UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ലെന്ന പ്രചരണം വ്യാജം- പുതുവൈപ്പ് സമരസമിതി

പുതുവൈപ്പിലെ സമരക്കാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നത് വ്യാജവാര്‍ത്ത

പുതുവൈപ്പിലെ സമരക്കാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന പ്രചരണം വ്യാജമെന്ന് സമരസമിതി. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യില്ലെന്ന തീരുമാനം ഇതേവരെ എടുത്തിട്ടില്ലെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. മുരളി അഴിമുഖത്തോട് പറഞ്ഞു. ‘ചര്‍ച്ചയ്ക്ക് തയ്യാറല്ല, തിരുവനന്തപുരത്തുപോയി ചര്‍ച്ചയ്ക്കില്ല തുടങ്ങിയ പ്രചരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇത് സമരസമിതിയുടെ തീരുമാനമല്ല. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയുണ്ടെന്ന കാര്യം എംഎല്‍എ പറഞ്ഞ അറിവ് മാത്രമാണ് ഞങ്ങള്‍ക്ക്. എംഎല്‍എ വാക്കാല്‍ ഇക്കാര്യം അറിയിച്ചതല്ലാതെ ഔദ്യോഗികമായ ഒരറിയിപ്പും ഇതേവരെ ലഭിച്ചിട്ടില്ല. ഔദ്യോഗികമായ അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം കോര്‍ കമ്മിറ്റി കൂടി തീരുമാനിക്കും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടായപ്പോള്‍ തഹസില്‍ദാര്‍ മുന്‍കൂട്ടി ഞങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്ക് ഒരു ദിവസം ബാക്കി നില്‍ക്കെ ഇത്തരമൊരു നടപടി ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല.

സമരസമിതി ചെയര്‍മാന്‍ പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ ഇതേവരെ കമ്മിറ്റി കൂടിയിട്ടില്ല. കമ്മിറ്റി കൂടി എടുക്കുന്ന തീരുമാനമായിരിക്കും അന്തിമതീരുമാനം. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പല ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക സാധാരണമാണ്. എന്നാല്‍ അത് സമരസമിതിയുടെ തീരുമാനമെന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ശരിയായ നടപടിയല്ല.’ മുരളി പറഞ്ഞു.

സമരത്തിന് പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്ന റൂറല്‍ എസ്.പി.യുടെ ആരോപണം എസ്.പി.യുടെ വാക്കുകളല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണെന്നും കെ.എസ്.മുരളി പ്രതികരിച്ചു. ‘ഭരണകൂടത്തിന്റെ ചിന്തയാണ് എസ്.പി.യുടെ വായില്‍ നിന്ന് വന്നത്. അല്ലാതെ ഇക്കാര്യം എസ്.പി.യുടെ മാത്രം ചിന്തയായി കാണേണ്ടതില്ല. പിണറായി വിജയന് പറയാനുള്ളത് എസ്.പി.യിലൂടെ പുറത്തുവന്നെന്ന് മാത്രം. എട്ട് വര്‍ഷമായി ഞങ്ങള്‍ സമരം തുടങ്ങിയിട്ട്. ഇതേവരെ ഇതില്‍ തീവ്രവാദി ബന്ധം ആരോപിച്ചു കണ്ടില്ലല്ലോ? ഇപ്പോള്‍ സമരത്തിന് ജനപിന്തുണയേറുന്നുവെന്ന് കണ്ടപ്പോള്‍ സമരത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണ് ഈ ആരോപണം. ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിവാദ്യമര്‍പ്പിച്ചു പോവുന്നുണ്ട്. അവരേയും തീവ്രവാദികളെന്ന വിളിക്കുമോ? സമരസമിതി കണ്‍വീനറായ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലാത്തയാളാണ്. ഈ സമരത്തിന് മുന്നിട്ടിറങ്ങിയപ്പോളാണ് പൊതുപ്രവര്‍ത്തനം തന്നെ ആരംഭിച്ചത്. പണ്ടുകാലത്ത് സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകരായിരുന്ന മൂന്ന് നാല് പേര്‍ ഞങ്ങളോടൊപ്പം സമരത്തിനുണ്ട്. ഇത് ജനകീയ സമരമാണ്. പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഇതിലുണ്ട്. പണ്ട് സി.പി.ഐ (എം.എല്‍) കാര്‍ ആയിരുന്നുവെന്ന് പറഞ്ഞ് ആരെയെങ്കിലും ഇതില്‍ നിന്ന് മാറ്റി നിര്‍ത്താനാവുമോ? ചിലര്‍ ഇപ്പോഴും പരിസ്ഥിതി പ്രവര്‍ത്തനത്തിലും മറ്റും സജീവമാണ്. എന്നതുകൊണ്ട് മാത്രം ഇവരെങ്ങനെയാണ് തീവ്രവാദി ബന്ധം ആരോപിക്കുന്നത്? സമരത്തിന് ഓരോ ദിവസവും ലഭിക്കുന്ന ജനപിന്തുണയില്‍ ഭയപ്പെട്ടിട്ടാണ് ഇത്തരം ആരോപണങ്ങളുമായി ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്. സമരത്തിന് പിന്തുണയര്‍പ്പിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും സമരപ്പന്തലിലെത്തുന്നുണ്ട്. ഇനി അതാണോ തീവ്രവാദി ബന്ധം ആരോപിക്കാനുള്ള കാരണമെന്നും സംശയിക്കുന്നു.’

ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിയുന്നത് വരെ ഐ.ഒ.സി. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കിലും നാട്ടുകാര്‍ സമരം തുടരുകയാണ്. തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചതുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍