UPDATES

ട്രെന്‍ഡിങ്ങ്

ഇവള്‍ മേഘാലയ ഗവര്‍ണറുടെ ലൈംഗിക അതിക്രമങ്ങള്‍ പുറംലോകത്തെത്തിച്ച പെണ്‍പുലി

മെര്‍വിന്‍ ഇല്ലായിരുന്നെങ്കില്‍ ഗവര്‍ണറുടെ ഈ നാണംകെട്ട പ്രവര്‍ത്തികള്‍ രാജ്ഭവന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വരില്ലായിരുന്നു

രാജ്ഭവനിലെ ജീവനക്കാരായ സ്ത്രീകളെ ലൈംഗിക പീഡനത്തിനരയാക്കിയതിന്റെ പേരില്‍ മേഘാലയ ഗവര്‍ണര്‍ വി ശംഖുമുഖാനന്ദന്‍ കഴിഞ്ഞയാഴ്ചയാണ് രാജിവച്ചത്. മേഘാലയിലെ മാധ്യമ പ്രവര്‍ത്തകയായ റി ക്യാന്തി മെര്‍വിന്റെ നിര്‍ഭയത്തോടെയുള്ള മാധ്യമപ്രവര്‍ത്തനമാണ് സംസ്ഥാനത്തെ പ്രഥമ പൗരനെ മുട്ടുകുത്തിച്ചത് എന്നതാണ് ഇതിലെ പ്രത്യേകത.

അവരില്ലായിരുന്നെങ്കില്‍ ഗവര്‍ണറുടെ ഈ നാണംകെട്ട പ്രവര്‍ത്തികള്‍ രാജ്ഭവന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വരില്ലായിരുന്നു. ഈ നാണം കെട്ട സംഭവം പുറത്തേക്ക് വന്നത് ഇങ്ങനെ.

2016 ഒക്ടോബറില്‍ ഗവര്‍ണറുടെ സെക്രട്ടറിയായ ഹിമാലയ ഷംഗ്പ്ലിയാംഗ് രാജ്ഭവനില്‍ പബ്ലിക് റിലോഷന്‍ ഓഫീസറുടെ ഒഴിവുണ്ടെന്ന് അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2015ല്‍ അപേക്ഷ അയച്ചവരുടെ ലിസ്റ്റ് തള്ളിക്കളഞ്ഞായിരുന്നു പുതിയ അപേക്ഷ വിളിച്ചത്. രാജ്ഭവനില്‍ രണ്ട് പിആര്‍ഒമാരുള്ളപ്പോഴാണ് വീണ്ടും ഒഴിവു കണ്ടെത്തി അപേക്ഷ ക്ഷണിച്ചത്. നിലവിലുള്ള രണ്ട് പിആര്‍ഒമാരും സ്ത്രീകളാണ്. ചിന്മോയി ദേകയും റിയ ബോറയും.

നവംബര്‍ ഏഴിന് നടത്തിയ അഭിമുഖത്തിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ മെര്‍വിനും ഉണ്ടായിരുന്നു. 2015ലും ഇവര്‍ ഈ ഒഴിവിലേക്ക് അപേക്ഷിച്ചതാണ്. തന്റെ കുഞ്ഞിനൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തനം വിട്ട് ഈ ജോലിക്ക് വേണ്ടി ശ്രമിച്ചതെന്ന് മെര്‍വിന്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രമാണ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചത് എന്ന ആരോപണം ഉയര്‍ന്നതോടെ അഞ്ച് പുരുഷന്മാരെ കൂടി ഉള്‍പ്പെടുത്തുകയും നവംബര്‍ എട്ടിന് അഭിമുഖത്തിന് എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നവംബര്‍ 28ന് ഗവര്‍ണറുടെ സെക്രട്ടറി നടത്തിയ രണ്ടാം ഘട്ട അഭിമുഖത്തില്‍ നിന്ന് അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട ഒരു അന്തിമ ലിസ്റ്റ് തയ്യാറായി. ഡിസംബര്‍ ഏഴിന് ഗവര്‍ണര്‍ നേരിട്ടാണ് അവസാനഘട്ട അഭിമുഖം നടത്തിയത്. ഇതില്‍ എവെലിന്‍(യഥാര്‍ത്ഥ പേരല്ല) എന്ന യുവതി തെരഞ്ഞെടുക്കപ്പെട്ടതായി അവര്‍ക്ക് സന്ദേശം ലഭിച്ചു. ഇവരെ തെരഞ്ഞെടുത്തെങ്കിലും ജെന്നിഫര്‍(ഇതും യഥാര്‍ത്ഥ പേരല്ല) എന്ന യുവതിക്ക് ഡിസംബര്‍ എട്ടിന്റെ അഭിമുഖത്തിലെത്തണമെന്ന് ഗവര്‍ണര്‍ നേരിട്ട് വിളിച്ചു പറയുകയും ചെയ്തു.

എന്നാല്‍ അഭിമുഖത്തിനെത്തിയ ജെന്നിഫറിനെ ഗവര്‍ണര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ബോളിവുഡ് താരം ദീപിക പദുകോണിനെ പോലെയാണെന്ന് പറയുകയുമായിരുന്നു. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ ആദ്യഘട്ടങ്ങളിലെ അഭിമുഖത്തിനിടെ പരിചയപ്പെട്ട മെര്‍വിനെ വിളിച്ച് ജെന്നിഫര്‍ ഗവര്‍ണറില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.

രാജ്ഭവനെയും ഗവര്‍ണറെയും കുറിച്ച് താന്‍ മുമ്പും പല വാര്‍ത്തകളും കേട്ടിട്ടുണ്ടെങ്കിലും അതിനൊന്നും തെളിവില്ലായിരുന്നുലെന്ന് മെര്‍വിന്‍ അറിയിച്ചു. പിന്നീട് എവെലിന്‍ തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിഞ്ഞ ജെന്നിഫര്‍ അവരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേ അനുഭവങ്ങള്‍ ഉണ്ടായതായി അറിഞ്ഞു.

ഇതോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗവര്‍ണറെ തുറന്നുകാട്ടണമെന്നും മെര്‍വിന്‍ ഇരുവരോടും തുടര്‍ച്ചയായി അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഇതിന് സമ്മതിച്ചില്ല. ഇതോടെ ഏത് വിധേനയും ഇത് പുറത്തുകൊണ്ടുവരാന്‍ മെര്‍വിന്‍ തീരുമാനിച്ചു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ പല മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഇവര്‍ ജോലി ചെയ്യുന്ന ഹൈലാന്‍ഡ് പോസ്റ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ഇത് പ്രസിദ്ധീകരിക്കുകയായിരുന്നു.

തൊഴില്‍ തേടുന്നവരെ മേഘലയ ഗവര്‍ണര്‍ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപണം എന്ന തലക്കെട്ടില്‍ ജനുവരി 24നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടാതെ മേഘാലയ പിആര്‍ഡിയില്‍ നിലവില്‍ രണ്ട് പിആര്‍ഒമാര്‍ ഉണ്ടെന്ന മറ്റൊരു വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഇതോടെ സമാന അനുഭവമുള്ള നൂറിലേറെ രാജ്ഭവന്‍ ജീവനക്കാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഗവര്‍ണറുടെ ലൈംഗിക അതിക്രമങ്ങളുടെ തങ്ങള്‍ക്കറിയാവുന്ന ചില കഥകളാണ് അവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്.

തുടര്‍ ജനുവരി 25ന് അവര്‍ ഗവര്‍ണര്‍ ഷണ്‍മുഖനാഥനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവര്‍ തങ്ങളുടെ കത്തില്‍ മുഖ്യമായും പറഞ്ഞത് ‘ഗവര്‍ണര്‍ രാജ്ഭവനെ യുവതികളുടെ ക്ലബ്ബ്’ ആക്കി മാറ്റിയെന്നാണ്.

അതേസമയം താന്‍ തന്റെ കൊച്ചുമക്കളെ ആലിംഗനം ചെയ്യുന്നത് പോലെ ആലിംഗനം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരുടെ തന്നെ പരാതി പരിഗണിച്ച അധികൃതര്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. രാജി സമ്മര്‍ദ്ദം ഏറിയതോടെ അദ്ദേഹം ജനുവരി 26ന് രാജിവയ്ക്കുകയും ചെയ്തു.

ആരോപണങ്ങള്‍ കോടതിക്ക് മുമ്പാകെ തെളിയിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. വിലപ്പെട്ട തെളിവുകളായി തങ്ങളുടെ കൈവശം ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു പറയുന്നു. ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ സാധ്യത രാജിവയ്‌ക്കേണ്ടി വന്നതിനാല്‍ മുന്‍ ഗവര്‍ണര്‍ ഇനി ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരില്ല എന്നതാണ്. താന്‍ സംസ്ഥാന വനിത കമ്മിഷനെ കണ്ട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവില്ലാത്തതിനാല്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് മെര്‍വിന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍