UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം വെട്ടിക്കുറച്ചു

അഴിമുഖം പ്രതിനിധി

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍ എസ് സി), കിസാന്‍ വികാസ് പത്ര തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറിച്ചു. ഏപ്രില്‍-ജൂണ്‍ ത്രൈമാസ പാദത്തിലെ പലിശയില്‍ 90 അടിസ്ഥാന പോയിന്റുകളുടെ കുറവുണ്ടാകും.

മധ്യവര്‍ഗക്കാരുടെ പ്രിയപ്പെട്ട സമ്പാദ്യ പദ്ധതിയായ പിപിഎഫില്‍ 60 അടിസ്ഥാന പോയിന്റുകളുടെ (100 അടിസ്ഥാന പോയിന്റുകള്‍ ഒരു ശതമാനത്തിന് തുല്യം) കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. 15 വര്‍ഷത്തിനിടെ ചെറുകിട സമ്പാദ്യ രംഗത്തെ പലിശയില്‍ കേന്ദ്രം കടുംവെട്ട് നടത്തുന്നത് ഇതാദ്യമായാണ്. ഓരോ മൂന്നു മാസത്തിലൊരിക്കല്‍ പലിശ പുതുക്കുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പലിശ മാറ്റം വരാതെ തുടര്‍ന്നാല്‍ പിപിഎഫ് അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപയുള്ള ഒരാള്‍ക്ക് 3000 രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.

സര്‍ക്കാരിന്റെ ജനപ്രിയമല്ലാത്ത ഈ തീരുമാനത്തിന് എതിരെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. ട്വിറ്ററില്‍ പിപിഎഫ് ട്രെന്‍ഡ് ചെയ്തു തുടങ്ങി. വിപണിയിലെ ഏറ്റക്കുറച്ചിലുമായി സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളെ ബന്ധിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍.

സര്‍ക്കാരിന്റെ തീരുമാനം ബാങ്കുകള്‍ താമസംവിനാ നടപ്പിലാക്കുമെന്നതിനാല്‍ സ്ഥിര നിക്ഷേപമായി വന്‍തുക നിക്ഷേപിച്ചിട്ടുള്ളവര്‍ക്കും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചത് തിരിച്ചടിയാകും. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക്.

ബാങ്കുകള്‍ക്ക് നിക്ഷേപ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നതിനായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളും ആര്‍ബിഐയും ഏറെക്കാലമായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

ഇതിന് ഒരു മറുവശവുമുണ്ട്. ഈ നിരക്ക് കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തീരുമാനിച്ചാല്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് മാസ തിരിച്ചടവ് തുകയിലും കുറവുണ്ടാകും. അതേസമയം, എസ് ബി ഐ രണ്ട് മൂന്നു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വാര്‍ഷിക പലിശ നല്‍കുമെങ്കിലും പിപിഎഫ് ഇപ്പോഴും ആകര്‍ഷകമാണ്. പ്രത്യേകിച്ച് നികുതി ഇളവുകള്‍ പരിഗണിക്കുമ്പോള്‍.

നിരവധി മാസങ്ങളായി സമ്മര്‍ദ്ദത്തിലായിരുന്ന സര്‍ക്കാര്‍ ഒടുവില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മുതല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്നതാണെന്നും തങ്ങളും അത് പിന്തുടര്‍ന്നുവെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍