UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കില്ലെന്ന് പ്രിന്‍സിപ്പലിന്റെ ഉറപ്പ്

സമരത്തിന് നേതൃത്വം നല്‍കിയവരെ പുറത്താക്കിയതിനെതിരെ രാവിലെ മുതല്‍ കോളേജ് പരിസരത്ത് സമരം നടക്കുകയായിരുന്നു

നെഹ്രു കോളേജില്‍ സമരം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ആരെയും പുറത്താക്കില്ലെന്ന് പ്രിന്‍സിപ്പലിന്റെ ഉറപ്പ്. ഇന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. നാല് പേരും ഇന്ന് കോളേജില്‍ എത്തിയപ്പോഴാണ് ക്ലാസില്‍ കയറരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. വിവരം രക്ഷിതാക്കളെയും അറിയിച്ചു. നാല് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. സമരത്തിന് നേതൃത്വം നല്‍കിയവരെ പുറത്താക്കിയതിനെതിരെ രാവിലെ മുതല്‍ കോളേജ് പരിസരത്ത് സമരം നടക്കുകയായിരുന്നു.

ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈമാസം 13ന് കോളേജിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ധര്‍ണ നടത്തും. അതില്‍ പരിഹാരമുണ്ടായില്ലെങ്കിലാണ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുക. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍