UPDATES

ഓഫ് ബീറ്റ്

ഞങ്ങളിത് പ്രതീക്ഷിച്ചതാണ്; ഈ ഭരണകൂടം ഞങ്ങളെത്തേടി വരുമെന്ന്‍

എന്താണ് ജെഎന്‍യു? ആരാണ് അവിടുത്തെ വിദ്യാര്‍ഥികള്‍? പുറംലോകത്തിന് ഇന്നേവരെ പിടികിട്ടാത്ത ഒന്നായിട്ടാണ് ജെ.എന്‍.യുവിനെ പലരും വിലയിരുത്തുന്നത്

എന്താണ് ജെഎന്‍യു? ആരാണ് അവിടുത്തെ വിദ്യാര്‍ഥികള്‍? പുറംലോകത്തിന് ഇന്നേവരെ പിടികിട്ടാത്ത ഒന്നായിട്ടാണ് ജെ.എന്‍.യുവിനെ പലരും വിലയിരുത്തുന്നത്. ജെഎന്‍യു എന്നത് കുര്‍ത്ത-ഝോല ധാരികളായ ഒരുപറ്റം വിദ്യാര്‍ഥികളുടെ കേന്ദ്രമായി ചിത്രീകരിക്കുന്ന സിനിമകള്‍ മുതലിങ്ങോട്ട് ദേശദ്രോഹികളായ ചെറുപ്പക്കാരുടെ താവളമെന്ന് മുഖപ്രസംഗമെഴുതിയ പാഞ്ചജന്യവും വ്യാജവീഡിയോകള്‍ വഴി ജെഎന്‍യുവിനുള്ളിലെ ‘ദേശദ്രോഹപ്രവൃത്തികള്‍’ ലോകത്തെയറിയിക്കാന്‍ സുമനസ്സുകാട്ടിയ അര്‍ണാബ് ഗോസ്വാമിയുടെ ‘ടൈംസ് നൌ’ ചാനലുമടക്കം ഊട്ടിയുറപ്പിക്കുന്ന ഒരുകൂട്ടം ധാരണകളാണ് ജെഎന്‍യുവിനെക്കുറിച്ച് പൊതുബോധം ഒരു പരിധിവരെ രൂപപ്പെടുത്തിയിട്ടുള്ളതും. ഇതില്‍നിന്നൊക്കെ മാറി നാല് വര്‍ഷമായി ഞാന്‍ കാണുന്ന ജെഎന്‍യു എന്താണെന്ന് അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണിത്.

അഡ്മിഷന്‍ കിട്ടി ജെഎന്‍യുവില്‍ ചേരാന്‍ പോകുന്ന സമയത്ത് മേല്‍പ്പറഞ്ഞപോലുള്ള പലതരത്തിലുള്ള ചോദ്യങ്ങളും ആശങ്കകളും പലഭാഗത്തുനിന്നും ഞാനും നേരിടേണ്ടി വന്നിരുന്നു. ‘ഡല്‍ഹിയിലും ബാംഗ്ലൂരുമൊക്കെ പഠിച്ച പെണ്‍കുട്ടികള്‍ക്ക് നല്ല കല്യാണമൊന്നും വരൂല മോളെ. പ്രത്യേകിച്ച് ജെഎന്‍യുവില് പഠിച്ച പെണ്‍കുട്ടികള്‍ക്ക് ‘ എന്നുവരെ ഉപദേശിച്ചുകളഞ്ഞു ചിലര്‍. അങ്ങനെ പല രീതിയിലുമുള്ള മുന്നറിയിപ്പുകളും മറ്റും അതിജീവിച്ച് 2012-ല്‍ ഇവിടെ മോഡേണ്‍ ഹിസ്റ്ററിയില്‍ എംഎ വിദ്യാര്‍ഥിയായി പ്രവേശനം നേടി. ജെഎന്‍യുവില്‍ അഡ്മിഷന്‍ കിട്ടുന്നതിനേക്കാള്‍ കഠിനമാണ് ഹോസ്റ്റല്‍ റൂം കിട്ടാന്‍ എന്നുള്ളതുകൊണ്ട് ആദ്യ സെമസ്റ്ററിന്റെ അവസാനം മാത്രമേ റൂം കിട്ടിയുള്ളൂ. റൂം കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ സഹകരണത്തിലധിഷ്ഠിതമായ ഒരു ബന്ധം ഉള്ളതുകൊണ്ട് വേറൊരു റൂമില്‍ ഗസ്റ്റ് ആയി അതുവരെ കഴിഞ്ഞു.

ജെഎന്‍യു എന്‍ട്രന്‍സ് എന്ന കടമ്പ കഴിഞ്ഞ് അഡ്മിഷന്‍ എടുക്കുമ്പോള്‍ത്തന്നെ ഒരുതരം പോസിറ്റീവായ പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുന്നുണ്ട് ഓരോരുത്തരും. എടുത്തുപറയേണ്ട ഒന്ന് ഇവിടുത്തെ ഡിപ്രിവേഷന്‍ പോയിന്റുകളാണ്. സാമ്പത്തികമായും സാമൂഹികപരമായും താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും പെണ്‍കുട്ടികള്‍ക്കും പിന്നാക്കപ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും എല്ലാം ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. അതായത് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെയും മറ്റും കോളേജുകളില്‍ നിന്ന് വരുന്ന ഒരു വിദ്യാര്‍ഥിനിക്കും കേരളത്തിലെയോ ഒറീസയിലെയോ താരതമ്യേന പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്തുനിന്ന് വരുന്ന ഒരു വിദ്യാര്‍ഥിനിക്കും പ്രവേശനപരീക്ഷയില്‍ ഒരേ മാര്‍ക്ക് ലഭിച്ചെന്നിരിക്കട്ടെ. രണ്ടാമത് പറഞ്ഞ കുട്ടിക്ക് അവരുടെ സാമൂഹികപശ്ചാത്തലം കൂടി കണക്കിലെടുത്ത് 5 പോയിന്റ് കൂടുതല്‍ ലഭിക്കും. ഏറെക്കുറെ ഇന്ത്യയുടെ ഒരു പരിച്ചേദം തന്നെയാണിവിടെ കാണാന്‍ സാധിക്കുക. ഇത്രയൊക്കെയായിട്ടും എംഫില്‍, പിഎച്ച്ഡി അഡ്മിഷന് പല തരത്തിലുമുള്ള വിവേചനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇവിടെ നിലനില്ക്കുന്നു. അത്തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരങ്ങള്‍ മുന്നോട്ടുപോകുന്നുമുണ്ട്.

 

 

ക്ലാസുകള്‍ തുടങ്ങി ആദ്യ ആഴ്ച തന്നെ ഒരു കാര്യം മനസിലാക്കി. ഏകദേശം 10 വര്‍ഷത്തോളമായി തികച്ചും monotonous ആയി ഞാന്‍ പഠിച്ച രീതിയിലുള്ള ചരിത്രപഠനമല്ല ഇവിടെ നടക്കുന്നത്. വസ്തുതകളോടൊപ്പം തന്നെ അതിന്റെ വിശകലനത്തിനും കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് അതുവഴി സ്വന്തമായി വാദങ്ങള്‍ രൂപീകരിക്കാനുതകുന്ന വിധത്തിലുള്ള ഒരു പഠനം. ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഞങ്ങള്‍ക്ക് തന്ന അസൈന്‍മെന്റുകളിലൊന്ന് ബെനഡിക്റ്റ് ആന്‍ഡേഴ്സന്‍റെ ‘Imagined Communities’ വായിച്ചു ക്ലാസില്‍ ചര്‍ച്ച ചെയ്യാനായിരുന്നു. ദേശീയത എപ്രകാരമാണ് സൃഷ്ടിക്കപ്പെടുന്നത് എന്നത് വളരെ യുക്തിസഹമായ രീതിയില്‍ വിവരിച്ചിരിക്കുന്ന ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഇത്തരത്തിലുള്ളഒരു ചര്‍ച്ച കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. ചരിത്രമെന്നാല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി മാത്രമാണെന്ന് അടിച്ചുറപ്പിക്കുന്ന സാമ്പ്രദായികരീതിയില്‍ നിന്നും വിട്ടുമാറി ചരിത്രത്തിന്റെ പല രീതിയിലുള്ള പുനര്‍വായനകളാണിവിടെ നടക്കുന്നത്. ഇവിടുത്തെ അധ്യാപകരായ നീലാദ്രി ഭട്ടാചാര്യയും ജാനകി നായരുമടക്കം പലരും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന കമ്മിറ്റിയിലെ അംഗങ്ങളുമാണ്.

ചരിത്രപഠനം എന്നുള്ളത് ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടാതെ വളരെയധികം interdisciplinary ആയിട്ടുള്ള ഒരു രീതി പിന്തുടരുന്നവരാണ് ഇവിടുത്തെ ചരിത്രാധ്യാപകര്‍. മറ്റു സെന്ററുകളിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെയാണ് ഏണസ്റ്റ് ഗെല്‍നെറും ബെനഡിക്റ്റ് ആന്‍ഡേഴ്‌സണും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു സ്വയംപ്രഖ്യാപിത ദേശീയതയ്ക്കുപരിയായി ഇവിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കാശ്മീരുമൊക്കെയുണ്ടെന്ന് പ്രൊഫസര്‍ എംഎസ് പാണ്ഡ്യന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്.

അധ്യാപകരും വിദ്യാര്‍ഥികകളും ഏറ്റവുമധികം സ്വാതന്ത്ര്യത്തോടെ അടുത്തിഴപഴകുന്ന, അന്യോന്യം മണിക്കൂറുകളോളം വാദിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ഒരു കാമ്പസ്. കേവലം വസ്തുതകളില്‍ മാത്രം അധിഷ്ഠിതമായ പഠനത്തിനു പകരം ഒരാളുടെ ചിന്താശേഷി വളര്‍ത്തുന്ന തരത്തിലുള്ള, ആരോഗ്യപരമായ ചര്‍ച്ചകളിലൂടെയും സര്‍വോപരി സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളോടൊപ്പം തന്നെ പുറംലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് രാവേറെ വൈകിയാലും ഉണര്‍ന്നിരിക്കുന്ന, എല്ലാ വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായത്തിനുള്ള ഇടംനല്‍കുന്ന, ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളെ ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു കാമ്പസ്. ഇതൊക്കെയാണെനിക്ക് ജെഎന്‍യു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷയോടെ രാത്രി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന വളരെച്ചുരുക്കം സ്ഥലങ്ങളിലൊന്നാണിവിടം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളും ഇവിടുത്തെ രാത്രികളും ഒടുങ്ങാത്ത ചര്‍ച്ചകളും എല്ലാം ഈ ലോകം പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് എല്ലാ രീതിയിലും നമ്മെ ഓര്‍മിപ്പിക്കുന്ന അപൂര്‍വം ചില തുരുത്തുകളിലൊന്ന്.

 

 

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന എല്ലാ അവകാശങ്ങളും എല്ലാവര്‍ക്കും ഉറപ്പ് വരുത്തിയിരിക്കണം എന്നത് തന്നെയാണ് ഈ ക്യാമ്പസിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ പഠനവും രാഷ്ട്രീയവും തമ്മില്‍ വലിയ അന്തരമില്ലെന്നു മനസിലാക്കിയവരാണ് ഇവിടുത്തെ വിദ്യാര്‍ഥികളും. ഇതൊക്കെക്കൊണ്ടുതന്നെയാണ് ‘ഞങ്ങള്‍ കൊടുക്കുന്ന ടാക്‌സ് കൊണ്ട് പഠിക്കേണ്ടതിനുപകരം സമരം നടത്തുന്നു’ എന്നുള്ള, അച്ഛന്‍ ലോണ്‍ എടുത്തു പഠിപ്പിച്ച സംവിധായകനടക്കം ബഹുഭൂരിപക്ഷത്തിന്റെ ആരോപണങ്ങളെ ഞങ്ങള്‍ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുന്നത്. ശരിയാണ്, നിങ്ങളുടെ നികുതിപ്പണം കൊണ്ടുതന്നെയാണ് ഞങ്ങളുടെ സബ്സിഡൈസ്ഡ് പഠനം നടക്കുന്നത്. അതുകൊണ്ടുതന്നെയാണ്, നിങ്ങളടയ്ക്കുന്ന ഓരോ രൂപയ്ക്കും നിങ്ങളോടു കടപ്പെട്ടതുകൊണ്ടുകൂടിയാണ് ഈരാജ്യത്തെ വിദ്യാഭ്യാസരംഗമടക്കം ഡബ്ല്യു.റ്റി.ഒയ്ക്ക് തീറെഴുതി നല്‍കുന്ന, കര്‍ഷകാത്മഹത്യയെക്കുറിച്ച് മൌനം പാലിക്കുന്ന, രോഹിത് വെമൂലമാരെ കൊന്നൊടുക്കുന്ന വ്യവസ്ഥിതിയ്‌ക്കെതിരെ ഞങ്ങള്‍ ശബ്ദിക്കുന്നത്. ഓര്‍ക്കേണ്ട ഒന്നുകൂടിയുണ്ട്; അംബാനിക്കും മല്യക്കും ‘ഇന്‍സെന്റീവ്’ എന്ന ഓമനപ്പേരില്‍ ധനസഹായം ലഭിക്കുന്നതും നിങ്ങളടയ്ക്കുന്ന ഇതേ നികുതിപ്പണത്തില്‍ നിന്നുതന്നെയാണ്; പറഞ്ഞന്നേ ഉള്ളൂ!

രോഹിത് വെമുലയുടെ ആത്മഹത്യ മുതലിങ്ങോട്ട് ചൂടുപിടിച്ചു തുടങ്ങിയ ജെഎന്‍യുവിലെ അന്തരീക്ഷമിതുവരെയും സാധാരണ ഗതിയിലേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. ഫെബ്രുവരി 9 മുതല്‍ തുടര്‍ച്ചയായി സംഘപരിവറിന്റെയും അതിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ദേശദ്രോഹികളെന്നു മുദ്രകുത്തി വിചാരണ ചെയ്തു തുടങ്ങിയപ്പോള്‍ ഈ കാമ്പസ് ഈ ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. വ്യാജതെളിവുകള്‍ കെട്ടിച്ചമച്ച് തങ്ങളുടെ സഹപാഠികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അവര്‍ തെരുവിലേക്കിറങ്ങുന്നു. അരാഷ്ട്രീയവാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇവിടുത്തെ ചില വിദ്യാര്‍ഥികള്‍ പോലും ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന് തിരിച്ചറിയുന്നു; സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.

ജെഎന്‍യുവില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇവിടുത്തെ അധ്യാപകസമൂഹവും ഒപ്പമുണ്ട്. ഒട്ടുമിക്കവരും ഇവിടുത്തെ തന്നെ പൂര്‍വവിദ്യാര്‍ഥികളുമാണ്. ജെഎന്‍യു പിന്നിട്ടുപോന്ന വഴികള്‍ ഇവിടെയുള്ള മറ്റാരേക്കാളും അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മുന്‍പൊരിക്കലുമില്ലാത്തവിധം, ആര്‍എസ്എസ് ഗുണ്ടകളുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുപോലും അവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്നു. ‘രാജ്യം യഥാര്‍ത്ഥത്തില്‍ എന്താണറിയേണ്ടത്’ എന്ന ആമുഖത്തോടെ ദേശീയതയെക്കുറിച്ച് എല്ലാ ദിവസവും വൈകിട്ട് ക്ലാസുകള്‍ സംഘടിപ്പിച്ച് ഇവിടുത്തെ അധ്യാപകര്‍ മാതൃകയാവുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. തങ്ങള്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച ഒരു ചട്ടക്കൂട്ടില്‍ നിന്നുമാത്രം ദേശീയത എന്നതിനെ നോക്കിക്കാണുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഇവിടെ നടക്കുന്ന ലെക്ചറുകള്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് ജെഎന്‍യുവിനെതിരെ അസഭ്യവര്‍ഷം നടത്തുന്ന, വിദ്യാര്‍ഥി നേതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വധഭീഷണി മുഴക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനും ഭരണകൂടത്തിനുമെതിരെ ഞങ്ങള്‍ ഇങ്ങനെ കൂടിയാണ് പ്രതികരിക്കുന്നത്: ആരോഗ്യപരമായ ചര്‍ച്ചകള്‍ തുടങ്ങിവെച്ചുകൊണ്ട്.

 

 

ഞങ്ങളിത് പ്രതീക്ഷിച്ചതാണ്. ഇതല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ ഭരണകൂടം ഞങ്ങളെത്തേടി വരുമായിരുന്നു; പലകാരണങ്ങളും കണ്ടുപിടിച്ചുകൊണ്ട്. പൂനെ എഫ്റ്റിഐഐക്കും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്കും ശേഷം ഒക്യുപ്പൈ യുജിസിക്കു വേണ്ടിയും രോഹിത് വെമൂലയ്ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്ന, കേന്ദ്രഗവണ്‍മെന്റിന്റെ മൂക്കിനുകീഴെയുള്ള ഈ സ്ഥാപനത്തെ അവര്‍ എന്തുവിലകൊടുത്തും അടിച്ചമര്‍ത്താന്‍ ശ്രമിക്കും. അതിന് താളംപിടിക്കാന്‍ സ്വയംപ്രഖ്യാപിത ദേശസ്‌നേഹം മുദ്രാവാക്യമായി കൊണ്ടുനടക്കുന്ന എബിവിപി എന്ന വിദ്യാര്‍ഥിസംഘടനയും, വ്യാജപരാതി നല്‍കി വിദ്യാര്‍ഥികളെ ജയിലിലടയ്ക്കാന്‍ കൂട്ടുനിന്ന യൂണിവേഴ്‌സിറ്റി രജിസ്ട്രാറും ഒപ്പമുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചില ആഘോഷങ്ങള്‍ മാത്രം ദേശീയോത്സവങ്ങളായി കൊണ്ടാടുന്ന, മറ്റ് സംസ്ഥാനങ്ങളിലേയോ മതവിഭാഗങ്ങളുടെയോ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോലും മനസ്സുകാണിക്കാത്ത എബിവിപി ഉയര്‍ത്തുന്ന ദേശസ്‌നേഹം എന്താണെന്ന് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നന്നായറിയാം. ജയതി ഘോഷ് ഈയിടെ പറഞ്ഞതുപോലെ, ഭരണഘടനയുടെ ആമുഖത്തില്‍ കാണുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ ഒരു രാജ്യത്തെ ഭരണഘടന അവിടുത്തെ പൌരന്‍മാര്‍ക്ക് നല്‍കുന്ന നാല് ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നിടത്താണ് ഏറ്റവും വലിയ രാജ്യദ്രോഹം ഉണ്ടാകുന്നത്. അവ ലംഘിക്കപ്പെടുന്നിടത്തോളം കാലം അതിനുവേണ്ടിയുള്ള ജെഎന്‍യുവിലെ പോരാട്ടവും തുടര്‍ന്നുകൊണ്ടേയിരിക്കും.

വാല്‍ക്കഷ്ണം: ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഗവേഷണമികവിന് ജെഎന്‍യുവിന് രാഷ്ട്രപതിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ച വാര്‍ത്ത വായിക്കുന്നത്. കാവ്യനീതി, അങ്ങനെയെന്തോ ഒന്നുണ്ടല്ലേ! 🙂

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹെയ്ദി സാന്ത് മറിയം

ഹെയ്ദി സാന്ത് മറിയം

ജെഎന്‍യുവില്‍ എംഫില്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍