UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഡീഷയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

മനുഷ്യാവകാശ പ്രവര്‍ത്തകനായ ദേവരാജന്‍ സാരംഗിയെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ റായഗഡ ജില്ലയിലെ കുച്ചൈപഡാര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് പൊലീസ് സാരംഗിയെ അറസ്റ്റ് ചെയ്തത്.

2005-ല്‍ റായഗഡയിലെ തന്നെ തിക്രി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാഷിപൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ജാമ്യമില്ലാ വാറന്റുമായാണ് പൊലീസ് സാരംഗിയെ മാര്‍ച്ച് 18-ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്യാനെത്തിയത്. വൈകുന്നേരം പൊലീസ് കോടതിയില്‍ ഹാജരാക്കുന്നതു വരെ അദ്ദേഹത്തിന്റെ അഭിഭാഷകനു പോലും സാരംഗി എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക പോലും ചെയ്യാതെ മാര്‍ച്ച് 22 വരെ റിമാന്‍ഡ് നീട്ടുകയും ചെയ്തു.

ഒഡീഷയിലും പുറത്തും നടക്കുന്ന അനവധി ദളിത്, ആദിവാസി, മനുഷ്യാവകാശ സമരങ്ങളില്‍ പങ്കെടുക്കുന്നയാളാണ് സാരംഗി. അറിയപ്പെടുന്ന എഴുത്തുകാരനും ചലച്ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും കൂടിയാണ് അദ്ദേഹം. ഖനന ലോബിയേയും ഹിന്ദുത്വയുടെ തെറ്റായ പ്രവണതകളേയും നിരന്തമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം ഒഡീഷയില്‍ നടക്കുന്ന കര്‍ഷ ആത്മഹത്യകളിലും ഇടപ്പെട്ടിരുന്നു. കാഷിപൂരിലെ ഉത്കല്‍ അലുമിനിയം ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഖനന പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന പ്രകൃതിക സമ്പദ് സുരഖ്യ പരിഷദിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഈ കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായ ആദിവാസികള്‍ക്കുവേണ്ടിയും നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്നു.

സാരംഗിയുടെ അറസ്റ്റ് സര്‍ക്കാരിന് എതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വിശ്വപ്രഭ കാനുന്‍ഗോയും മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷകനുമായ ത്രിജീബ് നന്ദയും ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍