UPDATES

വിദേശം

ക്യൂബയ്ക്കെതിരെ അമേരിക്കയുടെ ആനമണ്ടത്തരങ്ങള്‍

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ക്യൂബയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായം തേടുന്നതിന് ഒരു പാട്ടുകാരനെ ചൂണ്ടയിട്ടുപിടിക്കാനായി, 2009ല്‍ ഒരു സെര്‍ബിയന്‍ സംഗീതജ്ഞനെ അന്താരാഷ്ട്ര വികസനത്തിനായുള്ള യു.എസ് ഏജന്‍സി ഹവാനയിലേക്ക് പറഞ്ഞയച്ചിരുന്നതായി കഴിഞ്ഞ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ് വാര്‍ത്ത നല്‍കിയിരിക്കുന്നു. പദ്ധതി പൊളിഞ്ഞു. ക്യൂബയിലെ അടിപൊളി പാട്ടുകളുടെ കാലത്തിന് ഇനിയും കാത്തിരിക്കണം.

ഒരു സര്‍ക്കാര്‍ പരിപാടിയെക്കാളേറെ സേത്ത് റോഗന്‍/ജെയിംസ് ഫ്രാങ്കോ തമാശ പരിപാടിയിലെ ഒരു വളിപ്പ് പോലെയാണ് ഈ വിചിത്രദൗത്യം തോന്നിക്കുക. പക്ഷേ യു എസിന്റെ ലോകത്ത് ക്യൂബയിലെ സര്‍ക്കാരിനെ ഇത്തരം ഒളിതന്ത്രങ്ങളിലൂടെ, അടിപൊളി പാട്ടുകളിലൂടെ അട്ടിമറിക്കാനുള്ള ശ്രമം അസാധാരണമായി തോന്നിക്കുകയേ ഇല്ല. ഇത്തരം യു എസ് പദ്ധതികളുടെ ചരിത്രം ഏറെ നീണ്ടതാണ്. അത്രത്തോളം തന്നെയുണ്ട് അതിലെ യുക്തിഹീനതയും.

അവയില്‍ ചിലത് മാത്രമാണ് ഇവിടെ പറയുന്നത്:

ബേ ഓഫ് പിഗ്‌സ് അധിനിവേശം
യു എസിന്റെ പിണിയാളായിരുന്ന അന്നത്തെ പ്രസിഡണ്ട് ഫുള്‍ജെന്‍സ്യോ ബാറ്റിസ്റ്റയെ തൂത്തെറിഞ്ഞ 1959ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷം അര്‍ദ്ധസൈനിക സംഘത്തെ ഉപയോഗിച്ച് ഒരു അധിനിവേശം നടത്താനുള്ള ശ്രമത്തിന് പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡി സി ഐ എക്ക് അനുമതി നല്‍കി. 1961 ഏപ്രിലില്‍ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യവുമായി 1400 അര്‍ദ്ധസൈനികര്‍ ക്യൂബയിലെ ബേ ഓഫ് പിഗ്‌സില്‍ ഇറങ്ങി. പക്ഷേ ആക്രമണശ്രമം അതിവേഗം തുരത്തപ്പെട്ടു.

‘കാസ്‌ട്രോയുടെ ശേഷികളും, ക്യൂബയുടെ ഭൂമിശാസ്ത്രവും, ക്യൂബക്കാരുടെ മനസും ഒന്നും തന്നെ യു എസ് രഹസ്യവിഭാഗത്തിന് അറിയില്ലായിരുന്നു,’ എന്നാണ് ദ പോസ്റ്റിന്റെ ജോര്‍ജ് എഫ് വില്‍ പിന്നീട് എഴുതിയത്. അത്രയും ചെറിയ അധിനിവേശ സംഘത്തെ 32,000 വരുന്ന ക്യൂബന്‍ സേനയും 2 ലക്ഷത്തോളം പേരുടെ ജനകീയ സേനയുമാണ് എതിരിടാന്‍ തയ്യാറായിരുന്നത്.

ചരിത്രകാരനായ തിയോഡര്‍ ഡ്രെയ്പറുടെ വിഖ്യാതനിരീക്ഷണം പോലെ,’അത് ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളിലൊന്നായിരുന്നു; ഒരു തികഞ്ഞ പരാജയം’

ചുരുട്ട് ബോബുകളും മറ്റ് വധശ്രമങ്ങളും
ബേ ഓഫ് പിഗ്‌സിലെ നാടകീയ പരാജയത്തിനും, അമേരിക്കന്‍ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ക്യൂബയുമായി യുദ്ധപ്രകോപനം ഉണ്ടാക്കാനുമുള്ള ശ്രമം തള്ളപ്പെട്ടതിനുശേഷം ക്യൂബയെ അട്ടിമറിക്കാന്‍ അമേരിക്ക മറ്റ് വഴികള്‍ നോക്കാന്‍ തുടങ്ങി. പ്രധാന ഉന്നം അതുതന്നെയായിരുന്നു; കാസ്‌ട്രോയുടെ വധം.

1960കളില്‍ കാസ്‌ട്രോയെ കൊല്ലാന്‍ സി ഐ എ ഏതാണ്ട് എട്ട് പദ്ധതികളാണ് തയ്യാറാക്കിയത്. ചിലതൊക്കെ അമ്പരപ്പിക്കും വിധം അസംബന്ധങ്ങളാണ്. ചുരുട്ടുട്ടില്‍ സ്‌ഫോടനം നടത്തുക, ഫംഗസ് ബാധിതമായ ഒരു നീന്തല്‍ വസ്ത്രം, പൊട്ടിത്തെറിക്കുന്ന ശംഖ്, കാമുകി വിഷഗുളിക നല്‍കല്‍ അങ്ങനെ ഏറെ തമാശകള്‍.

ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പലതിന്റെയും പ്രഭവകേന്ദ്രങ്ങള്‍ ഔദ്യോഗിക രേഖകളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. 2007ല്‍ സി ഐ എ രേഖകള്‍ അനുസരിച്ചു ന്യൂയോര്‍കിലെ രണ്ടു കൊടുംകുറ്റവാളികളെ കാസ്‌ട്രോയെ കൊല്ലാനുള്ള വിഷഗുളികകള്‍ ഏല്‍പ്പിച്ചു. പരാജയപ്പെട്ട വധശ്രമങ്ങള്‍ ക്യൂബന്‍ നേതാവിന്റെ അഭിമാനമായി മാറി. 2010ല്‍ കാസ്‌ട്രോ അതിജീവിച്ച വധശ്രമങ്ങളെക്കുറിച്ച് ക്യൂബന്‍ ടെലിവിഷന്‍ എട്ട് ഭാഗങ്ങളുള്ള ഒരു ചെറു പരമ്പര തന്നെ അവതരിപ്പിച്ചു.

‘ക്യൂബന്‍ ട്വിറ്ററും’ യു എസ് എയ്ഡും (USAID)
1960കള്‍ക്ക് ശേഷം ഒളിതന്ത്രങ്ങള്‍ക്ക് പകരം ക്യൂബക്കെതിരെ വാണിജ്യ, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് മാറി യു എസ് തന്ത്രം. എന്നാല്‍ യു എസ് അന്താരാഷ്ട്ര വികസന ഏജന്‍സി (USAID) രൂപംകൊടുത്ത നിരവധി പദ്ധതികള്‍ ഭരണമാറ്റത്തിന്റെ ആ പഴയ ഒളിതന്ത്രങ്ങളിലേത് പോലെത്തന്നെയായിരുന്നു.

അടിപൊളി പാട്ടുകാരെ സര്‍ക്കാര്‍ വിരുദ്ധ മുന്നേറ്റമുണ്ടാക്കാനായി ഉപയോഗിയ്ക്കുന്ന അതേസമയത്ത് തന്നെ രാജ്യത്തു വിമതസ്വരങ്ങള്‍ വളര്‍ത്താന്‍ ഒരു ‘ക്യൂബന്‍ ട്വിറ്റര്‍’ സൃഷ്ടിക്കാനും ഏജന്‍സി ശ്രമിച്ചിരുന്നു. ‘സുന്‍സുനേവോ’ എന്ന കമ്പനി മുന്നോട്ട് നീങ്ങാന്‍ തുടങ്ങുകയും, ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സിയെ ഇതുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പിന്നീട് സാമ്പത്തിക പ്രയാസങ്ങള്‍ മൂലം നിലച്ചുപോയി.

വിദേശരാജ്യങ്ങളിലേക്ക് സഹായത്തിനെന്ന പേരില്‍ നൂറുകണക്കിനു കോടി ഡോളറാണ് USAID നല്‍കുന്നത്. എന്നാല്‍ ‘ക്യൂബന്‍ ട്വിറ്റര്‍’ പോലുള്ള തട്ടിപ്പ് പരിപാടികള്‍, തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദേശ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള യു എസ് സര്‍ക്കാരിന്റെ ഒരു ‘ട്രോജന്‍ കുതിരയാണ്’ ഇതെന്ന റഷ്യയെ പോലുള്ള രാജ്യങ്ങളുടെ വാദത്തിന് ശക്തി പകരുന്നു. ഇന്റര്‍നെറ്റ് ശൃംഖലാ സ്ഥാപിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ കരാറുകാരന്‍ അലന്‍ ഗ്രോസിനെ ക്യൂബ പിടികൂടിയിട്ടു ഏറെനാള്‍ കഴിയും മുമ്പാണ് ഈ ശ്രമങ്ങള്‍ എന്നാണ് അതിലും കഷ്ടം. USAID-ന്റെ ഉപകരാറുകാരനായ ഗ്രോസിനെ വിചാരണക്കുശേഷം 15 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. യു എസും ക്യൂബയും തമ്മിലുള്ള സംഭാഷണങ്ങള്‍ തുടങ്ങാനുള്ള വലിയൊരു ഉപാധിയായാണ് ഇപ്പോള്‍ ഗ്രോസിന്റെ മോചനത്തെ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍