UPDATES

വീഡിയോ

ആനന്ദ് പട്‌വര്‍ദ്ധന്റെ ‘യുദ്ധവും സമാധാനവും’; ആഗോള സൈനീകവല്‍ക്കരണത്തിന്റെയും യുദ്ധത്തിന്റെയും ചരിത്ര പാഠം

മതവും ആണവ ആയുധങ്ങളും ഇന്ത്യയുടെ അഭിമാനവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ, മതനേതാക്കളെ നമുക്ക് ചിത്രത്തിലുടനീളം കണ്ടെത്താന്‍ സാധിക്കും

വാര്‍ ആന്‍ഡ് പീസ്/2002
സംവിധാനം: ആനന്ദ് പട്‌വര്‍ദ്ധന്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 1998-ല്‍ നടന്ന ആണവപരീക്ഷണങ്ങള്‍ക്ക് ശേഷം, ഇന്ത്യയിലും പാകിസ്ഥാനിലും ജപ്പാനിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലുമായി മൂന്ന് വര്‍ഷത്തെ പ്രക്ഷുബ്ദ സാഹചര്യങ്ങളില്‍ ഷൂട്ട് ചെയ്യപ്പെട്ട ‘വാര്‍ ആന്റ് പീസ്’ (ജംഭ് ഓര്‍ അമാന്‍) പ്രമുഖ ഇന്ത്യന്‍ ഡോക്യുമെന്റി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ചിത്രമാണ്. ആഗോള സൈനീകവല്‍ക്കരണത്തിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തില്‍ സമാധാന പ്രവര്‍ത്തനത്തിന്റെ ഇതിഹാസ യാത്രയാണ് ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അരനൂറ്റാണ്ടിന് ശേഷവും തീക്ഷ്ണണതയും പ്രാധാന്യവും നശിച്ചിട്ടില്ലാത്ത മഹാത്മ ഗാന്ധി എന്ന മനുഷ്യന്റെ കൊലപാതകത്തിന്റെ (1948) പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ഗാന്ധിജിയുടെ അഹിംസ പ്രസ്ഥാനത്തില്‍ ആകൃഷ്ടമായിരുന്ന ഒരു കുടംബത്തില്‍ നിന്നും വരുന്ന ചലച്ചിത്രകാരന്‍ കടുത്ത വ്യസനത്തോടെയാണ് ഉപഭൂഖണ്ഡത്തിന്റെ നിര്‍ലജ്ജമായ സൈനീകവല്‍ക്കരണത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷിക്കുന്നത്. ഒപ്പം ഇതിനെതിരായ പ്രതിരോധത്തിന്റെ കഥകളും ചിത്രം ഒപ്പിയെടുക്കുന്നു. ‘ശത്രു രാജ്യം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍, അവിടെയുള്ള സമാധാന പ്രസ്ഥാനത്തിലെ അംഗങ്ങള്‍ മാത്രമല്ല, ആരുടെയും നിര്‍ബന്ധമില്ലാതെ എത്തിയ സാധാരണ ജനങ്ങളും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് സ്‌നേഹോഷ്മളമായ വരവേല്‍പ് നല്‍കി.

ഇന്ത്യയുടെ സൈനീകവല്‍ക്കരണത്തെ കുറിച്ച് മാത്രമല്ല ‘വാര്‍ ആന്റ് പീസ്’ പരിശോധിക്കുന്നത്. മറിച്ച്, ‘ദേശീയ സുരക്ഷയുടെ’ പേരില്‍ അതിന്റെ പൗരന്മാരില്‍ നിന്നും ഊറ്റിയെടുക്കുന്ന മാനുഷിക നഷ്ടങ്ങളെ കുറിച്ചും അത് അവലോകനം ചെയ്യുന്നു. ആണവ പരീക്ഷണം നടന്ന സ്ഥലത്തിനടുത്ത് ജീവിക്കുന്നവരുടെ ദുരിതങ്ങളും ആണവ ഖനനം തദ്ദേശീയരിലുണ്ടാക്കുന്ന കടുത്ത ആഘാതത്തെ കുറിച്ചു വിവരിക്കുന്നതിലൂടെ യുഎസ് ആദ്യം പ്രചരിപ്പിച്ച കെട്ടുകഥയ്ക്ക് വിരുദ്ധമായി ‘സമാധാനപരമായ ആണവോര്‍ജ്ജം,’ എന്നൊരു സങ്കല്‍പമില്ലെന്ന് ചിത്രം നിസംശയം തെളിയിക്കുന്നു. ശാസ്ത്രീയ ഗവേഷണങ്ങളെ യുദ്ധ യന്ത്രങ്ങള്‍ തട്ടിയെടുത്തിരിക്കുന്നു. ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ആണവോര്‍ജ്ജത്തിനുള്ള ശേഷിയെ കുറിച്ച് വളരെ കുറച്ച് പ്രയോക്താക്കള്‍ മാത്രമാണ് സംസാരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും നടത്തിയ ആണവ പരീക്ഷണങ്ങള്‍ക്ക് ശേഷമുള്ള ദക്ഷിണ ഏഷ്യയ്ക്ക് അപ്പുറത്തേക്ക് വളരുന്ന ‘വാര്‍ ആന്റ് പീസ്’ ജപ്പാനിലെ ആണവ ബോബുകളെ അതിജീവിച്ചവരിലേക്ക് അനിതരസാധാരണമായ ഒരു സന്ദര്‍ശനവും നടത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആണവ ആക്രമണങ്ങളിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ചുള്ള ഒരു പുനരാലോചനയ്ക്ക് ആ സന്ദര്‍ശനം ഊര്‍ജ്ജം പകരുന്നു. ആ ബോംബുകള്‍ ആവശ്യമായിരുന്നോ? തന്റെ വീട് തകര്‍ക്കുകയും സഹോദരിയെ കൊല്ലുകയും ചെയ്ത ആണവ സ്‌ഫോടനങ്ങളെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ഇന്ത്യ സന്ദര്‍ശിച്ച ഹിരോഷിമ ബോംബ് ആക്രമണത്തെ അതിജീവിച്ചയാളുടെ അഭിമുഖമാവും ഒരു പക്ഷെ ചിത്രത്തിലെ ഏറ്റവും സ്‌തോഭജനകമായ രംഗം. പിന്നീട് ഹിരോഷിമയും നാഗസാക്കിയും സന്ദര്‍ശിക്കാനും ഹിരോഷിമ ദിനത്തില്‍ ഹിരോഷിമ സമാധാന മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായി അദ്ദേഹം പട്വര്‍ദ്ധനെയും ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സമാധാന പ്രവര്‍ത്തകരുടെ പ്രതിനിധികളെയും ക്ഷണിക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇപ്പോഴത്തെ സഞ്ചാരവീഥിയുടെ അപകടങ്ങള്‍ വരച്ചുകാട്ടുന്നതിനായി ഹിരോഷിമയിലെ ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പട്‌വര്‍ദ്ധന്‍ നമുക്ക് കാട്ടിത്തരുന്നു.

നിരവധി സംഭവവികാസങ്ങളെ പട്വര്‍ദ്ധന്‍ ഇങ്ങനെ ക്രോഢീകരിക്കുന്നു: ‘സോഷ്യലിസം തകര്‍ന്നതോടെ മര്‍ക്കടമുഷ്ടിക്കാരായ അമേരിക്കക്കാര്‍ നമ്മുടെ അനുകരണീയ മാതൃകയായി മാറി.’ ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ആണവ ദേശീയതെ കുറിച്ചാണ് ചിത്രം പിന്നീട് പരിശോധിക്കുന്നത്. 1998ലെ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള ഭാരതീയ ജനത പാര്‍ട്ടിയുടെ ഹൈന്ദവ ദേശീയവാദികളുടെ വാചാടോപങ്ങള്‍ ചിത്രം പകര്‍ത്തുന്നു. പൊക്രാനില്‍ നടന്ന ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് നടന്ന ‘ആഗോള സമാധാന മാര്‍ച്ചിനെ’ കുറിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും അതിന് നേരിടേണ്ടി വന്ന എതിര്‍പ്പുകളെ കുറിച്ചും ചിത്രം വിശദീകരിക്കുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യ പടിപടിയായി ചിതറിപ്പോവുകയും ഇരു രാജ്യങ്ങളില്‍ മതമൗലീകവാദികള്‍ ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈര്യം വര്‍ദ്ധിക്കുകയും ചെയ്യുകയാണ് സംഭവിച്ചതെന്ന് പട്വര്‍ദ്ധന്‍ വാദിക്കുന്നു. എതിരാളികളെ ദുഷ്ടന്മാരായി ചിത്രീകരിച്ചുകൊണ്ട് പിന്തുണ നേടിയെടുക്കാന്‍ ശ്രമിച്ച രണ്ടു ഭാഗങ്ങളിലുമുള്ള രാഷ്ട്രീയ, മതനേതാക്കള്‍ ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. മതവും ആണവ ആയുധങ്ങളും ഇന്ത്യയുടെ അഭിമാനവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ, മതനേതാക്കളെ നമുക്ക് ചിത്രത്തിലുടനീളം കണ്ടെത്താന്‍ സാധിക്കും.

ആനന്ദ് പട്‌വര്‍ദ്ധന്‍

പട്‌വര്‍ദ്ധന്‍ തന്നെ നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം പൂര്‍ത്തിയായപ്പോള്‍, അത് പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് 21 കട്ടുകള്‍ വരുത്താന്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പട്‌വര്‍ദ്ധനോട് ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഹിന്ദു തീവ്രവാദി കൊലപാതകി നാഥുറാം ഗോഡ്‌സെ 1948-ല്‍ ഗാന്ധിജിയെ കൊല്ലുന്ന ദൃശ്യങ്ങളും, അന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന ഭാരതീയ ജനത പാര്‍ട്ടി നേതാക്കളെ വിമര്‍ശിക്കുന്ന ഭാഗങ്ങളും മുറിച്ചു നീക്കാന്‍ ആവശ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ബിജെപി നയിക്കുന്ന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രതിരോധ വകുപ്പില്‍ നടന്ന അഴിമതികളെ കുറിച്ച് തെഹല്‍ക്ക മാസിക പുറത്തുകൊണ്ടു വന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും ബോര്‍ഡ് പട്‌വര്‍ദ്ധനോട് ആവശ്യപ്പെട്ടു. പട്‌വര്‍ദ്ധന്‍ ഇതിനോട് വിയോജിക്കുകയും വിഷയം കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം പട്‌വര്‍ദ്ധന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതോടെ മുറിച്ചു നീക്കലുകളില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെ പോലെ, ദേശീയ പ്രക്ഷേപകനായ ദൂരദര്‍ശനോട് തന്റെ ചിത്രം ദേശീയ ശൃംഗലയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം കോടതിയോട് അപേക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. 2005 ജൂണില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ ആശയങ്ങളും അതിന്റെ നിര്‍മ്മാതാവിന്റെ വൈദഗ്ധ്യവും ചിത്രത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നുവെന്ന് പ്രമുഖ വിമര്‍ശക ലിണ്ട ഹെസ് രേഖപ്പെടുത്തി. ദ ഗാര്‍ഡിയന്‍ പത്രത്തിലെ ഡങ്കണ്‍ കാംബെല്‍ ഇങ്ങനെ പറഞ്ഞു: ‘ചിത്രം തന്നെ ഒരു വലിയ നേട്ടമാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ടതും പലപ്പോഴും ഇരുണ്ട ഫലിതങ്ങള്‍ അടങ്ങിയതും അതിന്റെ പ്രമേയം നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള വരള്‍ച്ചയെ അതിജീവിക്കുന്നതുമാണ്.’

‘ഉപഭൂഖണ്ഡതയെ തുടര്‍ച്ചയായി ചിത്രീകരിക്കുന്നതിലൂടെ ലോക സമാധാനത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ കുറിച്ച് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്നതില്‍ അത്യന്തം പ്രസക്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്,’ ചിത്രത്തിന്റെ പ്രമേയമെന്ന് വെറൈറ്റി മാസിക രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍