UPDATES

ഷീനാ ബോറ കൊലപാതകം ദുരൂഹതയേറുന്നു

അഴിമുഖം പ്രതിനിധി

സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ രാത്രി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അവരുടെ മുന്‍ ഭര്‍ത്താവിനേയും പൊലീസ് കൊല്‍ക്കത്തയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഷീന ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തില്‍ പിറന്ന മകളാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷീനയെ 2012 മുതല്‍ കാണാനില്ലായിരുന്നു. ഷീന സഹോദരന്‍ മൈക്കേലിനൊപ്പം അമേരിക്കയില്‍ കഴിയുന്നുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്ദ്രാണിയുടെ ഡ്രൈവറാണ് ഷീനയുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് നല്‍കിയത്. മുംബയില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡില്‍ മൂന്ന് വര്‍ഷം മുമ്പ് ഷീനയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. കൊല്ലപ്പെടുമ്പോള്‍ ഷീനയ്ക്ക് 24 വയസായിരുന്നു പ്രായം. ഷീനയും സഹോദരനും ഗുവഹാത്തിയില്‍ ഇന്ദ്രാണിയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കോളെജ് വിദ്യാഭ്യാസത്തിനുശേഷം ഷീനക്ക് മുംബയില്‍ ജോലി ലഭിച്ചു. ഇന്ദ്രാണിയുടെ അറസ്റ്റും ഷീന സഹോദരിയല്ല മകളാണെന്ന വിവരും തന്നെ ഞെട്ടിച്ചുവെന്ന് ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാലു വര്‍ഷം മുമ്പ് ഇതേ കുറിച്ച് കിംവദന്തികള്‍ കേട്ടിരുന്നുവെങ്കിലും താന്‍ വിശ്വസിച്ചില്ല. പക്ഷേ ഇപ്പോള്‍ പൊലീസ് വിശ്വസനീയമായ വിവരങ്ങള്‍ തന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷീനയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. ഷീന തന്റെ മകനുമായി ഡേറ്റിങ്ങിലായിരുന്നുവെന്നും ഇന്ദ്രാണി ആ ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നും മുഖര്‍ജി വെളിപ്പെടുത്തി. ഷീന യുഎസിലാണെന്നാണ് തന്നോട് ഇന്ദ്രാണി പറഞ്ഞിരുന്നതെന്നും മുഖര്‍ജി വെളിപ്പെടുത്തി. ഷീനയെ കാണാതായതിനെ തുടര്‍ന്ന് ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സഹോദരന്‍ മൈക്കേലും ഷീനയെ കാണാതായിയെന്ന് കരുതിയിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍