UPDATES

വിദേശം

ട്രംപിനെ നേരെയാക്കാന്‍ കോടതിക്ക് കിട്ടുന്ന അവസരത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു; ന്യൂയോര്‍ക്ക് ടൈംസ്

Avatar

‘ഡൊണാള്‍ഡ് ട്രംപ് തങ്ങളെ അനുചിതമായി സ്പര്‍ശിച്ചതായി രണ്ട് സ്ത്രീകള്‍ പറയുന്നു,’ എന്ന തലക്കെട്ടില്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് ടൈംസിന്റെ വിപിയും അസിസ്റ്റന്റ് ജനറല്‍ കൗണ്‍സെലുമായ ഡേവിഡ് മക്രോവ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തിന് അയച്ച കത്തിന്റെ പൂര്‍ണരൂപം. 

മാര്‍ക് ഇ കസോവിറ്റ്‌സ്,
കസോവിറ്റ്‌സ്, ബെന്‍സണ്‍, ടോറസ് ആന്റ് ഫ്രീഡ്മാന്‍ എല്‍എല്‍പി
1633 ബ്രോഡ്വേ, ന്യൂയോര്‍ക്ക്, എന്‍വൈ 10019-6799

വിഷയം: പിന്‍വലിക്കണമെന്ന ആവശ്യം

ഡിയര്‍ മി. കസോവിറ്റ്‌സ്, 

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിങ്ങളുടെ കക്ഷിയുമായ ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട് 2016 ഒക്ടോബര്‍ 12ന് താങ്കള്‍ അയച്ച കത്തിനുള്ള മറുപടിയായാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ‘ഡൊണാള്‍ഡ് ട്രംപ് തങ്ങളെ അനുചിതമായി സ്പര്‍ശിച്ചതായി രണ്ട് സ്ത്രീകള്‍ പറയുന്നു,’ എന്ന തലക്കെട്ടില്‍ വന്ന ഞങ്ങളുടെ വാര്‍ത്തയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ താങ്കള്‍ അത് ‘അപകീര്‍ത്തികരം’ എന്ന് മുദ്രകുത്തുകയും ചെയ്തു. ‘വെബ്‌സൈറ്റില്‍ (ഞങ്ങളുടെ) നിന്നും അത് നീക്കംചെയ്യണമെന്നും വാര്‍ത്ത ഉടനടി പൂര്‍ണമായും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും’ താങ്കള്‍ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

അപകീര്‍ത്തി അവകാശത്തിന്റെ സത്തയെന്ന് പറയുന്നത് തീര്‍ച്ചയായും ഒരു വ്യക്തിയുടെ സല്‍പ്പേര് സംരക്ഷിക്കുകയെന്നത് തന്നെയാണ്. രണ്ട് സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചതിനെ കുറിച്ച് മി. ട്രംപ് തന്നെ വീമ്പിളക്കിയിട്ടുള്ളതാണ്. സൗന്ദര്യ മത്സരാര്‍ത്ഥികള്‍ വസ്ത്രം മാറുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറിയതിനെ കുറിച്ച് അദ്ദേഹം വീമ്പടിച്ചിട്ടുണ്ട്. സ്വന്തം മകള്‍ ഒരു ‘ലൈംഗിക ആകര്‍ഷണ വസ്തുവാണ്’ (Piece of Ass) എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു റേഡിയോ അവതാരകയുടെ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. മി. ട്രംപിന്റെ അന്യായമായ കൈകടത്തലുകള്‍ക്കെതിരെ ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടില്ലാത്ത നിരവധി സ്ത്രീകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മി. ട്രംപ് അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ട് സ്വയം സൃഷ്ടിച്ചതിനേക്കാള്‍ വലുതായി അദ്ദേഹത്തിന്റെ അപകീര്‍ത്തിയെ ബാധിക്കുന്ന ഒന്നും തന്നെ ഞങ്ങളുടെ ലേഖനത്തില്‍ ഇല്ല.

എന്നാല്‍ ഇതിലൊക്കെ വലുതും പ്രധാനവുമായ മറ്റൊരു പ്രശ്‌നം ഇവിടെ ഉദിക്കുന്നുണ്ട്. രാജ്യം മുഴുവന്‍ വീക്ഷിച്ച ഞായറാഴ്ച രാത്രിയിലെ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ മി. ട്രംപ് തന്നെ ചര്‍ച്ച ചെയ്ത ഒരു ദേശീയ പ്രധാന്യമുള്ള പ്രശ്‌നത്തിലേക്കാണ് ഞങ്ങളുടെ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന സ്ത്രീകള്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീകളുടെ ഭാഷ്യത്തെ കുറിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ശ്രദ്ധാപൂര്‍വമായ അന്വേഷണം നടത്തി. സ്ത്രീകളുടെ ഭാഷ്യത്തെ ശക്തമായ നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള മി. ട്രംപിന്റെ പ്രതികരണവും അവര്‍ വായനക്കാരില്‍ എത്തിച്ചിട്ടുണ്ട്. അവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളുടെ വായനക്കാരോട് മാത്രമല്ല ജനാധിപത്യത്തോട് മൊത്തത്തില്‍ ചെയ്യുന്ന അന്യായമായിരിക്കും. നിയമം അനുവദിക്കുന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്തത്: പൊതുജനങ്ങള്‍ക്ക് ആശങ്കയുള്ള ഒരു സുപ്രധാന വിഷയത്തെ സംബന്ധിച്ച് വാര്‍ത്താപ്രാധാന്യമുള്ള ഒരു വിവരം ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. മി. ട്രംപ് വിയോജിക്കുകയാണെങ്കില്‍, ഈ സ്ത്രീകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും, ഈ രാജ്യത്തെ നിയമങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്നവരെ നിശബ്ദരാക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ ഒരു കോടതിക്ക് ലഭിക്കുന്ന ഈ അവസരത്തെ ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

വിശ്വാസപൂര്‍വം
ഡേവിഡ് ഇ മക്രോവ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍