UPDATES

ട്രെന്‍ഡിങ്ങ്

ലോ അക്കാദമി: എസ്എഫ്‌ഐയില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്ത തെറ്റ്; ഞങ്ങള്‍ സമരത്തെ ഒറ്റിയിട്ടില്ല: എം വിജിന്‍ നിലപാട് വ്യക്തമാക്കുന്നു

ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയില്‍ നിന്നും ആരുംതന്നെ അത്തരത്തില്‍ ഒരു കത്ത് തനിക്ക് അയച്ചിട്ടില്ല

കേരള ലോ അക്കാദമി സമരത്തില്‍ എസ്എഫ്‌ഐ എടുത്ത നിലപാടിന്റെ പേരില്‍ സംഘടനയില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്ത അടിസ്ഥാനഹിതമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ അഭിസംബോധന ചെയ്തുകൊണ്ട് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും വിജിന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഴിമുഖത്തില്‍ ലോ അക്കാദമി സമരത്തില്‍ മാനേജുമെന്‍റിന് വഴങ്ങുന്ന സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിനെക്കുറിച്ച് വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിജിന്‍.

ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയില്‍ യാതൊരു ഭിന്നിപ്പുമില്ല. അവിടെ നിന്നും ആരുംതന്നെ ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് അയച്ചിട്ടുമില്ല. ലോ അക്കാദമി സമരത്തിന്റെ ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ സ്വതന്ത്രമായി സമരം നടത്തുന്ന ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി ഐക്യവുമായും തങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. അതേസമയം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം എസ്എഫ്‌ഐക്കില്ല. കാരണം എസ്എഫ്‌ഐ ഒറ്റയ്ക്കാണ് ഈ സമരം നടത്തിയത്. അല്ലാതെ സംയുക്തസമരസമിതിയില്‍ ഞങ്ങള്‍ ഭാഗമല്ല.

മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ആദ്യ ദിവസമായ ജനുവരി 30-ന് സ്വതന്ത്ര വിദ്യാര്‍ത്ഥി ഐക്യവും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുത്തിരുന്നു. സമരം തുടങ്ങി ഇരുപത് ദിവസത്തിന് ശേഷമാണ് മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്റ് കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുക എന്ന നിര്‍ദേശത്തോട് എല്ലാവരും യോജിച്ചതുമാണ്. എന്നീട് നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. അതേസമയം സ്വതന്ത്ര വിദ്യാര്‍ത്ഥി ഐക്യത്തിലെ പെണ്‍കുട്ടികള്‍ ചര്‍ച്ചയ്ക്ക് തുടര്‍ന്നും ഇരുന്നു. എന്നാല്‍ ഇറങ്ങിപ്പോയവര്‍ മടങ്ങിയെത്തി ഇവരുമായി ആശയ വിനിമയം നടത്തുകയും തുടര്‍ന്ന് ഈ പെണ്‍കുട്ടികളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷം പുറത്തെത്തിയ താന്‍ ചര്‍ച്ചയിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതും തുടര്‍ ചര്‍ച്ചയുണ്ടെന്ന് അറിയിക്കുകയും ചെയ്തതാണെന്നും വിജിന്‍ ചൂണ്ടിക്കാട്ടി. ആദ്യ ദിവസം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ തന്നെ മറ്റ് വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ ചോദിച്ചത് വിദ്യാഭ്യാസ മന്ത്രി എവിടെയെന്നും മുഖ്യമന്ത്രി എവിടെയെന്നുമൊക്കെയാണ്. എന്നാല്‍ മാനേജ്‌മെന്റ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇവരാരും പങ്കെടുക്കില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

രണ്ടാമത്തെ ദിവസത്തെ ചര്‍ച്ച പതിനൊന്ന് മണിക്ക് നിശ്ചയിച്ചിരുന്നു. അത് തലേദിവസത്തെ ചര്‍ച്ചയുടെ അവസാനം തന്നെ തീരുമാനമായതാണ്. ചര്‍ച്ചയ്ക്ക് പോകുന്നതിന് മുമ്പ് ആര്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വിദ്യാര്‍ത്ഥി ഐക്യത്തിലെ പെണ്‍കുട്ടികളുമായി താന്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയ്ക്ക് തങ്ങളില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. തന്റെ മുന്നില്‍ വച്ചാണ് അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നാഗരാജ് നാരായണന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നതെന്നും വിജിന്‍ വ്യക്തമാക്കി.

ലോ അക്കാദമി; എസ്എഫ്‌ഐയില്‍ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിച്ച് പ്രവര്‍ത്തകരുടെ കത്ത്

നാല് മണിക്കൂര്‍ നടന്ന ചര്‍ച്ചയാണ് രണ്ടാം ദിവസം നടന്നത്. ഇതിനിടെ പലപ്പോഴും തങ്ങള്‍ വിയോജിച്ച് ഇറങ്ങിപ്പോകുകയും വീണ്ടും ചര്‍ച്ച നടത്തുകയുമെല്ലാമുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ ഫോണില്‍ നിന്നും താന്‍ ആര്യയുമായും ആശയവിനിമയം നടത്തിയിരുന്നു. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്താമെന്ന് മാനേജ്‌മെന്റ് അംഗീകരിച്ചെങ്കിലും ഫാക്കല്‍റ്റിയായി പോലും തുടരാനാകില്ലെന്ന നിലപാടാണ് എസ്എഫ്‌ഐ സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ ഈ ആവശ്യത്തിന് മുന്നിലും മാനേജ്‌മെന്റ് വഴങ്ങി.

വിദ്യാര്‍ത്ഥികളുടെ പരീക്ഷ അടുത്തിരിക്കുന്നതാണ് മാനേജ്‌മെന്റിനെ ഇപ്പോഴെങ്കിലും വഴങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്. എസ്എഫ്‌ഐ ചിന്തിച്ചതും അതു തന്നെയാണ്. പ്രിന്‍സിപ്പല്‍ അഞ്ച് വര്‍ഷത്തേക്ക് ക്യാമ്പസില്‍ ഉണ്ടാകില്ലെന്ന ഉറപ്പ് സമരത്തിന്റെ വിജയമാണെന്ന് ഞങ്ങള്‍ പറയുന്നതും അതുകൊണ്ടാണ്. മാനേജ്‌മെന്റ് അംഗീകരിച്ച 17 ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടാകുകയാണെങ്കില്‍ എസ്എഫ്‌ഐ തീര്‍ച്ചയായും അതില്‍ ഇടപെട്ടിരിക്കും.

അതേസമയം എസ്എഫ്‌ഐയെ സമരത്തിന്റെ ഒറ്റുകാരെന്ന് വിശേഷിപ്പിക്കുന്നത് ബാലിശമാണ്. എസ് എഫ് ഐ ആരുടെയും കൂടെ ചേര്‍ന്നല്ല ഈ സമരം നടത്തിയത്. സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് തോന്നിയപ്പോള്‍ അതില്‍ നിന്നും പിന്മാറാനുള്ള ആര്‍ജ്ജവവും എസ്എഫ്‌ഐയ്ക്കുണ്ട്. കൂട്ടത്തില്‍ ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ നിന്നും പിന്മാറുന്നവരെയല്ലേ ഒറ്റുകാരെന്ന് വിളിക്കേണ്ടതുള്ളൂ. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും താറടിച്ച് കാണിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചിട്ടില്ലെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍