UPDATES

വീഡിയോ

ഈ ഡോക്യുമെന്ററി ഭാവിയെ കുറിച്ച് 40 കൊല്ലം മുന്‍പേ പ്രവചിച്ചു

1972-ല്‍ അലക്‌സ് ഗ്രാസ്സ്‌ഹോഫിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ഡോക്യുമെന്ററിയായ ‘ഫ്യൂച്ചര്‍ ഷോക്ക്’ ആല്‍വിന്‍ ടോഫ്‌ലറിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്

ഫ്യൂച്ചര്‍ ഷോക്ക്/അലക്‌സ് ഗ്രാസ്സ്‌ഹോഫ്/1972

1972-ല്‍ അലക്‌സ് ഗ്രാസ്സ്‌ഹോഫിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ഡോക്യുമെന്ററിയായ ‘ഫ്യൂച്ചര്‍ ഷോക്ക്’ തുടങ്ങുന്നത് പ്രസിദ്ധ സംവിധായകനായ ഓര്‍സണ്‍ വെല്‍സിനെ കാണിച്ചു കൊണ്ടാണ്. താടി വച്ച്, സിഗാറും പുകച്ചു കൊണ്ട് എയര്‍പോര്‍ട്ട് പീപ്പിള്‍ മൂവറില്‍ (വലിയ എയര്‍പോര്‍ട്ടുകളില്‍ ആളുകള്‍ക്ക് ടെര്‍മിനലുകള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള സംവിധാനം) നില്‍ക്കുകയാണ് അദ്ദേഹം. ക്യാമറയിലേയ്ക്ക് തിരിഞ്ഞു തന്റെ ട്രേഡ്മാര്‍ക്ക് ശബ്ദത്തില്‍ വെല്‍സ് ആത്മഗതം നടത്തുകയാണ്, ‘എന്റെ ജോലിയുടെ ഭാഗമായി ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പോയിട്ടുണ്ട്. അതിനിടയില്‍ ഒരു പ്രതിഭാസത്തിന്റെ പല വശങ്ങളും കാണാനിടയായി. അതേ കുറിച്ചു ഞാന്‍ കൂടുതല്‍ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ. നമ്മുടെയൊക്കെ സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന തരം സൌകര്യങ്ങളും പരിഷ്‌ക്കാരങ്ങളുമാണ് ആധുനിക സാങ്കേതിക വിദ്യകള്‍ സാദ്ധ്യമാക്കി തന്നത്. പക്ഷേ ഇതിനെല്ലാം നാം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഉത്കണ്ഠയുടെയും സമ്മര്‍ദ്ദത്തിന്റെയും കാലത്താണ് നാം ജീവിക്കുന്നത്. ഇത്രയധികം പരിഷ്‌ക്കാരങ്ങള്‍ ഉണ്ടായിട്ടും സ്വന്തം സാങ്കേതികവിദ്യകള്‍ തരുന്ന മെച്ചങ്ങളുടെ ഇരകളാണ് നമ്മള്‍- ഒരു ആഘാതത്തിന്റെ ഇരകളാണ് നമ്മള്‍; ഭാവിയുടെ ആഘാതത്തിന്റെ.’


1970-ല്‍ ആല്‍വിന്‍ ടോഫ്‌ലര്‍ ഭാവിയെ കുറിച്ച് ഇതേ പേരിലെഴുതിയ ഒരു പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ഡോക്യുമെന്ററി എടുത്തിരിക്കുന്നത്. ഒരു കാലത്ത് വിപ്ലവ ചിന്താഗതിക്കാരനായിരുന്ന വിദ്യാര്‍ത്ഥിയും പിന്നീട് വെല്‍ഡറും പത്ര ലേഖകനും ഫോര്‍ച്യൂണ്‍ എഡിറ്ററും ഒക്കെയായിരുന്ന ആ എഴുത്തുകാരന്‍ ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന പുസ്തകത്തോടെ എല്ലാവര്‍ക്കുമിടയില്‍ അറിയപ്പെട്ടു തുടങ്ങി. 60 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം ഒറ്റയ്ക്കാണ് ‘ഫ്യൂച്ചറിസം’ എന്ന ചിന്താഗതി കൊണ്ടു വന്നത്. ഹൊറൈസണ്‍ മാസികയുടെ 1965-ലെ ഒരു ലക്കത്തില്‍ വന്ന ‘ദ ഫ്യൂച്ചര്‍ ആസ് എ വേ ഓഫ് ലൈഫ്’ (The Future as a Way of Life) എന്ന ലേഖനത്തില്‍ നിന്നാണ് പുസ്തകം ഉരുത്തിരിഞ്ഞത്. സാങ്കേതിക വിദ്യാരംഗത്ത് നിരന്തരം സംഭവിക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന പ്രവാഹത്തെയും സമൂഹത്തില്‍ അവ കൊണ്ടു വരുന്ന മാറ്റങ്ങളെയും കുറിക്കുന്ന ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ടോഫ്‌ലറുടെ പുസ്തകത്തിലാണ്. കുഴപ്പിക്കുന്നതും അതേ സമയം അത്യാവശ്യമുള്ളതുമായ ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക്, നെറ്റ്ഫ്‌ലിക്‌സില്‍ നിന്നു തെരഞ്ഞെടുക്കാനുള്ള കാര്യങ്ങളുടെ ബാഹുല്യം കണ്ട് ബോധക്കേട് ഉണ്ടായിട്ടുള്ളവര്‍ക്ക്, ഒരു പുതിയ ആപ്പ് വന്നതോടെ തങ്ങളുടെ ഉപജീവനത്തിനുള്ള വരുമാനം കുറയുന്നതായി അനുഭവപ്പെട്ടിട്ടുള്ളവര്‍ക്ക്- ഇവര്‍ക്കൊക്കെ മനസിലാകും എന്താണ് ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന്.

ആല്‍വിന്‍ ടോഫ്‌ലര്‍

വിചിത്രമായ തുടക്കവും തുടക്കകാല ഇലക്ട്രോണിക് സംഗീതം മുതല്‍ ജാസ് ഫങ്ക് വരെ ഉള്‍ക്കൊള്ളിച്ച സൗണ്ട് ട്രാക്കും ആകര്‍ഷകമായ ചില വീഡിയോ സ്‌പെഷ്യല്‍ ഇഫക്റ്റ്‌സും ഒക്കെയായി ഈ ചിത്രം നിക്‌സണ്‍ ഭരണകാലത്തെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പല ആശയങ്ങളും 70-കളില്‍ എന്നതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണ്. ‘സ്ഥിരമായ ഒരേയൊരു കാര്യം മാറ്റമാണ്,’ എന്നാണ് ടോഫ്‌ലര്‍ എഴുതിയത്. ഒപ്പം ചില പ്രവചനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. നാല്‍പ്പതില്‍പരം കൊല്ലങ്ങള്‍ക്കു മുന്‍പ് എഴുതിയതെന്നു കൂടി കണക്കിലെടുത്താല്‍ അവയില്‍ ധാരാളം കാര്യങ്ങള്‍ കൃത്യമായി തീര്‍ന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

1. ഇന്റര്‍നെറ്റ്

പേഴ്‌സണല്‍ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും വഴി എല്ലാവര്‍ക്കും സുഗമമായി വിവരങ്ങള്‍ ലഭ്യമാകുമെന്ന് ടോഫ്‌ലര്‍ പ്രവചിച്ചിരുന്നു. ‘Information overload’ എന്ന പദം ജനകീയമാക്കുകയും ചെയ്തു. വളരെയധികം വിവരങ്ങളുടെ ലഭ്യതയോടെ കാര്യങ്ങള്‍ മനസിലാക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ വാക്ക് അദ്ദേഹം ഉപയോഗിച്ചത്.

2. പങ്കു വയ്ക്കുന്ന സമ്പദ്‌വ്യവസ്ഥ

ഒന്നും സ്വന്തമാക്കേണ്ട ആവിശ്യമില്ലാത്ത ഒരു സമൂഹത്തില്‍ നാം ജീവിക്കുമെന്ന് ടോഫ്‌ലര്‍ പ്രവചിച്ചിരുന്നു. ഈ ആശയത്തിലെ ചില വശങ്ങള്‍ കൃത്യമായിരുന്നു- പ്രത്യേകിച്ച്, നമുക്കാവശ്യമുള്ള സാധനങ്ങള്‍ ഉപയോഗിക്കാനും ആവശ്യം കഴിഞ്ഞാല്‍ അവ തിരിച്ചു കൊടുക്കാനുമുള്ള സൗകര്യം. ഊബര്‍ പോലെയുള്ള ടാക്‌സി ആപ്പുകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. വിവാഹ വസ്ത്രങ്ങളും മറ്റും വാടകയ്ക്ക് എടുക്കാവുന്ന ‘റെന്റ് ദ റണ്‍വേ’ (Rent the Runway) സര്‍വീസും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായുള്ള Airbnbയും മറ്റ് ഉദാഹരണങ്ങളാണ്.


3. വീട്ടിലിരുന്നു ജോലിയെടുക്കല്‍

ജീവനക്കാര്‍ ഓഫീസിലുണ്ടാകണമെന്ന് നിര്‍ബന്ധമുള്ള ജോലികള്‍ ഇന്ന് കുറഞ്ഞു വരികയാണ്. വീടു തന്നെ ഓഫീസാകുന്ന സ്ഥിതിവിശേഷം വ്യാപകമാകുമെന്ന് ടോഫ്‌ലര്‍ പ്രവചിച്ചിരുന്നു. ‘വീടുകള്‍ ഇലക്ട്രോണിക് കുടീരങ്ങളാകും’ എന്നാണ് അദ്ദേഹം എഴുതിയത്. ഇതോടെ ജോലിയും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടു പോകാനാകുമെന്നും കുടുംബജീവിതങ്ങള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

4. ഔപചാരികമായ ചട്ടക്കൂടുകള്‍ ഇല്ലാത്ത ബിസിനസ്സ്

വ്യവസ്ഥാപിതമായ അധികാര ചട്ടക്കൂടുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സൂചിപ്പിക്കുന്ന ‘Adhocracy’ എന്ന വാക്ക് ടോഫ്‌ലര്‍ പ്രചരിപ്പിച്ചു. ആളുകളെ കൃത്യമായ റോളുകളിലേയ്ക്ക് ഒതുക്കി നിര്‍ത്താത്തതിനാല്‍ എല്ലാവര്‍ക്കും ഇണങ്ങിച്ചേരാനും സൃഷ്ടിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും സാധിക്കുന്നു. ഇന്നത്തെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഈ രീതിയിലുള്ളവയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് ചെയ്യേണ്ട ജോലികളും മാറുന്ന രീതിയാണ് ഇവയില്‍.

ഈ ചിത്രം 1973-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും പ്രധാന മല്‍സരവിഭാഗത്തില്‍ എത്തിയില്ല. വെല്‍സിന്റെയല്ല, മറിച്ച് ടോഫ്‌ലറുടെ ഒരു അഭ്യര്‍ത്ഥനയോടെയാണ് ഫിലിം അവസാനിക്കുന്നത്. അദ്ദേഹം കോളേജ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതായാണ് കാണിക്കുന്നത്:


‘സാങ്കേതിക വിദ്യയിലൂന്നിയ ഒരു സമൂഹത്തിനുള്ള ഏക മാര്‍ഗ്ഗം വ്യവസായ തല്‍പ്പരത മാത്രമല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ഭാവിയെ കുറിച്ച് കുറെക്കൂടെ ഭാവനാത്മകമായി ചിന്തിക്കാന്‍ സാധിച്ചാല്‍ ഫ്യൂച്ചര്‍ ഷോക്ക്’ തടയാന്‍ നമുക്കാകും. മാന്യവും മനുഷ്യത്വപരവും ജനാധിപത്യ രീതിയിലുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സാങ്കേതികവിദ്യയെ തന്നെ ഉപയോഗപ്പെടുത്താനും കഴിയും. നമുക്കു നേരെ അലറിക്കൊണ്ടു വരുന്ന ഒന്നായി തുടരാന്‍ ടെക്‌നോളജിയെ അനുവദിക്കരുത്. ചില സാങ്കേതിക പരിഷ്‌ക്കരണങ്ങളോട് ‘അരുത്’ എന്നു പറയാന്‍ നമുക്ക് ആകണം. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കണം. കാരണം അതിശക്തവും അനുനിമിഷം മാറുന്നതുമായ സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ നമ്മളെത്തിക്കഴിഞ്ഞു. നിയന്ത്രിക്കാത്ത പക്ഷം അതു നമ്മളെ നശിപ്പിക്കും. വരുന്ന എന്തും സ്വീകരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്ങനെയുള്ള ലോകത്തില്‍ ജീവിക്കണമെന്നും ഏതൊക്കെ തരം സാങ്കേതികത വേണമെന്നുമുള്ള സുപ്രധാന തീരുമാനങ്ങള്‍ നമ്മളെടുക്കണം.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍