UPDATES

വിദേശം

പശ്ചിമേഷ്യന്‍ രാഷ്ട്രത്തിന്റെ അന്ത്യം

Avatar

ഹെന്‍ട്രി ജെ ബാര്‍കേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നാമറിയുന്ന രൂപത്തിലുള്ള രാഷ്ട്രം പശ്ചിമേഷ്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇറാക്, സിറിയ, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, മേഖലയ്ക്കകത്തും പുറത്തും നിന്നുള്ള രാഷ്ട്രങ്ങളുടെ അധിനിവേശങ്ങള്‍, സ്വന്തം കാര്യം മാത്രം നോക്കുന്ന ഉപരിവര്‍ഗ ഭരണാധികാരികളുടെ ദുര്‍ഭരണം എന്നിവയെല്ലാം സമൂഹങ്ങളെയും, അടിസ്ഥാന സൗകര്യങ്ങളെയും, ഭരണ നിര്‍വഹണ സംവിധാനത്തെയും തകര്‍ക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രബാഹ്യ ശക്തികള്‍ മിക്കവയും തങ്ങളുടെ ആയുധബലം കൊണ്ട് സ്വന്തം അജണ്ടകള്‍ നടത്തുകയാണ്. തലമുറകളായുള്ള പരസ്പര അവിശ്വാസം ഇതിനെല്ലാം അടിവരയിടുന്നു. 

ഇതെല്ലാം പഴയപടിയാക്കാന്‍ കഴിയുമോ എന്നത് കുഴപ്പിക്കുന്ന കാര്യവുമാണ്. പറഞ്ഞുവന്നാല്‍ പശ്ചിമേഷ്യയിലെ പല രാഷ്ട്രങ്ങളും നിയമവിരുദ്ധമാണ്. അവ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടവയായിരിക്കാം. പക്ഷേ അടിച്ചമര്‍ത്തലിലൂടെയും പലപ്പോഴും ഭീകരതയിലൂടെയുമാണ് അവിടങ്ങളിലെ സര്‍ക്കാരുകള്‍ നിയന്ത്രണം നിലനിര്‍ത്തുന്നത്. വംശീയ, വിഭാഗീയ ന്യൂനപക്ഷങ്ങളുടെയോ, മാഫിയാ പോലുള്ള കുടുംബ വാഴ്ച്ചകളുടെയോ, അധികാരപ്രമത്തരായ ഏകാധിപതികളുടെയോ വാഴ്ച്ചയെ ന്യായീകരിക്കാന്‍ ഒരു രാഷ്ട്രീയ മറയോ, നിര്‍മ്മിച്ചെടുത്ത ഒരാഖ്യാനമോ ഉണ്ടാക്കുന്നു. മിക്ക രാഷ്ട്രങ്ങളിലും ദേശീയ സ്ഥാപനങ്ങളെ സൃഷ്ടിക്കാന്‍ അവര്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ അവ ഉണ്ടായതുമില്ല. 

അറബ് വസന്തം ഇത്തരത്തിലുള്ള ചില സമൂഹങ്ങളെ പിടിച്ചുകുലുക്കുകയും അവ ശിഥിലമാകുന്നതിന് വഴിയൊരുക്കുകയും ചെയ്തു. പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയും സിറിയയിലും ഇറാക്കിലും അതിന്റെ അതിദ്രുത വളര്‍ച്ചയുമാണ് നിലവിലെ രാഷ്ട്രങ്ങളുടെ ദൗര്‍ബ്ബല്യത്തെ വെളിപ്പെടുത്തിയത്. 

ഇസ്ലാമിക് സ്‌റ്റേറ്റ് ഒരു ആളിക്കത്തല്‍ മാത്രമാകാം. പക്ഷെ അത് പരാജയപ്പെട്ടാലും ഇറാക്കും സിറിയയും ഇനി നമ്മള്‍ അറിഞ്ഞ തരത്തിലുള്ള രാഷ്ടങ്ങളാകില്ല. പകരം ആ സംഘടനയുടെ അവശിഷ്ടങ്ങളുടെ വേരുകള്‍ സമൂഹങ്ങളിലേക്ക് ആഴ്ന്നിറങ്ങി സജീവമായി നിലനില്‍ക്കും. മറ്റ് സംഘങ്ങള്‍ അല്‍ ക്വയ്ദയുടെ ശാഖയായി വികസിച്ച ജബാത് അല്‍നൂസ്രയും അതിനെ ചെറുക്കാന്‍ രൂപംകൊണ്ട ഷിയാ സേനകളുമെല്ലാം തഴച്ചുവളരും. 

പല സ്ഥലങ്ങളിലും അതിരുകള്‍ അവ്യക്തമാകും. അവ നിലനില്‍ക്കുന്നത് നേതാക്കളുടെയും, ഭൂപടങ്ങള്‍ വരക്കുന്നവരുടെയും, ഐക്യരാഷ്ട്ര സഭ സംഘടനകളുടെയും സങ്കല്‍പ്പങ്ങളില്‍ മാത്രമാകും. ഭരണകൂടങ്ങള്‍ക്ക് രണ്ടു വ്യത്യസ്ത രീതിയില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു: പ്രായോഗിക രാഷ്ട്രീയ, ഭരണനിര്‍വഹണ രീതിയിലും, തങ്ങളുടെ ജനതയുടെ വലിയ വിഭാഗത്തിന്റെ വിശ്വസ്തതയും അടുപ്പവും എന്നതിലും. ദേശീയതലത്തില്‍ നികുതി പിരിക്കുക, സൈനികരെ നിയമിക്കുക എന്ന ഇറാക്, സിറിയ രാഷ്ട്രങ്ങളുടെ കീഴ്‌വഴക്ക ലക്ഷ്യങ്ങള്‍ ഇപ്പോള്‍ തികച്ചും അപ്രായോഗികമാണ്. തങ്ങളുടെ അതിര്‍ത്തികള്‍ ഫലപ്രദമായി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാവുന്നില്ല. ഇറാക്കിലെയും സിറിയയിലെയും സുന്നി സമുദായങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം നാട്ടുകാരോടുള്ളതിനെക്കാള്‍ അടുപ്പം പരസ്പരം പുലര്‍ത്താനാകുന്നു. അതുപോലെ ഇറാക് സര്‍ക്കാരിനെ അനുസരിക്കുന്നതിനെക്കാള്‍ ഇറാക്കിലെ ഷിയാകള്‍ ഇറാനുമായി ഒത്തുപോകും. ലെബനനിലെ ഷിയാ പോരാളി സംഘം ഹിസ്‌ബൊള്ള യെമനിലെ ഷിയാ ഹൂതി വിമതര്‍ക്കെതിരായ നീക്കത്തിനെതിരെ സുന്നി നേതൃത്വത്തിലുള്ള സൗദി അറേബ്യക്കെതിരെ ഭീഷണി മുഴക്കുന്നു.

നാലു രാജ്യങ്ങളിലായി-സിറിയ, ഇറാക്, ഇറാന്‍, തുര്‍ക്കി-ചിതറിക്കിടക്കുന്ന കൂര്‍ദുകളും വലിയൊരു സ്വാധീന ശക്തിയായി മാറിയിരിക്കുന്നു. ഇറാകില്‍ അംഗീകരിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ മേഖല സര്‍ക്കാര്‍ ഇപ്പോഴുണ്ട്. തുര്‍ക്കിയിലെ കൂര്‍ദുകളും അവരുടെ സമര സംഘടനയായ കുര്‍ദിസ്ഥന്‍ തൊഴിലാളി കക്ഷിയും തുര്‍ക്കി സര്‍ക്കാരുമായി ദുര്‍ഘടമായ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സിറിയയിലെ കൂര്‍ദുകള്‍ അവിടത്തെ ആഭ്യന്തര കലാപവും പുറമെ നിന്നുള്ള പിന്തുണയും മൂലം ഭാവി നീക്കങ്ങളില്‍ തങ്ങളുടെ സ്വാധീനം അറിയിക്കും. യു.എസ് വ്യോമാക്രമണത്തിന്റെ സഹായത്തോടെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തങ്ങളുടെ മേഖലയില്‍ ചെറുക്കാന്‍ കഴിഞ്ഞ അവര്‍ക്ക് ഐ എസിനെ പിറകോട്ടോടിക്കാന്‍ വരെ കഴിഞ്ഞു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വടക്കന്‍ ഇറാക്കിലെ മലനിരകളില്‍ ഈയടുത്ത് പികെകെയുടെ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ അവര്‍ ചെയ്യാനുദ്ദേശിക്കുന്നതില്‍ നിന്നും പുതിയ പശ്ചിമേഷ്യ എന്തായിരിക്കും എന്നതിന്റെ ഒരു ചിത്രം എനിക്കു കിട്ടി. തുര്‍ക്കിയുമായുള്ള സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ഗൗരവമായി ആലോചിക്കുമ്പോള്‍ തന്നെ തങ്ങളുടെ ആയുധങ്ങള്‍ വിട്ടുനല്‍കാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല. കുര്‍ദ് വിജയത്തില്‍ നിന്നും ആവേശം കൊണ്ട അവര്‍ സിറിയയിലെയും ഇറാക്കിലെയും കൂര്‍ദുകളെയും ആക്രമണം നേരിടുന്ന ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള കടമ തങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. ഒരു സാമൂഹിക ജനാധിപത്യത്തിനാണ് അവര്‍ പിന്നീട് ലക്ഷ്യമിടുന്നത്. ഒരു ‘സായുധ പൗര സമൂഹ സംഘം.’

ഇത് കാല്‍പനികമായി തോന്നാം. എന്നാല്‍ പശ്ചിമേഷ്യ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണിത്. രാഷ്ട്രാതിര്‍ത്തികള്‍ പേരിന് നിലനിന്നേക്കാം. എന്നാല്‍ പികെകെയും ഇറാനിലേയും സിറിയയിലെയും കുര്‍ദ് സംഘങ്ങളും, ഹിസ്‌ബോള്ളയും, ഷിയാ സംഘങ്ങളും ജബാത് അല്‍നുസ്ര പോലുള്ള ജിഹാദി സംഘങ്ങളും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അവശിഷ്ടങ്ങളുമൊക്കെ തമ്മില്‍ പരസ്പരം കയറിയിറങ്ങിക്കിടക്കുന്ന ഒന്നായിരിക്കും അത്. അതത്ര നല്ല കാഴ്ചയായിരിക്കില്ല, പക്ഷെ നാമത് കാണേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍