UPDATES

വീഡിയോ

ഐഎസ് ഭീകരരെ കുറിച്ചുള്ള അണിയറ കഥകളുമായി ‘ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ഐഎസ്’

പിബിഎസ് ഫ്രണ്ട്‌ലൈന് വേണ്ടി മൈക്കിള്‍ കിര്‍ക്ക് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം

ഐഎസ്‌ഐഎസ് നേതാക്കന്മാരായി തീര്‍ന്ന ഭീകരരെ കുറിച്ചുള്ള അണിയറ കഥകളും നഷ്ടപ്പെട്ട മുന്നറിയിപ്പ് സൂചനകളും സംഘത്തിന്റെ നിഷ്ഠൂരമായ വളര്‍ച്ച തടയുന്നതില്‍ യുഎസിന് ഉണ്ടായ പരാജയവും വിവരിക്കുന്നതാണ് ‘ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ഐഎസ്‌ഐഎസ്’ എന്ന ഡോക്യൂമെന്ററി. പിബിഎസ് ഫ്രണ്ട്‌ലൈന് വേണ്ടി മൈക്കിള്‍ കിര്‍ക്ക് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം, ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയെ പിന്തുടരുന്നതിനോടൊപ്പം, മുതിര്‍ന്ന ലോക നയരൂപകര്‍ത്താക്കള്‍ ആവര്‍ത്തിച്ച് നല്‍കിയ മുന്നറിയിപ്പുകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.

ഇറാഖിലെ വലിയ ഭൂവിഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ഇസ്ലാമിക ഖലീഫത്ത് പ്രഖ്യാപിക്കുകയും പാരീസിലും ബ്രസല്‍സിലും ഉള്‍പ്പെടെ ലോകത്തെമ്പാടും ഭീകരാക്രമണം അഴിച്ചുവിടുകയും ചെയ്തപ്പോള്‍, ‘അവര്‍ ശൂന്യതയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു,’ എന്നാണ് പൊതുവായി പരാമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ഭീകരസംഘത്തിന്റെ ആവിര്‍ഭാവം യുഎസ് സര്‍ക്കാരിനെങ്കിലും ഒരു അത്ഭുതമായിരുന്നില്ല എന്നതിന്റെ കൈപ്പേറിയ വിശദാംശങ്ങള്‍ ഈ ഡോക്യുമെന്ററി വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. ‘രണ്ട് ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഐഎസിന്റെ വളര്‍ച്ചയെ തടയുന്നതില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടു,’ എന്ന് മൈക്കിള്‍ കിര്‍ക്ക് പറയുന്നു. ‘എങ്ങനെയാണ്, എന്തുകൊണ്ടാണ് നമ്മള്‍ ഈ സ്ഥിതിവിശേഷത്തില്‍ എത്തപ്പെട്ടതെന്ന് ഞങ്ങളുടെ പുതിയ ഡോക്യുമെന്ററി പറയുന്നു.’

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങള്‍, വെളിച്ചത്തുവരാതിരുന്ന രേഖകള്‍, ശബ്ദലേഖനങ്ങള്‍, ജിഹാദികളുടെ വീഡിയോ എന്നിവ നിരത്തിക്കൊണ്ട് ആഗോള സുരക്ഷയ്ക്ക് അതീവഭീഷണിയായി മാറിയ ഈ സംഘത്തെ ഫലപ്രദമായി തടയാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് എന്തുകൊണ്ട് സാധിച്ചില്ല എന്ന് ഡോക്യുമെന്ററി ചോദിക്കുന്നു. തലക്കെട്ടുകള്‍ക്ക് പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ട്, ഒരിക്കല്‍ കവര്‍ച്ചക്കാരനായിരുന്ന അബു മുസബ് അല്‍-സര്‍ഖാവി എങ്ങനെയാണ് ജിഹാദി നേതാവായതെന്നും അമേരിക്കന്‍ സര്‍ക്കാരിനെ സൈനീകതന്ത്രത്തില്‍ മുക്കിക്കൊണ്ട് മധ്യേഷ്യയെ അസ്ഥിരപ്പെടുത്തുകയും ലോകത്തെമ്പാടും കലാപം അഴിച്ചുവിടുകയും ചെയ്ത ഒരു ക്രൂരമായ ഭീകരസംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തതെന്ന് ചിത്രം നമ്മോട് വിശദീകരിക്കുന്നു.

‘പല ഘട്ടങ്ങളിലും യുക്തസഹമെന്ന് ആ സമയത്ത് തോന്നുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ യുഎസ് സര്‍ക്കാര്‍ ഇതിനിടിയില്‍ കൈക്കൊണ്ടിരുന്നു,’ എന്ന് വൈറ്റ് ഹൗസിലെ മുന്‍ഭീകരവിരുദ്ധ ഉപദേഷ്ടാവ് റിച്ചാര്‍ഡ് ക്ലാര്‍ക്ക് ചിത്രത്തില്‍ സൂചിപ്പിക്കുന്നു. ‘എന്നാല്‍ ഇത്തരം തീരുമാനങ്ങളുടെ പരമ്പര സംഭവിച്ചില്ലായിരുന്നെങ്കില്‍ ഐഎസ്് ഉണ്ടാവുമായിരുന്നില്ല’. അത്തരം തീരുമാനങ്ങളെ കുറിച്ചും ഉദ്ദേശിച്ചതിന് വിരുദ്ധമായി അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നു: സര്‍ഖാവിയെ വധിക്കാന്‍ 2002 ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച്, സര്‍ഖാവിയെ ഒരു ജിഹാദി പ്രശസ്തനായി പ്രതിഷ്ഠിക്കുന്ന തരത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ നടത്തിയ പ്രസംഗത്തെ കുറിച്ച്, ഇറാഖ് അതിനിവേശത്തിനിടയില്‍ കൈക്കൊണ്ട തെറ്റായ നടപടികളെ കുറിച്ച്, സിറിയയില്‍ ഐഎസ്് ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതില്‍ ഒബാമ ഭരണകൂടം പരാജയപ്പെട്ടതിനെ കുറച്ച് ഒക്കെ ഡോക്യുമെന്ററി വിശദീകരിക്കുന്നു. ‘ഇപ്പോള്‍ അവര്‍ക്ക് രാജ്യങ്ങളുണ്ട്. അവര്‍ക്ക് സൈന്യമുണ്ട്. അവര്‍ക്ക് ടാങ്കുകളുണ്ട്. അവര്‍ക്ക് മിസൈലുകളുണ്ട്. ഒസാമ ബിന്‍ ലാദന്‍ തന്റെ ഏറ്റവും ഭ്രമാത്മകമായ സ്വപ്‌നങ്ങളില്‍ പോലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൗകര്യങ്ങള്‍ അവര്‍ക്കുണ്ട്,’ എന്ന് ഭീകരവിരുദ്ധ വിദഗ്ധനും മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥനുമായ അലി സൗഫാന്‍ ചൂണ്ടിക്കാണിക്കുന്നു.

മൈക്കിള്‍ കിര്‍ക്ക്

പ്രക്ഷേപണ മാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും അംഗീകാരം നേടിയ സംഘം ചിത്രീകരിച്ച ‘ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ഐഎസ്‌ഐഎസ്’, ഇസ്ലാമിക് സ്റ്റേറ്റ് എങ്ങനെ നിലവില്‍ വന്നുവെന്നും ഇപ്പോള്‍ ഈ സ്ഥിതിയിലേക്ക് നമ്മള്‍ എങ്ങിനെ എത്തിയെന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട് ഡോക്യുമെന്ററിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍