UPDATES

സയന്‍സ്/ടെക്നോളജി

‘മൊണാര്‍ക്’ കൂട്ടക്കൊല: പത്ത് കോടി ചിത്രശലഭങ്ങള്‍ അപ്രത്യക്ഷരായി

Avatar

ഡാറൈല്‍ ഫിയെഴ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വംശനാശ ഭീഷണി നേരിടുന്ന ആന, പോര്‍പസ്, സിംഹം തുടങ്ങിയ ജീവികള്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ മൊണാര്‍ക് ചിത്രശലഭങ്ങള്‍ക്ക് സംഭവിക്കുന്നത് കൂട്ടക്കൊലയല്ലാതെ മറ്റൊന്നുമല്ല. യു.എസ്സിലെ മത്സ്യ-വന്യജീവി കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നത് 1990 മുതല്‍ ‘മൊണാര്‍ക്’ വംശത്തില്‍പ്പെടുന്ന ഏകദേശം 97 കോടി ചിത്രശലഭങ്ങള്‍ അപ്രത്യക്ഷമായെന്നാണ്.

മൊണാര്‍ക് ചിത്രശലഭങ്ങളുടെ ആവാസസ്ഥാനവും ഭക്ഷ്യ സ്രോതസ്സുമായ ‘മില്‍ക്ക് വീഡ്’ എന്ന പൂച്ചെടിയില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍. രണ്ടു ദശാബ്ദത്തിലെ നഷ്ടം നികത്താനും മൊണാര്‍ക്കുകളെ സംരക്ഷിക്കാനുമായി ‘മില്‍ക്ക് വീഡി’നെ ധാരാളമായി വളര്‍ത്താന്‍ മത്സ്യ-വന്യജീവി കേന്ദ്രം സ്വകാര്യ പ്രകൃതി സംരക്ഷണ ഗ്രൂപ്പുകളായ ‘നാഷണല്‍ വൈല്‍ഡ് ലൈഫ് ഫെഡറേഷ’നും ‘നാഷണല്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷ’നുമായി ഒരു പുതിയ സഖ്യം രൂപീകരിച്ചു. ഒരു കാലത്ത് യു.എസ്സില്‍ കോടിക്കണക്കിന് പറന്നു നടന്ന ചിത്രശലഭ വംശമാണ് മൊണാര്‍ക്. ഓരോ വസന്തത്തിലും അവര്‍ മെക്‌സിക്കോയില്‍ നിന്ന് കാനഡയിലേക്ക് നടത്തുന്ന പലായനം പൂര്‍ത്തീകരിക്കാന്‍ ആറു തലമുറയെടുക്കും. അതിനു ശേഷം പലായന കഥയൊന്നുമറിയാത്ത പുതു തലമുറക്കാര്‍ മില്‍ക്ക് വീഡില്‍ വിശ്രമിച്ചും, പ്രജനനം നടത്തിയും, ഭക്ഷിച്ചും തിരിച്ചു പറക്കും.

ചിത്രശലഭവര്‍ഗങ്ങളുടെ വംശനാശ ഭീഷണി മുമ്പ് കേട്ടിട്ടില്ലാത്ത ഒന്നല്ല. ബ്ലൂബെറിയുടെ നിറമുള്ള ‘ക്‌സെര്‍സിസ് ബ്ലൂ’ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. മത്സ്യവന്യജീവി കേന്ദ്രത്തിന്റെ അടുത്തിടെയുള്ള പ്രസ്താവന അനുസരിച്ച് സൗത്ത് ഫ്‌ളോറിഡയിലെ അതിന്റെ ഉപവര്‍ഗ്ഗങ്ങളായ റോക്ക് ലാന്‍ഡ് സ്‌കിപ്പറും സെസ്‌ടോസും 2004 നു ശേഷം അപ്രത്യക്ഷരാണ്; ഇവയ്ക്ക് പൂര്‍ണ്ണമായി വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്നു. അതിനു പുറമേ, കടന്നലുകള്‍, വണ്ടുകള്‍, പ്രത്യേകിച്ച് തേനീച്ചകള്‍ തുടങ്ങിയ എല്ലാ പരാഗണവാഹിനികളുടെയും വംശനാശത്തിനു കീടനാശിനി ഉപയോഗം കാരണമാകുന്നുണ്ട്. 

നിലനില്‍ക്കാന്‍ സംരക്ഷണം ആവശ്യമുള്ള, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങളേയും ഉള്‍പ്പെടുത്താന്‍ ‘സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി’ നല്‍കിയ പെറ്റീഷന്‍ പരിശോധിക്കുകയാണ് മത്സ്യ-വന്യജീവി കേന്ദ്രം. അത് അനിവാര്യമാണോ എന്നു പഠിക്കാനും മൊണാര്‍ക് വംശത്തിന്റെ അംഗസംഖ്യ കൂട്ടാന്‍ സഹായകമാകാനും അവര്‍ ശ്രമിക്കുന്നു.

‘മില്‍ക്ക് വീഡി’ന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താനും അവ നടാന്‍ താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ നല്‍കാനും തുറസ്സായ സ്ഥലങ്ങളില്‍ വിത്ത് നടാനും ഏജന്‍സി ഇരുപതു ലക്ഷം ഡോളര്‍ അനുവദിച്ചിരിക്കുന്നു. സ്വകാര്യ സംഘടനകളില്‍ നിന്നും വലിയ തോതിലുള്ള പണശേഖരണത്തിനായി വേറെ പന്ത്രണ്ടു ലക്ഷം ഡോളര്‍ ഫൗണ്ടേഷനു നല്‍കിയിട്ടുണ്ട്.

അമ്പതു ശതമാനത്തോളം മൊണാര്‍ക്കുകള്‍ പലായനം നടത്തുന്ന ടെക്‌സാസ് മുതല്‍ മിന്നസോട്ട വരെയുള്ള ഭാഗത്ത് രണ്ടു ലക്ഷം ഏക്കര്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള മില്‍ക്ക് വീഡ് വിത്തുകള്‍ മത്സ്യ-വന്യജീവി കേന്ദ്രം നടുകയും ഇപ്രകാരം ചെയ്യുവാന്‍ മറ്റു ഫെഡറല്‍ സംസ്ഥാന ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുകയും മൊണാര്‍ക് ചിത്രശലഭത്തെ സംരക്ഷിക്കാന്‍ മെക്‌സിക്കോയിലെയും കാനഡയിലേയും ഗവണ്‍മെന്റിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. 

മെക്‌സിക്കോയില്‍ നിന്നും തിരിച്ചുമുള്ള മൊണാര്‍ക്കിന്റെ ചുറ്റിയടി കൃഷിയുടെ ചാവു നിലത്തിലൂടെയാണ്. എന്നാല്‍ കര്‍ഷകകരെ പൂര്‍ണമായും കുറ്റം പറയാന്‍ പറ്റില്ലെന്ന് മത്സ്യ-വന്യജീവി കേന്ദ്രത്തിന്റെ തലവന്‍ ഡാന്‍ ആഷേ പറയുന്നു. ‘നമ്മളെല്ലാവരും ഉത്തരവാദികളാണ്. നമ്മള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഞാന്‍ ചോളം ഭക്ഷിക്കാറുണ്ട്. അമേരിക്കന്‍ കര്‍ഷകരല്ല ശത്രുക്കള്‍. അവര്‍ക്ക് പരിഹാരത്തിന്റെ ഭാഗമാകുവാന്‍ കഴിയുമോ? യെസ്..’ ആഷേ പറഞ്ഞു.

‘ഇത് ഈ അത്ഭുതനിഗൂഡ ജീവികളെക്കുറിച്ചല്ല. നമ്മളെക്കുറിച്ച്  തന്നെയാണ്’, ആഷേ പറഞ്ഞു.

വാഷിംഗ്ടണ്‍ നാഷണല്‍ പ്രസ് ക്ലബ്ബില്‍ പങ്കാളിത്ത പ്രഖ്യാപനം നടത്തുമ്പോള്‍ യു.എസ്. സെനെറ്റര്‍ ആമി ക്ലോബുച്ചര്‍ (മിന്നസോട്ട ഡിസ്ട്രിക്റ്റ്) ഇതിനടിവരയിട്ടു. സെക്കന്റ് ഗ്രേഡ് അധ്യാപികയായിരുന്ന തന്റെ അമ്മയ്ക്ക് മൊണാര്‍ക് ചിത്രശലഭങ്ങളോട് വലിയ ഇഷ്ടമായിരുന്നെന്നും അവര്‍ ഓരോ വര്‍ഷവും അവയുടെ പലായനവും കാത്തിരിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. ‘മെക്‌സിക്കോ അല്ലെങ്കില്‍ പരാജയം’ എന്ന ഒരു അടയാളം തന്റെ അമ്മ ധരിച്ചിരുന്നു. 

‘ഇതെന്റെ കുടുംബത്തിനെ സംബന്ധിച്ച് വളരെ വലുതാണ്. എന്റെ അമ്മ ഞാനിത് ചെയ്യണമെന്നു ആവശ്യപ്പെടും’, സ്വകാര്യ, പൊതുമേഖലാ സഹായങ്ങള്‍ മത്സ്യ-വന്യജീവി കേന്ദ്രത്തിനു ലഭ്യമാക്കാന്‍ സഹായിക്കുകയാണ് തന്റെ ജോലിയെന്ന് അവര്‍ പറഞ്ഞു. മിന്നസോട്ടയില്‍ എല്ലാ വര്‍ഷവും മൊണാര്‍ക്ക് ഫെസ്റ്റിവലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

നാഷണല്‍ വൈല്‍ഡ് ലൈഫ് ഫെഡറേഷന്റെ പ്രസിഡന്റായ കോളിന്‍ ഒ’മാര പറഞ്ഞത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്നുണ്ടെന്നാണ്. ഷാര്‍ലോറ്റും സെന്റ് ലൂയിസും ‘മൊണാര്‍ക്കിന്റെ ആലയങ്ങ’ളായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞ രണ്ടു നഗരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പൂന്തോട്ടങ്ങളില്‍ മില്‍ക്ക് വീഡ് നടാന്‍ താത്പര്യമുള്ളവര്‍ക്ക് ഫെഡറേഷന്‍ വിത്തുകള്‍ നല്‍കുന്നുണ്ട്. തന്റെ അമ്മയുടെയും തന്റെയും വീടുകളില്‍ മില്‍ക്ക് വീഡ് ഉണ്ടെന്നും മിക്കപ്പോഴും മൊണാര്‍ക്ക് ചിത്രശലഭങ്ങളെ അവയില്‍ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

ഈ പുതിയ ശ്രമം പൊതുജന താത്പര്യം ആകര്‍ഷിച്ചാല്‍, ആവശ്യാനുസരണം വിത്തുകള്‍ നല്‍കാന്‍ ഫെഡറേഷന്‍ ബുദ്ധിമുട്ടും. ആവശ്യത്തിനു വിത്തുകളില്ല, അവ എല്ലായിടത്തും വളരണമെന്നുമില്ല. മില്‍ക്ക് വീഡ് യു എസ്സില്‍ എല്ലായിടത്തും വളരുമെങ്കിലും പ്രാദേശിക അവസ്ഥകള്‍ക്ക് അനുസൃതമായാണ് അവ വളരുന്നതെന്നു അദ്ദേഹം പറഞ്ഞു.

വീടിന്റെ പിന്നാമ്പുറത്തെ ഇലകളില്‍ മൊണാര്‍ക് ചിത്രശലഭങ്ങള്‍ പാറിക്കളിക്കുമ്പോള്‍ തന്റെ മൂന്നു വയസ്സുകാരി മകളുടെ കണ്ണുകള്‍ വിടരുമെന്ന് ഒ’മാര പറഞ്ഞു. ‘അടിസ്ഥാനഘടകമായ വര്‍ഗ്ഗങ്ങളിലൊന്നാണവ. തലക്കെട്ടുകളില്‍ നിറഞ്ഞില്ലെങ്കിലും അവര്‍ വലുതെന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്’, അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍