UPDATES

പെമ്പിള ഒരുമയെ തകര്‍ക്കുകയായിരുന്നു; പിന്നില്‍ ആരായിരുന്നെന്ന് വൈകാതെ തിരിച്ചറിയാം; സമര നായിക ഗോമതി സംസാരിക്കുന്നു

എനിക്കെതിരെ 17 കേസുണ്ട്, അതില്‍ രണ്ടെണ്ണത്തില്‍ ജാമ്യം ലഭിച്ചു; ഈ കേസുകളൊന്നും എന്റെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ഉണ്ടായതല്ല.

പെമ്പിള ഒരുമയെ ഏതെല്ലാം വിധത്തില്‍ തകര്‍ക്കാമോ ആ വിധത്തിലെല്ലാം തകര്‍ക്കുകയായിരുന്നു ഇവിടെ ചിലര്‍ ചെയ്തതെന്ന് മൂന്നാറിലെ സ്ത്രീ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ജി ഗോമതി. ട്രേഡ് യൂണിയനുകളും ഗവണ്‍മെന്റും എല്ലാം അവരവരുടേതായ പങ്ക് വഹിച്ചു. ഞങ്ങളെ അവര്‍ ഒന്നുമല്ലാതാക്കി കളഞ്ഞു. പെമ്പിള ഒരുമൈ എന്ന പേര് ഇല്ലാതായി. അതേസമയം പെമ്പിള ഒരുമ ഇല്ലാതായതിന്റെ കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രണ്ട് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചലോ തിരുവനന്തപുരം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

തങ്ങളുടെ പിറകില്‍ തീവ്രവാദികളാണെന്നായിരുന്നു ഒരുകാലത്തുണ്ടായിരുന്ന ആരോപണം. തീവ്രവാദികള്‍ക്ക് പോലും ഇത്രവലിയ ഒരു കൂട്ടത്തെ കൂട്ടാന്‍ സാധിക്കില്ല. തമിഴ്-കേരള തരംതിരിവ് സമരത്തില്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും സമരത്തെ അനുകൂലിച്ചെത്തിയവരെ ഞങ്ങള്‍ സമരത്തില്‍ കൂട്ടിയില്ലെന്നും അവര്‍ പറഞ്ഞു. ഇതാണ് സത്യമെങ്കിലും ട്രേഡ് യൂണിയനുകള്‍ പ്രചരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ശക്തി ഞങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ്. ഒന്നുകില്‍ തമിഴ് തീവ്രവാദികള്‍ അല്ലെങ്കില്‍ പുറമെയുള്ളവര്‍ എന്നാണ് പ്രചരണം.

യഥാര്‍ത്ഥത്തില്‍ തോട്ടം തൊഴിലാളികള്‍ നേരിടുന്ന ചതിയും ചൂഷണവും സഹിക്കാനാകാതെ ഞങ്ങളുടെയുള്ളില്‍ നിന്നുണ്ടായ ഉണര്‍വായിരുന്നു ഈ ഒരുമയ്ക്ക് പിന്നില്‍. ഈ ഉണര്‍വ് എല്ലാവരുടെയും ഉള്ളില്‍ നിന്നുണ്ടായതാണ്. ട്രേഡ് യൂണിയനുകളും തോട്ടമുടമകളും ചേര്‍ന്ന് നടത്തിയ ചതിയില്‍ ഞങ്ങള്‍ തലമുറകളായി കഷ്ടപ്പെടുകയാണ്. ഈ തലമുറയോടെ ഈ ചൂഷണം അവസാനിക്കണമെന്നും അടുത്ത തലമുറയെങ്കിലും ഇതില്‍ നിന്ന് മോചിതരാകണമെന്നുമുള്ള ആഗ്രഹത്തിലാണ് സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെട്ടത്. ഞങ്ങളുടെ പുരുഷന്മാരുടെ പിന്തുണയും അതിനുണ്ടായിരുന്നു. പുറമേ നിന്നുള്ള ഇടപെടലുകള്‍ ഇല്ലാതെ ഒരുമയെ സംരക്ഷിച്ചത് അവരാണ്.

ആഗോള തലത്തില്‍ പെമ്പിള ഒരുമ എന്ന പേര് എത്തിയെങ്കിലും ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോയെന്ന് ആരും അന്വേഷിക്കുന്നില്ല. സത്യത്തില്‍ ഇപ്പോള്‍ യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനവും പെമ്പിള ഒരുമയില്‍ നടക്കുന്നില്ല. ഞങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ഒരുമയുടെ തകര്‍ച്ചയ്ക്ക് കാരണമായി. അതിനി പറഞ്ഞിട്ട് കാര്യമില്ല. എനിക്കെതിരെ 17 കേസുണ്ട്.  അതില്‍ രണ്ടെണ്ണത്തില്‍ ജാമ്യം ലഭിച്ചു. ഈ കേസുകളൊന്നും എന്റെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ഉണ്ടായതല്ല. ഞാന്‍ ജീവിക്കുന്ന തൊഴിലാളി സമൂഹത്തിന് വേണ്ടിയാണ് ഈ കേസുകളില്‍ പ്രതിയായത്. ഇപ്പോള്‍ തോട്ടം തൊഴിലാളികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ തോട്ടം മേഖലയുമായി ബന്ധമില്ലെങ്കിലും അവിടുത്തെ പ്രശ്‌നങ്ങളെല്ലാം അറിയാം. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇപ്പോഴും തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്നുണ്ട്. ഓരോ തോട്ടം തൊഴിലാളികളോടും സംസാരിച്ചാലേ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിയാനാകൂ.

മൂന്നാറിലെ പ്രശ്‌നങ്ങള്‍ പുറത്തറിയണമെങ്കില്‍ ചെങ്ങറയിലേതിന് സമാനമായ സമരം അവിടെയും ഉണ്ടാകണം. തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് എല്ലാ തൊഴിലാളികള്‍ക്കും അറിയാം. സൊസൈറ്റിയുടെ പേരില്‍ തൊഴിലാളികളെ അടിമകളാക്കി വച്ചിരിക്കുകയാണ്. സൊസൈറ്റിയില്‍ ഞങ്ങള്‍ നല്‍കുന്ന പണം തിരികെ വാങ്ങുന്നത് പലിശയ്ക്ക് മുകളില്‍ പലിശ നല്‍കിയാണ്. ഇതിനെതിരെ ഒരു പ്രതിഷേധം സംഘടിപ്പിച്ച് തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ സാധിക്കണം. ലയങ്ങളില്‍ താമസിക്കാനുള്ള സൗകര്യങ്ങളില്ല. ഒരു മുറിയും അടുക്കളയും മാത്രമാണ് ഉള്ളത്. ലായങ്ങളില്‍ ഒരു മുറി കൂടി കൂടുതലായി നിര്‍മ്മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൊണ്ട് കമ്പനിക്കാണ് നേട്ടം. കാരണം ഈ വീടുകള്‍ കമ്പനിയുടേതാണ്. കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഞങ്ങള്‍ക്ക് വേണ്ടത് സ്വന്തം ഭൂമിയും വീടുമാണ്.

തലമുറകളായി മൂന്നാറില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കുന്നില്ല. അന്നന്നത്തെ കൂലി മാത്രമാണ് ലഭ്യമാക്കുക. പുതിയ സംഘടന രൂപീകരിക്കുമ്പോള്‍ തൊഴിലാളികള്‍ തനിക്കൊപ്പം വരുമെന്ന് ഉറപ്പാണ്. മൂന്നാറില്‍ മാത്രമല്ല എവിടെയെല്ലാം തൊഴിലാളികള്‍ കഷ്ടത അനുഭവിക്കുന്നോ അവിടെയെല്ലാം മുന്നേറ്റങ്ങള്‍ നടത്തണമെന്നും ഗോമതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍