UPDATES

അനുപമ ആനമങ്ങാട്

കാഴ്ചപ്പാട്

അനുപമ ആനമങ്ങാട്

ന്യൂസ് അപ്ഡേറ്റ്സ്

‘ഹിന്ദുവിന്റെ പശു’ എന്ന രാഷ്ട്രീയായുധം

[ഗോരക്ഷയുടെ പേരില്‍ കൊലപാതകകങ്ങളും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അടിച്ചമര്‍ത്തലും സമീപകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളായി തുടരുന്നു. ഈ സാഹചര്യത്തില്‍ പശുവിന്റെ രാഷ്ട്രീയം എങ്ങനെയാണ് ഇന്ത്യന്‍ പൊതുസമൂഹത്തെ ബാധിക്കുന്നത് എന്ന ഡി.എന്‍ ഝായുടെ The Myth of Holy Cow എന്ന പുസ്തകത്തിന്റെ മലയാള തര്‍ജമയ്ക്ക് അനുപമ ആനമങ്ങാട് എഴുതിയ ആമുഖം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.] 

 

ആനുകാലികമായ നന്മ, തിന്മാബോധങ്ങള്‍ക്കനുസൃതമായി പ്രാചീനമായ പ്രമാണഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്ന പ്രവണത എന്നും നിലവിലിരുന്ന ഒന്നായിരുന്നു എന്നുവേണം കരുതാന്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലപ്പോഴായി നിലനിന്നിരുന്ന സംസ്‌കാരങ്ങള്‍ക്ക് സംഘടിതരൂപം കൈവരുത്താനുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇന്നത്തെ കാലത്ത് പല പുനര്‍വ്യഖ്യാനങ്ങള്‍ക്കും കാരണമായിട്ടുമുണ്ടാവാം. ഇന്നത്തെ ഹൈന്ദവ നന്മ, തിന്മാബോധവും അനുഷ്ഠാനങ്ങളും വേദകാലങ്ങള്‍ തൊട്ട് തന്നെ നിലനിന്നുവരുന്നതാണ് എന്ന വീക്ഷണമാണ് ഇത്തരം പുനര്‍വ്യാഖ്യാനങ്ങളുടെ പ്രധാനപ്പെട്ട ഒരു നിര്‍ണ്ണയം. ഇത്, അന്നുമിന്നും വൈവിധ്യങ്ങള്‍ നിലനിന്നിരുന്ന, അനവധി മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും തുടരെത്തുടരെ വിധേയമായിരുന്ന, ഒരു സംസ്‌കാരത്തെ അനുചിതമാം വിധം ലളിതവല്‍ക്കരിക്കല്‍ ആണെന്ന് പറയാതെ വയ്യ.

 

ഗോമാതാവ് എന്ന പുണ്യസങ്കല്പമാണ് ഇത്തരത്തിലൊന്ന്. വേദകാലം തൊട്ടേ പശു പുണ്യമൃഗമായി കണക്കാക്കപ്പെട്ടു വരികയും ഗോഹത്യ നിരോധിക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു എന്നത് തീരെ വസ്തുനിഷ്ടമല്ലാത്ത ഒരു വിശ്വാസമാണ്; ആരോപിക്കപ്പെടുന്ന ഈ അന്തര്‍ലീനമായ പവിത്രതയുടെ വേരുകള്‍ പരിശോധിക്കുകയാണിവിടെ. വേദകാലഘട്ടത്തില്‍ നിലനിന്നിരുന്ന വേദധര്‍മം, ഗോബലി അടക്കമുള്ള യജ്ഞങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായിരുന്നുവെന്ന്, അക്കാലത്തെ സാമൂഹ്യജീവിതശൈലിയും പുരാവസ്തുത്തെളിവുകളും വേദഗ്രന്ഥങ്ങളും നിയമഗ്രന്ഥങ്ങളും മറ്റു കൃതികളുമെല്ലാം പരിശോധിച്ച്, അവ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുകയാണ് The Myth of Holy Cow എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ ഡി.എന്‍ ഝാ ചെയ്യുന്നത്.

അക്കാലത്തേത് പ്രധാനമായും ഇടയജീവിതശൈലി ആയിരുന്നതിനാല്‍ പ്രധാനസ്വത്തും ആഹാരവുമെല്ലാം കന്നുകാലികള്‍ തന്നെയായിരുന്നു; തങ്ങള്‍ ആഹരിച്ചിരുന്ന വസ്തുക്കള്‍ തന്നെയാണ് എക്കാലത്തെയും പോലെ ദൈവങ്ങള്‍ക്ക് നൈവേദ്യമായും സമര്‍പ്പിച്ചിരുന്നത്. യജ്ഞമൃഗത്തിന്റെ മാംസം നിരാകരിക്കുന്നത് പാപമായി കരുതിയിരുന്ന കാലഘട്ടമാണിത്; യജ്ഞങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍, പണ്ഡിതബ്രാഹ്മണര്‍ എന്നിവര്‍ക്കെല്ലാം അതിഥിസല്‍ക്കാരം നടത്താനുമെല്ലാം മൃഗബലി അത്യന്താപേക്ഷിതമായി കണക്കാക്കിയിരുന്നു; ഇതില്‍ ഗോബലിയും ഉള്‍പ്പെട്ടിരുന്നു.
എഴുതപ്പെട്ട തെളിവുകള്‍ മാത്രമല്ല, പുരാവസ്തുത്തെളിവുകളും ധാരാളമായി ഗോഹത്യക്ക് ആധാരമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. BCE ഒന്നാം നൂറ്റാണ്ട് മുതല്‍ പുറകോട്ട് ഒരുലക്ഷം വര്‍ഷങ്ങള്‍ മുമ്പ് വരെ പശുക്കളുടെയും കാളകളുടെയും അസ്ഥിത്തെളിവുകള്‍ ഇന്ത്യയില്‍ പലയിടങ്ങളിലായി ധാരാളം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സാധാരണ രീതിയില്‍ മരണപ്പെടുന്ന പശുവിന്റെ അസ്ഥികളും കശാപ്പു ചെയ്ത പശുവിന്റെ അസ്ഥികളും വേര്‍തിരിച്ചറിയാം; രണ്ടാമത്തേതില്‍ ആയുധത്താല്‍ ഛേദിക്കപ്പെട്ടതിന്റെ പാടുകള്‍ ഉണ്ടാവും. പലപ്പോഴും അതതുകാലങ്ങളിലെ ആയുധങ്ങള്‍ക്കൊപ്പമാണ് അസ്ഥികള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളതും. പ്രാചീന ഇന്ത്യയില്‍ ഗോമാംസം സര്‍വസാധാരണമായിരുന്നു എന്നതിലേക്കാണ് ഇത്തരം കണ്ടെത്തലുകളുടെ ബാഹുല്യം വിരല്‍ചൂണ്ടുന്നത്.

 

 

രണ്ടിതിഹാസങ്ങളിലും ധാരാളമായി കാണുന്ന, മാംസാഹാരത്തെ പറ്റിയുള്ള പരാമര്‍ശങ്ങളും ഈ പുസ്തകത്തില്‍ പരിശോധിക്കപ്പെടുന്നു. യുധീഷ്ഠിരന്‍ മൃഗങ്ങളെ വേട്ടയാടി കൊണ്ടുവന്നുതരുമെന്ന് ദ്രൗപദി ജയദ്രഥനോട് വാഗ്ദാനം ചെയ്യുന്നു. പാചകശാലയില്‍ ദിവസവും രണ്ടായിരം പശുക്കളുടെ മാംസവും ധാന്യവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തിരുന്ന രാജാവാണ് മഹാഭാരതത്തില്‍ രന്തിദേവന്‍; ദയാപരന്‍, ദാനശീലന്‍ എന്നെല്ലാം രന്തിദേവന്‍ പ്രശംസിക്കപ്പെടാറുണ്ട്.വാത്മീകിരാമായണത്തില്‍, ധര്‍മശാസ്ത്രത്തില്‍ ഭക്ഷ്യയോഗ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെ ബലികഴിക്കുന്ന യജ്ഞം നടത്തിയതിനു ശേഷമാണ് ദശരഥനു പുത്രന്‍ ജനിക്കുന്നത്. യമുന മുറിച്ചു കടക്കുമ്പോള്‍ സീത നദിയോട്, രാമന്റെ പ്രതിജ്ഞാനിര്‍വഹണത്തിനു ശേഷം മടങ്ങിവരുമ്പോള്‍ ആയിരം പശുക്കളെയും നൂറു മദിരകുംഭങ്ങളെയും സമര്‍പ്പിക്കാമെന്ന് വാക്ക് കൊടുക്കുന്നു; ഗംഗയോടും ഇത്തരമൊരു വാഗ്ദാനം സീത ചെയ്യുന്നുണ്ട്. ഭരദ്വാജന്‍ രാമനെ വരവേല്‍ക്കാന്‍ കൊഴുത്ത പശുക്കിടാവിനെ കശാപ്പു ചെയ്യുന്നു.

 

പില്‍ക്കാലത്ത് ഉപനിഷത്തുക്കളിലാണ് അഹിംസ എന്ന ആശയം തന്നെ ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്; എന്നാലിത് ഒരു വ്യവസ്ഥിതിയായി അപ്പോഴും മാറിയില്ല. ബുദ്ധിസം അഹിംസ പ്രചരിപ്പിക്കാന്‍ അതിന്റേതായ ശ്രമങ്ങള്‍ നടത്തിയെങ്കിലും മാംസാഹാരം അത്ര പ്രബലമായിരുന്ന സമൂഹത്തില്‍ കാതലായ ഒരു മാറ്റം വരുത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല; ധര്‍മപ്രചാരണത്തിനും സ്വീകാര്യതക്കും വേണ്ടിയാകണം, പലപ്പോഴും പല വിട്ടുവീഴ്ചകള്‍ക്കു വിധേയമാവേണ്ടി വരികയും തദ്ദേശങ്ങളിലെ ആചാരങ്ങള്‍ ഒരുപാടൊന്നും മാറ്റങ്ങളില്ലാതെ ഏറ്റെടുക്കെണ്ടിയും വന്നു. ജൈനിസം, മറിച്ച്, ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ ശക്തമായി തന്നെ അഹിംസയെ ഉയര്‍ത്തിപ്പിടിച്ചു; അതാകട്ടെ ബുദ്ധിസത്തെ അപേക്ഷിച്ച്, ഒരുപാടൊന്നും ഒരു മതം എന്ന രീതിയില്‍ വളര്‍ന്നതുമില്ല.

മദ്ധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍, കാര്‍ഷികവൃത്തി കൂടുതല്‍ വ്യാപിക്കുകയും കൂടുതല്‍ കൂടുതല്‍ പേര്‍ കാര്‍ഷികവൃത്തിയില്‍ എര്‍പ്പെട്ടു തുടങ്ങുകയും ചെയ്തപ്പോഴാണ് കന്നുകാലികള്‍ക്ക് കാര്‍ഷിക ഉപയോഗങ്ങള്‍ കൂടി വരികയും പശുവിനു ഒരുതരം പുണ്യപദവി നല്കപ്പെട്ടു തുടങ്ങുകയും ഗോഹത്യ പാപമായി കണക്കാക്കപ്പെട്ടു തുടങ്ങുകയും ചെയ്തത്. പ്രമാണങ്ങളില്‍ കലിയുഗം എന്നറിയപ്പെടുന്ന യുഗത്തില്‍, വേദനിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു; കലിവര്‍ജ്ജ്യ എന്ന പേരില്‍ കലിയുഗത്തില്‍ വര്‍ജ്ജിക്കേണ്ടതായ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നായി ഗോമാംസം മാറി. ഇങ്ങനെ ആദ്യസഹസ്രാബ്ദത്തില്‍ ബലിമൃഗത്തില്‍ നിന്ന് അലംഘനീയതയിലെക്കൊരു പരിണാമം പശു കൈവരിച്ചു. എന്നാലപ്പോഴും മഹാപാതകങ്ങളിലൊന്നായല്ല, ഉപപാതകങ്ങളില്‍ ഒന്നായി മാത്രമേ ഗോഹത്യ കണക്കാക്കപ്പെട്ടിരുന്നുള്ളൂ; അതായത് ചെറിയ തെറ്റുകളിലൊന്ന്.

പശുവില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങള്‍, വിസര്‍ജ്ജ്യം അടക്കമുള്ളവ പരിശുദ്ധവസ്തുക്കളായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്; എന്നാല്‍ പശുവിന്റെ വായ് മാത്രം എന്തുകൊണ്ടോ അശുദ്ധമായ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്; പശു മണത്തു നോക്കിയ ആഹാരം പോലും അശുദ്ധമാണെന്ന വിശ്വാസത്തോടൊപ്പം തന്നെ ഗോമൂത്രം ഔഷധമാണെന്ന വിശ്വാസവും നിലനിന്നിരുന്നു എന്നതും വിചിത്രമാണ്. പശുവിന്റെ പാല്‍, തൈര്, വെണ്ണ, മൂത്രം, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കിയ പഞ്ചഗവ്യം ശ്രേഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നു; എന്നാലിത് തന്നെ ശൂദ്രരും സ്ത്രീകളും ഉപയോഗിക്കാന്‍ പാടില്ലെന്നും പഞ്ചഗവ്യം ഉപയോഗിക്കുന്ന ശൂദ്രന്‍ നരകത്തില്‍ പോകുമെന്നും നിയമം നിലനിന്നിരുന്നു; പിന്നീടീ നിയമത്തെ ലഘൂകരിച്ച്, വേദമന്ത്രങ്ങള്‍ ചൊല്ലാതെ പഞ്ചഗവ്യം ഉപയോഗിക്കാന്‍ സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും അനുമതി നല്‍കിക്കൊണ്ട് മറ്റൊരു നിയമജ്ഞന്‍ പ്രസ്താവിക്കുന്നുണ്ട്.

 

 

ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ‘The Untouchables: Who Were They and Why They Became Untouchables?’ എന്ന പുസ്തകത്തില്‍ തൊട്ടുകൂടായ്മയുടെ തന്നെ കാരണമായി ആഹാരശീലത്തിലുള്ള വ്യത്യാസങ്ങളെ കണക്കാക്കുന്നു. ഹിന്ദുവിനെ ആഹാരശീലപ്രകാരം മൂന്നായി വേര്‍തിരിക്കാം; വെജിറ്റെറിയന്‍ ആഹാരം മാത്രം ഭക്ഷിക്കുന്നവര്‍, ബീഫ് ഒഴിച്ചുള്ള മാംസാഹാരം ഭക്ഷിക്കുന്നവര്‍, ബീഫടക്കമുള്ള മാംസാഹാരം കഴിക്കുന്നവര്‍. ഇതിലെ ആദ്യവിഭാഗം ബ്രാഹ്മണരും രണ്ടാമത്തെ വിഭാഗം അബ്രാഹ്മണഹിന്ദുക്കളും മൂന്നാമത്തെ വിഭാഗം തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്നവരുമാണ്. വേദവ്യാസസ്മൃതിയില്‍ ഇത് വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുള്ളതും അംബേദ്കര്‍ എടുത്തു പറയുന്നു. ‘L12-13. ചര്‍മാകരും (ചെരുപ്പുകുത്തി) ഭട്ടരും (സൈനികര്‍) ഭില്ലരും രജകരും (അലക്കുകാര്‍) പുഷ്‌കരരും നടരും (അഭിനേതാക്കള്‍) വ്രതരും മേധരും ചണ്ഡാലരും ദാസരും സ്വാപകരും കോലികരും ഗോമാംസം ഭക്ഷിക്കുന്ന ആരും ‘അന്ത്യാജര്‍’ (അയിത്തക്കാര്‍) ആകുന്നു’

ബ്രാഹ്മണര്‍ എങ്ങനെ ആദ്യം ഗോമാംസാഹാരവും പിന്നീട് മാംസാഹാരം മുഴുവനായും ഉപേക്ഷിച്ചു എന്ന് അംബേദ്കര്‍ പരിശോധിക്കുന്നു. വേദബലി സാധാരണമായിരുന്ന കാലത്ത്, പശു വിലകൂടിയ മൃഗമായിരുന്നതു കൊണ്ട് സാധാരണക്കാര്‍ വിശിഷ്ടാവസരങ്ങളില്‍ മാത്രമേ ഗോമാംസം ഭക്ഷിച്ചിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ പുരോഹിതരായിരുന്ന ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം യജ്ഞമൃഗത്തിന്റെ മാംസം പതിവാഹാരം ആയിരുന്നു; ഗോബലി നടക്കുന്നിടത്തെല്ലാം പുരോഹിതര്‍ ഗോമാംസം ഭക്ഷിച്ചിരുന്നു. ആത്രേയ ബ്രാഹ്മണത്തില്‍ മൃഗബലി നടത്തേണ്ട വിധവും ബലിമൃഗത്തെ കഷണിക്കേണ്ട വിധവുമെല്ലാം വിശദമായി തന്നെ വിവരിക്കുന്നത് കാണാം.

പിന്നെന്തുകൊണ്ട് ഗോമാംസത്തില്‍ നിന്നും, പിന്നീട് മാംസാഹാരത്തില്‍ നിന്ന് മുഴുവനായും ബ്രാഹ്മണര്‍ വിട്ടുനിന്നു? എന്തുകൊണ്ട് നിയമഗ്രന്ഥങ്ങളില്‍ അഹിംസയും മാംസാഹാരവിരോധവും പ്രത്യക്ഷപ്പെട്ടുതുടങ്ങി? ഒരു പ്രധാനകാരണം ബുദ്ധിസവുമായുള്ള മത്സരം ആണെന്ന് അംബേദ്കര്‍ സമര്‍ഥിക്കുന്നു; ഇന്ത്യയില്‍ വളരെയധികം വളര്‍ച്ച പ്രാപിച്ച ബുദ്ധമതം വേദബലിയെ ശക്തമായെതിര്‍ക്കുകയും വേദധര്‍മത്തെ പിന്തള്ളിത്തുടങ്ങുകയും ചെയ്തിരുന്നു. തത്ഫലമായി ബ്രാഹ്മണരുടെ അധികാരപദവികളും ബാധിക്കപ്പെട്ടു; ബ്രാഹ്മണരെക്കാള്‍ ബുദ്ധര്‍ രാജസദസ്സുകളിലും പൊതുജനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യരായിത്തുടങ്ങിയപ്പോള്‍, പോയ പ്രതാപം തിരിച്ചുപിടിക്കാന്‍ തന്ത്രപ്രധാനമായ ചില മാറ്റങ്ങള്‍ ആവശ്യമായി വന്നു.

 

യജ്ഞാധിഷ്ഠിതമായ വിശ്വാസധാരയില്‍ നിന്ന് വിഗ്രഹാരാധനയിലേക്ക് മാറിയതു പോലും ഇത്തരം മാറ്റങ്ങളിലൊന്നാണ്. ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ അനുയായികള്‍, ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും സ്ഥാപിച്ചു തുടങ്ങിയപ്പോഴാണ്, ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും ഒരു പ്രസക്തിയും ഇല്ലാതിരുന്ന, ബലി/ യജ്ഞകര്‍മങ്ങളില്‍ അധിഷ്ഠിതമായിരുന്ന, ബ്രാഹ്മണിസം എന്നുതന്നെ വിളിക്കാവുന്ന വേദധര്‍മം, ശിവനും വിഷ്ണുവിനും രാമനും കൃഷ്ണനും ക്ഷേത്രങ്ങള്‍ പണിതു തുടങ്ങിയതും ഹിന്ദുയിസം എന്ന പുതിയ പ്രതിച്ഛായ കൈവരിച്ചതും എന്ന് അംബേദ്കര്‍ വിശദീകരിക്കുന്നു.

 

 

കാര്‍ഷികസംസ്‌കാരത്തിന്റെ തുടക്കത്തോടെ ഉപയോഗയോഗ്യത കൂടിയ ഒരു മൃഗമായി മാറിയിരുന്ന പശു യജ്ഞങ്ങള്‍ക്ക് ബലിനല്‍കപ്പെട്ടിരുന്നത് വേദബലി നടത്തുന്ന ബ്രാഹ്മണര്‍ക്കെതിരെ പൊതുജനമനോഭാവം ഉണരാന്‍ കാരണമായിരുന്നിരിക്കണം; ബുദ്ധിസമാകട്ടെ ബലിയെ ശക്തമായെതിര്‍ത്തു എന്നത് ബുദ്ധിസത്തിനനുകൂലമായ പൊതുജനമനോഭാവത്തിനും കാരണമായി. യജ്ഞങ്ങള്‍ നടത്തുന്ന ബ്രാഹ്മണര്‍ പശുവിനെ കൊല്ലുന്നവര്‍ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു; അതിഥിസല്‍ക്കാരത്തിനു പശുവിനെ കൊല്ലേണ്ടതിനാല്‍ അതിഥി എന്ന അര്‍ഥത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ‘ഗോഘ്‌ന’ എന്ന പദം കാലക്രമേണ മോശമായ പ്രയോഗമായി മാറിയതും ഇതു പോലെ തന്നെ. അതുകൊണ്ടുതന്നെ, ബുദ്ധിസത്തിനെതിരെയുള്ള തന്ത്രപ്രധാനമായ മാറ്റങ്ങളില്‍ ഗോഹത്യ നിരോധിക്കുക എന്നത് സ്ഥാനം പിടിച്ചു.

 

എന്നാല്‍ ബുദ്ധിസത്തിനേക്കാള്‍ ഉയര്‍ന്ന ഒരു പദവി അവകാശപ്പെടാന്‍ ഇതുമാത്രം മതിയാകുമായിരുന്നില്ല; അങ്ങനെയാണ് സസ്യാഹാരശീലം ഒരു ബ്രാഹ്മണചിഹ്നമായി തീര്‍ന്നത്. ബുദ്ധര്‍ സസ്യാഹാരികള്‍ ആയിരുന്നില്ല എന്നിതിനോട് കൂട്ടിവായിക്കേണ്ടതാണ്; അഹിംസ എന്നാല്‍ മാംസാഹാരം ഉപേക്ഷിക്കുക എന്നര്‍ഥമുണ്ടായിരുന്നില്ല; കൊല്ലാതെ കിട്ടുന്ന മാംസം അനുവദനീയമായിരുന്നു. അത്തരത്തിലുള്ള മാംസം പോലും ഉപേക്ഷിച്ചു കൊണ്ട് ബ്രാഹ്മണര്‍ ബുദ്ധരെക്കാള്‍ ഒരുപടി മുകളില്‍ ധാര്‍മികമായ മാഹാത്മ്യം അവകാശപ്പെട്ടു; പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിക്കുക എന്നതും കാര്‍ഷികസമൂഹത്തിന്റെ മുമ്പില്‍ ഈ മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ഒരു മാര്‍ഗം തന്നെയായി അംബേദ്കര്‍ കാണുന്നു.

പശുവിനെ ദേവതയായി ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല; പശുവിനു വേണ്ടി അമ്പലങ്ങളും പണികഴിക്കപ്പെട്ടിരുന്നില്ല. ഇതെല്ലാം വെച്ചു നോക്കിയാല്‍ പശുവിന്റെ പെട്ടെന്നുയര്‍ന്നു വന്ന പവിത്രത, ദൈവികം എന്ന ബോധത്തില്‍ നിന്നു ഉണ്ടായതിനേക്കാള്‍, കാര്‍ഷികസംസ്‌കാരത്തിന്റെ തുടക്കത്തോടെ പശുവിന്റെ ഉപയോഗയോഗ്യത വര്‍ദ്ധിച്ചതിന്റെ ഫലമായുണ്ടായി എന്നുതന്നെയേ കരുതാനാവൂ. പശു, കാര്‍ഷികവൃത്തി ചെയ്തിരുന്നവര്‍ക്ക് ഒരു സ്വകാര്യസ്വത്തും അവശ്യവസ്തുവും ആയിരുന്നു എന്നതിനാലാവണം പശുവിനെ കൊല്ലുന്നതിനും മാംസം ഭക്ഷിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. ബ്രാഹ്മണര്‍ അതൊരു മതനിയമമായി പ്രഖ്യാപിച്ചതോടെ അത് സമൂഹത്തില്‍ വ്യക്തമായ ഒരു വിഭാഗീയതക്ക് വഴിവെച്ചു എന്നും കാണാം.

ബ്രാഹ്മണര്‍ പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിച്ചപ്പോള്‍ മറ്റുള്ളവര്‍ എല്ലാവരും ഒരുപോലെ അതനുകരിച്ചില്ല എന്നത് വ്യക്തം; ഇതിന്റെ സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലവും അംബേദ്കര്‍ പരിശോധിക്കുന്നുണ്ട്. പശുവിന്റെ പുണ്യപദവി അംഗീകരിച്ച് ബീഫ് ഉപേക്ഷിച്ചവര്‍, മേല്‍ജാതിക്കാരെ അനുകരിക്കാനുള്ള സ്വാഭാവികപ്രവണത പിന്തുടര്‍ന്നവരാകണം എന്ന് അംബേദ്കര്‍ പറയുന്നു; ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേല്‍ ടാര്‍ഡിന്റെ ‘സംസ്‌കാരം സമൂഹത്തില്‍ വ്യാപിക്കുന്നത് മേല്‍വിഭാഗങ്ങളെ കീഴ്വിഭാഗങ്ങള്‍ അനുകരിച്ചുകൊണ്ടാണ്’ എന്ന വാദവും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഈ അനുകരണം നടത്താതിരുന്നവര്‍ മതത്തിനു പുറത്ത് നില്ക്കുന്നവരായി വീക്ഷിക്കപ്പെടുകയും തൊട്ടുകൂടാത്തവര്‍ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

രാജവാഴ്ചയുടെ കാലങ്ങളില്‍ ഭൂവുടമകള്‍ പൊതുവെ രാജാക്കന്മാരും രാജരക്തത്തിലുള്ളവരും ആയിരുന്നു എന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ബ്രാഹ്മണന് ഭൂമിയെയും പശുവിനെയും ദാനം ചെയ്യുക എന്നത് ക്ഷത്രിയരാജാക്കന്മാരുടെ കടമയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബ്രാഹ്മണര്‍ ഭൂവുടമകളായി മാറിയതും സ്വാഭാവികം. ബ്രാഹ്മണന്‍ ചോദിച്ച ദാനം നല്‍കാതിരിക്കുക എന്നത് മഹാപാപമാണ്. മഹാബലിയുടെയും വാമനന്റെയും കഥ നാം എല്ലാ ഓണത്തിനും ഇപ്പോഴും പാടാറുള്ളതുമാണല്ലോ. കാര്‍ഷികാവശ്യത്തിനുള്ള രണ്ടവശ്യവസ്തുക്കളായിരുന്നു ഭൂമിയും പശുവും; ബ്രാഹ്മണരോ ക്ഷത്രിയരോ ഇവര്‍ ഭൂമി കൊടുക്കാന്‍ തയ്യാറായ ചില ആശ്രിതരോ അല്ലാത്ത ഭൂരിപക്ഷം പേര്‍ ഭൂമിയില്ലാത്തവരും ദരിദ്രരും ആയിത്തീര്‍ന്നതിലും അസ്വാഭാവികതയില്ല.

 

 

എന്തുകൊണ്ട്, തൊട്ടുകൂടായ്മ സഹിച്ചുകൊണ്ട് കീഴ്ജാതിക്കാര്‍/ ദരിദ്രവിഭാഗങ്ങള്‍ ബീഫ് കഴിക്കുന്നത് തുടര്‍ന്നു? എന്തുകൊണ്ട് ബ്രാഹ്മണരെ പോലെ ബീഫ് ഉപേക്ഷിച്ചില്ല? ഇതിനു ഗോഹത്യാവിരോധത്തിനു മുമ്പുള്ള കാലത്തെ രീതികളും ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്നു അംബേദ്കര്‍ പറയുന്നു. അക്കാലത്ത്, വിലപിടിച്ച പശുവിനെ കൊന്നു ഭക്ഷിക്കാന്‍ ധനികര്‍ക്കും പുരോഹിതരായ ബ്രാഹ്മണര്‍ക്കും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദരിദ്രവിഭാഗങ്ങള്‍ ചത്ത പശുവിന്റെ മാംസത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് സ്വാഭാവികമായും. ഇക്കാരണത്താല്‍ തന്നെ ഗോബലിയും ഗോഹത്യയും ഗോമാംസാഹാരവും മേല്‍വിഭാഗങ്ങള്‍ നിര്‍ത്തലാക്കിയപ്പൊഴും ചത്തപശുവിനു പകരം വെക്കാന്‍ സുലഭമായ മറ്റാഹാരങ്ങള്‍ ദരിദ്രവിഭാഗത്തിനുണ്ടായിരുന്നില്ല; അവരുടെ ഉപജീവനം ധനികമേല്‍വിഭാഗത്തെ ആശ്രയിച്ചായിരുന്നു; മേല്‍വിഭാഗമാകട്ടെ കൃഷിയും കന്നുകാലിവളര്‍ത്തലും ഉപജീവനമാക്കിയിരുന്നവരായിരുന്നു. കാര്‍ഷികസമൂഹത്തില്‍, ആരുടെയെങ്കിലുമൊക്കെ പശു ചാവുന്നത് സുലഭവുമായിരുന്നുവെന്നോര്‍ക്കണം. ചത്ത പശുവിനെ കൊണ്ടുപോകുക എന്നത് ചില ജാതിവിഭാഗങ്ങളുടെ കടമയും അവകാശവും കൂടിയായി കണക്കാക്കപ്പെട്ടിരുന്നു. പശുവിനെ കൊല്ലാത്തതിനാല്‍ ഇത് അഹിംസക്കൊ ഗോഹത്യാനിരോധനനിയമങ്ങള്‍ക്കോ എതിരായും ഭവിച്ചില്ല.

 

പശുവിനെ ഒരു മതപ്രതീകമാക്കി രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ചുതുടങ്ങുന്ന പ്രവണതയാകട്ടെ വളരെ അടുത്ത കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രദ്ധപിടിച്ചു പറ്റി ശക്തിയാര്‍ജ്ജിച്ച ഒരു പ്രതിഭാസമാണ്. ഇത് മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ ആധാരമാക്കി വളര്‍ന്നുവന്ന ഒരു പ്രക്ഷോഭവുമാണ്. 1880-കളിലും 1890-കളിലും വന്‍തോതിലുള്ള വര്‍ഗീയകലാപങ്ങള്‍ക്ക് തന്നെ ഈ വിഷയം കാരണമായി. ദയാനന്ദസരസ്വതി ഗോരക്ഷിണിസഭയുണ്ടാക്കി ഗോവധത്തിനെതിരെ രംഗത്ത് വരികയും മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ വലിയൊരു പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുത്വ സംഘടനകള്‍ ഇത് പൂര്‍വാധികം ആര്‍ജ്ജവത്തോടെ വീണ്ടും ഏറ്റെടുത്തു; ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ഒരു പ്രതീകമെന്ന നിലയില്‍ പശു വലിയൊരു രാഷ്ട്രീയസാധ്യതയായി. പശു ഗോമാതാവ് ആയതിനാല്‍ ബീഫ് തീറ്റക്കാര്‍ മാതാവിനെ വധിക്കുന്നവര്‍ ആയി; അങ്ങനെ ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുത്തുകൊണ്ട് ഹിന്ദു ഏകോപനത്തിന് പശു ഒരു രാഷ്ട്രീയായുധമായി.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍