UPDATES

സിനിമ

‘ദി ഇന്റര്‍വ്യു’ എന്ന സിനിമയും ഉത്തര കൊറിയയുടെ കൊലവെറിയും

Avatar

റിച്ച് ക്ലെയ്ന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ദി ഇന്റര്‍വ്യൂ ‘ സേത്ത് റോഗന്‍ മാതൃകയിലുള്ള ഒരു ഹാസ്യ സിനിമയാണ്. ഒരു രാജ്യത്തിന്റെ ജീവിച്ചിരിക്കുന്ന നേതാവിനെ തിരശ്ശീലയില്‍ കൊല്ലുന്നതിന്റെ സഭ്യതയെക്കുറിച്ച് നേരം വെളുക്കുന്നത് വരെ ചര്‍ച്ച നടത്താമെങ്കിലും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തിലാണ് എന്റെ താല്‍പര്യം. അടിച്ചേല്‍പ്പിക്കപ്പെട്ട രാഷ്ട്രീയ സാമൂഹിക വിലക്കുകളെ മറികടക്കാനുള്ള ഹോളിവുഡിന്റെ ത്വരയില്‍ നിന്നും പിറന്നു വീണ ഏറ്റവും പുതിയ സിനിമ എന്ന രീതിയിലാണ് ഞാന്‍ ‘ദി ഇന്റര്‍വ്യൂ’ വിനെ നോക്കിക്കാണുന്നത്.

അതുകൊണ്ട് തന്നെയാണ് നോര്‍ത്ത് കൊറിയ കൊല വെറിയോടെ പ്രതികരിച്ചത്. ലോകം മുഴുവനുമുളള സിനിമാ പ്രേമികള്‍ കാണുകയും പൈറേറ്റഡ് പതിപ്പുകള്‍ രാജ്യത്തെത്തുകയും ചെയ്താല്‍ നിലവിലിരിക്കുന്ന ഭരണ വ്യവസ്ഥയുടെ നിയമസാധുതക്കെതിരേയുള്ള പോര്‍വിളിയായത് മാറും.

സെലിബ്രിറ്റി അഭിമുഖകാരനും അയാളുടെ പ്രൊഡ്യൂസറുമായി അഭിനയിക്കുന്ന സേത്ത് റോഗെനും ജെയിംസ് ഫ്രാങ്കോയും കിം ജൊങ്ങ് ഉന്‍ മായ് അഭിമുഖം നടത്താനായി ക്ഷണിക്കപ്പെടുന്നു. ആണവായുധത്തിനു വേണ്ടി ബില്യണുകള്‍ ചിലവിടാനാകുന്ന രാജ്യം പൗരന്മാരുടെ പട്ടിണി മാറ്റാന്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്നും വര്‍ഷാ വര്‍ഷം 100 മില്ല്യന്‍ ഡോളര്‍ വാങ്ങുന്നതെന്തിനാണെന്ന തുറന്ന ചോദ്യത്തിലാണവര്‍ തങ്ങളുടെ ഇന്റര്‍വ്യൂ തുടങ്ങുന്നത്.

യാതൊരു ദയയുമില്ലാതെ കിം ജൊങ്ങ് ഉനിന്റെ ജീവചരിത്ര വര്‍ണ്ണനക്കെതിരെ കൊഞ്ഞനം കാട്ടുകയാണ് സിനിമ. രാജ്യത്തിന്റെ സ്ഥാപനായ കിം കി സുങ്ങിന്റെ ജനനത്തില്‍ തുടങ്ങുന്ന കലണ്ടര്‍ പിന്തുടര്‍ന്ന് 103 ആം വര്‍ഷത്തില്‍ ജീവിക്കുന്ന രാജ്യം പുറം ലോകത്തില്‍ നിന്നും എത്ര മാത്രം അകന്നാണ് കഴിയുന്നതെന്ന വസ്തുത തെളിയിക്കാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട് സിനിമ. നോര്‍ത്ത് കൊറിയയിലെ ഗുലാഗുകള്‍,ഭീതിപ്പെടുത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍,ദാരിദ്രം നൃത്തമാടിയ പതിറ്റാണ്ടുകള്‍, ബ്രെയിന്‍ വാഷിംഗ് നടത്തുന്ന പ്രചാരണ സംഘങ്ങള്‍ തുടങ്ങിയ നോര്‍ത്ത് കൊറിയന്‍ അതിക്രമങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള രാഷ്ട്രീയസാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതു കൊണ്ടും റോഗന്റെ അവസാന രണ്ടു സിനിമകള്‍ 45 മില്ല്യന്‍ ജനങ്ങള്‍ കണ്ടിട്ടുണ്ടെന്നുള്ളതുകൊണ്ടുമാണ് നോര്‍ത്ത് കൊറിയന്‍ സര്‍ക്കാര്‍ സിനിമയെ ഭരണകൂട അട്ടിമറിക്ക് തുല്യമായി കണക്കാക്കിയത്.

ഡിജിറ്റല്‍ യുഗത്തിലെ ചെര്‍ണോബിലായ് ഈ സിനിമയെ സങ്കല്‍പ്പിക്കുക. ചെര്‍ണോബിലിലെ ആണവ ദുരന്തം മറക്കാന്‍ വേണ്ടി റഷ്യ നടത്തിയ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ അധികാരക്കൊതിയും സദാചാര വിരുദ്ധതയും പുറത്തു കാട്ടിയത് പോലെ ‘ദി ഇന്റര്‍വ്യൂ’ കിം വംശത്തിനെ ഭരണത്തിലിരിക്കാന്‍ സഹായിക്കുന്ന കെട്ടുകഥകളേയും പൊങ്ങച്ചങ്ങളേയും തുറന്നു കാട്ടുന്നു.

റോഗനും സംവിധായകന്‍ ഇവാന്‍ ഗോള്‍ഡ്‌ബെര്‍ഗും മനഃപൂര്‍വം തന്നെയാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനിടയുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നത്. ഒരു സാങ്കല്‍പ്പിക രാജ്യത്ത്, ജനങ്ങളോട് യാതൊരു മമതയുമില്ലാതെ ആത്മാരാധന നടത്തുന്ന നേതാവായ്, കിം ജൊങ്ങ് ഉനിനെ ചിത്രീകരിച്ചാല്‍ മതിയായിരുന്നു, അവസാന രംഗത്ത് ദൈവത്തിന്റെ കൃപയാല്‍ സാമൂഹ്യ സേവനത്തിനിറങ്ങുന്ന നേതാവിനെയും കാണിച്ചാല്‍ സിനിമ ശുഭപര്യവസാനിയാവുമായിരുന്നു. സുരക്ഷിതമായ മാര്‍ഗമതായിരുന്നുവെങ്കിലും നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം കുറിക്ക് കൊള്ളില്ലെന്നതിനു പുറമേ വീണ്ടു വിചാരം തീരെയില്ലാത്ത സിനിമയെന്നിപ്പോള്‍ പരിതപിക്കുന്ന വിമര്‍ശകര്‍ ചുമടു താങ്ങിയെന്നു പരിഹസിച്ച് കൊലവിളി നടത്തിയേനെ.

നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഭീഷണി കാരണം റിലീസ് തിയതി മാറ്റിവെച്ച സോണി പിക്‌ചേര്‍സ് തിരഞ്ഞെടുത്ത ചുരുക്കം ചില തിയേറ്ററുകളിലും ഓണ്‍ലൈനിലും മാത്രം സിനിമ പ്രദര്‍ശനത്തിനെത്തിച്ചു. പ്രശ്‌നം ഹാസ്യത്തിന്റേയും സിനിമയുടേയും ലോകത്തിനേക്കാള്‍ വലുതായതിനാല്‍ സോണിയെടുത്തയീ തീരുമാനം തന്നെയാണ് ശരിയും. നോര്‍ത്ത് കൊറിയന്‍ ഭരണകൂടത്തിന്റെ ഭീകരത്വവും ഭീരുത്വവും ജന ശ്രദ്ധയിലേക്ക് കൊണ്ടുവരാനും രാജ്യം ഉത്തരവാദിത്ത്വത്തോടെ എങ്ങനെ ഭരിക്കണമെന്ന ചര്‍ച്ച തുടരാനുമുള്ള അവസരമാണ് ഈ സിനിമ നമുക്ക് നല്‍കുന്നത്.

ആണവായുധ ശക്തി കൊണ്ടും ബലിസ്റ്റിക് മിസൈല്‍കൊണ്ടും ലോകത്തിനെ ഭീഷണിപ്പെടുത്തിയ രാജ്യമിപ്പോള്‍ ഭീകരവാദപ്രവര്‍ത്തനങ്ങളും തങ്ങളുടെ ആയുധപ്പുരയിലേക്ക് ചേര്‍ത്തിരിക്കുകയാണ്. ഐക്യ രാഷ്ട്ര സഭയുടെ അന്വേഷണങ്ങള്‍ കണ്ടെത്തിയ ഭീകര സത്യങ്ങളും നോര്‍ത്ത് കൊറിയന്‍ ഭരണ കൂടത്തിന്റെ സ്വേച്ഛാധിപത്യ ഭരണ രീതിയും മാലോകര്‍ക്കു മുന്നില്‍ തുറന്നു കാട്ടാന്‍ സാധിച്ചുവെന്നുള്ളത് തന്നെയാണ് ഈ സിനിമയുടെ വിജയം.

നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള ഏറ്റവും നല്ല ആയുധം ആക്ഷേപഹാസ്യമാണ്. ‘Bulworth,’ ‘Three Kings,’ ‘Dr. tSrangelove,’ ‘Being There’ പോലുള്ളവ കാണികളെ ചിന്തിക്കാന്‍ പഠിപ്പിച്ച സിനിമകളാണ്. നൂറു പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിനു പ്രവേശനമില്ലാത്ത തലച്ചോറുകളിലും ഹൃദയങ്ങളിലും ആയിരം മടങ്ങ് ശക്തിയോടെ കടന്നു ചെല്ലാന്‍ സിനിമകള്‍ക്ക് സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍