പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ് പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യം
രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുപിയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിളംബരം ചെയ്തുകൊണ്ട് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചേര്‍ന്ന് നടത്തുന്ന സംയുക്തറാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയിലെ കോണ്‍ഗ്രസ്-എസ് പി സഖ്യം ജനങ്ങള്‍ക്കുള്ള ഉത്തരമാണ്. കേവലമൊരു രാഷ്ട്രീയ സഖ്യമല്ല ഇതെന്നും അഖിലേഷുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ് പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യം. ഈ സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. സൈക്കിളും കൈയും ഒന്നിച്ച് തന്നെയാണ് നില്‍ക്കേണ്ടത്.
ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിച്ച ശേഷം ഇരുനേതാക്കുളും നടത്തുന്ന വാര്‍ത്താസമ്മേളനമാണ് ഇത്. സഖ്യത്തെക്കുറിച്ച് സാധാരണ പ്രവര്‍ത്തകരിലേക്ക് സന്ദേശമെത്തിക്കാനാണ് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചു.
ഇതിനിടെ രാഹുലിന്റെ ലോക്‌സഭ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. പത്ത് സീറ്റുകളാണ് ഈ രണ്ട് മണ്ഡലങ്ങളിലുമായുള്ളത്. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും ഫോണില്‍ സംസാരിച്ചാണ് ഇക്കാര്യം തീരുമാനമാക്കിയത്.
നേരത്തെ ഈ രണ്ട് മണ്ഡലങ്ങളിലും സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ ധാരണ അനുസരിച്ച് പിന്‍വലിക്കും. എസ് പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മത്സരിക്കാന്‍ ധാരണയായിരിക്കുന്നത്.