UPDATES

വിദേശം

ഇസ്ലാമിക് സ്‌റ്റേറ്റ് എത്രത്തോളം ഇസ്ലാമികമാണ്: വഴിതെറ്റിക്കുന്ന സംവാദം

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്‌റ്റേറ്റിന് വാസ്തവത്തില്‍ എന്താണ് വേണ്ടത്? സ്‌ഫോടനങ്ങളാല്‍ ഉലയുന്ന സിറിയയിലും ഇറാക്കിലും അവര്‍ അവരുടേതായ നിയന്ത്രണ പ്രദേശങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഖിലാഫത് പ്രഖ്യാപിച്ച അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പോരാളികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കി, സ്ത്രീകളെ അടിമകളാക്കി, ബന്ദികളുടെ തല വെട്ടി. പക്ഷേ ഇതെല്ലാം എന്തിനാണ്?

Atlanticല്‍ ഗ്രെയിം വുഡ് എഴുതിയൊരു ലേഖനത്തില്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നൂറുകണക്കിന് അനുയായികളും അനുഭാവികളുമായി നടത്തിയ അഭിമുഖങ്ങളിലൂടെ, എന്തുകൊണ്ട് നാം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മതാത്മകമായ ലോകവീക്ഷണത്തെ ഗൗരവമായി എടുക്കണമെന്ന് സമര്‍ത്ഥിക്കുന്നു.

‘ഇസ്ലാമിക് സ്‌റ്റേറ്റ് ഇസ്ലാമികമാണ് എന്നതാണു യാഥാര്‍ത്ഥ്യം. തികച്ചും ഇസ്ലാമികം’, വുഡ് എഴുതുന്നു. ‘ശരിയാണ്, അത് മനോരോഗികളായ കുറ്റവാളികളെയും സാഹസികരെയും ആകര്‍ഷിക്കുന്നുണ്ട്, അധികവും ഇത് ബാധിക്കാത്ത പശ്ചിമേഷ്യയിലും യൂറോപ്പിലുമുള്ള ജനതകളില്‍ നിന്നും. പക്ഷേ, ഇസ്ലാമിന്റെ ഏറ്റവും സമഗ്രവും,പാണ്ഡിത്യം നിറഞ്ഞതുമായ വ്യാഖ്യാനങ്ങളില്‍ നിന്നുമാണ് അതിന്റെ കടുത്ത അനുയായികള്‍ പ്രചാരണം നടത്തുന്നത്.’

‘ആക്രമണോത്സുകമായ തീവ്രവാദത്തെ നേരിടാന്‍ ‘വൈറ്റ് ഹൗസ് ഉച്ചകോടി വിളിച്ചുകൂട്ടിയ അതേ ആഴ്ച്ചയിലാണ് ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് എന്നത് മാത്രമല്ല അതിനെ ശ്രദ്ധേയമാക്കുന്നത്. ഉച്ചകോടിയിലെ തന്റെ പ്രസംഗം യു എസ് പ്രസിഡന്റ് ഒബാമ അവസാനിപ്പിച്ചത്, യു എസ് ഇസ്ലാമുമായല്ല യുദ്ധത്തിലെന്നും മറിച്ച് ഇസ്ലാമിനെ വികൃതമാക്കുന്നവര്‍ക്കെതിരെയാണെന്നും ആവര്‍ത്തിച്ചുകൊണ്ടാണ്. എന്നാല്‍ ഭീകരവാദികളുടെ മതപരമായ അടിത്തറയെ അധികൃതര്‍ ശക്തമായിതന്നെ പറയുന്നില്ല എന്ന ആരോപണവും ഉയര്‍ന്നു . 

‘ഇസ്ലാമിന്റെ ഭാഗമായി നില്‍ക്കുന്നതിനോടൊപ്പം ഇസ്ലാമിലെ തെറ്റായ പ്രവണതകളെ വിമര്‍ശിക്കാനും നിങ്ങള്‍ക്ക് കഴിയണം,’മുന്‍ ന്യൂയോര്‍ക് മേയര്‍ റൂഡി ഗിയുലിയാനി പറഞ്ഞു. 

‘ഒരു വിശുദ്ധയുദ്ധമാണ് ഇവിടെ’, ബില്‍ ഓ റീലി ഘോഷിക്കുന്നു. ‘നിര്‍ഭാഗ്യവശാല്‍ യു എസ് പ്രസിഡണ്ട് മാത്രമായിരിക്കും അത് ഏറ്റവും ഒടുവില്‍ സമ്മതിക്കുക.’

ചര്‍ച്ചയിലെ തീക്ഷ്ണധ്രുവത്തിലാണ് ഗിയുലിയാനിയും ഒ റീലിയും. ഇസ്ലാമിക് സ്‌റ്റേറ്റ് സൈദ്ധാന്തികര്‍ പറയുന്ന സംസ്‌കാരങ്ങളുടെ സംഘട്ടനത്തിന്റെ അതേ വാദക്കാര്‍. എന്നാല്‍ വൂഡിന്റെ നീളന്‍ ലേഖനം കൂടുതല്‍ മിനുത്ത വാദങ്ങള്‍ നല്‍കുന്നുണ്ട്. 

ലളിതമായി പറഞ്ഞാല്‍, ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തളരാത്ത, ഗൗരവമേറിയ നിലപാടുകളാണ്, ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ അതിന്റെ വ്യാപനത്തില്‍ അനുയായികള്‍ വിശ്വസിക്കുന്ന നിലപാടുകളെയാണ് വൂഡ് അന്വേഷിക്കുന്നത്. അവരുടെ കൂട്ടക്കൊലകള്‍ ദേശാതിര്‍ത്തികളെ മാച്ചുകളഞ്ഞ് ഇസ്ലാമിക സ്‌റ്റേറ്റിന്റെ മത നിയമങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രാചീനകാലത്തിലേക്കുള്ള തിരിച്ചുപോക്കിനുള്ള ശ്രമമാണ്. പടിഞ്ഞാറന്‍ സമൂഹത്തെ ഒരു മിശിഹാ കാലാവസാന യുദ്ധത്തിലേക്ക് വലിച്ചിടാനാണ് അവരുടെ ശ്രമം. 

‘മുസ്ലീങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിനെ തള്ളിക്കളയാം; ഏതാണ്ടെല്ലാവരും അങ്ങനെ ചെയ്യുന്നുമുണ്ട്’, വൂഡ് എഴുതുന്നു. ‘പക്ഷേ അത് എതിര്‍ക്കപ്പെടേണ്ട ദൈവശാസ്ത്രബദ്ധമായ മതപരമായ ഒന്നല്ല എന്നു നടിക്കുന്നത്, യു എസ് ഇപ്പോള്‍ ചെയ്തപോലെ അതിനെ കുറച്ചുകാണലായിരിക്കും.’

സംപുഷ്ടമായ ഒരു ലേഖനമാണത്; ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിക്കാത്ത ഒന്ന്! പക്ഷേ പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്ന പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് മാതൃകയിലുള്ള ഇസ്ലാമിനെക്കുറിച്ചുള്ള ആധി ജിഹാദികളെക്കുറിച്ചുള്ള മറ്റ് പ്രധാന വസ്തുതകളെ തള്ളിക്കളയുന്നതിലേക്കും എത്തിക്കുന്നുണ്ട്. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മതാത്മകമായ ചോദനകളെ വൂഡ് ആവശ്യത്തിലേറെ ഗൗരവമായി കണക്കിലെടുത്തുവെന്ന് ബ്രൂ കിങ്‌സ് പണ്ഡിതന്‍ ഷാദി ഹമീദ് പറയുന്നു. നീണ്ടനാളത്തെ ഇസ്ലാമിക ചിന്തയെ എങ്ങനെയാണ് അവര്‍ അവഗണിച്ചതെന്ന് അത് കാണാതെയും പോകുന്നു. 

ന്യൂയോര്‍ക് ടൈംസിലെ റോസ് ദൗഹാത്ത് സമാനമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ജിഹാദികള്‍ അവരുടെ മധ്യകാല പ്രതിധ്വനികളെ മാറ്റിനിര്‍ത്തിയാല്‍ ആധുനിക കാലത്തിന്റെ സൃഷ്ടിയാണെന്ന് വൂഡ് വിട്ടുപോകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ചരിത്രപരമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉദയം തന്നെ. 21 ആം നൂറ്റാണ്ടിലെ ശൃംഖല ഉപയോഗിച്ചാണ് അത് വ്യാപിച്ചതും. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലോകവീക്ഷണത്തെ വൂഡ് അതേപടി എടുത്തതായാണ് മറ്റ് പലരും കരുതുന്നത്. ‘ഇസ്ലാമിക് സ്‌റ്റേറ്റ് മതത്തിന്റെ പൊട്ടും പൊടിയുമെടുത്ത് വാചകമടി നടത്തുമെങ്കിലും ഇസ്ലാമുമായി അതിന്റെ ബന്ധം ഫ്രാങ്കെന്‍സ്റ്റീന് മനുഷ്യനുമായുള്ള ബന്ധം പോലെയാണ്,അല്ലെങ്കില്‍ ഒരു പ്രേതത്തിന് ജീവിച്ചിരിക്കുന്ന മനുഷ്യനുമായുള്ളതുപോലെ.’

കൂടുതല്‍ വലിയൊരു ചോദ്യം കൂടി പരിഗണിക്കേണ്ടതുണ്ട്; ഒരു കൂട്ടം കൊടും കുറ്റവാളികളായ കൊലപാതകികള്‍ എന്തു വിശ്വസിക്കുന്നു എന്നത് കണക്കിലെടുക്കേണ്ടതുണ്ടോ?ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മതഭാഷ്യങ്ങളെ, കലാപകാരി സംഘടനകളുടെ വംശീയ, മാര്‍ക്‌സിസ്റ്റ് പ്രഖ്യാപനങ്ങളുമായാണ് ചിലര്‍ താരതമ്യം ചെയ്യുന്നത്. 

‘ശീതസമരകാലത്ത് പറഞ്ഞിരുന്നപ്പോലെ, കമ്മ്യൂണിസ്റ്റുകാര്‍ ശരിക്കും കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നു എന്ന പ്രചാരണത്തെയാണ് വൂഡിന്റെ ലേഖനം എന്നെ ഓര്‍മ്മപ്പെടുത്തുന്നത്. തീര്‍ച്ചയായും, ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പല നേതാക്കളും അവരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടായിരിക്കാം. ശരിക്കുള്ള ചോദ്യം; എന്തുകൊണ്ടാണ് ഈ പ്രത്യയശാസ്ത്രം ഇപ്പോള്‍ പൊങ്ങിവന്നത്, എന്തുകൊണ്ടാണ് ഒരു ചെറുവിഭാഗം മുസ്ലീങ്ങളെ അതാകര്‍ഷിക്കുന്നത് എന്നാണ്,’ ഫരീദ് സക്കറിയ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതി. 

ജിഹാദികളുടെ അന്ത്യയുദ്ധത്തിനുള്ള മരണവാഞ്ചയെക്കുറിച്ചുള്ള വൂഡിന്റെ വിലയിരുത്തലുകളില്‍ അതിനുള്ള ഉത്തരമില്ല. അവരുടെ വിഭ്രമാത്മകമായ മനോവ്യാപാരങ്ങള്‍ അന്വേഷിക്കുക കൗതുകകരമാണ്, പക്ഷേ അതിലേറെ പ്രധാനമാണ് ഇന്നത്തെ കാലത്തുയര്‍ത്തുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ നേരിടല്‍: ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തിയ അറബ് ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യം; ജിഹാദികള്‍ക്ക് വലം വെച്ച പാശ്ചാത്യ വിദേശനയങ്ങള്‍; പശ്ചിമേഷ്യയില്‍ വികസനത്തിനും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കുമുള്ള നിരവധി വിലങ്ങുതടികള്‍. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇസ്‌ളാമിക വിശേഷണത്തില്‍ നാം കുരുങ്ങിപ്പോയേക്കാം. പക്ഷേ അതിലെ ‘സ്‌റ്റേറ്റ്/രാഷ്ട്രം’ ആണ് അന്തിമമായി ആ കുരുക്കഴിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍