UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റിന്റെ ആദ്യ അരാജകവാദിയും ജനാലക്കരികിലെ ഒളിഞ്ഞുനോട്ടക്കാരനും

Avatar

ജേക്കബ് സില്‍വര്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സാങ്കേതികവിദ്യ വ്യവസായം അഭിമുഖീകരിച്ച പ്രശ്‌നങ്ങളും ഏതാണ്ട് ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. വിപുലമാകുന്ന ഒരു ഉപഭോക്തൃ വിപണി, താഴോട്ട് പോരുന്ന നിര്‍മ്മാണച്ചെലവ്, ഓഹരിമൂലധനത്തിന്റെ ഉയര്‍ന്ന ലഭ്യത തുടങ്ങിയവ ‘ഡോട്‌കോം’ കുമിളയെ പൊട്ടിക്കാന്‍ തുടങ്ങി. ഡിജിറ്റല്‍ രേഖകള്‍ രഹസ്യമാക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യകളില്‍ നിയമനടത്തിപ്പിന്റെ പേരില്‍ ചില പഴുതുകള്‍ ഉണ്ടാക്കിവെക്കണമെന്ന നിലപാടിനോട് സാങ്കേതികവിദ്യാ സമൂഹം യു എസ് സര്‍ക്കാരുമായി യുദ്ധത്തിലാണ്. പുത്തന്‍ തലമുറ ഇന്റര്‍നെറ്റ് പ്രവര്‍ത്തകര്‍ ഈ സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ സ്വാധീനത്തെ ഭയക്കുകയും സ്വാഗതം ചെയ്യുന്നുമുണ്ട്. ഇവിടെ ‘നെറ്റ് നിഷ്പക്ഷതയുടെ’ കാലമായി ഗണിക്കുന്നത് 1996 ലെ വാര്‍ത്താ വിനിമയ നിയമം ആണ്. 

സാങ്കേതികവിദ്യാ സമൂഹത്തിലെ ഉന്നതര്‍ സര്‍ക്കാരുമായി അത്ര സുഖത്തിലല്ല. എന്നാല്‍ അവര്‍ക്ക് ഗുണം ചെയ്യും എന്നു തോന്നിയിടത്ത് അവര്‍ സര്‍ക്കാരുമായി സഹകരിച്ചു. ഉദാഹരണത്തിന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് രേഖകള്‍ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കി. പകരം ചില നികുതിയിളവുകള്‍ നേടിയെടുക്കുകയും ചെയ്തു. പക്ഷേ വേറിട്ട് നില്‍ക്കുക എന്നതുതന്നെയായിരുന്നു പ്രധാനം. ഇന്റര്‍നെറ്റ് അവരുടെയാണ്, സര്‍ക്കാരിന്റെയല്ല എന്ന്. രണ്ടു ദശാബ്ദമായി ഈ തോന്നല്‍ ശക്തമാണ്. എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളോടെ ഈ മേല്‍നോട്ടത്തിനെതിരെ സര്‍ക്കാരിനെതിരെ നില്‍ക്കാന്‍ ഇത്തരം കമ്പനി മേധാവികള്‍ക്ക് കൂടുതല്‍ ധൈര്യം വന്നു. 

ഈ സൈബര്‍ പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവം മനസിലാക്കണമെങ്കില്‍ ആദ്യം ‘സൈബര്‍ ലോകത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം’ എന്ന വിചിത്ര രേഖയുടെയും അതിന്റെ ഉപജ്ഞാതാവായ ജോണ്‍ പെറി ബര്‍ലോയുടെ സ്വാധീനവും മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ, ഈ മേഖലയുടെ സ്വഭാവ രൂപീകരണം തന്നെ കടപ്പെട്ടിരിക്കുന്നത് ബര്‍ലോയുടെ ‘കൗണ്ടര്‍ കള്‍ച്ചര്‍ ഉട്ടോപ്യനിസ’ത്തിലും ഭരണകൂടത്തിന്മേലുള്ള അവിശ്വാസത്തിലും വര്‍ച്വല്‍ ലോകത്തിന്റെ സാധ്യതകളിലെ അമിത വിശ്വാസവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. 

പ്രശ്‌നമെന്തെന്ന് വെച്ചാല്‍ നമ്മള്‍ വിതച്ചതാണ് നമ്മള്‍ കൊയ്യുന്നത്. 

ഫാസിസ്റ്റുകളും, ഫാസിസ്റ്റ് കലാകാരന്മാരും, പ്രകടനപത്രികകളും പൊതുവേ ഇല്ലാതാവുകയാണ്. 1938നു ശേഷം അത്തരമൊന്ന് അലോസരവുമുണ്ടാക്കുന്നു. പക്ഷേ ‘സൈബര്‍ ലോകത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം’ എന്ന 1996 ഫെബ്രുവരിയില്‍ വന്ന ബര്‍ലോയുടെ 846 വാക്കുകളുള്ള കുറിപ്പു സാമ്പ്രദായിക പരമാധികാര ശക്തികളെ ആക്ഷേപിച്ചാണ് തുടങ്ങുന്നത്; ‘വ്യാവസായിക ലോകത്തിന്റെ സര്‍ക്കാരുകളെ, മാംസവും ഉരുക്കും ചേര്‍ന്ന മന്തന്‍ രാക്ഷസന്മാരേ, ഞാന്‍ സൈബര്‍ലോകത്ത് നിന്നാണ് വരുന്നത്, മനസിന്റെ പുതിയ പാര്‍പ്പിടത്തില്‍ നിന്നും. കഴിഞ്ഞുപോയ കാലത്തെ നിങ്ങളോട് വരാന്‍ പോകുന്ന കാലത്തിനുവേണ്ടി ഞങ്ങളെ തനിച്ചുവിടാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളെ ഞങ്ങള്‍ക്കിടയില്‍ സ്വാഗതം ചെയ്യുന്നില്ല. ഞങ്ങള്‍ ഒത്തുകൂടുന്നിടത്ത് നിങ്ങള്‍ക്കൊരു പരമാധികാരവുമില്ല.’

പരമ്പരാഗതനിയമങ്ങള്‍ ബാധകമല്ലാത്ത പരമമായ സ്വാതന്ത്ര്യത്തിന്റെ ഒരിടമായി സൈബര്‍ലോകം മാറുന്നത് എങ്ങനെയെന്ന് തുടര്‍ന്നദ്ദേഹം വിശദമാക്കുന്നു. ഒടുവിലായി, ഇന്‍റര്‍നെറ്റ് ‘ നിങ്ങളുടെ സര്‍ക്കാരുകള്‍ ഇതിനുമുമ്പ് ഉണ്ടാക്കിയതിനെക്കാളും മാനവികവും നീതിയുക്താവുമാകണമെന്ന്’ അയാള്‍ ആഹ്വാനം ചെയ്യുന്നു. 

ആ പ്രഖ്യാപനം അതിവേഗം വ്യാപിച്ചു. പ്രസിദ്ധീകരിച്ചു മാസങ്ങള്‍ക്കുള്ളില്‍ അത് ആയിരക്കണക്കിന് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. ബര്‍ലോയുടെ ആശയങ്ങള്‍ ഏതാണ്ട് ഒരാചാരം പോലെ ഈ മേഖലയിലെ മുന്‍നിര ചിന്തകര്‍ Web ഗുരു ജെഫ് ജാര്‍വിസ്, Wired സ്ഥാപകന്‍ കെവിന്‍ കെല്ലി, അതീത യഥാര്‍ത്ഥ്യ ലോകത്തിന്റെ ഉപജ്ഞാതാവ് ജാരണ്‍ ലാനിയര്‍ എടുത്തുപറയാന്‍ തുടങ്ങി. ബര്‍ലോയുടെ എഴുത്തുകള്‍ സമാഹരിക്കപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ ‘The Libertarian Reader’ ഭാവി സര്‍ക്കാരിനെക്കുറിച്ചുള്ള ബാര്‍ലോയുടെ ചിന്തകള്‍ പങ്കുവെക്കുന്നു. 90കളിലെ എന്തിനെയും പോലെ ഈ ‘സ്വാതന്ത്ര്യപ്രഖ്യാപനവും’ ചരക്കുവത്കരിക്കപ്പെട്ട ഗൃഹാതുരതയായി മാറി.

അതിനുമപ്പുറം ആ ഭാഷയും വൈകാരികതയും സിലിക്കോണ്‍ വാലിയുടേതാണ്. ശരിയായില്ലെങ്കിലും, എറിക് ഷ്മീഡ്ത് തന്റെ ‘The New Digital Age’ എന്ന പുസ്തകത്തില്‍ ഇന്റര്‍നെറ്റിനെ ‘ലോകത്തെ ഏറ്റവും വലിയ ഭരണരഹിതപ്രദേശം’ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അയാള്‍ ബര്‍ലോയുടെ വാചകമടി കടമെടുക്കുകയാണ്. പീറ്റര്‍ തെയില്‍ ‘The Education of a Libertarian’ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറമുള്ള ഒരു നാണയം സൃഷ്ടിക്കാനാണ് താന്‍ PayPal ഉണ്ടാക്കിയതെന്നും,’പുതിയൊരു ഇന്റര്‍നെറ്റ് വ്യാപാരം തുടങ്ങുന്നതോടെ ഒരു സംരംഭകന്‍ പുതിയൊരു ലോകം സൃഷ്ടിച്ചേക്കാം,’ എന്നും പറയുമ്പോള്‍ ബര്‍ലോയുടെ പ്രതിധ്വനി കേള്‍ക്കാതിരിക്കാന്‍ വയ്യ. 

‘കാലിഫോര്‍ണിയന്‍ പ്രത്യയശാസ്ത്രം’ എന്ന് ബ്രിട്ടീഷ് സൈദ്ധാന്തികരായ റിച്ചാഡ് ബാര്‍ബ്രൂക്, ആന്‍ഡി കാമറൂണ്‍ എന്നിവര്‍ വിശേഷിപ്പിച്ച പ്രതിഭാസത്തിന്റെ ആള്‍രൂപമായ ഒരാള്‍ക്ക് ഇത് വിചാരിക്കാത്ത നേട്ടമാണ്. ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള Eletcronic Frontier Foundation ബര്‍ലോ സ്ഥാപിച്ചിരുന്നു. അയാളുടെ ജീവിതത്തിന്റെ തിരിവുകളും വളവുകളും അക്കാലത്തെക്കുറിച്ച് ഫ്രെഡ് ടേണര്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് പോലെ ,’From Counterculture to Cyberculture’, ഹിപ്പി സാമൂഹ്യജീവിതം WELL പോലുള്ള ആദ്യകാല വെബ് സമൂഹങ്ങളിലേക്ക് എങ്ങനെയാണ് മാറിയതെന്ന് പ്രതിഫലിപ്പിക്കുന്നുണ്ട്. 

സാന്‍ഫ്രാന്‍സിസ്‌കോയിലെ സാംസ്‌കാരിക ബൊഹീമിയനിസവും സിലിക്കോണ്‍ വാലിയിലെ നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളും ചേര്‍ന്നൊരു വിചിത്രമായ മിശ്രിതത്തില്‍ നിന്നും ഉയര്‍ന്നു വന്ന ‘പുതിയൊരു വിശ്വാസമാണ്’ കാലിഫോര്‍ണിയന്‍ പ്രത്യയശാസ്ത്രം പ്രതിഫലിപ്പിക്കുന്നതെന്ന് ബാര്‍ബ്രൂകും കാമറൂണും പറയുന്നു. അതില്‍, ഹിപ്പികളുടെ സ്വാതന്ത്ര്യ ബോധവും, യപ്പികളുടെ സംരംഭക ത്വരയും, പ്രതിസാംസ്‌കാരിക കലാപവും, പുത്തന്‍ ഇടതുപക്ഷത്തിന്റെ ആശയങ്ങളും, മാര്‍ഷില്‍ മക്‌ലൂഹനെ പോലുള്ള മാധ്യമ സൈദ്ധാന്തികരുടെ ആഗോള ഗ്രാമ പ്രവചനങ്ങളും ‘പുതിയ സാങ്കേതിക വിദ്യയുടെ വിമോചന ശേഷിയിലുള്ള തികഞ്ഞ വിശ്വാസവും’ എല്ലാം ഉള്‍പ്പെട്ടിരുന്നു. കാലിഫോര്‍ണിയ പ്രത്യയശാസ്ത്രത്തിന്റെ അനുയായികളില്‍ പലരും അവനവന്‍ കാലത്തിന്റെ ബാക്കിയും ശാസ്ത്ര നോവലുകളുടെ ആരാധകരും പുതുലോക ആത്മീയതയുടെ വക്താക്കളുമായിരുന്നു. മുന്‍ തലമുറയുടെ പൗരാവകാശ മുന്നേറ്റങ്ങളെ അവര്‍ ഉപേക്ഷിച്ചു. തെരുവുകളില്ല മറിച്ച് സര്‍ക്കാരിന്റെയോ, ഭൗതിക ലോകത്തിന്റെ പോലും നിയന്ത്രണങ്ങളില്ലാത്ത, വ്യക്തിത്വത്തിന്റെ പൂര്‍ണമായ പ്രകാശനത്തിന് ഇടം കിട്ടുന്ന ഡിജിറ്റല്‍ വിപണിയായ ‘ഇലക്‌ട്രോണിക് തുറസ്സുകളിലാണ്’ സ്വാതന്ത്ര്യമെന്ന് അവര്‍ കരുതി. 

അനുപൂരകമല്ലാത്ത ആശയങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള ഈ വിശ്വാസത്തിന്റെ സാധ്യതയാണ് ഇതിന്റെ ശേഷിയും: തീവ്രമായ വ്യക്തിവാദവും ഡിജിറ്റല്‍ സമൂഹവും; നവ ഉദാര,സ്വതന്ത്ര വിപണി മുതലാളിത്തവും സര്‍ക്കാര്‍ സഹായത്താല്‍ തുടങ്ങിയ ഇന്റര്‍നെറ്റ് വ്യവസായവും; ആത്മീയ അന്വേഷണവും കോര്‍പ്പറേറ്റ് സാമ്പ്രദായികതയും. നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും സിസ്റ്റം എഞ്ചിനീയര്‍മാരായും ചുവരെഴുത്ത് കലാകാരന്മാരില്‍ നിന്നും ഗ്രാഫിക് രൂപകല്‍പ്പനക്കാരുമായി മാറിയവര്‍ക്ക് ഇത് ഏറെ ആകര്‍ഷകമായി. ലോകം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയുമെന്ന തോന്നലുണ്ടാക്കി. മൈക്രോസോഫ്റ്റില്‍ ജോലിക്കു കയറുന്നത് സ്വയം വില്‍ക്കലാകണമെന്നില്ല, ഒരു ഉടോപ്യ നേടാനായി തന്റെ കഴിവുകളെ ഉറപ്പിക്കലുമാകാം അത്. 

വാര്‍ത്ത വിനിമയത്തിലും വ്യാപാരത്തിലും മാത്രമല്ല സാമൂഹ്യ ബന്ധങ്ങളിലും സംസ്‌കാരത്തിലും പുതിയൊരു വിപ്ലവം ഉണ്ടാക്കിയെന്ന് കരുതുന്ന ഈ പുതിയ സാങ്കേതികവിദ്യയുടെ കാലത്തിന് ബര്‍ലോയുടെ രചനകള്‍ കൃത്യം പാകത്തിലുള്ളതായിരുന്നു. ബാര്‍ലോ ഇന്റര്‍നെറ്റിനെ വിശാലമായ അതിരുകളില്ലാത്ത ഇലക്ട്രോണിക് മേച്ചില്‍ സ്ഥലമായാണ് കണ്ടത് (ബര്‍ലോയുടെ മാതാപിതാക്കള്‍ക്ക് കൃഷിയിടമുണ്ടായിരുന്നു). ഹിപ്പികളുടെ തലമുറ ബോധോദയത്തിനും ആത്മീയ ജ്ഞാനത്തിനും പൗരസ്ത്യ മതങ്ങളെയും, മതിഭ്രമമുണ്ടാക്കുന്ന മയക്കുമരുന്നുകളെയും ആശ്രയിച്ചെങ്കില്‍ ബാര്‍ലോയുടെ തലമുറ ബോധവികാസത്തിനുള്ള സാധ്യതകള്‍ വെബിലാണ് കണ്ടെത്തിയത്. ബര്‍ലോയുടെ പ്രഖ്യാപനം ഈ നിലപാടുകളെ അമേരിക്കന്‍ ആദര്‍ശവാദവുമായി ഇണക്കിച്ചേര്‍ത്തു. 

എന്നാലും ബര്‍ലോയുടെ പ്രഖ്യാപനത്തില്‍ ചില ഭ്രാന്തന്‍ പൊരുത്തക്കേടുകളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, തുല്യത, വിവേചനത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും സ്വാതന്ത്ര്യം, തുടങ്ങിയ വിശുദ്ധ തത്വങ്ങളാണ് ബര്‍ലോ പറയുന്നത്. രക്തവും മാംസവുമുള്ള യാഥാര്‍ഥ്യത്തില്‍ നിന്നും വ്യവസ്ഥിതിയില്‍ നിന്നുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹം തീര്‍ത്തും നിഷ്‌കളങ്കമാണ്. ആദ്യരൂപമായ APRANET-ഉം പിന്നെ ഇന്റര്‍നെറ്റും അതിന്റെ അസ്തിത്വത്തിന് യു. എസ് സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നു. നിരവധി ഭൗതിക വസ്തുക്കളുടെ റൂട്ടുകളും വിവരങ്ങള്‍ കടത്തിവിടുന്ന വള്ളികളും, ഡാറ്റ കേന്ദ്രങ്ങളും പിന്നെ കംപ്യൂട്ടറുകളും അടങ്ങുന്ന ഒരു കൂട്ടമാണത്. അതിര്‍ത്തികളെ മറികടക്കാന്‍ അത് സഹായിച്ചിരിക്കാം, എന്നുവെച്ച് അതിര്‍ത്തികളും നിയമങ്ങളും ഇല്ലാതാകുന്നു എന്നല്ല. ഇന്നിപ്പോള്‍ വ്യാപകമായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ സര്‍ക്കാരുകള്‍ വലിയ തോതില്‍ അധികാരം കയ്യാളുന്നു എന്ന് കാണാം. 

ദാവോസില്‍ നടന്ന ലോക സാമ്പത്തിക സമ്മേളനത്തില്‍ വെച്ചാണ് ബര്‍ലോ ഈ കുറിപ്പു തയ്യാറാക്കിയത്. സാമ്പ്രദായിക അധികാരഘടനയിലാണ് അവരുമെന്ന് ഇത് സൂചിപ്പിക്കുന്നു. 

ഓണ്‍ലൈനില്‍ സര്‍ക്കാരുകള്‍ മാത്രമല്ല ശക്തരായത്. സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന സങ്കല്‍പ്പത്തെ പരമാധികാര കേന്ദ്രങ്ങളായി തങ്ങളെ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ വിവരങ്ങളാണ് അവര്‍ ശേഖരിക്കുന്നത്. നമ്മുടെ വിനിമയങ്ങള്‍ എങ്ങനെയായിരിക്കണമെന്നും എങ്ങനെ പരിഷ്‌കരിക്കണമെന്നും അവര്‍ തീരുമാനിക്കുന്നു. നെറ്റ് നിഷ്പക്ഷത എന്ന ജനകീയ നീക്കം പോലും വ്യവസായത്തിലെ ചില ഭീമന്മാര്‍ തെളിച്ചു നടത്തുന്ന ഒന്നാകുന്നു. 

ഈ ഓര്‍വെല്ലിയന്‍ മാറ്റത്തെ അസ്വസ്ഥതയോടെയാണ് ബാര്‍ലോ കണ്ടത്. ‘നമ്മള്‍ എല്ലാ നല്ല കാര്യങ്ങളെയും നിയന്ത്രണങ്ങളില്‍ നിന്നും മാറ്റി, അതിപ്പോള്‍ നമുക്ക് വീണ്ടെടുക്കാനാവാത്തവിധം നമ്മുടെ പക്കല്‍ ഈ രൂപത്തില്‍ തിരിച്ചുവന്നിരിക്കുന്നു.’ ഗൂഗിളിനേക്കാളും ഫെയ്‌സ്ബുക്കിനെക്കാളും സര്‍ക്കാര്‍ നിരീക്ഷണത്തെക്കുറിച്ചാണ് ബര്‍ലോ ആശങ്കപ്പെടുന്നത്. 

‘ആ വിവരങ്ങള്‍ വെച്ച് അവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്, എന്തെല്ലാം അദൃശ്യമായ നിയന്ത്രണങ്ങളാണ് നമുക്ക് മുകളില്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതെന്ന് നമുക്കറിയില്ല. അവര്‍ക്ക് നമ്മളെ അറിയാം. എന്നാല്‍ നമുക്കവരെ അറിയില്ല. ഈ അസന്തുലനമാണ് എന്നെ അസ്വസ്ഥനാക്കുന്നത്.’

ഈ അസന്തുലനം എവിടെയുമുണ്ട്, പ്രത്യേകിച്ചും സിലിക്കോണ്‍ വാലിയില്‍. അതിന്റെ ഉട്ടോപ്യന്‍ കാഴ്ച്ചപ്പാടുകളില്‍ നിന്നും പ്രതിസാംസ്‌കാരിക, സാമൂഹ്യ ബോധങ്ങള്‍ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാത്ത വിഘടനവാദ സ്വകാര്യ മേഖല മോഹങ്ങളാണ് ഇന്ന്. നിരാശകള്‍ അവിടെത്തുടങ്ങുന്നു പരസ്യത്തിനു പുറകേയുള്ള പാച്ചില്‍, സമ്പദ് വ്യവസ്ഥയിലും തൊഴില്‍ വ്യവസ്ഥയിലുമുള്ള അസമത്വം; സാന്‍ഫ്രാന്‍സിസ്‌കോയിലെ തൊഴിലാളി വര്‍ഗ്ഗം അപ്രത്യക്ഷമാകുന്നു; ഏതൊരു ആയുധ കരാറുകാരനെയും പോലെ ഗൂഗിളും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ഓരോ അമര്‍ത്തലുകളും ഹൃദയമിടിപ്പും നിരീക്ഷിക്കുന്നതിലൂടെ അവര്‍ കനത്ത ലാഭമുണ്ടാക്കുന്നു എന്നതാണ് ഫലം. വിവരങ്ങള്‍ ശേഖരിക്കുന്ന ദല്ലാളുമാര്‍ക്ക് കമ്പനികള്‍ അവ വില്‍ക്കുന്നു. ദല്ലാളുകള്‍ അത് പല രൂപത്തിലാണ് മുതലെടുക്കുന്നത്. ബലാത്സംഗത്തിനിരയായവര്‍ മുതല്‍ ഓര്‍മക്കുറവ് ബാധിച്ച മുതിര്‍ന്ന പൗരന്മാരുടെ ലിസ്റ്റ് വരെ അവര്‍ ചോര്‍ത്തിക്കൊടുക്കുന്നു. ഒരിക്കല്‍ ഒരു മിഥ്യാത്മക രൂപം നല്‍കിയിരുന്ന ഇന്റര്‍നെറ്റ് വ്യവസായം ഇന്നിപ്പോള്‍ നമ്മള്‍ കാണുന്ന പരസ്യവും, നമ്മുടെ വിനിമയ രീതികളും എല്ലാം നിശ്ചയിക്കുന്ന, നാം എങ്ങനെ ജീവിക്കണം എന്ന് രൂപപ്പെടുത്തുന്ന, 156 ബില്ല്യണ്‍ ഡോളറിന്റെ വ്യവസായമായി മാറിയിരിക്കുന്നു.

‘നിങ്ങളുടെ സ്വകാര്യതയെ സര്‍ക്കാരിനെ വിശ്വസിച്ചേല്‍പ്പിക്കുന്നത്, നിങ്ങളുടെ ജനാലവിരിക്കരികില്‍ ഒരു ഒളിഞ്ഞുനോട്ടക്കാരനെ വെക്കുന്ന പോലെയാണ്,’ എന്ന് ബര്‍ലോ ഒരിക്കല്‍ എഴുതി. എന്നാല്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കുന്ന നേരത്ത് സ്വകാര്യമേഖല നമ്മുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ‘A Declaration’ലെ ധീരവും കാല്‍പ്പനികവുമായ ആദര്‍ശങ്ങള്‍ക്കായി ഇനിയും പോരാടേണ്ടതില്ല, കാരണം അവ ഇതിനകം പോയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍