UPDATES

സിനിമ

ഇരകളും കൊലപാതകികളും സംസാരിക്കുമ്പോള്‍

Avatar

സ്റ്റീവ് ഡോളര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഷണ്ടി കയറിയ തലയും ഉറച്ച പേശികളുമായി കറുത്ത ടീഷര്‍ട്ടും കറുത്ത പാന്റും കറുത്ത ഷൂസും ധരിച്ച് ജോഷ്വാ ഒപ്പെന്‍ഹെയ്മര്‍ തിയേറ്ററിന്റെ ഇരുട്ടില്‍ നിന്ന് കാണികളുടെ മുന്നിലേയ്ക്ക് ഇന്‍ഡോനേഷ്യന്‍ കൂട്ടക്കൊലയെപ്പറ്റി സംസാരിക്കാന്‍ കയറിവന്നു. 

ധൃതിയിലാണ് സംസാരമെങ്കിലും പതിഞ്ഞ സ്വരമായിരുന്നു. കാഴ്ചയ്ക്ക് സുഭഗനെങ്കിലും ഈസ്റ്റ് വില്ലേജില്‍ ഈ രൂപം അസാധാരണമല്ല. ഇയാള്‍ ഒരു സന്യാസിയോ ഒരു ഹെവിമെറ്റല്‍ ഗിറ്റാര്‍ വാദകനോ ആകാം. എന്നാല്‍ അദ്ദേഹം ഒരു ഡോക്യുമെന്റി സംവിധായകനാണ്. 2012ലെ മക് ആര്‍തര്‍ ഫെല്ലോ ആയ അദ്ദേഹത്തിന്റെ ‘ദി ആക്റ്റ് ഓഫ് കില്ലിംഗ്’ എന്ന ചിത്രം കഥേതര സിനിമയ്ക്കും ഒരു മില്യന്‍ ആളുകളുടെ മരണത്തിന് കാരണമായ സമ്പ്രദായത്തിനും ഒരേപോലെ ഒരു വെല്ലുവിളിയായിരുന്നു. 

നാല്‍പ്പതുകാരനായ ഓപ്പെന്‍ഹെയ്മര്‍ തന്റെ ഓസ്‌കാര്‍ നോമിനേഷനുള്ള ചിത്രത്തെ ഡോക്യുമെന്ററി എന്നല്ല ഒരു ‘പനിപ്പിച്ച്’ എന്നാണു വിളിക്കുന്നത്. 1965ലെ കൂട്ടക്കൊലയിലെ, ഇപ്പോള്‍ വൃദ്ധരായി മാറിയ കൊലപാതകികളെ തങ്ങളുടെ പ്രവര്‍ത്തികള്‍ പുനരഭിനയിച്ച് തങ്ങളുടെ ഭൂതകാലത്തെ നേരിടാനും ഒരു കൂട്ടക്കൊലയില്‍ ഭാഗമായതില്‍ അവര്‍ക്കുണ്ടായ കുറ്റബോധത്തെ നേരിടാനുമാണ് ഇദ്ദേഹം പ്രോത്സാഹിപ്പിച്ചത്. കമ്യൂണിസ്റ്റ് വിപ്ലവകാരികളെയും അനുഭാവികളെയും തുടച്ച് നീക്കാന്‍ ഔദ്യോഗിക അനുമതിയോടെയായിരുന്നു ഈ കൊലകള്‍. ഈ നീക്കത്തിലൂടെ പല ഭീകര വെളിപ്പെടുത്തലുകളും ഉണ്ടായി. വെര്‍ണാര്‍ ഹെര്‍സോഗും എറോള്‍ മോറിസും പോലെയുള്ളവര്‍ ഈ സിനിമയെ ആരാധിച്ചപ്പോള്‍ പലരും ഇത്രയും ഗൗരവമായ വിഷയത്തില്‍ ഇത്രയേറെ കലാസ്വാതന്ത്ര്യം എടുത്തതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

ഇനി ഇന്‍ഡോനേഷ്യയില്‍ കാലുകുത്താന്‍ ഇദ്ദേഹം പേടിക്കുന്നു എന്നത് തന്നെ സിനിമയുടെ കഴിവ് തെളിയിക്കുന്നു. എന്നാല്‍ ഇനിയും സംഭവിക്കാനുണ്ടായിരുന്നു. ഓപ്പെന്‍ഹെയ്മറുടെ പുതിയ ചിത്രം ‘ദി ലുക്ക് ഓഫ് സൈലന്‍സ്’ ഈ പദ്ധതിയുടെ അടുത്ത ഭാഗമാണ്. പത്തുവര്‍ഷത്തിലേറെയെടുത്ത് നിര്‍മ്മിച്ചത്. സിനിമ കൊലപാതകികളില്‍ നിന്ന് ഇരകളില്‍ എത്തിയിരിക്കുന്നു. കൂട്ടക്കുരുതിയുടെ ഫലമനുഭവിച്ച ഒരു കുടുംബത്തിന്റെ കഥയാണ് ഈ പുതിയ സിനിമ. 

‘അമ്പതുവര്‍ഷം പേടിച്ച് ജീവിച്ചാല്‍ ഒരു വ്യക്തിക്ക് എന്തുസംഭവിക്കും?’ ന്യൂയോര്‍ക്കിലെ ഒരു രാത്രി ആള്‍ക്കൂട്ടത്തോട് ഓപ്പെന്‍ഹെയ്മര്‍ ചോദിച്ചു. ഇത് ഒരു ചോദ്യമായി അവശേഷിക്കേണ്ടിയിരുന്നതാണെങ്കിലും സംവിധായകനെ അത് വില്യം ഫോള്‍ക്കനറുടെ വാചകത്തിലെത്തിച്ചു.’ഭൂതകാലം മരിക്കുന്നില്ല. അത് ഭൂതകാലമാകുന്നുപോലുമില്ല.’ 

അതാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായ ആഡി റുക്കുന്റെ അവസ്ഥ. കൂട്ടക്കൊലയ്ക്ക് ശേഷം ജനിച്ച ഒപ്‌റ്റോമെട്രിസ്റ്റ് ആയ ഒരു മധ്യവയസ്‌കന്‍. മാതാപിതാക്കളുടെ ജീവിതം തകര്‍ത്തു കൊണ്ട് കൊല്ലപ്പെട്ട സഹോദരന്‍ രാംലിയെ കൂട്ടക്കൊലയ്ക്കു ശേഷം പിറന്ന ഇയാള്‍ക്ക് അറിയില്ല. അവരുടെ അച്ഛന് ഇപ്പോള്‍ നൂറുവയസായി. കാഴ്ചയും കേള്‍വിയുമില്ല. അമ്മയാണ് അച്ഛനെ നോക്കുന്നതും രാംലിയെ ഓര്‍ത്ത് ഏറ്റവുമധികം വിലപിക്കുന്നതും. സ്വന്തം മക്കളെ വളര്‍ത്തുന്ന റുക്കുന്‍ 2004 മുതല്‍ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെ കാണാനും ചിത്രീകരിക്കാനും സംവിധായകനൊപ്പമുണ്ട്. 

യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കൊലപാതകികള്‍ ജീവിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് തേര്‍ഡ് റീഷിനു കീഴില്‍ രണ്ടാംലോക മഹായുദ്ധത്തിനുശേഷമുണ്ടായിരുന്ന ജര്‍മ്മനിയെയാണ് ഓര്‍മ വന്നത്. ‘നാസികള്‍ ജയിച്ചിരുന്നെങ്കിലോ എന്നതായിരുന്നു പ്രധാന ചിന്ത എന്ന് അദ്ദേഹം പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുന്ന ഇരകള്‍ക്ക് എന്തുതോന്നും എന്നതിനെപ്പറ്റി ഞാന്‍ ഒരു സിനിമ നിര്‍മ്മിക്കുമെന്ന് അപ്പോഴേ എനിക്കറിയുമായിരുന്നു.’ 

2012ല്‍ ഇന്തോനേഷ്യയില്‍ തിരിച്ചെത്തിയപ്പോള്‍ തനിക്കധികം സമയമില്ലെന്ന് ഓപ്പെന്‍ഹെയ്മര്‍ക്ക് അറിയുമായിരുന്നു. ‘ദി ആക്റ്റ് ഓഫ് കില്ലിംഗ്’ റിലീസ് ആയാല്‍ പിന്നെ അദ്ദേഹം അപകടത്തിലാകാം. ‘ദി ലുക്ക് ഓഫ് സൈലന്‍സ്’ നിര്‍മ്മിക്കാന്‍ ലഭിക്കുന്ന വളരെ ചെറിയ ഒരു അവസരമാണിത്. സത്യത്തിനും നീതിക്കുമായി ഓപ്പെന്‍ഹെയ്മര്‍ക്കൊപ്പം അശ്രാന്തപരിശ്രമം നടത്തിയിരുന്ന റുക്കുന്‍ ഈ അപകടകരമായ അവസരം ഏറ്റെടുക്കാന്‍ തയ്യാറായി. അയാള്‍ പറഞ്ഞു, ‘എന്റെ സഹോദരനെ കൊന്ന മനുഷ്യരെ എനിക്ക് നേര്‍ക്കു നേര്‍ കാണണം”, ഓപ്പെന്‍ഹെയ്മര്‍ ഓര്‍ക്കുന്നു. പടിപടിയായി അത് തന്നെയാണ് നടന്നതും. 

അപകടസാധ്യതകള്‍ അവര്‍ കണക്കുകൂട്ടിയിരുന്നു. പുറത്ത് രണ്ടുകാറുകള്‍ കാത്തുനിന്നുകൊണ്ടാണ് ഓരോ ഷൂട്ടിനും ഇവര്‍ പോയിരുന്നത്. ആവശ്യം വന്നാല്‍ റുക്കുനിന്റെ കുടുംബത്തെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് മാറ്റാനും അവര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പാരാമിലിട്ടറി നേതാക്കളും കാബിനറ്റ് മന്ത്രിമാരുമായുള്ള പരിചയമുപയോഗിച്ചാണ് കുറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഓപ്പന്‍ഹെയ്മര്‍ സാധിച്ചത്. റുക്കുനിന്റെ വീടുവീടാന്തരം ചെന്നുള്ള കണ്ണുപരിശോധന സിനിമയില്‍ ഒരു ബിംബമായി മാറുന്നുമുണ്ട്.

‘അവര്‍ പറയുന്നതിന്റെ അര്‍ത്ഥത്തെപ്പറ്റി അന്ധരായിരിക്കുന്ന ഒരു കൂട്ടം ആളുകളോടാണ് അയാള്‍ സംസാരിക്കുന്നത്’, ഓപ്പെന്‍ഹെയ്മര്‍ പറയുന്നു. ആദ്യരംഗങ്ങളിലൊന്നില്‍, കൂട്ടക്കൊലയില്‍ പങ്കെടുത്ത ഒരാള്‍ ഇരകളുടെ കൊലയ്ക്കുശേഷം അവരുടെ രക്തം കൊല്ലുന്നവര്‍ കുടിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. അല്ലെങ്കില്‍ ഭ്രാന്തുവരുമെന്നാണ് അവരുടെ പക്ഷം. റുക്കുന്‍ അയാളുടെ ഒപ്‌റ്റോമെട്രിക്ക് റിഗ്ഗില്‍ ഒരു ലെന്‍സ് മാറ്റിയിട്ടുകൊണ്ട് ചോദിച്ചു: ‘ഇപ്പോള്‍ ക്ലിയര്‍ ആയോ?’. പതിയെപ്പതിയെ റുക്കുന്‍ എന്താണ് അന്വേഷിക്കുന്നതെന്ന് അവര്‍ക്ക് മനസിലായിത്തുടങ്ങിയപ്പോള്‍ അവര്‍ കുപിതരായി. പക്ഷെ അയാള്‍ പറയേണ്ടത് പറഞ്ഞിരുന്നു. ‘നിങ്ങള്‍ ജോഷ്വായേക്കാള്‍ ആഴമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നല്ലോ?’ അതിലൊരാള്‍ പറഞ്ഞ ശേഷം റുക്കുനിനോട് പോകാന്‍ പറഞ്ഞു. 

‘അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു കണ്ണ് പരിശോധനയുടെ മറ’. ഓപ്പെന്‍ഹെയ്മര്‍ പറയുന്നു. ‘നിങ്ങളുടെ കണ്ണ് പരിശോധിക്കുമ്പോള്‍ നിങ്ങള്‍ നിരായുധനാണ്. അതിനിടെ ചോദ്യങ്ങള്‍ ചോദിച്ചാല്‍ സത്യസന്ധമായി ഉത്തരം പറയാനും സാധ്യതയേറെയാണ്.’ 

കാവ്യാത്മകമായ രൂപകങ്ങളും ശബ്ദവുമുള്ള സിനിമയില്‍ ഈ കണ്ണ് പരിശോധന ഒരു ഉപമയായി മാറുന്നുണ്ട്. സിനിമയില്‍ ചീവീടുകളുടെ ഒച്ച ഒരു കോറസായി മാറുന്നുണ്ട്. റുക്കുനിന്റെ കുടുംബത്തിനു സംഭവിച്ച ഭീതിതമായ സംഭവങ്ങള്‍ക്കിടയില്‍ പച്ചപ്പുല്‍ മേടുകളുടെയും സന്ധ്യയ്ക്ക് ചേക്കേറുന്ന പക്ഷികളുടെയും മനോഹരദൃശ്യങ്ങളുണ്ട്. 

‘ഇത്തരം മനോഹരദൃശ്യങ്ങള്‍ എല്ലാംതന്നെ സംവിധായകന്റെ ആശയങ്ങളോട് നേരിട്ട് സംസാരിക്കുന്നവയാണ്.’, കൊളംബിയയിലെ ട്രൂ/ഫോള്‍സ് ഫിലിം ഫെസ്റ്റിലെ സ്ഥാപകനായ ഡേവിഡ് വില്‍സണ്‍ പറയുന്നു. സ്വന്തം ഒപ്‌റ്റോമെട്രി കട തുടങ്ങാനായി റുക്കുനിന് ഈ ഫിലിം ഫെസ്റ്റ് 35,000 ഡോളറും നല്‍കിയിട്ടുണ്ട്. 

സിനിമയുടെ സഹസംവിധായകനും എന്നാല്‍ അജ്ഞാതനുമായ ഒരാള്‍ ഓപ്പെന്‍ഹെയ്മറെപ്പറ്റി പറയുന്നത് ‘അദ്ദേഹം വളരെ പാഷനേറ്റ് ആണ്, ഒരുപാട് ക്ഷമയുമുണ്ട്. നിങ്ങള്‍ കാത്തിരുന്നാല്‍, ആവശ്യമായ സംഗതികള്‍ ലഭിച്ചാല്‍ സിനിമയുടെ സംഗതികള്‍ മാത്രമല്ല, സത്യങ്ങളും ലഭിച്ചാല്‍ നമുക്ക് വേണ്ടത് പകര്‍ത്താനാകും’. 

ഓപ്പന്‍ഹെയ്മര്‍ നല്‍കിയ കാമറ ഉപയോഗിച്ച് റുക്കുന്‍ നിര്‍മ്മിച്ച കുറെ വീഡിയോകളില്‍ നിന്നുള്ള ഒന്നാണ് സിനിമയിലെ പ്രധാനഭാഗം. ലുക്ക് ഓഫ് സൈലന്‍സിന്റെ ഏറ്റവും അവസാന ഭാഗത്തിലാണ് ഈ ദൃശ്യങ്ങള്‍ വരിക. ദുരന്തങ്ങള്‍ നിറഞ്ഞ ഒരു കഥയിലെ ഏറ്റവും ഹൃദയഭേദകമായ ഭാഗമാണിത്. റുക്കുനിന്റെ അച്ഛന്‍ താന്‍ എവിടെയാണെന്ന് മറന്ന് അപരിചിതരുടെ ഇടയിലാണെന്നു പേടിച്ച് അന്ധനും ബധിരനുമായ അവസ്ഥയില്‍ മുറ്റത്തുകൂടി ഇഴയുന്ന രംഗമാണിത്. ഈ ദൃശ്യമാണ് ബാക്കി സിനിമയെ അവസാനിപ്പിക്കുന്നത്. 

‘ആഡി പറഞ്ഞു, ഇതാണ് എന്റെ അച്ഛന് കാര്യങ്ങള്‍ ഏറ്റവും വൈകിപ്പോയ ദിവസം,’ ഓപ്പെന്‍ഹെയ്മര്‍ പറഞ്ഞു. ‘അദ്ദേഹം രാംലിയെ മറന്നിരുന്നു. കുടുംബത്തെ നശിപ്പിച്ച മകന്റെ മരണം മറന്നിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ പേടി മറന്നിരുന്നില്ല.’ ആ നിമിഷമെത്തിയപ്പോഴാണു തന്റെ സിനിമ അക്രമികളും ഇരകളും പേടിച്ച് ഒപ്പം കഴിയുന്നതിനെപ്പറ്റിയല്ല മറിച്ച് ഓര്‍മ്മയെയും മറവിയെയും പറ്റിയുള്ള ഒരു കവിതയാവണം സിനിമയെന്നു തോന്നിയത് എന്ന് ഓപ്പെന്‍ഹെയ്മര്‍ പറയുന്നു. 

‘നിങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ആളുകളിലേക്ക് തുറന്ന ഒരു ജനലല്ല അത്, മറിച്ചു അവനവനെ കാണാനാകുന്ന കണ്ണാടിയാണ്.’ അയാള്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍