UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി രാജ്യത്തിനു നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുന്നു; 500, 1000 നോട്ടുകള്‍ ഇനി മാറി കിട്ടില്ല

അഴിമുഖം പ്രതിനിധി

നിരോധിക്കപ്പെട്ട 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. പിന്‍വലിച്ച് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഇന്നലയോടെ അവസാനിപ്പിച്ചു. ഇന്നു മുതല്‍ 500, 1000 നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ കഴിയില്ല.

നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. ആ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഈ മാസം എട്ടിനായിരുന്നു നോട്ടുകള്‍ നിരോധിച്ചുള്ള പ്രഖ്യാപനത്തില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുപറഞ്ഞിരുന്നത്. “പത്തു മുതല്‍ 24 വരെ 4000 രൂപയായിരിക്കും മാറ്റിയെടുക്കാന്‍ പറ്റുക. എന്നാല്‍ 25 മുതല്‍ ഡിസംബര്‍ 30 വരെ ഇതിന്റെ പരിധി ഉയര്‍ത്തും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ 16 ദിവസം പിന്നിട്ടപ്പോഴേക്കും കേന്ദ്രം ഈ ഉറപ്പ് പിന്‍വലിക്കുകയായിരുന്നു.

നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിപ്പിച്ചതിനെതിരെ കടുത്ത രോഷമാണ് മോദിക്കെതിരെ ട്വിറ്ററില്‍ പുകയുന്നത്. നോട്ട് മാറ്റല്‍ അവസാനിപ്പിക്കുന്നത് ആദ്യം നവംബര്‍ 24 തന്നെയായിരിന്നു അറിയിച്ചത്. പിന്നീട് മോദി ട്വിറ്ററില്‍ ഡിസംബര്‍ മുപ്പത് വരെ നോട്ട് മാറ്റാന്‍ അവസരമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതു വിശ്വസിച്ച പലരും നോട്ട് മാറ്റാന്‍ സമയമുണ്ടെന്ന് കരുതി ബാങ്കില്‍ പോകാതെ തിരക്ക് കുറയാന്‍ കാത്തിരുന്നു. ഇതാണ് ട്വീറ്ററില്‍ മോദിക്കെതിരെ രോഷവുമായി എത്താന്‍ ഫോളോവേഴ്‌സിനെ പ്രേരിപ്പിച്ചത്.

‘ക്രൂരനായ മോദി വാഗ്ദ്ദാനങ്ങള്‍ ലംഘിച്ചു’ എന്നാണ് ഒരു ട്വീറ്റ്. മറ്റൊന്ന് ‘ഹ ! ഹ! വിഡ്ഢികളാക്കപ്പെട്ടു നിങ്ങള്‍’ , ‘സ്രഷ്ടാവ് പറയുന്നു- പാവങ്ങളില്‍ പാവങ്ങളായവരെ ദ്രോഹിക്കുന്നത് അപമാനകരമാണ്’, ഓരോ ദിവസവും ഓരോ നിയമങ്ങളും ഇളവുകളും. എന്തിന് നോട്ട് നിരോധനത്തിന് വലഞ്ഞിരിക്കുന്നവര്‍ക്ക് പുതിയ ദുരിതമുണ്ടാക്കനോ? ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍-

ബാങ്കുകളും പോസ്റ്റോഫീസുകളും വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഇല്ലാതായി. എന്നാല്‍ ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസമില്ല. കൂടാതെ, വെള്ളം, വൈദ്യുതി തുടങ്ങിയ ചില ഉപഭോക്തൃ സേവനങ്ങളുടെ ബില്ലുകള്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് ഒടുക്കുന്നതിനും തടസമില്ല. പക്ഷെ ഈ സൗകര്യം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും. ഡിസംബര്‍ 15 വരെയാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് ആയിരം രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കാനാവില്ല. 500 രൂപ നോട്ടുകള്‍ മാത്രമെ ഇവിടങ്ങളില്‍ സ്വീകരിക്കുക.

ഇന്നലെ വൈകിട്ടുചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നോട്ട് വിഷയത്തില്‍ പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. മന്ത്രിസഭായോഗത്തില്‍ എടുത്ത മറ്റു തീരുമാനങ്ങള്‍ ഇവയാണ്-

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകളിലും രണ്ടായിരം രൂപ വരെയുള്ള ഫീസിടപാടുകള്‍ക്ക് പഴയ നോട്ടുകളുപയോഗിക്കാം. 500 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ ടോപ്-അപ്പിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. സഹകരണസ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് അയ്യായിരം രൂപയുടെ പരിധി നിശ്ചയിച്ചു. ദേശീയപാതകളിലെ ടോള്‍ ഒഴിവാക്കിയ നടപടി ഡിസംബര്‍ രണ്ടുവരെ നീട്ടി. എന്നാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ പതിനഞ്ച് വരെ പഴയ അഞ്ഞൂറ് രൂപ നോട്ട് ടോള്‍ നിരക്കായി സ്വീകരിക്കും. വിദേശപൗരന്‍മാര്‍ക്ക് ആഴ്ചയില്‍ അയ്യായിരം രൂപവരെ വിദേശ കറന്‍സികളാക്കി മാറ്റിയെടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍