UPDATES

വിദേശം

ഐതിഹാസികമായ ആ പതാക ഒടുവില്‍ കണ്ടെത്തി; 3000 മൈല്‍ അകലെ നിന്നും

Avatar

 ക്രിസ്റ്റീന്‍ ഗുവേര
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സെപ്റ്റംബര്‍ 11 ആക്രമണാവശിഷ്ടങ്ങള്‍ക്കുമേല്‍ ന്യൂയോര്‍ക്ക് അഗ്നിശമന സേനയിലെ മൂന്നംഗങ്ങള്‍ ഉയര്‍ത്തിയ അമേരിക്കന്‍ പതാക അല്‍പനേരത്തിനുള്ളില്‍ അപ്രത്യക്ഷമായിരുന്നു. ഫോട്ടോയില്‍ പതിഞ്ഞ പതാക ഉയര്‍ത്തല്‍ ഐതിഹാസിക നിമിഷമായെങ്കിലും.

15 വര്‍ഷങ്ങള്‍ക്കുശേഷം 3000 മെല്‍ അകലെ വാഷിങ്ടണിലെ എവറെറ്റില്‍ നിന്ന് ഈ പതാക കണ്ടെടുത്തു.

പതാക എവിടെപ്പോയി എന്നത്  ആര്‍ക്കും അറിവുണ്ടായിരുന്നില്ല. 2014 ല്‍ ബ്രയാന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ പ്ലാസ്റ്റിക് ബാഗിലാക്കിയ പതാകയുമായി എവറെറ്റ് ഫയര്‍ സ്റ്റേഷനിലെത്തുംവരെ.  കാണാതായ പതാകയെപ്പറ്റിയുള്ള ഒരു വാര്‍ത്താചിത്രം കാണാനിടയായെന്നും അത് തന്റെ കയ്യിലുണ്ടെന്നുമാണ് ബ്രയാന്‍ അവകാശപ്പെട്ടത്.

വാഷിങ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ ക്രൈം ലാബിലെ ഫോറന്‍സിക് മറ്റീരിയല്‍സ് സയന്റിസ്റ്റ് ബില്‍ ഷ്‌നെക്ക് പതാകയുടെ ആധികാരികത പരിശോധിച്ചു.

പതാകയിലെ പൊടി മറ്റ് 9/11 നു ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരിച്ചിരുന്ന പൊടിയുടെ സാംപിളുകളുമായി താരതമ്യപ്പെടുത്തിയായിരുന്നു പരിശോധന. ‘വിരലടയാള പരിശോധന പോലെ തന്നെ,’ ഷ്‌നെക്ക് പറയുന്നു.

സംഭവസ്ഥലത്തെ പൊടിക്കും പതാകയിലെ പൊടിക്കും ഒരേ സ്വഭാവമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 15 വര്‍ഷം മുന്‍പ് പതാക ഉയര്‍ത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ഫൊട്ടോഗ്രഫര്‍ തോമസ് ഇ ഫ്രാങ്ക്‌ളിന്‍ എടുത്ത ചിത്രത്തോടും പതാകയെ തട്ടിച്ചുനോക്കി. രണ്ടുപതാകകളും ഒരേ വസ്തുകൊണ്ടുണ്ടാക്കിയതാണെന്നും ഒരേ വലിപ്പത്തിലുള്ളതാണെന്നും ഒരേ ഗുണങ്ങളുള്ളതാണെന്നും കണ്ടെത്തി.

‘ 9/11ല്‍ നിന്നുള്ള ഒറിജിനല്‍ ചിത്രത്തെ നോക്കിയാല്‍ രണ്ട് വരകളെ ഒരുമിച്ചുനിര്‍ത്തുന്ന ഇലക്ട്രിക് ടേപ്പ് കാണാം. അവയ്ക്ക് ഒരേ പൊതുസ്വഭാവമായിരുന്നു. അതിനാല്‍ ഇത് അതുതന്നെയാകാമെന്ന് എനിക്കറിയാമായിരുന്നു,’ ഷ്‌നെക്ക് പറയുന്നു.

വോള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന ദിവസം രാവിലെ ഈ പതാക മാന്‍ഹാട്ടനില്‍ ഒരു പായ്ക്കപ്പലിന്റെ അമരത്തുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം അതെടുത്ത് നാശനഷ്ടങ്ങള്‍ക്കു മുകളില്‍ ഉയര്‍ത്തിവച്ചത് അഗ്നിശമന സേനാംഗങ്ങളായ ജോര്‍ജ് ജോണ്‍സണ്‍, ബില്ലി ഐസന്‍ ഗ്രീന്‍, ഡാന്‍ മക്വില്യംസ് എന്നിവരാണ്.

ന്യൂജഴ്‌സിയിലെ ബര്‍ജന്‍ കൗണ്ടിയിലെ റെക്കോഡ് ദിനപത്രത്തിന്റെ ഫൊട്ടോഗ്രഫര്‍ ഫ്രാങ്ക്‌ളിനാണ് ഇതിന്റെ ചിത്രമെടുത്തത്.

‘ഞാന്‍ തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ഇവര്‍ പതാകയുമായി പണിപ്പെടുന്നതു കാണുന്നത്. അകലെനിന്നെടുത്ത ചിത്രമാണത്. അങ്ങനെ സംഭവിച്ചുവെന്നേയുള്ളൂ,’ ഫ്രാങ്ക്‌ളിന്‍ ഓര്‍മിക്കുന്നു.

‘ ആ ചിത്രത്തിന് എന്നെ സംബന്ധിച്ച് പ്രസക്തിയുണ്ടായിരുന്നില്ല. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും രണ്ടു കെട്ടിടങ്ങള്‍ തകരുകയും ചെയ്യുന്നതിനുമുന്നില്‍ പതാക ഉയര്‍ത്തുന്ന മൂന്നുപേരുടെ ചിത്രം മുങ്ങിപ്പോയി. ഞാന്‍ എടുത്ത ചിത്രങ്ങളില്‍ മികച്ചതാണതെന്നും പറയാനാകില്ല. എന്നാല്‍ ഏറെ അര്‍ത്ഥമുള്ള ചിത്രമായിരുന്നു.’

അസോസിയേറ്റഡ് പ്രസിലൂടെ കടന്നുപോയ ചിത്രം ലോകമെമ്പാടും പത്രമാസികകളുടെ ഒന്നാംപേജില്‍ ഇടംപിടിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവിസ്മരണീയ ചിത്രങ്ങളിലൊന്നിനോട് താരതമ്യപ്പെടുത്തലുമുണ്ടായി. 1945ല്‍ ഐവോ ജിമയിലെ മൗണ്ട് സുരിബാഷിയില്‍ ആറുപേര്‍ ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തുന്ന ചിത്രം.

‘ ചിത്രത്തിനു ലഭിച്ച ശ്രദ്ധ അനിതരസാധാരണമായിരുന്നു. ആയിരക്കണക്കിനാളുകള്‍ മരിച്ചു എന്നതില്‍നിന്ന് ഇപ്പോഴും എന്റെ ശ്രദ്ധ മാറുന്നില്ല. അതൊരു കൊലപാതക സ്ഥലമായിരുന്നു. ഭീകരമായ രീതിയില്‍ ആളുകള്‍ മരിച്ച സ്ഥലം,’ ഫ്രാങ്ക്‌ളിന്‍ പറയുന്നു.

പിന്നീട് ഈ പതാകയെന്ന പേരില്‍ ഒരു പതാക ലോകം ചുറ്റി. അക്കാലത്തെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ജോര്‍ജ് പറ്റാക്കിയും രണ്ട് ന്യൂയോര്‍ക്ക് നഗര മേയര്‍മാരും – റുഡോള്‍ഫ് ഗിലിയാനി, മൈക്കല്‍ ബ്ലൂംബര്‍ഗ്- ഒപ്പിട്ടതായിരുന്നു ഇത്. എന്നാല്‍ അതല്ല ശരിയായ പതാക എന്ന് പിന്നീട് അറിവായി. ഈ പതാക സംഭവസ്ഥലത്തെ പതാകയെക്കാള്‍ വലുതായിരുന്നു. യഥാര്‍ത്ഥ പതാക ഫ്രാങ്ക്‌ളിന്‍ ചിത്രമെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായിരുന്നു.

അത് എങ്ങനെ സംഭവിച്ചു എന്നത് ദുരൂഹമായി തുടരുന്നു.

മധ്യപൂര്‍വേഷ്യയില്‍ ജോലിചെയ്തിരുന്ന നാവികനെന്നാണ് ബ്രയാന്‍ സ്വയം പരിചയപ്പെടുത്തിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 9/11 ല്‍ മരിച്ച ഒരാളുടെ ഭാര്യ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ ഒരു ജോലിക്കാരന് ഈ പതാക നല്‍കിയെന്നും അയാള്‍ ഇത് ബ്രയാനു നല്‍കിയെന്നുമാണ് അറിവ്.

അന്ന് ഫയര്‍ സ്റ്റേഷനിലെത്തിയ ബ്രയാനെ കണ്ടെത്താന്‍ ഇതുവരെ എവറെറ്റ് പൊലീസിനായിട്ടില്ല. ദൃക്‌സാക്ഷികളുടെ വിവരണത്തില്‍നിന്ന് രൂപരേഖ തയാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും.

യഥാര്‍ത്ഥ പതാക ഇപ്പോള്‍ നാഷനല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

‘ 9/11 ന്റെ ഇരുണ്ട മണിക്കൂറുകളില്‍ രാജ്യം എല്ലാ പ്രതീക്ഷയും കൈവിടുക എന്ന അപകടത്തിലേക്കു വഴുതുമ്പോള്‍ നമ്മുടെ രക്ഷാപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഈ പതാക രാജ്യം ഇതിനെ അതിജീവിക്കുമെന്നും സ്വയം വീണ്ടെടുക്കുമെന്നും പുനര്‍നിര്‍മിക്കുമെന്നുമുള്ള വിശ്വാസത്തെ ഉറപ്പിക്കാനും ജീവന്‍ നഷ്ടപ്പെട്ടവരെയും മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവനെ അവഗണിച്ചവരെയും എന്നും ഓര്‍മിക്കുമെന്നുറപ്പിക്കാനും സഹായിച്ചു,’ 9/11 മെമ്മോറിയല്‍ പ്രസിഡന്റ് ജോ ഡാനിയേല്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ‘ ഈ വിശിഷ്ട പതാകയും അതിന്റെ കഥയും ലോകമെമ്പാടും നിന്ന് ഇവിടെ വര്‍ഷം തോറും എത്തുന്ന ലക്ഷക്കണക്കിനു സന്ദര്‍ശകരുമായി പങ്കുവയ്ക്കണമെന്ന് ഞങ്ങള്‍ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്.’

ആക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികമായ ഞായറാഴ്ച ഹിസ്റ്ററി ചാനല്‍ ഈ പതാകയുടെ കണ്ടെത്തലിനെപ്പറ്റിയുള്ള വാര്‍ത്താചിത്രം സംപ്രേഷണം ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍