UPDATES

വിദേശം

പഠിച്ചത് ഹാര്‍വാര്‍ഡില്‍ നിയമം; സഹപാഠി ചീഫ് ജസ്റ്റീസ്; ഇപ്പോള്‍ ജീവിതം തെരുവില്‍

Avatar

ടെറെന്‍സ് മക്കോയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

വാഷിംഗ്ടണിലെ ഒരു ഓഫീസ് കെട്ടിടത്തിനുസമീപം കിടന്നുറങ്ങി എന്ന കുറ്റമാരോപിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ഭവനരഹിതനായ മനുഷ്യനെ ജഡ്ജി വീണ്ടും നോക്കി.

ഡിസി സുപ്പീരിയര്‍ കോടതിയിലെ ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അത്. ആല്‍ഫ്രഡ്‌ പോസ്റ്റല്‍ എന്ന സ്കിസോഫ്രീനിയ രോഗി ജഡ്ജി തോമസ്‌ മൊട്ട്ലിയുടെ മുന്നില്‍ നിന്നു.

പോസ്റ്റലിന്റെ നീണ്ട മുടി നരച്ചിരുന്നു. കുടവയര്‍ തുളുമ്പിച്ചാടിയിരുന്നു. ജടപിടിച്ച ഒരു താടിയും.

“നിങ്ങള്‍ക്ക് നിശബ്ദത പാലിക്കാന്‍ അവകാശമുണ്ട്”, ഒരു ഡെപ്യൂട്ടി ക്ലാര്‍ക്ക് പോസ്റ്റലിനോട് പറഞ്ഞു. “നിങ്ങള്‍ നിങ്ങളുടെ വക്കീലിനോടല്ലാതെ പറയുന്നതെല്ലാം നിങ്ങള്‍ക്കെതിരെ ഉപയോഗിക്കാം”

“ഞാന്‍ ഒരു വക്കീലാണ്”, പോസ്റ്റല്‍ മറുപടി പറഞ്ഞു.

മൊട്ട്ലി ഈ പറച്ചില്‍ അവഗണിച്ചു കൊണ്ടു പോസ്റ്റലിന് അതിക്രമിച്ചുകയറിയതിന്റെ പേരില്‍ ശിക്ഷ വിധിക്കാനൊരുങ്ങി.

“എനിക്ക് തിരിച്ചുപോകണം”, പോസ്റ്റല്‍ എതിര്‍ത്തു. ഒരു വിശദീകരണവും നല്‍കി. “ഞാന്‍ കാത്തലിക് സര്‍വകലാശാലയില്‍ നിന്ന് നിയമം പഠിച്ചതാണ്. 1979ല്‍ കോണ്‍സ്റ്റിട്യൂഷന്‍ ഹാളില്‍ വക്കീലായി ചേര്‍ന്നു. 1979ലാണ് ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്ന് പാസായത്.”

അതാണ്‌ മൊട്ട്ലി ശ്രദ്ധിച്ചത്. അദ്ദേഹവും ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്ന് 1979ല്‍ പാസായ ആളായിരുന്നു.

“ഞാനുമതെ മിസ്റ്റര്‍ പോസ്റ്റല്‍”, മൊട്ട്ലി പറഞ്ഞു. “എനിക്ക് നിങ്ങളെ ഓര്‍മ്മയുണ്ട്.”

ഈ വീടില്ലാത്ത മനുഷ്യന്‍- അയാളുടെ സാധനങ്ങള്‍ വെളുത്ത പ്ലാസ്റ്റിക് കൂടുകളിലാണ്, തെരുവുകളിലൂടെ കറങ്ങിനടക്കുന്നു, ചിലപ്പോഴൊക്കെ പള്ളികളില്‍ കിടന്നുറങ്ങുന്നു- നിയമം പഠിച്ചത് അമേരിക്കന്‍ ചീഫ് ജസ്റ്റീസ് ജോണ്‍ ജി റോബര്‍ട്ട്സിന്റെയും മുന്‍ വിസ്കോണ്‍സിന്‍ സെനറ്റര്‍ റസ് ഫെയ്ന്‍ഗോള്‍ഡിന്റെയും ഒപ്പമാണ്. എല്ലാവരും 1979ല്‍ ഹാര്‍വാര്‍ഡില്‍ നിന്ന് പാസായവരാണ്.

ഈ കഥയ്ക്ക് വേണ്ടി ഇന്റര്‍വ്യൂ തരാന്‍ വിസമ്മതിച്ച മൊട്ട്ലി ഒരു നിമിഷം നിറുത്തിയ ശേഷം അയാളോട് പറഞ്ഞു, “പക്ഷെ എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.”

അദ്ദേഹം മുന്‍സഹപാഠിയെ തിരികെ ഡിസി ജയിലിലേക്ക് അയച്ചു.

വിദ്യാഭ്യാസമുള്ള ഒരു മനുഷ്യന്‍
വീടില്ലാത്ത ആയിരക്കണക്കിന് മനുഷ്യരുള്ള ഒരു നഗരത്തില്‍ പോസ്റ്റല്‍ ഒരുപക്ഷെ ഏറ്റവുമധികം യോഗ്യതയുള്ളയാളാകാം. ഡിപ്ലോമകള്‍, അവാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം അയാളുടെ അമ്മയുടെ വീട്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ഒരു ജീവിതത്തില്‍ നിന്ന് കുഴിച്ചുമൂടിയവ. അയാള്‍ക്ക് മൂന്ന് ഡിഗ്രികളാണ് ഉള്ളത്. ഒന്ന് അക്കൊണ്ടിങ്ങില്‍, പിന്നൊന്ന് എക്കണോമിക്ക്സില്‍, വേറൊന്നു നിയമത്തില്‍.

ഒരു വേനല്‍ വൈകുന്നേരം അയാള്‍ തലയില്‍ ഒരു തോര്‍ത്ത് ടര്‍ബന്‍ പോലെ കെട്ടി എന്‍ഡബ്ലിയു പതിനേഴാം സ്ട്രീറ്റിലെ മക്ഡോണാള്‍ട്സില്‍ ഇരുന്ന് സംസാരിച്ചു.

അയാള്‍ ജീവിതത്തെപ്പറ്റി സംസാരിക്കുന്നത് ഒരു സ്വപ്നത്തിലേക്ക് കൂപ്പുകുത്തുന്നത് പോലെയാണ്. എല്ലാം ആദ്യം നോര്‍മലായി തോന്നും. പക്ഷെ പെട്ടെന്നു സംഗതികള്‍ കുഴഞ്ഞുമറിയും. തീയതികള്‍ എക്കിളിടും. ചേരാത്ത ചിന്തകള്‍ കൂട്ടിയിടിക്കും.

“ചാള്‍സ്ടണില്‍ എനിക്ക് സ്ഥലമുണ്ടായിരുന്നു, നഗരത്തില്‍ തന്നെ. പരുത്തിത്തോട്ടം, അത് നഗരം കഴിഞ്ഞായിരുന്നു. ഞാന്‍ ഒരിക്കല്‍ പരുത്തി പെറുക്കിയിട്ടുണ്ട്. ഞാന്‍ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. ഞങ്ങള്‍ക്ക് അവിടെ സ്ഥലമുണ്ടായിരുന്നു. പാരമ്പര്യമായി കിട്ടിയത്. കുറച്ചുകഴിഞ്ഞ് ഞാന്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലേക്ക് പോയി. എനിക്ക് ഒരു പെണ്ണിനോട് പ്രേമമായിരുന്നു.”

പക്ഷെ ഈ പറച്ചിലുകള്‍ എല്ലാം ഒരു ആശയത്തില്‍ തിരികെ എത്തും. പോസ്റ്റലിന്റെ സ്കീസോഫ്രീനിയയില്‍. പോസ്റ്റല്‍ സ്വയം ആളുകളോട് താനൊരു വിദ്യാഭ്യാസമുള്ളയാളാണെന്നു പറയാറുണ്ട്‌. അയാള്‍ കഠിനമായി ജോലി ചെയ്തു. നന്നായി ജോലി ചെയ്തു.

1948ലാണ് പോസ്റ്റല്‍ ജനിച്ചത്. തയ്യല്‍ക്കാരിയായ അമ്മയുടെയും തൊഴിലാളിയായ അച്ഛന്റെയും മകന്‍. ഒന്നുമില്ലാതെ ജീവിക്കുക എന്താണ് എന്നറിഞ്ഞാണ് പോസ്റ്റല്‍ വളര്‍ന്നത്. അവന്‍ ഒരു സാധാരണ പയ്യനായിരുന്നു, അമ്മ പറയുന്നു. പക്ഷെ ശ്രദ്ധാലുവും കഠിനാധ്വാനിയുമായിരുന്നു.

അച്ഛനമ്മമാര്‍ക്ക് ഉള്ളതില്‍ കൂടുതല്‍ വേണമെന്ന് പോസ്റ്റലിന് ഉണ്ടായിരുന്നു. കൂളിട്ജ് ഹൈസ്കൂളില്‍ നിന്ന് പാസായശേഷം അയാള്‍ സ്ട്രീയര്‍ കോളേജില്‍ അസോസിയേറ്റ് ഡിഗ്രി പഠനത്തിനിടെ പകല്‍ ജോലി ചെയ്തു. നേട്ടങ്ങളില്‍ നിന്ന് വീണ്ടും നേട്ടങ്ങള്‍ ഉണ്ടാക്കി. സിപിഎ പരീക്ഷ പാസായി ലൂക്കാസ് ആന്‍ഡ്‌ ടക്കര്‍ എന്ന ഓഡിറ്റ് കമ്പനിയില്‍ ഓഡിറ്റ് മാനേജരായി. അന്‍പതിനായിരം ഡോളറില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുണ്ടായിരുന്നു എന്നാണു പോസ്റ്റല്‍ പറയുന്നത്. അന്നത്തെ കണക്കില്‍ വളരെ ഉയര്‍ന്ന ശമ്പളം. പക്ഷെ പോസ്റ്റലിന് അത് മതിയായിരുന്നില്ല. എക്കണോമിക്സ് പഠിക്കാന്‍ പോസ്റ്റല്‍ മേരിലാന്‍ഡ് സര്‍വകലാശാലയിലെത്തി. അവിടെനിന്ന് പഠനം തീരും മുന്‍പേ ഹാര്‍വാര്‍ഡ് ലോയില്‍ പ്രവേശനം ലഭിച്ചു.

“ഓരോ രണ്ടുവര്‍ഷവും ഞാന്‍ നീ നേടിയ പുതിയ അംഗീകാരങ്ങളെപ്പറ്റിയാണ്‌ കേള്‍ക്കുന്നത്”, ഇ ബെര്‍ന്സ് മക്ലിന്‍ഡന്‍ എന്ന പ്രമുഖ അദ്ധ്യാപകന്‍ പോസ്റ്റലിന് കത്തിലെഴുതി. സ്ട്രീയര്‍ കോളേജ് അപ്പോള്‍ പോസ്റ്റലിന് ഏറ്റവും മികച്ച പൂര്‍വവിദ്യാര്‍ഥിക്കുള്ള പുരസ്ക്കാരം നല്‍കിയതെ ഉണ്ടായിരുന്നുള്ളൂ. “നിങ്ങളുടേത് ഇന്നത്തെ യുവതലമുറയ്ക്ക് വിജയിക്കാനുള്ള ഉത്തമ ഉദാഹരണമാണ്”, 2012ല്‍ മരിച്ചുപോയ മക്ലിന്‍ഡന്‍ എഴുതി.

മികച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍
1979ലെ ഹാര്‍വാര്‍ഡ്‌ ലോ സ്കൂളിന്റെ ഇയര്‍ബുക്ക് നോക്കുന്നത് പല പ്രശസ്തരുടെയും പഴയ ഫോട്ടോകള്‍ കാണാന്‍ സഹായിക്കും. മെഴുക്ക്‌ പുരണ്ട മുടിയുമായി ജോണ് റോബര്‍ട്ട്സ്, ചിരിച്ചുകൊണ്ട് പിന്നീട് എന്‍എഫ് എല്‍ വൈസ് പ്രസിടന്റ്റ് ആയ റേ ആന്‍ഡേഴ്സണ്‍. കറുത്തവര്‍ഗവിദ്യാര്‍ഥി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിനാലുകാരന്‍ തോമസ്‌ മൊട്ട്ലി, സൂട്ടും ടൈയ്യും അണിഞ്ഞുനില്‍ക്കുന്നു. പിന്നെ ആല്‍ഫ്രഡ്‌ പോസ്റ്റലും.

അയാള്‍ക്ക് മുപ്പത്തൊന്നുവയസാണ്. മറ്റുള്ള പലരെയുംകാള്‍ പ്രായം. വെട്ടിയൊരുക്കിയ ഒരു മീശയും ഏറിത്തുടങ്ങിയ കഷണ്ടിയും. അപ്പോള്‍ തന്നെ വിജയം അനുഭവിച്ച ഒരാളുടെ നോട്ടമാണ് ഉള്ളത്. ഇനിയും കൂടുതല്‍ വിജയങ്ങള്‍ പ്രതീക്ഷിക്കുന്ന നോട്ടം.

മറ്റുള്ളവര്‍ ഉറക്കച്ചടവോടെ ക്ലാസില്‍ പരതിയെത്തിയിരുന്നപ്പോള്‍ കോട്ടും ബോടൈയ്യും ധരിച്ച് ക്ലാസില്‍ വന്നിരുന്ന പോസ്റ്റലിനെ ജൂനിയറായ മാര്‍വിന്‍ ബാഗ്വെല്‍ ഓര്‍ക്കുന്നു.

“നിശബ്ദമായ ഒരു അന്തസ് അയാളെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.”, ഒരു വന്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്‍റ് ആയ ബാഗ്വെല്‍ പറയുന്നു. “അയാള്‍ മിടുക്കനായിരുന്നു, മികച്ച ചോദ്യങ്ങള്‍ വിഷയത്തിന്റെ ഗഹനതയെ ഉള്‍ക്കൊണ്ട് ചോദിച്ചിരുന്നു.”

അഞ്ച് സഹപാഠികളെ കണ്ടപ്പോഴും ഇതേ രീതിയിലാണ് എല്ലാവരും പോസ്റ്റലിനെ ഓര്‍ത്തത്. “കഠിനമായി പരിശ്രമിച്ചിരുന്നു, അങ്ങേയറ്റത്തെ അച്ചടക്കവും”, സഹപാഠിയായ വെല്‍സ് ഫാര്‍ഗോ അഭിഭാഷകന്‍ പൈപ്പര്‍ കെന്റ് മാര്‍ഷല്‍ പറയുന്നു.

മികച്ച വേഷവും രീതികളുമായിരുന്നു. “അയാള്‍ നഖം മാനിക്യൂര്‍ ചെയ്തിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു.”, മറ്റൊരു സഹപാഠി പറയുന്നു.

അതുകൊണ്ടാണ് പോസ്റ്റലിന്റെ ഈ അവസ്ഥ ഹാര്‍വാര്‍ഡ് സഹപാഠികളെ ഞെട്ടിച്ചത്. എങ്ങനെയാണ് ഈ മനുഷ്യന്- ഇത്ര നിപുണനും ഗംഭീരനുമായ ഇയാള്‍ക്ക്-തലസ്ഥാനത്തിന്റെ അരികുകളില്‍ ഇത്തരത്തില്‍ അപ്രത്യക്ഷനായി ജീവിക്കാനാകുന്നത്?

“ഇത് അവിശ്വസനീയമായ ഒരു ദുരന്ത കഥയാണ്,” കെന്റ് മാര്‍ഷല്‍ പറയുന്നു, “കാരണം ലോ സ്കൂളില്‍ അയാള്‍ ഒന്നാംകിട വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു, വളരെ വളരെ ബുദ്ധിമാനും മിടുക്കനുമായ ഒരാള്‍.”

ധനികജീവിതം
ഗ്രാജുവേറ്റ് ചെയ്ത് തിരികെപ്പോയ കാലത്താണ് പോസ്റ്റലിന്റെ മാനസികാസ്വാസ്ഥ്യത്തിന്റെ തുടക്കം.

അന്ന് ഷോ പിറ്റ്മാന്‍ പോട്ട്സ് ആന്‍ഡ്‌ ട്രോബ്രിഡ്ജ് എന്നറിയപ്പെട്ടിരുന്ന മികച്ച ഒരു നിയമസ്ഥാപനത്തില്‍ അയാള്‍ ജോലിക്ക് ചേര്‍ന്നു. അക്കാലത്ത് ഈ സ്ഥാപനം അതിവേഗം വളര്‍ന്നുവന്നിരുന്ന ഒന്നായിരുന്നു. പോസ്റ്റല്‍ എത്തിയപ്പോള്‍ അയാള്‍ അവിടെ ജോലിചെയ്തിരുന്ന ഒരേയൊരു കറുത്തവര്‍ഗ്ഗക്കാരന്‍ വക്കീലായിരുന്നുവെന്ന് അന്നവിടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നു. അയാളുടെ അക്കൊണ്ടിംഗ് പരിചയം കൊണ്ടു അയാള്‍ ടാക്സ് ടീമിലാണ് ചേര്‍ന്നത്. അധികം വൈകാതെ ഫ്രെഡറിക്ക് ക്ലീന്‍ എന്ന യുവഅഭിഭാഷകനെ പരിചയപ്പെട്ടു.

രണ്ടുപേരും ഓരോ വര്‍ഷത്തിന്റെ ഇടവേളയിലാണ് ജോലിയില്‍ കയറിയത്. രണ്ടാള്‍ക്കും മുപ്പത്തയ്യായിരം ഡോളറായിരുന്നു ശമ്പളം. പോസ്റ്റല്‍ എത്ര നന്നായി വേഷം ധരിച്ചിരുന്നു എന്നത് കളീനെ ആകര്‍ഷിച്ചു. ഇപ്പോള്‍ ഡി എല്‍ എ പൈപ്പര്‍ ഗ്ലോബല്‍ ലോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ക്ലീന്‍ ഓര്‍ക്കുന്നു, “അയാള്‍ വളരെ പരിഷ്കാരിയായിരുന്നു. സംസ്കാരസമ്പന്നന്‍, ചിന്താമഗ്നന്‍, മൃദുഭാഷി.”

പോസ്റ്റലിന്റെ മൃദുഭാഷിത്വം കൊണ്ടാവണം സത്യത്തില്‍ അന്നവിടെ ജോലി ചെയ്തിരുന്ന പല അഭിഭാഷകര്‍ക്കും ഇങ്ങനെയൊരാളെപ്പറ്റി അധികം ഓര്‍മ്മകളില്ല. ക്ലീനും പോസ്റ്റലിനെ ഓര്‍മ്മയുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കും എന്തിനാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റലിനെ ജോലിയില്‍ നിന്ന് സ്ഥാപനം നീക്കിയത് എന്ന് ഓര്‍മ്മയില്ലായിരുന്നു.

“നിങ്ങളോട് ഇത് ചര്‍ച്ച ചെയ്യാന്‍ എനിക്ക് പറ്റില്ല”, ഒരിക്കല്‍ ഷോ പിറ്റ്മാന്റെ പാര്‍ട്ണര്‍ ആയിരുന്ന മാര്‍ട്ടിന്‍ ക്രാള്‍ ഒരു ഇമെയിലില്‍ എഴുതി. “അത് വളരെ വര്‍ഷം മുന്പ് നടന്നതാണ്. ഞാന്‍ ഇരുപത് വര്‍ഷം മുന്‍പ് പാര്‍ട്ണര്‍ ആയിരുന്നില്ല. എനിക്ക് പേര്‍സണല്‍ ഫയലുകള്‍ നോക്കാന്‍ പറ്റില്ല. ഇത്രയും പഴയ കാര്യങ്ങള്‍ക്ക് ഫയല്‍ ഉണ്ടോ എന്നുപോലും അറിയില്ല”.

പോസ്റ്റലിന് എന്തുപറ്റിയതാണ് എന്ന് അധികമാര്‍ക്കും അറിയില്ല എന്നത് ആ രോഗത്തെത്തന്നെ ചതിക്കലാണ്. സ്കീസോഫ്രീനിയ അരിച്ചുകയറും. പോസ്റ്റലിനെപ്പോലെ മിടുക്കനായ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ മാസങ്ങളോളം മറച്ചുപിടിക്കാന്‍ പറ്റും. രോഗി സാമൂഹ്യജീവിതത്തില്‍ നിന്നും ജോലിയില്‍ നിന്നും പിന്‍വാങ്ങി ഏകാകിയാകുമ്പോള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒന്നും ശ്രദ്ധിച്ചെന്നുവരില്ല.

പിന്നീടാണ് ഒരു പ്രശ്നം ഉണ്ടാവുക. ഈ നിമിഷത്തെ സൈക്കോളജിസ്റ്റുകള്‍ “സൈക്കൊട്ടിക്ക് ബ്രേക്ക്” അല്ലെങ്കില്‍ “ഫസ്റ്റ് ബ്രേക്ക്” എന്നോ ആണ് വിശേഷിപ്പിക്കുക. ഒരു ഇരയുടെ യാഥാര്‍ത്ഥ്യബോധത്തില്‍മേലുള്ള പിടിവിടുന്നത് ഇപ്പോഴാണ്. അപ്പോള്‍ മുതലാണ്‌ രോഗത്തിന് മുന്‍പും അതിനുശേഷവും എന്ന വേര്‍തിരിവ് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്.

“ഇത്തരം അതിവേഗത്തിലുള്ള പതനം അത്ര അസാധാരണമല്ല എന്നതാണ് ഏറ്റവും സങ്കടകരം.”, ഭവനരഹിതരായ ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മാനസികാരോഗ്യസംഘടനയായ ഗ്രീന്‍ ഡോറിന്റെ ഡയറക്റ്ററായ റിച്ചാര്‍ഡ് ബേബൂട്ട് പറയുന്നു. “മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്ന്പഠിച്ചവരെയും കോളേജില്‍ മികച്ച വിജയം നേടിയവരെയും ഒക്കെ എനിക്കറിയാം, പിന്നീടാണ് അവര്‍ തകര്‍ന്നുപോവുക. ജോണ്‍ നാഷിന്റെ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ സിനിമയിലെ കഥ പോലെയാണിത്.”

പക്ഷെ ഇത് സംഭവിക്കുന്നതിന്റെ വേഗം നടുക്കിക്കളയുന്നത് കുടുംബങ്ങളെയാണ്.

“അയാള്‍ക്ക് ഈ ആഡംബരങ്ങള്‍ എല്ലാമുണ്ടായിരുന്നു, നല്ല ഒരു ബോട്ടൊക്കെ,” ബന്ധുവായ ലാടോന്യ സെല്ലേഴ്സ് പോസ്റ്റല്‍ പറയുന്നു. “അയാള്‍ ഒരു ധനികജീവിതമാണ് നയിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം എല്ലാം പ്രശ്നമായി… എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല… അയാളുടെ സമ്പത്ത് മുഴുവന്‍ നഷ്ടമായി. അതൊരു ഭ്രാന്തന്‍ അവസ്ഥയായിരുന്നു. തീര്‍ച്ചയായും ഭ്രാന്തന്‍ അവസ്ഥ.”

എണ്‍പത്തഞ്ചുകാരിയായ അയാളുടെ അമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് പറയാനറിയില്ല. ഒരു ദിവസം മകന്റെ മേല്‍ ഒരു ഇരുള്‍ വീണതാണ് എന്നാണു അവര്‍ പറയുന്നത്. അയാള്‍ തുടരെ അറസ്റ്റ് ചെയ്യപ്പെടുന്നതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. പോലീസ് അയാളുടെ പിന്നാലെയുണ്ടെന്നായിരുന്നു അയാളുടെ ധാരണ. പിന്നീട് പ്രേമിച്ച സ്ത്രീയുമായുള്ള ബന്ധം തകര്‍ന്നു. അധികം വൈകാതെയാണ് പോസ്റ്റലിന്റെ സൈക്കോട്ടിക് ബ്രേക്ക് സംഭവിച്ചത്.

“എനിക്ക് പേടിയായി”, അയാളുടെ അമ്മ പറയുന്നു. “അവന്‍ താഴേയ്ക്ക് ഓടി, ഞാന്‍ ചോദിച്ചു, ‘എന്തുപറ്റി? എന്തുപറ്റി?’അവനെ ഒന്ന് അടിച്ച് തിരിച്ചുകൊണ്ടുവരാനും ഞാന്‍ നോക്കി. അപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. അവിടെനിന്ന് കാര്യങ്ങള്‍ താഴേക്ക് താഴേക്ക് പോകാന്‍ തുടങ്ങി.”

പോസ്റ്റലിന്റെ സംരക്ഷണം അമ്മയ്ക്ക് ബുദ്ധിമുട്ടായി തുടങ്ങിയപ്പോള്‍ അവര്‍ മേരി കാര്‍ട്ടര്‍ എന്ന ലോക്കല്‍ പാസ്റ്ററെ സമീപിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ അവര്‍ പോസ്റ്റലിനെ അവരുടെ വീട്ടില്‍ പ്രവേശിപ്പിച്ചു.

ഇപ്പോള്‍ അറുപതുവയസായ അവരുടെ മകള്‍ പറയുന്നത് പോസ്റ്റല്‍ അവിടെ കുറച്ചു ആഴ്ചകളോ മാസങ്ങളോ താമസിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അയാള്‍ ദശാബ്ദങ്ങള്‍ അവിടെ താമസിച്ചു. ദിവസം മുഴുവന്‍ ചിലപ്പോള്‍ ടിവിയുടെ മുന്നിലോ അടുത്തുള്ള പാര്‍ക്കില്‍ ആളുകള്‍ നടന്നുപോകുന്നതോ ഒക്കെ നോക്കി ഇരിക്കുമായിരുന്നു.

എത്ര എളുപ്പം മുപ്പതു വര്‍ഷം കഴിഞ്ഞുപോകുന്നുവെന്നത് വിചിത്രമാണ്. അക്കാലത്ത് പോസ്റ്റലിന്റെ ഒരേയൊരു പൊതുരേഖ അക്കാലത്ത് അയാള്‍ ഉണ്ടാക്കിയ ക്രിമിനല്‍ കേസുകളാണ്. 1989ല്‍ ഓഷ്യന്‍ സിറ്റി ജില്ലാക്കോടതിയില്‍ അയാളുടെ പേരില്‍ ഒരു കളവ് കേസുണ്ട്. 1990ല്‍ എന്തോ അപമര്യാദാക്കേസുമുണ്ട്. എന്നാല്‍ അത് മാറ്റിനിറുത്തിയാല്‍ അയാള്‍ ഒരു പ്രേതജീവിതമാണ് നയിച്ചിരുന്നത്.

“നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോള്‍ അത് നിങ്ങളുടെ അഭിമാനമാണ്”, പോസ്റ്റല്‍ പറയുന്നു. “എന്നാല്‍ ആ ജോലി നഷ്ടപ്പെടുമ്പോഴോ, അത് ആത്മഹത്യയുമാണ്‌. അതോടെ എല്ലാം കഴിഞ്ഞു. അതുകഴിഞ്ഞാല്‍ നിങ്ങള്‍ അക്കൊണ്ടന്റുമാര്‍ പറയുന്നത് പോലെ കാലഹരണപ്പെട്ടു. അങ്ങനെ പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ? കാലഹരണപ്പെടുക. നിങ്ങളുടെ പ്രയോജനമുള്ള ജീവിതകാലം കഴിയുക. എന്റെ ഉപകാരമുള്ള ജീവിതകാലം കഴിഞ്ഞിരുന്നു.”  

പോസ്റ്റല്‍ ഒഴുകിനടന്നു. ഒരേ കടകളുടെ മുന്നില്‍ അയാള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതിലൊന്ന് മിഷിഗന്‍ അവന്യുവിലെ അവോന്‍ഡേല്‍ കോഫീഷോപ്പായിരുന്നു. ഒടുവില്‍ ഉടമസ്ഥര്‍ ഇയാളെ കടയുടെ പരിസരത്തുകയറുന്നത് വിലക്കിയതിനൊടുവിലാണ് 2014 ഏപ്രിലില്‍ അറസ്റ്റ് സംഭവിച്ചത്. ബ്രോണര്‍ ബില്‍ഡിംഗിലും അയാള്‍ അതിക്രമിച്ചുകയറിയിരുന്നു. രണ്ടുവട്ടം പോലീസ് അയാളെ അവിടെനിന്നും അറസ്റ്റ് ചെയ്തിരുന്നു. അതാണ്‌ മുപ്പതുവര്‍ഷത്തിന് ശേഷം പോസ്റ്റലിനെ തോമസ്‌ മോട്ട്ലിയുടെ മുന്നിലെത്തിച്ചത്.

ഹാര്‍വാര്‍ഡില്‍ നിന്ന് പാസായ ശേഷം മോട്ട്ലി സ്റ്റേപ്റ്റോ ആന്‍ഡ്‌ ജോണ്‍സണില്‍ ജോലി ചെയ്തു. അതിനുശേഷമാണ് ഫെഡറല്‍ പ്രൊസിക്യൂട്ടറായി മാറിയത്. പ്രസിഡന്‍റ് ബില്‍ ക്ളിന്റനാണ് അദ്ദേഹത്തെ ബെഞ്ചിലേക്ക് ശുപാര്‍ശ ചെയ്തത്.

മോട്ട്ലി പോസ്റ്റലിനെ കണ്ട ദിവസം അയാള്‍ മോട്ട്ലിയെ തിരിച്ചറിഞ്ഞില്ല. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നല്ലോ. എന്നാല്‍ മോട്ട്ലിയെ ക്ലാസില്‍ വെച്ച് കണ്ട ഓര്‍മ്മയുണ്ടെന്ന് പോസ്റ്റല്‍ പിന്നീട് പറഞ്ഞു. (പക്ഷെ പോസ്റ്റലിന് ചീഫ് ജസ്റ്റീസ് റോബര്‍ട്ട്സിനെ ഓര്‍മ്മയില്ല.)

അനധികൃതകടന്നുകയറ്റത്തിന് പോസ്റ്റല്‍ ജൂണില്‍ ഒരു ചാര്‍ജ് ഒഴിവായി. കോടതിയിലെത്താത്തതിന്റെ പേരിലുള്ള ഒരു ചാര്‍ജും നീങ്ങി. എന്നാല്‍ മിക്ക ദിവസവും ഫരാഗറ്റ് സ്ക്വയറിലെ ബ്രോണര്‍ കെട്ടിടത്തില്‍ പോസ്റ്റല്‍ തിരിച്ചെത്തും. കെട്ടിടത്തിന്റെ മാനേജരായ റേറ്റ് റയോസ് പറയുന്നത് “പോസ്റ്റലിന് ആവശ്യമായ പിന്തുണയും സുരക്ഷയും ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു” എന്നാണ്.

പോസ്റ്റലിന് പ്രതീക്ഷയ്ക്ക് വകയുമുണ്ട്. ഗ്രീന്‍ ഡോറിലെ മാനസികാരോഗ്യ സംഘം അയാളോടൊപ്പം ജോലി ചെയ്തു തുടങ്ങി. പാത്ത് വെയ്സ് എന്ന സംഘടന വീടൊരുക്കാനും തുടങ്ങിയിട്ടുണ്ട്. അയാളുടെ അമ്മയും അയാളെ തെരുവില്‍ നിന്ന് മാറ്റാന്‍ പണം സ്വരുക്കൂട്ടുന്നു ണ്ട്.

എന്നാല്‍ പോസ്റ്റലിന് ഇതിലൊന്നും താല്പ്പര്യമില്ല. ഈയടുത്ത് ബ്രോനിംഗ് കെട്ടിടത്തിന് മുന്നില്‍ വെച്ച് ഒറ്റയ്ക്കിരിക്കുന്ന പോസ്റ്റലിനെ ഞങ്ങള്‍ കണ്ടു. പത്രങ്ങള്‍ അയാളുടെ കാലിനരികില്‍ ചിതറിക്കിടപ്പുണ്ട്. അയാള്‍ അതിലൊന്ന് എടുത്തു.

“പത്രം ട്രോഗ്ലോഡൈറ്റ് എന്ന വാക്കാണ്‌ ഉപയോഗിച്ചത്. ട്രോഗ്ലോഡൈറ്റ് എന്നാല്‍ ഗുഹാമനുഷ്യന്‍”, അയാള്‍ പറയുന്നു.

പോസ്റ്റല്‍ അതിനുശേഷം ഓര്‍മ്മകളില്‍ ആണ്ടുപോയി. “പ്രസിഡന്‍ഷ്യല്‍ ടവറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഞാന്‍ താമസിച്ചിരുന്നത്. എന്നെ ഒരു ഗുഹാമനുഷ്യനായി കാണാം. എനിക്കൊരു ബാല്‍ക്കണിയുണ്ടായിരുന്നു. മുകള്‍ നിലയിലെ ബാല്‍ക്കണി. പ്രസിഡന്‍ഷ്യല്‍ ടവറിലെ ഏറ്റവും മുകള്‍നിലയില്‍ ഒരു വീടും. എന്നെ ഗുഹാമനുഷ്യന്‍ എന്ന് വിളിക്കാം.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍