നല്‍കാനും മത്സരിച്ചു. സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അമേരിക്കയില്‍ പോലും രണ്ട് പ്രധാന കക്ഷികളും ആഗോളീകരണത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു.

പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും സാമ്പത്തികരംഗത്തെ ഇളക്കിമറിച്ചു. ഇലക്ട്രോണിക് മൂലധനത്തിന്റെ ആവിര്‍ഭാവവും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള തൊഴില്‍സേനയുടെ സന്നദ്ധതയും ഒത്തുചേര്‍ന്നതോടെ ദേശീയ സമ്പദ്വ്യവസ്ഥകളെക്കാള്‍ വലിയ ആഗോള കുത്തകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. സര്‍ക്കാരുകളുടെ ക്ഷേമ ഫണ്ടുകള്‍ കമ്പോളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ സംരംഭകത്വം വലിയ വളര്‍ച്ച പ്രാപിച്ചു. എന്നാല്‍ വീണ്ടും സാമ്പത്തിക മാന്ദ്യം ആക്രമിക്കുകയും വാള്‍ സ്ട്രീറ്റ് പോലും ഭീഷണിയുടെ നിഴലില്‍ ആവുകയും ചെയ്തതോടെ ആഗോളീകരണത്തിനെതിരായ പൊതുജന എതിര്‍പ്പുകള്‍ക്ക് ആക്കം കൂടി. ആരാണ് നിയമങ്ങള്‍ നിശ്ചയിക്കുക എന്ന സംവാദങ്ങള്‍ കലാപകലുഷിതമായി. സമ്പല്‍സമൃദ്ധി വ്യാപിക്കുമ്പോളും അസമത്വം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ആഴത്തില്‍ പരസ്പര ബന്ധിതമായ ഒരു ലോകത്തില്‍ ഭീകരവാദവും യുദ്ധവും വലിയ ഭീഷണികളായി വളരുന്നു.

ഗ്രേഗ് ബാര്‍ക്കര്‍, വില്യം ക്രാന്‍, ഡാനിയല്‍ യെര്‍ജിന്‍ എന്നിവരാണ് പരമ്പരയുടെ തിരക്കഥ തയ്യാറാക്കിയത്. പോള്‍ ഫോസാണ് പരമ്പരയ്ക്ക് സംഗീതം നല്‍കിയത്. ഡേവിഡ് ഓഗ്‌ഡെന്‍ഡ സ്‌റ്റൈറെസ്, കെന്നത്ത് ബക്കര്‍, ഗാരി ബക്കര്‍ തുടങ്ങി അമ്പതോളം പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ അമേരിക്കയില്‍ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററി ഇപ്പോള്‍ ആറു ഭാഗങ്ങളുള്ള ഒരു മണിക്കൂര്‍ എപ്പിസോഡുകളായി വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ പിബിഎസ് ടെലിവിഷന്‍ തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍