UPDATES

സിനിമ

ചിരിയുടെ ഫ്രീ കിക്കുകൾകൊണ്ട് നിശബ്ദതയുടെ ഗോള്‍ വല ഭേദിക്കുന്നവര്‍

Avatar

ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ ലോകത്തെങ്ങും ഇറങ്ങിയിട്ടുണ്ട്. കാല്‍പന്തു കളിയുടെ ആഹ്ലാദവും ഉന്‍മാദവും നിരാശയും കലാപങ്ങളുമൊക്കെ ചിത്രീകരിച്ച അനേകം സിനിമകള്‍. മൈതാനങ്ങളിലെ ദൈവങ്ങളുടെ ജീവിതം അഭ്രപാളികളില്‍ കണ്ട് കാഴ്ചക്കാര്‍ നെടുവീര്‍പ്പെട്ടു, ചരിത്രത്തിന്റെ തുടര്‍ച്ചകളില്‍ വിസ്മയിച്ചു. ഫുട്ബോള്‍ കേന്ദ്രബിന്ദുവായ ചലച്ചിത്രങ്ങളെ കുറിച്ചുള്ള എഴുത്തുകളുടെ രണ്ടാംഭാഗം. ജെ. മഹേഷ്‌ കുമാര്‍ എഴുതുന്നു

ചൈനീസ് അധിനിവേശത്താൽ പാർശ്വവത്കരിക്കപ്പെട്ടുപോയ തിബറ്റൻ ജീവിതവും, കാൽപന്ത് കളിയോടുള്ള അഭയാർത്ഥി ജീവിതത്തിൻറെ  ഒടുങ്ങാത്ത അഭിനിവേശവും പ്രമേയമാകുന്ന ഭൂട്ടാനിൽ നിന്നുള്ള ആദ്യ ഫീച്ചർ ചലച്ചിത്രമായ ‘ദി കപ്പ്’ പകരുന്ന ദൃശ്യാനുഭവങ്ങളിലൂടെ…


കടും ചുവപ്പു കുപ്പായമണിഞ്ഞു ബിഹു നൃത്തച്ചുവടുകൾ പോലെ കാല്‍പ്പന്ത് തട്ടുന്ന ബുദ്ധ സന്യാസി മഠത്തിലെ നിഷ്കളങ്ക ബാല്യങ്ങളിൽ നിന്നും ‘കപ്പി’ ലെ കാഴ്ചകൾ മിഴി തുറക്കുന്നു. കാല്‍പ്പന്ത് കളിയ്ക്ക് ഇണങ്ങാത്ത വേഷവിധാനം;  കരുത്തിന്റെ അടയാളങ്ങൾ തീരെയില്ലാത്ത ശരീര ഭാഷ. എങ്കിലും ഒരു ചിരിയ്ക്കു നല്കാവുന്ന പരമാവധി നിഷ്കളങ്കതയാൽ പന്തിനെ കാലിലേയ്ക്ക് അനുനയിപ്പിച്ചു കൊണ്ടുപോകുന്നുണ്ട് ബുദ്ധ ഭിക്ഷുക്കളുടെ വൈഭവം! കല എന്നനിലയിൽ കാല്പന്തു കളിയ്ക്ക് കൈവരുന്ന അപൂർവ സൗന്ദര്യം ‘കപ്പി’നുള്ളിലെ ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 

ഭൂട്ടാനിൽ നിന്നുള്ള ആദ്യ ഫീച്ചർ ഫിലിമാണ് ‘ദി കപ്പ്’. ഹിമാചൽ  പ്രദേശിലെ തിബറ്റൻ അഭയാർഥികൾ ധാരാളമുള്ള ബിർ ഗ്രാമത്തിൽ  വച്ചാണ് ‘കപ്പി’ലെ മുഴുവൻ കാഴ്ചകളും ചിത്രീകരിച്ചിട്ടുള്ളത്. തിബറ്റൻ അഭയാർത്ഥി ജീവിതത്തിൻറെ നേരനുഭവങ്ങളാണ് ചിത്രത്തിലെന്ന് ലാമ വംശജൻ കൂടിയായ സംവിധായകൻ ക്വെൻസി നോർബു.

ബുദ്ധ മത അനുഷ്ഠാനങ്ങളുടെ ചിട്ടയായ പരിശീലനത്തിൽ മഠത്തിനു കൈവരുന്ന ആദ്ധ്യാത്മിക പരിവേഷത്തിനിടെ മറന്നുപോയ ചിരികൾ തളം കെട്ടി നിന്ന് വിവർണമായ കുരുന്നു മുഖങ്ങൾ  പരസ്പരം കൈമാറുന്ന നെടുവീർപ്പുകളിലൂടെയാണ് ‘കപ്പി’ നുള്ളിലെ ജീവിതം പുരോഗമിക്കുന്നത്. അടുക്കളയിലും, ഇടനേരങ്ങളിൽ മൂത്രപ്പുരയിലും, ഉറക്കറയിലും മാത്രമുള്ള അടക്കം പറച്ചിലുകളായി അവരുടെ ഒച്ചകൾ ഒതുക്കപ്പെട്ടു പോകുന്നു. ആത്മോപദേശങ്ങളും, മൃദു ഗതിയിലെ മന്ത്രോച്ചാരണങ്ങളും മാത്രമുള്ള പകൽ നേരങ്ങളിൽ കെണിയിൽ വീണ എലിക്കുഞ്ഞുങ്ങളെപ്പോലെ കുട്ടികൾ  മനസ്സു പായിക്കുന്നു. പലപ്പോഴും,  ധ്യാനത്തിൻറെ ഉച്ചസ്ഥായിയിലെത്തുന്ന പരിശീലകനുമായി, ഉറക്കത്തിൻറെ സ്വപ്ന സ്ഥായിയിൽ വെച്ച് മഠത്തിലെ ബാലന്മാർ സംവദിക്കുന്നുണ്ട്.

ആ നിലയിൽ കപ്പിലെ ജീവിതക്കാഴ്ചകൾ തുടരവേ, ഓർജിയാൻ എന്ന തിബറ്റൻ ബാലൻ സുഹൃത്തായ ലോധോയ്ക്കൊപ്പം മഠത്തിൽ അഭയമന്വേഷിച്ചെത്തുന്നു. കാല്പന്തു കളിയിൽ കമ്പമുണ്ടായിരുന്ന ഓർജിയാൻ,  പഠനത്തിൻറെ ഇടവേളകളിൽ കൂട്ടുകാരെ ഒപ്പം കൂട്ടി പന്ത് തട്ടാൻ തുടങ്ങുന്നു. പരിശീലകന്റെ കണ്ണു വെട്ടിച്ച് പരസ്പരം ചിരിയുടെ ഫ്രീ കിക്കുകൾ കൊണ്ടവർ നിശബ്ദതയുടെ ഗോൾ വല ഭേദിക്കുന്നു. അങ്ങനെയാണ് ബിർ  ഗ്രാമത്തിൽ നിറഞ്ഞു നിന്ന ആത്മീയതയുടെ നിശബ്ദ ഗൗരവത്തിനു കാല്‍പ്പന്ത് കളിയുടെ ലാളിത്യം കൈവരുന്നത്.

98ലെ ഫുട്ബോൾ ലോകകപ്പ് കാലമായിരുന്നു അത്. പരീസിനും ചുറ്റുവട്ടത്തുമായി വിസ്മയിപ്പിച്ചു മുന്നേറിയ ഒരു കാൽ പന്തിൻറെ  ഭാവിയോർത്തുള്ള സുഖകരമായ ഉത്കണ്ഠകളിൽ ലോകത്തിനു ഉറക്കം നഷ്ടപ്പെട്ട കാലം. ഇനിയും ബാല്യം പിന്നിട്ടിട്ടില്ലാത്ത ഒർജിയാനും കൂട്ടുകാർക്കും,ഉള്ളിൽ അമർന്നു പോയ വാസനകളെ കളി ചിരിയുടെ പുതിയ ആകാശത്തിലേയ്ക്ക് ഉണർത്തിവിടാൻ,  ഫ്രഞ്ചു മണ്ണിൽ  അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞ ഫുട്ബോൾ മാമാങ്കത്തിൻറെ പ്രചോദനം ധാരാളമായിരുന്നു.

എന്നാൽ, നിതാന്ത ജാഗ്രത കൊണ്ടും നിലയുറച്ച നിഷ്ഠകൾ കൊണ്ടും കൈവരുത്തിയ തപോവന സമാനമായ മഠാന്തരീക്ഷത്തിന് സംഭവിച്ചുകൊണ്ടിരുന്ന കലക്കങ്ങൾ, ഒടുവിൽ, പിടിക്കപ്പെടുക തന്നെ ചെയ്തു.

മുഖ്യ പരിശീലകനായ ഗെയ്ക്കിന്റെ ശകാര വാക്കുകൾ മുഖം കുനിച്ചു ഒടുക്കം വരെ കേട്ട് നിന്ന ഒർജിയാനും കൂട്ടുകാരും,പക്ഷേ, കരച്ചിലിൻറെ  വക്കത്തുനിന്നും, ഒടുവിൽ,  ഉള്ളിൽ ഉറഞ്ഞു കൂടിയ ഉത്കടമായ ഒരു അഭിലാഷത്തെ ഭയത്തിന്റെ തോടു പൊട്ടിച്ചു ഉണർത്തുക തന്നെ ചെയ്തു. 

”ഞങ്ങൾക്കും കണ്ടു നിറയണം…ലോകത്തെ ഒന്നടങ്കം കുളിരണിയിപ്പിയ്ക്കുന്ന ഫുട്ബോൾ മഴ..”

സ്വാതന്ത്ര്യത്തിനായുള്ള തിബറ്റുകാരുടെ പോരാട്ട വഴിയിൽ എന്നും ഒപ്പമുണ്ടായിരുന്ന ഫ്രഞ്ചുകാരെ നന്ദിപൂർവ്വം ഓർക്കവേ ഇടറിപ്പോയ വാക്കുകൾ കൊണ്ട് ഓർജിയാൻ ഇങ്ങനെ മുഴുമിപ്പിച്ചു.

“ഫ്രഞ്ചു ടീം ലോകത്തിന്റെ നെറുകയിൽ ഫുട്ബോൾ കപ്പുയർത്തി നിൽക്കുന്നത് എല്ലാ തിബറ്റുകാർക്കും വേണ്ടി ഞങ്ങൾക്ക് കാണണം”.

അപ്പോൾ രക്തത്തിന്റെ കറുപ്പ് കലർന്ന ചുവപ്പു കാഴ്ചകൾ കൊണ്ട് ‘കപ്പു’നിറഞ്ഞിരുന്നു. അധിനിവേശത്തിന്റെ ഉന്മാദത്തിൽ അരുംകൊലയ്ക്കായി ഇരമ്പിയെത്തുന്ന ചൈനീസ് കുളമ്പടികൾ! സമസ്ത ലോക സുഖത്തിനുവേണ്ടി നിമഗ്നമായിരിക്കവേ, തലയറ്റു വീഴുന്ന ബുദ്ധ സന്യാസിമാർ! പിടിച്ചടക്കലിന്റെ ചൈനീസ് ഭ്രാന്തിൽ പൊലിഞ്ഞു പോയ പന്ത്രണ്ടു ലക്ഷത്തിൽപ്പരം തിബറ്റൻ ബുദ്ധ മതവിശ്വാസികൾ ചരിത്രത്തിന്റെ മൂടുപടം മാറ്റി അമരത്വത്തിന്റെ ആൾ രൂപങ്ങളായി വെള്ളിത്തിരയിൽ എഴുന്നു നില്ക്കുന്നുണ്ട്, ആ നിമിഷങ്ങളിൽ. മരണഭയത്തിൻറെ ചകിത മുഖവുമായി അഭയമന്വേഷിച്ചു താനുൾപ്പെടെയുള്ള ബുദ്ധഭിക്ഷുക്കൾ ചിതറിയോടുന്നതു ഓർജിയോവിൻറെ കണ്ണുകളിലൂടെ ഗേയ്ക്ക് കാണുന്നു. അപ്പോൾ ഭാവിയിൽ നിന്നെന്നപോലെ സ്വാതന്ത്ര്യത്തിന്റെ ഒരു ഇരമ്പൽ ഗെയ്ക്കിന്റെ കാതുകളിലേക്ക് അലച്ചെത്തുന്നു.

അന്നു രാത്രി, കുട്ടികളുടെ ആഗ്രഹമറിയിക്കാൻ ഫുട്ബോൾ കളിയറിവിൽ തീർത്തും നിരക്ഷരനായ മഠാധിപതിയുമായി ഗെയ്ക് സംസാരിക്കുന്നു. അത്യന്തം രസകരമായ ആ സംഭാഷണം തുടങ്ങുന്നതിങ്ങനെ:

മഠാധിപതി (ഉദ്വേഗത്തോടെ): യുദ്ധം എപ്പോൾ തുടങ്ങുമെന്നാ പറഞ്ഞത്?

ഗെയ്ക് (ഞെട്ടലോടെ): യുദ്ധമോ? ( ഓർമയിൽ നിന്നും യാഥാർത്ഥ്യം ചികഞ്ഞെടുത്തുകൊണ്ട്) ഓ ..അതോ?…പുലർച്ചെ ഒരു മണിയ്ക്ക്…

മഠാധിപതി (തന്റെ പതിവ് ചായയ്ക്കുള്ള കപ്പു തിരഞ്ഞുകൊണ്ട്): ഹോ! യുദ്ധത്തിനാണെങ്കിൽ കൂടി എത്ര വിചിത്രമായ സമയം!!

(കപ്പിലേക്ക് ചായ പകരവേ) അല്ലാ,  യുദ്ധത്തിൽ ജയിക്കുന്നവർക്ക് ഒടുവിൽ എന്തു ലഭിയ്ക്കും ?

ഗെയ്ക്: ഒരു കപ്പ്.

മഠാധിപതി(തികട്ടിവന്ന ചിരി അമർത്തിക്കൊണ്ടു): ഹ് ഹ്….ഒരു കപ്പോ?

ഒരു രാത്രി മുഴുവൻ വേണ്ടി വന്നുവെങ്കിലും, ആസന്നമായ ഫ്രാൻസ് – ബ്രസീൽ ഫൈനൽ മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ കാണുവാൻ ഒരു ടെലിവിഷൻ വാങ്ങുവാനുള്ള കുട്ടികളുടെ ആഗ്രഹത്തിന് മഠാധിപതിയുടെ അനുമതിനേടുന്നതിൽ ഗേയ്ക്ക് വിജയിക്കുന്നു.

പിന്നെ കാണുന്നത് കുട്ടികൾക്കിടയിലെ പണപ്പിരിവിന്റെ തിരക്കിട്ട മണിക്കൂറുകൾ. പരിശീലകനിൽ നിന്നുൾപ്പെടെ സ്വരൂപിച്ച പണവും, പണയം വയ്ക്കുവാനായി വാച്ചുൾപ്പടെയുള്ള തങ്ങളുടെ സാധന-സാമഗ്രികളുമായും, കുട്ടികൾ അടുത്ത ഗ്രാമത്തിലെ ടി വി ഷോപ്പിലേക്ക് ഇരച്ചെത്തുന്നു. വലിയ വിലപേശലുകൾക്കൊടുവിൽ കടയുടമയുടെ കരുണയിൽ മിത വിലയ്ക്ക് ലഭിച്ച ടെലിവിഷനും, ഭീമാകാരമായ ആന്റിനയുമായി, വാടയ്ക്കെടുത്ത ഒരു ട്രാക്ടറിൽ മഠത്തിലേക്ക്  കുട്ടികൾ ആഹ്ലാദിച്ചെത്തവേ, ലോകകപ്പ് ഫൈനൽവേദിയായ പാരീസിലെ നാഷണൽ സ്റ്റേഡിയം പോലെ ബിർ ഗ്രാമംഒന്നടങ്കം കലാശ പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞിരുന്നു. 

ആദ്യമായി കാണുന്ന ടെലിവിഷൻ സെറ്റിൽ നിന്നും പുറത്ത് വരുന്നത് എന്താകും എന്നറിയുവാനുള്ള അങ്ങേയറ്റത്തെ ഉത്കണ്ഠയാലും, കേട്ടുമാത്രം പരിചയിച്ച ഫുട്ബാൾ ലോകകപ്പിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ  അനുഭവിച്ചറിയുവാനും മഠാധിപതി ഉൾപ്പെടെ എല്ലാവരും ആ ചതുരപ്പെട്ടിയ്ക്ക് മുന്നിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. മത്സരത്തിൻറെ  ആദ്യ നിമിഷങ്ങളിൽ സിഗ്നൽ നഷ്ടപ്പെടവേ മുറിഞ്ഞു പോകുന്ന ദൃശ്യാനുഭവത്തിൽ കാഴ്ചക്കാർ ഒന്നടങ്കം അസ്വസ്ഥരാകുന്നു. ആന്റ്റിനയുടെ  ദിശ വ്യത്യാസപ്പെടുത്തി ഒർജിയോൻ വളരെ ശ്രമപ്പെട്ടു തിരിച്ചു കൊണ്ടുവരുന്ന തത്സമയ ദൃശ്യത്തിൽ, ജീവൻ തിരിച്ചു കിട്ടിയ പോലെ ആഹ്ലാദിച്ചു കണ്ണിമ തെറ്റാതെ നോക്കിയിരുന്ന തിബറ്റൻ ലാമകളുടെ സ്വപ്നങ്ങളിൽ തലവച്ചു സാക്ഷാൽ സിനദിൻ സിദാൻ  ബ്രസീലിയൻ വല കുലുക്കുന്നു. ‘ഗോൾ’ എന്നുറക്കെ വിളിച്ചു കൊണ്ട് മഠം ഒന്നടങ്കം ഇളകി മറിയവേ, കാഴ്ച്ചയുടെ തരംഗം നിലച്ചു കാണികളുടെ ആവേശം വീണ്ടും റദ്ദു ചെയ്യപ്പെടുന്നു.

തുടർന്ന്, മഠാധിപതിയുടെ നേതൃത്വത്തിൽ മുറിയ്ക്കുള്ളിലായി മൗന പ്രാർ ത്ഥനയും, ഡിഷ്‌ ആന്റ്റിനയ്ക്ക് പിന്നിലായി ഒർജിയാൻറെ നേതൃത്വത്തിൽ  സാങ്കേതിക പരിശ്രമവും ഒരേ സമയം പുരോഗമിക്കുന്നു.

ദൃശ്യ ചാരുത നിറഞ്ഞ സിദാന്റെ രണ്ടാം ഗോളിലാണ് ബിർ ഗ്രാമത്തിലെ ടെലിവിഷന് വീണ്ടും ജീവൻ വയ്ക്കുന്നത്. അപ്പോഴേയ്ക്കും 3-0 എന്ന നിലയിൽ  നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ തോല്പ്പിച്ചു ഫ്രഞ്ചു ടീം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നിരുന്നു.

ഫ്രഞ്ചു വിജയത്തിൽ ചിരിച്ചും, പരസ്പരം പുണർന്നും സ്നേഹം കൈമാറുന്ന തിബറ്റൻ നിഷ്കളങ്കത കാണവേ, പില്ക്കാലത്ത് ഫ്രഞ്ചു  ഭരണകൂടം തിബറ്റുകാരോട് ചെയ്ത വിശ്വാസ വഞ്ചനയിൽ ഓരോ കാഴ്ചക്കാരനും ഗദ്ഗദപ്പെടും. തിബറ്റുകാരുടെ സ്വാതന്ത്ര്യേച്ഛയെ നിഷ്ക്കരുണം ഹനിച്ചു കൊണ്ട് ഞങ്ങൾ ചൈനയ്ക്കൊപ്പമാണെന്ന നിക്കോളാസ് സർക്കോസ്സ്കിയുടെ 2009-ലെ പ്രസ്താവന, ലോകകപ്പ്‌ ഉയർത്തുന്ന ഫ്രഞ്ചു ടീമിൻറെ ടി വി കാഴ്ചയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ലാമ കുട്ടികളുടെ ദൃശ്യാനുഭവത്തിലേയ്ക്ക് ഇടിത്തീ പോലെ വന്നു വീഴുന്നു..!!

 ‘കപ്പി’ലെ ഒടുവിലെ കാഴ്ചകൾ ഫുട്ബാളിലെന്ന പോലെ ജീവിതത്തിലും തിബറ്റൻ വിശ്വാസങ്ങളുടെ സത്തയെ അടയാളപ്പെടുത്തുന്നു. ശത്രുക്കളെ നശിപ്പിക്കുവാനല്ല;  ഉള്ളിൽ അവരോടുള്ള വിദ്വേഷത്തെ ഇല്ലായ്മ ചെയ്യുവാനാണ് ഓരോ തിബറ്റുകാരനും ചെറുപ്പം മുതൽ ശീലിക്കുന്നത്.

അന്നു രാത്രി, തിബറ്റിനു സ്വന്തമായൊരു ദേശീയ ഫുട്ബാൾ ടീം സ്വപ്നം കണ്ടുറങ്ങുന്ന ഓർജിയോവിന്റെ പുഞ്ചിരിയിൽ ‘കപ്പ്’ അവസാനിക്കുന്നു.  അഭയാർഥിയുടെ കുപ്പായമണിഞ്ഞ് സ്വതന്ത്ര്യത്തിലേയ്ക്ക് പന്ത് തട്ടുന്ന തിബറ്റൻ കുരുന്നുകളുടെ നിഷ്കളങ്കത നമ്മുടെ ബോധമണ്ഡലത്തിൽ പക്ഷേ പിന്നെയും ജീവിക്കുക തന്നെ ചെയ്യുന്നു.

(മഹേഷ്‌ കുമാര്‍ ജെ. തിരുവനന്തപുരം പാലോട് സ്വദേശി. ആകാശവാണിദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു). 

ഫുട്ബോള്‍ സിനിമ സീരീസിലെ ആദ്യ ലേഖനം ഇവിടെ വായിക്കൂ..
എസ്കേപ് ടു വിക്ടറി; അഭ്രപാളിയിലെ പെലെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍