UPDATES

പള്‍സര്‍ സുനിക്കും കൊടി സുനിക്കും ഇടയില്‍ പിണറായി പോലീസ്

ഒന്‍പത് മാസത്തെ നിയമപരിപാലനത്തിനിടയിലെ പത്ത് വീഴ്ചകളും അഞ്ചു നേട്ടങ്ങളും

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആരാകും ആഭ്യന്തരമന്ത്രിയെന്നതായിരുന്നു ഏറെ ചര്‍ച്ചയായ വിഷയം. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തര വകുപ്പിന്റെ ചുമതല ഇക്കുറി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയായിരുന്നു. എല്ലാ താലൂക്കുകളിലും ഓരോ വനിത പോലീസ് സ്‌റ്റേഷനുകള്‍ വീതം സ്ഥാപിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണ് പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിലെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. പിണറായി പോലീസ് കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുകയാണ് ഇവിടെ.

1.പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണി മുതല്‍ പിണറായിക്ക് കീഴിലെ ആഭ്യന്തരവകുപ്പ് വിവാദം സൃഷ്ടിച്ചു. ഡിജിപിയായിയരുന്ന സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബഹ്രയെ നിയമിച്ചതാണ് ആദ്യവിവാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകമായിരുന്നു ഇത്. സീനിയോറിറ്റി മറികടന്ന് ബഹ്രയെ നിയമിച്ചത് കേരള പോലീസ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

2. പിണറായി അധികാരത്തിലേറി തൊട്ടടുത്ത മാസം തന്നെ ആഭ്യന്തരമന്ത്രി പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. തലശേരി കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ ദലിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പരാതിയാണ് ഇത്. ഇവരുടെ പരാതിയില്‍ മൊഴിരേഖപ്പെടുത്താനെന്ന വ്യാജേന സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ പിതാവും തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ കുനിയില്‍ രാജന്റെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ സിപിഎം ഓഫീസിലെത്തി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പരാതിയില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതാണ് പോലീസിന് വിനയായത്.

3. കൊല്ലത്ത് ദലിത് യുവാവിനെ മോഷണ ശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തതും സ്റ്റേഷനില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചതുമായിരുന്നു പിണറായിയുടെ കീഴിലുള്ള പോലീസിന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം.

4. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതും വിവാദമായി. ഇവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം ഉയര്‍ന്നത്. എല്‍ഡിഎഫിലെ മുഖ്യസഖ്യകക്ഷിയായ സിപിഐ പോലും ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരായി.

5. ഡിസംബറില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതും വിവാദമായി. കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യയും ചെങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയുമായ യുവതിയാണ് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് റോഡില്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ യുവതിയെയും കൂട്ടുകാരിയെയും രാത്രി പട്രോളിംഗിനിടെ നാദാപുരം ഡിവൈഎസ്പി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരെ വിളിച്ചുവരുത്തിയാണ് ഇവരെ വിട്ടയച്ചത്. സ്വഭാവദൂഷ്യം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ഉന്നയിച്ചത്. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

6.എഴുത്തുകാരനായ കമല്‍ സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് പിന്നീട് ആഭ്യന്തരവകുപ്പിന് തലവേദനയായത്. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിലും ഫേസ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചുവെന്നതായിരുന്നു കേസ്. പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു. എന്നാല്‍ തൊട്ടുപിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്തിസയില്‍ കഴിഞ്ഞ കമലിനെ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നദി എന്ന നദീറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും വിവാദമായി. ആറളം ഫാമില്‍ തോക്ക് ചൂണ്ടിയെത്തി മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നതായിരുന്നു കേസ്. കമല്‍ സി ചവറയ്ക്കും നദീറിനുമെതിരായ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെയും പോലും വിമര്‍ശനം പിണറായി പോലീസിന് ഏറ്റുവാങ്ങേണ്ടിവന്നു.

7. പാമ്പാടി നെഹ്രു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചു. പി ജി വിദ്യാര്‍ത്ഥി പോസ്റ്റ്മോര്‍ട്ടം ചെയ്തതും, തെളിവ് ശേഖരണം വൈകിയതും, നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഇടക്കാല ജാമ്യം കിട്ടാനുള്ള സാവകാശം ഒരുക്കി കൊടുത്തു എന്നുള്ളതും പ്രധാന വിമര്‍ശനങ്ങളായി.

8. ഏറ്റവും ഒടുവിലായി പോലീസിനെതിരെയുണ്ടായ ആരോപണം സദാചാര കാവല്‍ക്കാരാകുന്നുവെന്നതാണ്. വാലന്റൈന്‍ ദിനത്തില്‍ കൊല്ലത്ത് സംസാരിച്ചിരുന്ന യുവതീ യുവാക്കളെ പിങ്ക് പോലീസ് ഉപദേശിക്കുന്നതിന്റെ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ വന്‍ പ്രചരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചതും വിവാദമായി. പോലീസിന്റെ ജോലി സദാചാര പാലനമല്ലെന്ന് ഡിജിപി തന്നെ ഇതിന് ശേഷം വിമര്‍ശിക്കുകയും ചെയ്തു.

9. ടി പി വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന 1850 പേരുടെ പട്ടികയാണ് പുതിയ വിവാദം. പട്ടികയെ സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഗവര്‍ണ്ണറെ  പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു.

10. കോടതിയില്‍ കീഴടങ്ങാനെത്തിയ നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും വലിച്ചിറക്കി അറസ്റ്റ് ചെയ്തത് പോലീസിന് വീണ്ടും നാണക്കേടായി. അഞ്ച് ദിവസമായി പോലീസ് ശക്തമായ അന്വേഷണം നടത്തിയിട്ടും പിടികൂടാന്‍ സാധിക്കാതിരുന്ന പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത് പോലീസിന്റെ വീഴ്ചയായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.

ഇത്രയേറെ തെറ്റുകുറ്റങ്ങളുണ്ടായെങ്കിലും പിണറായിയുടെ പോലീസ് നടത്തിയ മികവുകളെയും എടുത്തുപറയേണ്ടതാണ്. 

1. പെരുമ്പാവൂരില്‍ സ്വന്തം വീടിനുള്ളില്‍ ബലാത്സംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമിറുള്‍ ഇസ്ലാമിനെ പിടികൂടിയതാണ് പിണറായി പോലീസിന്റെ ആദ്യ പൊന്‍തൂവല്‍. കേരളം ഏറെ ഉറ്റുനോക്കിയ അറസ്റ്റായിരുന്നു ഇത്.

2. വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈനെതിരെ നിലപാടെടുത്തതാണ് പിണറായി സര്‍ക്കാര്‍ ചെയ്ത മറ്റൊരു മികച്ച നീക്കം. അധികാരത്തിന്റെ പിന്തുണയില്‍ കേസില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന് വന്നതോടെ സക്കീര്‍ ഹുസൈന്‍ കീഴടങ്ങുകയും ചെയ്തു.

3. യുവാവിനെ വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാന്‍പറമ്പിലിനെയും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെയും അറസ്റ്റ് ചെയ്തതാണ് പിണറായി പോലീസിന്റെ മറ്റൊരു നേട്ടം.

4. അവതാരകയോട് മോശമായി പെരുമാറിയ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിച്ചതാണ് പോലീസിന് മറ്റൊരു നേട്ടമായത്. കൊല്ലത്ത് നടന്ന പരിപാടിക്കിടെ അപമാനിക്കപ്പെട്ട അവതാരകയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈടെക് സെല്‍ ഡിവൈഎസ്പി വിനയകുമാര്‍ നായരെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു.

5. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പിണറായിക്ക് കീഴിലെ പോലീസിനെ ജനകീയമാക്കുന്നതായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ എട്ട് മാസത്തെ നിയമപരിപാലനത്തിന്റെ ഒരു സംഗ്രഹം മാത്രമാണ് ഇത്. ചൂഴ്ന്ന് നോക്കിയാല്‍ നേട്ടങ്ങളും കോട്ടങ്ങളും ഇനിയും നിരവധി കാണാം. എന്നിരുന്നാലും പോലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സാധിച്ചില്ലെങ്കില്‍ നാല് വര്‍ഷത്തോളം ഇനിയും ബാക്കിയുള്ള സര്‍ക്കാരിന് പോലീസിന്റെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വരുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍