UPDATES

വീഡിയോ

ഇന്ത്യ കത്തിയ ദിവസം

2007-ല്‍ വിഭജനത്തിന്റെ 60-ആം വാര്‍ഷികത്തിലാണ് റിക്കാര്‍ഡോ പൊള്ളാക്ക് ഈ ഡോക്യുമെന്ററി എടുത്തത്

The Day India Burned: Partition by Ricardo Pollack/2007

“The Day India Burned” 1947-ല്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ പോകാന്‍ തീരുമാനിച്ചതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയാണ്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിച്ച ആധുനികകാലത്തെ ഏറ്റവും ഭീകരമായ മനുഷ്യ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ വിഭജനം. നൂറ്റാണ്ടുകളായി ഒന്നിച്ചു ജീവിച്ച മനുഷ്യരെ, ലോകത്തെ ഏറ്റവും വംശീയ വൈവിധ്യമുള്ള രാജ്യത്തെ വിഭജിച്ചതിലൂടെ അഭയാര്‍ത്ഥികളാക്കിയ ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ പലായനം സൃഷ്ടിച്ച കഥ ആ ജനങ്ങളുടെ മൊഴികളിലൂടെ പറയുകയാണ്.

ഇന്ത്യ ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ രത്നമായിരുന്നു. പക്ഷേ 1947 ആഗസ്റ്റില്‍ ഒഴിഞ്ഞുപോകാന്‍ തീരുമാനിക്കുമ്പോള്‍ കാര്യങ്ങളാകെ ശിഥിലമായിരുന്നു. ഇന്ത്യയെ രണ്ടായി മുറിച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനും ഹിന്ദു-സിഖ് ഭൂരിപക്ഷ ഇന്ത്യയും. പക്ഷേ മൂന്നു ജനവിഭാഗങ്ങളും ഒന്നിച്ചുകഴിഞ്ഞിരുന്ന ബംഗാളും പഞ്ചാബും വിഭജിക്കേണ്ടി വന്നു. നടക്കാനിരിക്കുന്ന ആക്രമങ്ങളുടെ ഉത്തരാവാദിത്തത്തില്‍ നിന്നും കൈകഴുകാന്‍ ബ്രിട്ടന്‍ പിന്‍വാങ്ങും വരെയും പുതിയ അതിര്‍ത്തി വെളിപ്പെടുത്താതിരുന്ന വൈസ്രോയ് ലോഡ് മൌണ്ട് ബാറ്റണ്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. തീവണ്ടികളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ മുഴുവനായും കശാപ്പുചെയ്യപ്പെട്ടു, സ്കൂള്‍കുട്ടികള്‍ വരെ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകളുടെ മുലകള്‍ മുറിച്ച് കളഞ്ഞു.

2007-ല്‍ വിഭജനത്തിന്റെ 60-ആം വാര്‍ഷികത്തിലാണ് റിക്കാര്‍ഡോ പൊള്ളാക്ക് ഈ ഡോക്യുമെന്ററി എടുത്തത്. ബ്രിട്ടീഷ് തീരുമാനത്തിന്റെയും മാതാടിസ്ഥാനത്തിലുള്ള വിഭജനമെന്ന ദുരന്തത്തിന്റെ ഇരയാകേണ്ടി വന്ന ജനതയുടെയും ദുരിതം അത് കാണിക്കുന്നു. 15 ദശലക്ഷം അഭയാര്‍ത്ഥികളെ ഉണ്ടാക്കിയ ഒരു ദശലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ദുരന്തം. അത് വിശദമായി പറയുന്നു; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മുഖം രക്ഷിക്കുന്ന വിധത്തില്‍ ഇന്ത്യ വിടാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്; നൂറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ചിട്ടും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പരസ്പരവിശ്വാസം ഇല്ലാത്തത്; ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലീങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ഐക്യ ഇന്ത്യയിലെ ഹിന്ദുഭൂരിപക്ഷത്തെക്കുറിച്ചുള്ള ഭയം; വികേന്ദ്രീകൃത ഉപഭൂഖണ്ഡത്തെ സംബന്ധിച്ചു നെഹ്റുവിന്റെ വിസമ്മതവും തുടര്‍ന്ന് മാര്‍ച്ച് 1946 കാബിനറ്റ് മിഷന്റെ ദൌത്യം തകര്‍ന്നതും.

മാനുഷികമായ അഭ്യര്‍ത്ഥനകളിലൂടെ ഹിന്ദു-മുസ്ലീം ഐക്യത്തിനായി ഗാന്ധി നടത്തിയ അവസാന ശ്രമങ്ങളെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നു. ഇന്ത്യയില്‍ ചേരുന്നതിന് മിക്ക നാട്ടുരാജ്യങ്ങള്‍ക്ക് മുകളിലും ഉണ്ടായ സമ്മര്‍ദവും. ഗ്രാമങ്ങളില്‍ മതത്തിന്റെ പേരില്‍ ആളുകളെ രാഷ്ട്രീയ നേതാക്കള്‍ ചൂഷണം ചെയ്യുന്നത്, സമുദായങ്ങള്‍ക്കിടയിലെ കൊല, കൊള്ള, ബലാത്സംഗം, സാമുദായിക ഭിന്നതകള്‍ മാറ്റിവെച്ചു അയല്‍ക്കാരെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ധീര ശ്രമങ്ങള്‍, ബലാത്സംഗം പ്രതിരോധിക്കാന്‍ സ്ത്രീകള്‍ കൊടുക്കേണ്ടിവന്ന കനത്ത വില, എന്നിവയെല്ലാം അതില്‍ പറയുന്നു.

ദൃക്സാക്ഷികളുടെ വിവരണങ്ങളിലൂടെയാണ് ഈ സഹനവും ദുരിതവും നിസഹായതയുമെല്ലാം അതില്‍ കാണിക്കുന്നത്. ഈ മേഖല ഇന്നനുഭവിക്കുന്ന സംഘര്‍ഷങ്ങളും ആധുനിക ചരിത്രത്തിലെ വിഘടനവാദ മുന്നേറ്റങ്ങളുമെല്ലാം വിഭജനക്കാലത്തെ വിധി നിര്‍ണായകമായ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍