UPDATES

എന്തുകൊണ്ട് കേരളം വരുമാന അസമത്വത്തില്‍ ഒന്നാമതാണ്

കേരളത്തിലെ അതിസമ്പന്നര്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?

സാക്ഷരത, ലിംഗാനുപാതം, ജീവിതദൈര്‍ഘ്യം തുടങ്ങിയ മനുഷ്യവികസന സൂചികകള്‍ കണക്കിലെടുക്കുമ്പോള്‍ രാജ്യത്തിലെ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ കേരളത്തിന്റെ സാഹചര്യത്തില്‍ വലുതായിക്കൊണ്ടിരിക്കുന്ന ഒരു വിടവുണ്ട്- വരുമാന അസമത്വത്തിന്റെ. ഈ കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം.

അങ്ങേയറ്റം ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളുടെ സാന്നിധ്യമാണ് തീവ്രമായ വരുമാന അസമത്വത്തിന് കാരണമെന്നാണ് അടുത്ത കാലത്ത് വരുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവരുടെ സാന്നിധ്യം സംസ്ഥാനത്ത് അധികമായതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്.

ഉപഭോക്തൃ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിന്റ് പത്രം നടത്തിയ ഇപ്പോഴത്തെ പഠനങ്ങള്‍ പഴയ ആസൂത്രണ കമ്മീഷന്‍ കണ്ടെത്തിയ വിവരങ്ങള്‍ക്ക് സമാനമാണ്.

കേരളത്തിലെ സമ്പന്നരുടെ അമിത വരുമാനത്തിന്റെ പ്രതിഫലനമാണ് തീവ്രമായ ഈ വരുമാന അസമത്വം. വലിയ അസമത്വം നിലനില്‍ക്കുമ്പോഴും, മറ്റ് പല സംസ്ഥാനത്തെക്കാളും കുറഞ്ഞ ദാരിദ്ര്യ നിരക്കാണ് കേരളം ഇപ്പോഴും രേഖപ്പെടുത്തുന്നത്. അസമത്വം കുറഞ്ഞ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് താരതമ്യേന മികച്ച ജീവിതസാഹചര്യമാണ് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്നതാണ് ഇത് അടിവരയിടുന്നത്.


ഉദാഹരണത്തിന്, സാമ്പത്തിക, സാമൂഹിക വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും കേരളം താരതമ്യത്തിന് വിധേയമാകുന്ന ഗുജറാത്തുമായുള്ള വരുമാന വിതരണത്തിലെ വ്യത്യാസം (പ്രതിശീര്‍ഷ ചിലവുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയത്) ശ്രദ്ധിക്കുക. കേരളത്തിലെ ഉയര്‍ന്ന വരുമാന അസമത്വമാണ് അത് കാണിക്കുന്നത്. പക്ഷെ ഇത് താഴ്ന്ന വരുമാനമുള്ളവരുടെ ശതമാനത്തിലെ വര്‍ദ്ധന കൊണ്ടല്ല മറിച്ച് അതിസമ്പന്നരുടെ സാന്നിധ്യം കൊണ്ടു മാത്രം സംഭവിക്കുന്നതാണ്. അതിസമ്പന്നരുടെ സാന്നിധ്യം വരുമ്പോഴാണ് കേരളവും ഗുജറാത്തും തമ്മിലുള്ള വ്യതിയാനം ആരംഭിക്കുന്നത് എന്നാണ് പട്ടിക രണ്ടില്‍ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള വില വ്യതിയാനങ്ങള്‍ കണക്കിലെടുത്താല്‍ പോലും വിശാല രീതികള്‍ സമാനമായി തന്നെ നില്‍ക്കുന്നു.

കേരളത്തിലെ അതിസമ്പന്നര്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?

വിദേശത്ത് നിന്നും ലഭിക്കുന്ന പണം വലിയ പങ്കുവഹിക്കുന്നുണ്ടാവാം എന്നാണ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഉപസാക് ദാസ് ചൂണ്ടിക്കാണിക്കുന്നത്. ഉദാഹരണത്തിന്, 2014ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്ക് പ്രവാസി തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന്റെ വലിയ പങ്കും കേരളത്തിലേക്കാണ് എത്തുന്നതെങ്കിലും കേരളത്തിലെ മൊത്തം കുടുംബങ്ങളില്‍ 17 ശതമാനത്തില്‍ താഴെ മാത്രമേ ഇത് നേരിട്ട് എത്തുന്നുള്ളുവെന്ന് ഹോണററി പ്രൊഫസര്‍ കെ സി സക്കറിയയും പ്രൊഫസര്‍ എസ് ഇരുദയ രാജനും ചേര്‍ന്ന് 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പ്രവാസി തൊഴിലാളികള്‍ സംസ്ഥാനത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ നേരിട്ടുള്ള ഗുണം സംസ്ഥാനത്തെ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടി വരുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം: https://goo.gl/9Jc1v2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍