UPDATES

സിനിമ

ഒരു മെക്സിക്കന്‍ സിനിമയില്‍ ഇന്ത്യയെ കാണുമ്പോള്‍

Avatar

സിജിത് വിജയകുമാര്‍

The Perfect Dictatorship (La Dictadura Perfecta)
Mexico, 2014

ലൂയി എസ്ട്രാഡ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് പെർഫെക്ട് ഡിക്റ്റേറ്റർഷിപ്‌. സമകാലീന മെക്സിക്കൻ (അല്ലെങ്കിൽ മറ്റേത് രാഷ്ട്രത്തിലും) രാഷ്ട്രീയ സാഹചര്യങ്ങളെ ബ്ലാക്ക് ഹ്യൂമറിലൂടെ  കൈകാര്യം ചെയ്യുകയാണ് ഈ ചിത്രം. ഒരു രാജ്യത്തിന്റെ/ഭരണകൂട താത്‌പര്യങ്ങളെ സംരക്ഷിക്കാനും, ഭരണാധികാരികള്‍ക്ക്  വേണ്ട സമയങ്ങളിൽ ജനശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കാനും മാധ്യമങ്ങള്‍ എങ്ങനെ ഇടപെടുന്നു എന്ന് വളരെ രസകരമായി കാണിച്ചു തരികയാണ് സംവിധായകന്‍. 

മെക്സിക്കോയുടെ പുതിയ പ്രസിഡന്‍റ് അമേരിക്കൻ അംബാസിഡറുമായി നടത്തുന്ന ഒരു കൂടിക്കാഴ്ചയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. തന്റെ രാജ്യത്തിന്റെ സാമ്പത്തിക/ തൊഴിലില്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കാനായി അമേരിക്കയുടെ അതിര്‍ത്തികൾ മേക്സിക്കന്‍സിന് വേണ്ടി തുറന്നിടണമെന്നും, കറുത്ത വര്‍ഗ്ഗക്കാരേക്കാൾ നന്നായി ഞങ്ങൾ മെക്സിക്കൻസ് ജോലി ചെയ്യുമെന്ന് മിസ്റ്റർ ഒബാമയെ അറിയിക്കണമെന്നുമുള്ള പ്രസിഡന്റിന്റെ പരാമർശങ്ങൾ വൈറൽ ആവുന്നു. പുതിയ പ്രസിഡന്‍റ് സോഷ്യൽ മീഡിയയിലൂടെ പരിഹസിക്കപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം മെക്സിക്കൻ നാഷണൽ ടിവി ആസ്ഥാനത്തേക്ക് ആർമി ചീഫിന്റെ വാഹന വ്യൂഹം കുതിച്ചെത്തുകയാണ്. പ്രസിഡന്റിന്റെ ഒരു സന്ദേശവുമായാണ് ആർമി ചീഫ്  ചാനൽ സി ഇ ഒയെ കാണാൻ വന്നിരിക്കുന്നത്. താൻ വിളമ്പിയ വിഡ്ഢിത്തം നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും ജനം മറക്കണം. നാളത്തെ പത്രങ്ങളുടെ തലക്കെട്ടിൽ അതുണ്ടാവരുത്. അതിനുള്ള ഒരു ബോംബുമായാണ് ആർമി ചീഫിന്റെ വരവ്. 

ചാനൽ മേധാവിയുടെ ഭാഷയിൽ പറഞ്ഞാൽ ചൈനീസ് ബോക്സ്. അന്നത്തെ സുപ്രധാന സംഭവത്തിന്റെ പ്രാധാന്യം കളയുന്ന മറ്റൊരു സംഭവം. പുതിയ പ്രസിഡന്റിനെ ആ സ്ഥാനത്ത് എത്തിക്കാൻ വിയർപ്പൊഴുക്കിയത് ചാനലാണെന്ന് സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ ചിത്രത്തിലുടനീളം നമുക്ക് കാണാം. പ്രസിഡന്റിന്റെ മണ്ടത്തരത്തെ മറികടക്കുന്ന പുതിയ വാർത്ത മറ്റൊന്നും ആയിരുന്നില്ല. പ്രസിഡന്റിന്റെ പാർട്ടിക്കാരനും അടുത്ത ഇലക്ഷനിൽ ആ കസേരയിൽ നോട്ടമുള്ളയാളുമായ ഗവർണ്ണർ കാര്‍മെലോ വർഗാസ സ്റ്റേറ്റിലെ മാഫിയാ തലവനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വീഡിയൊ ദൃശ്യങ്ങൾ ആയിരുന്നു പ്രസിഡന്റ് ആര്‍മി ചീഫ് കൈവശം കൊടുത്തു വിട്ട പെൻ ഡ്രൈവിൽ ഉണ്ടായിരുന്നത്. 

പ്രൈം ടൈം ന്യൂസിൽ ബ്രേക്കിംഗ് സ്റ്റോറിയായി ഗവർണ്ണർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ചാനല്‍ പുറത്ത് വിടുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ ന്യൂസ് അവറിലേക്ക് വിളിക്കുന്ന ഗവർണ്ണർ വാർത്താവതാരകന്റെ -നമ്മുടെ “വേണു” സ്റ്റൈൽ – ചോദ്യം ചെയ്യലിൽ ചൂളുന്നു. നിയന്ത്രണം വിട്ടു പ്രതികരിക്കുന്നു. പ്രതീക്ഷിച്ച പോലെ പിറ്റേന്നത്തെ പത്ര തലക്കെട്ടുകളിൽ ആ അഴിമതി വാർത്തക്കായിരുന്നു മുന്‍ഗണന. 

ഗവർണ്ണർക്ക് അപകടം മനസ്സിലായി. പത്രത്തിലോ/സോഷ്യൽ മീഡിയയിലൊ വരുന്ന തലക്കെട്ടുകൾ തന്റെ നിലനില്പ്പിനെ ബാധിക്കില്ല എന്നതാണ് അയാളുടെ തിയറി. കാരണം അവയ്ക്ക് ആയുസ്സ് കുറവാണ്. പക്ഷെ നാഷണൽ ചാനലിലെ പ്രൈം ടൈം ന്യൂസ് സൃഷ്ടിക്കുന്ന അഴിമതി പ്രതിച്ഛായ തന്റെ ഭാവി പ്രസിഡന്റ് സ്ഥാനത്തെ ബാധിക്കും. മാത്രമല്ല ടെലിവിഷനിലൂടെ കാണുന്നവന്റെ തലച്ചോറിലേക്ക് ഇരച്ചു കയറുന്ന ദൃശ്യങ്ങള്‍ എല്ലാക്കാലത്തും ജനങ്ങളുടെ മനസ്സില്‍ നില്‍ക്കും.  അതില്‍ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും. 

അതുകൊണ്ട് തന്നെ അയാള്‍ ചാനലുമായി ഒരു കരാറിൽ എത്തിച്ചേരുന്നു. ഒരു മില്ല്യന്‍ ഡോളര്‍ പെയ്ഡ് ഇമേജ് ബിൽഡിംഗ് കോണ്‍ട്രാക്റ്റ്. ചാനൽ മുന്നോട്ട് വെക്കുന്ന പ്രീമിയം പാക്കേജ്. അഴിമതി വീരനായ ഗവർണ്ണർ അടുത്ത പ്രസിഡന്റാവാൻ വേണ്ട ഇമേജ് ബിൽഡിംഗ് ചാനൽ ചെയ്യും.

ന്യൂസ് ഹെഡും, ചാനലിലെ പോപ്പുലർ റിപ്പോർട്ടറും കൂടി വെർഗാസയുടെ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നു. ഒട്ടും വികസനമില്ലാതെ അഴിമതിയിൽ മുങ്ങിയ ഒരു രാഷ്ട്രീയക്കാരനെ വെള്ള പൂശി അയാളെ ദേശീയ നേതാവാക്കാനുള്ള പദ്ധതികള്‍ അവര്‍ തയ്യാറാക്കുന്നു. സ്റ്റേറ്റ് അതിര്‍ത്തിയില്‍ ചാനല്‍ ടീമിനെ കാത്തിരിക്കുന്നത്, മാഫിയ സംഘങ്ങള്‍ കൊന്നു തൂക്കിയിട്ട ശവശരീരങ്ങള്‍ ആണ്. ഒരു തരത്തിലും വികസനം എത്തിപ്പെടാത്ത മുരടിച്ച ഒരു സ്റ്റേറ്റ്. മാഫിയയും ഗവര്‍ണ്ണറും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ട്. ഇതിനെയൊക്കെ മറികടന്നു വേണം ചാനലിനു  ഗവര്‍ണ്ണറുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍. 

പക്ഷെ, ഗവർണ്ണറുടെ എതിരാളിയും സര്‍വ്വോപരി “ആദർശ് മേനോനുമായ” പ്രതിപക്ഷ നേതാവിന്റെ പക്കൽ ഗവർണ്ണറുടെ കൊള്ളരുതായ്മകളുടെ തെളിവുകളുണ്ട്. അയാള്‍ അതുമായി നിയമനിർമ്മാണ സഭയിൽ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെടുന്നു. പാർലമെന്റിൽ വെച്ച് പ്രതിപക്ഷ നേതാവിനെ ആരോ വെടിവെക്കുന്നു. അന്നത്തെ പ്രൈം ന്യൂസ് അതാവും. ഗവർണ്ണറുടെ ഇമേജ് ബിൽഡിംഗിനെ അത് ബാധിക്കും. അതിനെ മറികടക്കാനായി ഒരു പുതിയ ന്യൂസ് വേണം. ജനത്തിനെ പിടിച്ചിരുത്തുന്ന ഒന്ന്. ഒരു സെക്സ് സ്കാൻഡലോ..അതുപോലുള്ള മറ്റെന്തെങ്കിലുമോ.. 

നാഷണൽ ചാനലിന്റെ പ്രൈം ടൈം ന്യൂസ് അവർ തുടങ്ങിയത് കരളലിയിക്കുന്ന ഒരു വാർത്തയുമായാണ്. ഗവർണ്ണറുടെ സ്റ്റേറ്റിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും രണ്ടു ഇരട്ട പെണ്‍കുട്ടികൾ കിഡ്നാപ് ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു വയസ്സുള്ള രണ്ട് സുന്ദരിക്കുട്ടികൾ. ഒപ്പം ജനത്തിനെ കാര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താനായി കിഡ്നാപ്പ് ചെയ്യുന്ന പെണ്‍കുട്ടികൾ ചുവന്ന തെരുവുകളിൽ എത്തിപ്പെടുന്നതിനെപ്പറ്റി ചാനൽ ന്യൂസ് ടീം തയ്യാറാക്കിയ ഒരു സ്പെഷ്യൽ ന്യൂസ് സ്റ്റോറി. (ഈ സ്റ്റോറി തന്നെ ചാനല്‍ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചതാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്) ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുടെ ദയനീയമായ രംഗങ്ങൾ. കുട്ടികളെ തിരയുന്നതിന് ഗവർണ്ണർ നേരിട്ട് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ. പ്രതിപക്ഷ നേതാവ് അത്യാസന്ന നിലയിൽ ആയതും അഴിമതിയും എല്ലാം തലക്കെട്ടുകളിൽ നിന്നും അപ്രത്യക്ഷം.

ഓരോ തവണ ഗവർണ്ണർ പ്രതിസന്ധിയിൽ ആകുമ്പോഴും ഒന്നുകിൽ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള പറ്റിയുള്ള വാർത്തകൾ അല്ലെങ്കിൽ ജനപ്രിയ സീരിയൽ (“പാവങ്ങള്‍ക്കും പ്രണയമുണ്ട്” പോലുള്ളവ ) അതിനിർണ്ണായകമായ രംഗങ്ങളിലൂടെ പ്രൈം ടൈമിൽ നിറയും. ഗവർണ്ണർ ആന്നേ ദിവസത്തെ പ്രതിസന്ധി മറികടക്കും.

ഒടുവിൽ ചാനലും, ഗവര്‍ണ്ണറും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി നമ്മുടെ ആദർശ പ്രതിപക്ഷ നേതാവ് മനസ്സിലാക്കുന്നു. ജനത്തെ പറ്റിക്കുന്നതിനെപ്പറ്റി അയാൾ ചാനലുമായി ബാർഗൈൻ ചെയ്യുന്നു. ചാനൽ പ്രൈം ടൈമിൽ ഒരു ഇന്റർവ്യൂവിനു സമ്മതിക്കുന്നു. ഗവർണ്ണർക്കെതിരായുള്ള തെളിവുകളുമായി ചാനൽ ഫ്ലോറിൽ പ്രൈം ടൈം ന്യൂസ് അവറിൽ ഇരിക്കുന്ന പ്രതിപക്ഷ നേതാവ് അഭിമുഖീകരിക്കുന്ന ആദ്യ ചോദ്യം അദ്ദേഹം വീട്ടു വേലക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ ആയിരുന്നു. ഗവര്‍ണ്ണറുടെ അഴിമതി കഥയിൽ നിന്നും മാനുഫാക്ച്ചേർഡ് സ്റ്റോറിയിലേക്ക് പ്രതിപക്ഷ നേതാവ് പറിച്ച് നടപ്പെടുന്നു..!

ഒരു കൊലപാതകത്തിലൂടെ പ്രതിപക്ഷ നേതാവ് ഇല്ലാതാവുന്നു. ചാനൽ വെളിപ്പെടുത്തലിനെ തുടർന്നു ആത്മഹത്യ ചെയ്തതാണെന്ന് ജനം വിശ്വസിക്കുന്നു. കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പ്രൈം ടൈം കീഴടക്കുന്നു. മോചന ദ്രവ്യമായ വൻ തുകയ്ക്ക് ചാനൽ ഫണ്ട് കളക്ഷൻ ആരംഭിക്കുന്നു.

ഒടുവിൽ അപ്രതീക്ഷിതമായി ആ കുട്ടികൾ വീട്ടില് എത്തുമ്പോൾ ഇത്രയും നിർണ്ണായകമായ കഥ പെട്ടെന്ന് തീർന്നാൽ ചാനൽ റേറ്റിംഗ് കുറയും എന്ന് മനസ്സിലാക്കി ന്യൂസ് ടീം ഫേക്ക് കമാന്റോ ഓപ്പറേഷൻ ക്രിയേറ്റ് ചെയ്യുന്നു. ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നു….!!!!ഗവർണ്ണർ വര്‍ഗാസയുടെ സാഹസിക നീക്കങ്ങൾ ആണു കുട്ടികളെ രക്ഷപ്പെടുത്തിയത് എന്ന് നാഷണൽ മീഡിയ വെളിപ്പെടുത്തുന്നു.!

എല്ലാം തെളിഞ്ഞു മറയുന്നു. മറ്റൊരു ദിവസം പ്രസിഡന്‍റ് നാഷണൽ ചാനൽ ഇന്റർവ്യൂവിൽ വീണ്ടും എന്തോ മണ്ടത്തരം പുലമ്പുന്നു. പുതിയ ഒരു ചൈനീസ് ബോക്സ് ന്യൂസ് ക്രിയേറ്റ് ചെയ്യപ്പെടണം. അന്നത്തെ പ്രധാന വാർത്ത പോപ്പിന്റെ മേക്സിക്കൻ സന്ദർശനം. ഒപ്പം രക്ഷപ്പെട്ട ഇരട്ടകുട്ടികളെ പ്രധാന കഥാപാത്രമാക്കി ചാനൽ തുടങ്ങുന്ന സോപ്പ് സീരിയൽ ലോഞ്ച് …! ഇടയ്ക്ക് ഒരു കമേർഷ്യൽ ബ്രേക്ക് എന്ന പോലെ..ഗവർണ്ണർ വർഗാസയുടെ പ്രസിഡന്‍റ് ഇലക്ഷൻ പ്രചാരണ പരസ്യം…!!! രണ്ടു വർഷങ്ങൾക്ക് ശേഷം പ്രസിഡന്റായിവര്‍ഗാസ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സിനിമ അവസാനിക്കുന്നു. 

വളരെ നിഷ്കളങ്കമെന്നു നമുക്ക് തോന്നാവുന്ന ചില രംഗങ്ങളിലൂടെ ശക്തമായ ചില രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നുണ്ട് ഈ ചിത്രം. 2012 ലെ മെക്സിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ യഥാര്‍ത്ഥ സംഭവങ്ങള്‍ ഈ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പരിചിതനായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗ്ഗാസ യോസ യുടെ  അഭിമുഖങ്ങളില്‍ നിന്നും കടമെടുത്തിട്ടുള്ളതാണ് സിനിമയുടെ ടൈറ്റില്‍.

സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചേര്‍ത്തു വായിക്കാന്‍  ചിന്തിപ്പിക്കുന്നതാണ് ഈ സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയവും രാഷ്ട്രീയ പ്രതിച്ഛായ നിര്‍മ്മാണത്തില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകളും ..!! 

(ഐ ടി പ്രൊഫഷണലാണ് ലേഖകന്‍. ഇപ്പോള്‍ യു എസ് എയിലെ ടെന്നസിയില്‍  തമാസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍