UPDATES

വിദേശം

സൗദി അറേബ്യയും മനുഷ്യാവകാശങ്ങളും; സത്യങ്ങള്‍, ചില മിഥ്യകളും

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏതാണ്ട് എഴുപതു വര്‍ഷമായി പശ്ചിമേഷ്യയില്‍ യു എസിന്റെ വിശ്വസ്ത സഖ്യകക്ഷിയാണ് സൗദി അറേബ്യ. മേഖല സുരക്ഷയുടേയും എണ്ണ വിതരണത്തിന്റെയും ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടു സൂയസ് കനാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയ്ക്കാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റും സൗദി അറേബ്യയുടെ ആദ്യ രാജാവ് അബ്ദുള്‍ അസീസ് ബിന്‍ സൗദും തമ്മില്‍ നടന്നൊരു പ്രസിദ്ധമായ കൂടിക്കാഴ്ചയിലാണ് ആ ബന്ധം തുടങ്ങുന്നത്. വളരെ വേഗം മാറുന്നൊരു ലോകത്തിലും ആ ബന്ധം ഉലച്ചില്‍ തട്ടാതെ നിലനിന്നു. 

എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില മാറ്റങ്ങളുണ്ട്. തങ്ങളുടെ സഖ്യകക്ഷിയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് അമേരിക്കയും പടിഞ്ഞാറന്‍ സഖ്യകക്ഷികളും കൂടുതലായി സംശയാലുക്കളാകുന്നു. ചില പ്രത്യേക സാഹചര്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശങ്കാജനകമായ വളര്‍ച്ച, സൗദി രാജാവ് അബ്ദുള്ളയുടെ മരണം, 9/11 ആക്രമണത്തില്‍ സൗദിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍, സൗദി അറേബ്യയുടെ ശരിക്കുള്ള രൂപത്തെക്കുറിച്ച് വലിയ പൊതുസംവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. 

സൗദിയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കുന്നത്. പൊതുജനമദ്ധ്യേ നടപ്പിലാക്കുന്ന വധശിക്ഷകളും, ഇസ്ലാമിനെ അപമാനിച്ചതിന് ബ്ലോഗെഴുത്തുകാരന്‍ റൈഫ് ബദാവിയെ ആയിരം ചാട്ടയടികള്‍ക്ക് ശിക്ഷിച്ചതുമെല്ലാം ഇതിന് പെട്ടന്നുള്ള കാരണങ്ങളാണ്. 

മനുഷ്യാവകാശങ്ങളിലെ താത്പര്യം നല്ല കാര്യംതന്നെ. എന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഊതിപ്പെരുപ്പിക്കലുകള്‍ക്കും സാധ്യതയുണ്ട്. സൗദി അറേബ്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പടിഞ്ഞാറിന്റെ ധാരണകളില്‍ ശരിയെത്ര, തെറ്റെത്ര? വസ്തുതകളും തെറ്റിദ്ധാരണകളും ഒന്നുനോക്കാം. 

സൗദി നിയമവ്യവസ്ഥ എന്തിനെ ആധാരമാക്കിയാണ്?
അബ്ദുള്‍ അസീസ് 1932ല്‍ സൗദി രാഷ്ട്രം രൂപപ്പെടുത്തിയപ്പോള്‍ അതൊരു സമ്പൂര്‍ണ രാജഭരണമായിരുന്നു. സുന്നി ഇസ്‌ളാമിക വിഭാഗത്തിലെ കടുത്ത യാഥാസ്ഥിതികമായ വഹാബി ചിന്താധാരയുടെ സ്വാധീനം ഏറെ ശക്തമായിരുന്നു. ചെറിയ ചില പരിഷ്‌കാരങ്ങളൊഴിച്ചാല്‍ (2005ല്‍ പ്രാദേശിക ജനാധിപത്യ പരിഷ്‌കാരങ്ങള്‍ പോലെ) അബ്ദുള്‍ അസീസ് സ്ഥാപിച്ച സംവിധാനം മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്നു. 

മറ്റ് പല ഇസ്‌ളാമിക രാജ്യങ്ങളെയും പോലെ ശരിയാ നിയമങ്ങളുടെ വ്യാഖ്യാനങ്ങളിലാണ് സൗദി നിയമവ്യവസ്ഥയും മുന്നോട്ടുപോകുന്നത്. ആധുനിക യുഗത്തിലെ ഇസ്‌ളാമിക നിയമങ്ങളുടെ ഏറ്റവും കര്‍ശനമായ വ്യാഖ്യാനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെക്കാള്‍ അപ്പുറവും ചിലതുണ്ട്. 

ഖുറാനിലോ, ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ശരിയാ നിയമത്തിന്റെ ഭാഗമായ ഹുദൂദിലോ വ്യക്തമായി പറയാത്ത കാര്യങ്ങള്‍ വന്നാല്‍ ന്യായാധിപന്‍മാര്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിക്കാം. സര്‍ക്കാര്‍ എങ്ങനെയാണ് നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും വിധിന്യായങ്ങളിലെ കീഴ്‌വഴക്കവും അവര്‍ നോക്കണമെന്ന് മാത്രം (അടുത്തിടെ വന്ന ഭീകരവിരുദ്ധ നിയമവും, സൈബര്‍ സുരക്ഷാ നിയമവും പോലെ). 

ഇതെങ്ങിനെയാണ് മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത്?
ഇസ്‌ളാമിക നിയമങ്ങളുടെ കര്‍ശനമായ പ്രയോഗവും വേണ്ടത്ര പരിശോധന,സന്തുലന സംവിധാനങ്ങള്‍ ഇല്ലാത്തതും സൗദി അറേബ്യയിലെ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ പ്രതികൂലമായ ആഘാതം ഉണ്ടാക്കുന്നു. 

അമേരിക്കന്‍ സര്‍ക്കാരേതര സംഘടന, ഫ്രീഡം ഹൗസ് സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ സൗദിയെ ഏറ്റവും താഴെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കന്‍ കൊറിയ, സിറിയ, സുഡാന്‍ എന്നിവയാണ് ഒപ്പമുള്ള മൂന്നു രാഷ്ട്രങ്ങള്‍. 

2013ല്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സൗദി അറേബ്യയിലെ തീര്‍ത്തും മോശമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അക്കമിട്ടു നിരത്തി. പൗരന്‍മാര്‍ക്ക് സര്‍ക്കാരിനെ മാറ്റാന്‍ അവകാശവും നിയമപരമായ മാര്‍ഗവുമില്ലാത്ത അവസ്ഥ, അഭിപ്രായപ്രകടനം, യോഗം ചേരല്‍, സംഘടന, സഞ്ചാരം, മതം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള വികൃതമായ നിയന്ത്രണങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് തുല്യനീതിയില്ലാതിരിക്കുക എന്നിവയൊക്കെ അതിലുള്‍പ്പെട്ടിരുന്നു.

രാഷ്ട്രീയ വിമതര്‍ക്ക് എന്ത് സംഭവിക്കും?
രാഷ്ട്രീയ തടവുകാര്‍ ഉണ്ടെന്ന കാര്യം സൗദി അധികൃതര്‍ നിഷേധിക്കുമെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഏതാണ്ട് 30,000 പേരെ തടവിലാക്കിയിട്ടുണ്ട് എന്നാണ് മറ്റ് സംഘടനകള്‍ പറയുന്നത്. അനുമതിയില്ലാത്ത സംഘടന സ്ഥാപിച്ചു, ഭരണാധികാരിയെ അനുസരിച്ചില്ല തുടങ്ങിയ അവ്യക്തമായ കുറ്റങ്ങള്‍ ചുമത്തി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ദീര്‍ഘകാലത്തേക്ക് തടവിലാക്കിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. 

സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു?
സൗദിയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലോകത്താകെ കുപ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാന്‍ അനുമതിയില്ല. പൊതുസ്ഥലത്ത് മുഖമടക്കം മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണം. ജോലി ചെയ്യാനും യാത്ര ചെയ്യാനും പുരുഷ രക്ഷാധികാരികളുടെ അനുമതിയും വേണം. 

ഇക്കാരണങ്ങളാല്‍ ലിംഗ നീതിയുടെ കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ സൗദി ഏറെ പിറകിലാണ്. 2014ല്‍ ലോക സാമ്പത്തിക വേദി 142 രാജ്യങ്ങളില്‍ 130 ആയാണ് ഇക്കാര്യത്തില്‍ സൗദിക്ക് സ്ഥാനം നല്‍കിയത്. 

എന്നാല്‍ രാജ്യത്തു പലയിടത്തും ഇതില്‍ വ്യത്യാസങ്ങളുമുണ്ട്. ജിദ്ദ പോലുള്ളിടത്ത് സ്ത്രീകളുടെ വസ്ത്രധാരണ ചട്ടങ്ങളില്‍ ചില ഇളവുകളൊക്കെ കാണാം (ഇപ്പൊഴും പ്രകടമാണെങ്കിലും). സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാന്‍ നിയമപരമായി അനുമതി കിട്ടില്ലെങ്കിലും തെക്കന്‍ പ്രവിശ്യയിലെ ബെദൂയിന്‍ സ്ത്രീകള്‍ വണ്ടികളോടിക്കാറുണ്ട്. 

ഈ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും സൗദി സമൂഹത്തില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നു. ധാരാളം സ്ത്രീകള്‍ ഇപ്പോള്‍ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നു എന്നും പുരുഷന്മാരെക്കാള്‍ മെച്ചമാണ് എന്നും സൗദി അറേബ്യയിലെ ജനാധിപത്യ, മനുഷ്യാവകാശ കേന്ദ്രം തലവന്‍ അലി എച്ച് അല്‍യാമി പറയുന്നു. 

സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നനങ്ങള്‍ എന്താണ്?
സൗദി അറേബ്യയിലെ പ്രബല വിഭാഗം കടുത്ത യാഥാസ്ഥിതികരായ സുന്നികളാണെങ്കിലും ജനസംഖ്യയുടെ 15% ഷിയാ മുസ്ലീംങ്ങളാണ്. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ വിവേചനം നേരിടുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഒരു പ്രമുഖ ഷിയാ പുരോഹിതനെ വധശിക്ഷക്ക് വിധിച്ചത് അന്താരാഷ്ട്ര വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇസ്ലാമികേതര മത ന്യൂനപക്ഷങ്ങളും ഇതേ വിവേചനം അനുഭവിക്കുന്നു. 

ദൈവനിന്ദ ഒരു കുറ്റമാണോ?
ദൈവനിന്ദയും മതഭ്രംശവും സൗദിയില്‍ ഗുരുതരമായ കുറ്റങ്ങളാണ്. ദൈവനിന്ദക്കു വധശിക്ഷ വരെ ലഭിക്കാം. മതവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നവയാകും; ജനാധിപത്യ വാദികളായ അലി അല്‍ദെമെയ്‌നി, അബ്ദുള്ള അല്‍ഹമെദ്, മാട്രക് അല്‍ഫലെ എന്നിവരെ ലിഖിത ഭരണഘടനക്ക് ആവശ്യപ്പെട്ടപ്പോള്‍ ശിക്ഷിച്ചത് അനിസ്ലാമികമായ ജനാധിപത്യം, മനുഷ്യാവകാശം എന്നീ വാക്കുകള്‍ ഉപയോഗിച്ചതിനാണ്. ഇസ്ലാമിനെ അപമാനിച്ചു എന്ന അവ്യക്തമായ കുറ്റത്തിനാണ് ബദാവിക്ക് ചാട്ടയടി ശിക്ഷ വിധിച്ചത്.

എന്തുതരം ശിക്ഷകളാണ് ഉപയോഗിക്കുന്നത്?
അംഗവിച്ഛേദം, ചാട്ടയടി തുടങ്ങിയ ശാരീരിക ശിക്ഷകള്‍ സൗദി അറേബ്യയില്‍ നിലനില്‍ക്കുന്നു. വധശിക്ഷയും വ്യാപകമാണ്. ഇതെല്ലാം പൊതുജനമധ്യത്തിലാണ് നടത്തുന്നത്. 

പൊതുജനമധ്യത്തിലുള്ള വധശിക്ഷയും വധശിക്ഷയ്ക്കുശേഷം ശവശരീരം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതും സൗദിയില്‍ കൂടിവരികയാണെന്ന് കഴിഞ്ഞ വര്‍ഷം ആംനസ്റ്റി ഇന്റെര്‍നാഷണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2013ല്‍ 79 വധശിക്ഷകളാണ് നടന്നത്. യു എസിനെക്കാളും ഇരട്ടിയിലേറെ. ചൈനയും ഇറാനും മാത്രമാണു 2013ല്‍ സൗദിയേക്കാളേറെ വധശിക്ഷ നടപ്പാക്കിയത്. ചെറിയ കുറ്റങ്ങള്‍ക്കാണ് സൗദിയില്‍ വധശിക്ഷ നല്‍കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 

ഇത് ഇസ്ലാമിക് സ്‌റ്റേറ്റ് നടപ്പാക്കുന്ന വധശിക്ഷകളില്‍ നിന്നും വ്യത്യസ്തമല്ല എന്നാണ് വിമര്‍ശനം. എന്നാല്‍ തങ്ങള്‍ കോടതി വിധിയനുസരിച്ചാണ് ഇതൊക്കെ നടപ്പാക്കുന്നത് എന്നാണ് സൗദി അധികൃതരുടെ വാദം. 

ചിലപ്പോഴൊക്കെ രാഷ്ട്രീയ നേതൃത്വം ഇടപെടാറുണ്ട്. ഉദാഹരണത്തിന് പലരെയും ഞെട്ടിച്ചുകൊണ്ടു 2007ല്‍ ബാലാത്കാരത്തിനിരയായ ഒരു സ്ത്രീയെ 200 ചാട്ടയടിക്ക് ശിക്ഷിച്ചപ്പോള്‍ അബ്ദുള്ള രാജാവ് ആ സ്ത്രീക്ക് മാപ്പ് നല്കി. 

ആരാണ് മത പൊലീസ്?
നന്മയുടെ പ്രോത്സാഹനത്തിനും ദുര്‍ഗുണങ്ങള്‍ തടയുന്നതിനും വേണ്ടിയുള്ള സമിതിയുടെ ജീവനക്കാരാണ് സൗദി അറേബ്യയിലെ കുപ്രസിദ്ധരായ മത പൊലീസ്. സ്ത്രീകളും പുരുഷന്മാരും സാമൂഹ്യമായി കൂടിച്ചേരുന്നില്ല എന്നുറപ്പു വരുത്തുക, മാന്യമല്ലാത്ത വസ്ത്രധാരണം തടയുക, പ്രാര്‍ത്ഥനാ സമയത്ത് കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുന്നു എന്നുറപ്പാക്കുക എന്നൊക്കെയാണ് അവരുടെ ചുമതലകള്‍. മുത്താവീന്‍ അംഗങ്ങള്‍ തങ്ങളുടെ പരിധികള്‍ ലംഘിക്കുന്നു എന്ന ആരോപണം ഏറെ നാളായുണ്ട്. ഇതില്‍ ഏറ്റവും കുപ്രസിദ്ധമായത് 2002ല്‍ ഒരു വിദ്യാലയത്തിന് തീ പിടിച്ചപ്പോള്‍ വാതിലുകള്‍ അടച്ച് വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടാന്‍ അനുവദിക്കാതിരുന്ന നടപടിയാണ് സ്‌കൂള്‍ കുട്ടികള്‍ ശരിയായി വസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇത്. നവ സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ മത പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ കൂടുതലായി ഉയരുകയാണ്. 

വിദേശികള്‍ക്ക് ബാധകമായ നിയമങ്ങള്‍ എന്തൊക്കെ ?
സൗദി അറേബ്യയിലെ വലിയ നഗരങ്ങളില്‍ ധാരാളം വിദേശികളെത്തുന്നുണ്ട്. നാട്ടുകാര്‍ക്കുള്ള അതേ നിയമങ്ങളാണ് വിദേശികള്‍ക്കുമെങ്കിലും ചില ഇളവുകളുണ്ട്. സ്ത്രീകള്‍ക്കുള്ള വസ്ത്രധാരണ നിയമങ്ങളിലാണ് പ്രധാനമായും ഇളവ്. ഈയിടെ മിഷേല്‍ ഒബാമയും മറ്റ് പല പ്രമുഖ വിദേശ വനിതകളും സൗദി രാജ കുടുംബത്തെ കാണുമ്പോള്‍ തല മറയ്ക്കാത്തത് ഇതിനുദാഹരണമാണ്. (എങ്കിലും യു എസ് വിദേശകാര്യ വകുപ്പ് തല മറയ്ക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്).

വിദേശികളേയും മത പൊലീസ് വെറുതെ വിടണമെന്നില്ല. സെപ്റ്റംബറില്‍ റിയാദില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു വരിയില്‍ പോയ ബ്രട്ടീഷ് പൗരന്‍ മത പോലീസുമായി തര്‍ക്കിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. സമിതി പിന്നീട് ബ്രിട്ടനോടു മാപ്പ് പറഞ്ഞു. 

ജനങ്ങള്‍ ഈ കര്‍ശന നിയമങ്ങളെ പിന്തുണക്കുന്നുണ്ടോ?
ഇത്തരം കടുത്ത നിയമങ്ങളോടുള്ള സൗദിക്കാരുടെ പ്രതികരണമില്ലായ്മ കണ്ട് ചില വിദേശികള്‍ അമ്പരക്കാറുണ്ട്. 2009ല്‍ താനവിടെ എത്തിയപ്പോള്‍ ജനാധിപത്യത്തിനായി ആളുകള്‍ക്ക് അത്രയൊന്നും ആഗ്രഹമില്ലായിരുന്നു എന്ന് സൗദിയിലെ മുന്‍ യു എസ് സ്ഥാനപതി ജാനറ്റ് ബ്രെസ്ലിന്‍ സ്മിത് പറയുന്നു. 

സ്ത്രീകളുടെ സ്വാതന്ത്ര്യത്തോടുള്ള സമീപനമാണ് ഇതിനുള്ള ഒരു വലിയ ഉദാഹരണം. ചില കണക്കെടുപ്പുകള്‍ കാണിക്കുന്നത് ഭൂരിഭാഗം സൗദി സ്ത്രീകളും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനുള്ള അനുമതി നല്‍കുന്നതിന് എതിരാണെന്നാണ്. 

പുരോഗതിയുണ്ടോ?
അബ്ദുള്ള രാജാവു മരിച്ചപ്പോള്‍ പല പ്രസിദ്ധീകരണങ്ങളും അയാളെ ‘പരിഷ്‌കര്‍ത്താവ്’ എന്ന് വിളിച്ചു. എന്നാല്‍ അബ്ദുള്ള രാജാവിന്റെ നടപടികള്‍ വെറും മുഖം മിനുക്കല്‍ മാത്രമായിരുന്നു എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

എന്നാല്‍ എല്ലാവരും കാര്യങ്ങളെ അങ്ങനെയല്ല കാണുന്നത്. ക്രമവും സാവധാനത്തിലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുകയാണെന്ന് വാഷിംഗ്ടണിലെ സൗദി നയതന്ത്ര കാര്യാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഫഹദ് നാസര്‍ പറഞ്ഞു. ‘മുന്‍കാലത്ത് മനുഷ്യാവകാശം എന്ന ആശയം തന്നെ സൌദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.’

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് പരിശോധിക്കാനായി രണ്ടു സര്‍ക്കാര്‍ അംഗീകാരമുള്ള മനുഷ്യാവകാശ സംഘടനകളുള്ള കാര്യം നാസര്‍ ചൂണ്ടിക്കാട്ടി. അബ്ദുള്ളയുടെ വിമര്‍ശകനായ അല്‍യാമി പോലും, നേതാക്കള്‍ക്കിടയില്‍ അല്ലെങ്കിലും പൊതുജനത്തിനിടയില്‍ സ്ത്രീകളുടെ അവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ചു ചില മാറ്റങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നു. 

എന്നാല്‍ അറബ് വസന്ത മുന്നേറ്റങ്ങളും രാജ്യത്തെ യാഥാസ്ഥിതികാരുടെ സമ്മര്‍ദവും മൂലം കഴിഞ്ഞ ഒരു വര്‍ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വ്യക്തമായ അടിച്ചമര്‍ത്തല്‍ ഉണ്ടായിട്ടുണ്ട്. പുതിയ രാജാവു സുലൈമാന്‍ രാജ്യത്തെ ഏത് ദിശയിലേക്ക് നയിക്കുമെന്ന് പറയാറായിട്ടില്ല. 

യു എസിന് കൂടുതലായി എന്തുചെയ്യാനാകും?
ഈയടുത്ത് ഒബാമ റിയാദിലെത്തിയപ്പോള്‍ തന്റെ സ്വാധീനം റൈഫ് ബിദാവിയുടെ ചാട്ടയടിശിക്ഷയെ കുറിച്ചു സംസാരിക്കാന്‍ ഉപയോഗിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പരസ്യമായെങ്കിലും, ഇത്തരം ആശങ്കകള്‍ സൗദി ഭരണകൂടവുമായി ഉയര്‍ത്താത്ത യു എസിന്റെ പൊതുരീതിയുടെ ഭാഗമായിരുന്നു അതും. 

പലര്‍ക്കും ഇക്കാര്യത്തിലെ ഇരട്ടത്താപ്പ് ദഹിക്കുന്നില്ല. ഒരുവശത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലയറുക്കലും പീഡനവും അടിച്ചമര്‍ത്തലും അപലപിക്കുകയും മറുവശത്തു സൗദി അറേബ്യ ഏതാണ്ട് അതേ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ മൗനം പാലിക്കുകയും. 

യു എസ്-സൗദി ബന്ധത്തിന്റെ കാതല്‍ ഊര്‍ജവും സുരക്ഷയും സൗദി അറേബ്യയുടെ സുസ്ഥിരതയെ ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടാണിത്. പരിഷ്‌കാരങ്ങള്‍ക്കായി ജനങ്ങളുടെ സമ്മര്‍ദ്ദം ഏറെയില്ലാത്ത നിലക്കും യു എസ് വളരെ ശ്രദ്ധിച്ചേ സൗദി സര്‍ക്കാരിനെതിരെ പറയൂ. 

വിദേശ സമ്മര്‍ദ്ദം ചില പ്രത്യേക സംഭവങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നു എന്ന് മനസിലാക്കുന്ന പലരിലും ഈ സമീപനം നിരാശയുണ്ടാക്കുന്നു; ഉദാഹരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്ന് ബദാവിയുടെ ശിക്ഷ തുടര്‍ച്ചയായി നിര്‍ത്തിവെച്ചിരുന്നു. സമാനമായ സംഭവങ്ങളില്‍ ഇതേ ആഗോള ശ്രദ്ധ കിട്ടുന്നില്ലെന്ന് ജനാധിപത്യവാദികള്‍ പരാതിപ്പെടുന്നു. പൂര്‍ണമായും രാജഭരണത്തിന് കീഴിലുള്ള സൗദി അറേബ്യയില്‍ അന്താരാഷ്ട്ര ശ്രദ്ധ മാത്രമാണു തങ്ങള്‍ക്ക് ലഭിക്കുന്ന ഏക മുന്‍തൂക്കം എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍