UPDATES

ട്രെന്‍ഡിങ്ങ്

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ‘ചാരന്മാര്‍’

നിരവധി പാക് ചാരന്മാര്‍ പിടിയിലായിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ചാരവൃത്തിയുടെ പേരില്‍ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല

ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വീണ്ടും മോശമാക്കുകയും നയതന്ത്ര ബന്ധങ്ങള്‍ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച നടപടി നീങ്ങുന്നത്. മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണ് ജാദവ്. എന്നാല്‍ ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി (റോ)ന്റെ ഭാഗമാണ് ജാദവ് എന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ഇതാണ് അവിടുത്തെ സൈനിക കോടതി ജാദവിനെ വധശിക്ഷ വിധിക്കാനായി ചൂണ്ടിക്കാട്ടിയിട്ടുള്ളതും. ഒപ്പം, ബലൂച് മേഖലയില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവിടുത്തെ തീവ്രവാദ സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കി സഹായിക്കുന്നുവെന്ന ആരോപണങ്ങളുമുണ്ട്. എന്നാല്‍ ഇതെല്ലാം വാസ്തവവിരുദ്ധമാണെന്ന് ഇന്ത്യ തെളിവുകള്‍ നിരത്തി വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്തരത്തില്‍ പാക്കിസ്ഥാന്റെ പിടിയിലാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ ചാരന്മാരാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നത് ആദ്യമായല്ല. പാക്കിസ്ഥാനി മാധ്യമങ്ങള്‍ ഇത്തരത്തില്‍ നിരവധി പേരുടെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക് അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന, ഇവിടങ്ങളില്‍ അലഞ്ഞു തിരിയുന്ന പലരെയും പാക്കിസ്ഥാന്‍ ജയിലിടച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ഇവരെ ചാരന്മാരെന്ന് വിശേഷിപ്പിക്കുമ്പോള്‍ നയപരമായ തീരുമാനത്തിന്റെ കൂടി ഭാഗമായി ഇന്ത്യ ഇവരുടെ ഉത്തവാദിത്തം ഏറ്റെടുക്കാറുമില്ല. അവരില്‍ പലരും അജ്ഞാതരായി തന്നെ തുടരും. എന്നാല്‍ നിരവധി പാക്കിസ്ഥാന്‍ ചാരന്മാര്‍ പിടിയിലായിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ചാരവൃത്തിയുടെ പേരില്‍ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പാക്കിസ്ഥാന്റെ പിടിയിലായിട്ടുള്ള ഇന്ത്യന്‍ ചാരന്മാരെന്ന് അവര്‍ ആരോപിക്കുന്ന പ്രശസ്തരായ ചിലരുണ്ട്. അവരിലൂടെ:

സരബ്ജിത് സിംഗ്

1990 ഓഗസ്റ്റിലാണ് സരബ്ജിത് സിംഗിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. അന്ന് 27 വയസുണ്ടായിരുന്ന സരബ്ജിത് മദ്യപിച്ച് അബോധാവസ്ഥയില്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നാണ് ഇന്ത്യ ഈ അറസ്റ്റിനോട് പ്രതികരിച്ചത്. 14 പാക്കിസ്ഥാനികളുടെ മരണത്തിന് ഇടയാക്കിയ ഫൈസലാബാദ്, മുള്‍ത്താന്‍, ലാഹോര്‍ എന്നിവിടങ്ങളിലെ നാല് ബോംബ് സ്‌ഫോടനങ്ങളാണ് സരബ്ജിത്തിന്റെ മേല്‍ ചുമത്തപ്പെട്ടത്. ഇതിന്റെ പേരില്‍ വധശിക്ഷയും വിധിച്ചു.

2013 ഏപ്രില്‍ 26-ന് കോട് ലോക്പത് ജയിലില്‍ വച്ച് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ സരബ്ജിതിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ലാഹോറിലെ ജിന്നാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സരബ്ജിതിനെ മുതിര്‍ന്ന ന്യൂറോസര്‍ജന്മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്. പക്ഷേ മെയ് രണ്ടിന് സരബ്ജിത് സിംഗ് മരിച്ചു. തുടര്‍ന്ന് സരബ്ജിതിന്റെ കുടുംബം മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചെയ്തു.

സരബ്ജിതിനെ പാക് ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സഹോദരി നടത്തുന്ന ശ്രമങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് സരബ്ജിത്. ഐശ്വര്യാ റോയ് ആണ് സഹോദരി ദല്‍ബീര്‍ കൗറിന്റെ വേഷത്തില്‍ അഭിനയിച്ചത്.

കാഷ്മീര്‍ സിംഗ്

ഇന്ത്യന്‍ ചാരനെന്ന നിലയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാഷ്മീര്‍ സിംഗ് 35 വര്‍ഷം ജയിലില്‍ കഴിച്ചു കൂട്ടി. 1973-ല്‍ ശിക്ഷിക്കപ്പെട്ട കാഷ്മീര്‍ സിംഗ് എല്ലാ സമയത്തും താന്‍ ചാരനല്ല എന്ന വാദത്തില്‍ ഉറച്ചു നിന്നു.

പര്‍വേസ് മുഷറഫ് പ്രസിഡന്റായിരിക്കുന്ന സമയത്ത് മാപ്പു നല്‍കിയ കാഷ്മീര്‍ സിംഗിനെ ഹീറോ പരിവേഷം നല്‍കിയാണ് ഇന്ത്യ സ്വീകരിച്ചത്.

എന്നാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, താന്‍ ചാരനായിരുന്നു എന്ന കാര്യം കാഷ്മീര്‍ സിംഗ് സമ്മതിച്ചു. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമേ ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആ ജോലിക്ക് മാസം 400 രൂപയായിരുന്നു ശമ്പളമെന്നും താന്‍ തന്റെ രാജ്യത്തെ സേവിക്കാനാണ് പോയതെന്നും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വിവരങ്ങളൊന്നും തന്നില്‍ നിന്ന് ചോര്‍ത്തിയെടുക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ലെന്നും കാഷ്മീര്‍ സിംഗ് വ്യക്തമാക്കി.

രവീന്ദ്ര കൗശിക്ക്

രാജസ്ഥാന്‍ സ്വദേശിയായ രവീന്ദ്ര കൗശിക്ക് തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തുകൊണ്ട് ചാരപ്പണി നടത്തുകയാണ് എന്നായിരുന്നു പാക്കിസ്ഥാന്‍ ആരോപണം.

രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷം 1975-ല്‍ പാക്കിസ്ഥാനിലേക്ക് അയയ്ക്കപ്പെട്ട കൗശിക് കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ നബി അഹമ്മദ് ഷക്കീര്‍ എന്ന പേരില്‍ ചേരുകയായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.

അവിടെ നിന്ന് ബിരുദം നേടിയ ശേഷം പാക്കിസ്ഥാന്‍ സൈന്യത്തില്‍ കമ്മീഷന്‍ഡ് ഓഫീസറായി ചേര്‍ന്ന കൗശിക് മേജര്‍ റാങ്ക് വരെ ഉയര്‍ന്നു. 1979-83 കാലഘട്ടങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ അദ്ദേഹം റോയ്ക്ക് കൈമാറി. മറ്റൊരു ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തതോടെയാണ് കൗശിക്കും പിടിയിലാകുന്നത് എന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.

16 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൗശിക് മുള്‍ത്താന്‍ ജയിലില്‍ വച്ച് ക്ഷയരോഗ ബാധയെ തുടര്‍ന്ന് 2001-ല്‍ മരിച്ചു.

ഷെയ്ക്ക് ഷെമീം

റോ ഏജന്റാണ് എന്ന ആരോപിച്ച് 1989-ലാണ് ഷെയ്ക്ക് ഷെമീമിനെ പാക്കിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചാരപ്പണി നടത്തുമ്പോള്‍ ഷെമീമിനെ കൈയോടെ പിടികൂടിയെന്നും പാക്കിസ്ഥാന്‍ പറയുന്നു. 1999-ല്‍ ഷെമീമിനെ തൂക്കിക്കൊന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍