UPDATES

വിപണി/സാമ്പത്തികം

ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ പകുതിയും നല്‍കാനുള്ളത് വന്‍തുകകള്‍ വായ്പയെടുത്തവര്‍, അടച്ചുതീര്‍ക്കാനുള്ളത് നാലര ലക്ഷം കോടിയോളം രൂപ

വായ്പ തിരിച്ചടക്കാത്തവുരടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഇപ്പോഴും റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ പോലും നിര്‍ദ്ദേശം അവഗണിച്ച് കര്‍ഷകരുടെ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകള്‍ വന്‍കിടക്കാരുടെ കോടിക്കണക്കിന് വായ്പകള്‍ മുന്നില്‍ കണ്ണടക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രാജ്യത്തെ മൊത്തം കിട്ടാക്കടങ്ങളുടെ 50 ശതമാനത്തോളം തുകയും തിരിച്ചടക്കാനുള്ളത് കൂടുതല്‍ പണം വായ്പയെടുത്ത 100 കമ്പനികളാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ദി വയറിന്റെ വിവരാവകാശ രേഖ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഈ 100 പ്രധാന വായ്പക്കാര്‍ ആരാണെന്ന കാര്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

2018 ഡിസംബര്‍ 31 വരെ ബാങ്കുകളുടെ ആകെ കിട്ടാക്കടം 10,09,286 കോടി രൂപയാണെന്നായിരുന്നു ധനമന്ത്രി ഫെബ്രുവരിയില്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഇതില്‍ 8,64,433 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. ഇതില്‍ 4,46,158 കോടി രൂപ വന്‍കിടക്കാരുടേതാണെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. നൂറ് പ്രധാന വായ്പാക്കാരാണ് മൊത്തം കിട്ടാകടങ്ങളുടെ 44 ശതമാനത്തിനും ഉത്തരവാദി. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം വായ്പയാണ് 9.3 ശതമാനവും കിട്ടാകടമാണ്.

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ നേരത്തെ റിസര്‍വ് ബാങ്ക് വിസമ്മതിച്ചിരുന്നു. വായ്പയെടുത്ത് പണം തിരിച്ചടക്കാത്ത വന്‍കിടക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാണ് നേരത്തെ റിസര്‍വ് ബാങ്ക് വിസമ്മതിച്ചത്. ഇതിനെതിരെ സുപ്രീം കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും അതിനനുസരിച്ച നടപടികള്‍ കൈകൊള്ളമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടുപോലും പണം തിരിച്ചടക്കാനുള്ള കമ്പനികളുടെയോ വ്യക്തികളുടെയോ പേര് വിവരം പുറത്തുവിടാന്‍ ഇപ്പോഴും റിസര്‍വ് ബാങ്ക് തയ്യറായിട്ടില്ലെന്ന് ദി വയര് റിപ്പോര്‍ട്ട് ചെയ്യുന്നു. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകാത്ത റിസര്‍വ് ബാങ്കിന്റെ നടപടിയെ നേരത്തെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വിമര്‍ശിച്ചിരുന്നു. വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നുവെന്ന മറുപടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്.

വന്‍കിടക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിക്കുകയാണെങ്കിലും ചെറുകിട ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കം ബാങ്കുകള്‍ ശക്തമാക്കുകയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനെതിരെ ബാങ്കുകള്‍ രംഗത്തുവന്നിരിക്കയാണ്. റിസര്‍വ് ബാങ്ക് മൊറട്ടോറിയത്തിന് അനുമതി നല്‍കിയില്ല എന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാതെയാണ് ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. നാളെ മുഖ്യമന്ത്രിയും സംസ്ഥാനതല ബാങ്കിംഗ് സമിതിയും തമ്മില്‍ ചര്‍ച്ച നടക്കും.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍