UPDATES

സിനിമ

ഓസ്‌കറിലേക്ക് എത്താന്‍ ഡി കാപ്രിയോ താണ്ടിയ എട്ടു ദുരിതപര്‍വങ്ങള്‍

Avatar

സ്റ്റെഫാനി മെറി
(ദി വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹ്യൂ ഗ്ലാസ് അനുഭവിച്ചത്ര ഭീകരതകള്‍ ചക്ക് നോറിസിനു പോലും സഹിക്കേണ്ടിവന്നിട്ടുണ്ടാകില്ല. 1823ല്‍ ഗ്ലാസിനെ ഒരു കരടി ആക്രമിച്ചു. ഒടിഞ്ഞ കാലും പഴുക്കുന്ന മുറിവുകളുമായി ഗ്ലാസ് 200 മൈലാണ് ഇഴഞ്ഞുനീങ്ങിയത്. ആയുധങ്ങള്‍ പിടിച്ചെടുത്ത ശേഷം മരിക്കാനായി തന്നെ ഉപേക്ഷിച്ചുപോയവരോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയായിരുന്നു ഗ്ലാസിന്റെ സഹനസാഹസം. ജീവന്‍ നിലനിര്‍ത്താന്‍ ബെറികളായിരുന്നു ഗ്ലാസിന്റെ ഭക്ഷണം. പിന്നിലെ ആഴമേറിയ മുറിവുകള്‍ ഉണക്കാന്‍ പുഴുക്കളെയാണ് ഗ്ലാസ് ഉപയോഗിച്ചത്.

സഹനത്തിന്റെ അങ്ങേയറ്റം കാണിക്കുന്ന ഈ സംഭവമാണ് അലജാന്ദ്രോ ഇനാരിട്ടുവിന്റെ ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍ പുരസ്കാരങ്ങള്‍ നേടിയ ‘ദി റെവെനന്റ്’ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘ബേഡ്മാനു’ മായെത്തി ഒന്നിലേറെ ഓസ്‌കറുകള്‍ നേടിയ സംവിധായകന്‍ ഈ വര്‍ഷം കാണികള്‍ക്കു മുന്നിലെത്തിക്കുന്നത് അസാധ്യകാര്യങ്ങളുമായി താദാത്മ്യം പ്രാപിച്ച ഒരു നാടോടിക്കഥാ നായകനെയാണ്.

ചിത്രത്തില്‍ ഉയിര്‍കൊള്ളുന്ന ഇതിഹാസകഥാപാത്രം ഗ്ലാസ് മാത്രമല്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ലിയോനാര്‍ഡോ ഡി കാപ്രിയോ കൂടിയാണ്. ഓരോ അഭിമുഖവും ‘ദി റെവെനന്റി’നു വേണ്ടിയുള്ള ഡികാപ്രിയോയുടെ സഹനങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഓരോന്നിലും പീഡനത്തിന്റെ അളവ് കൂടുതല്‍ കൂടുതല്‍ കഠിനമാണെന്നു തെളിയുന്നു.

എത്ര വിഷമകരമായിരുന്നു അത്? ഈ ചലച്ചിത്രം യാഥാര്‍ത്ഥ്യമാക്കാനും അവസാനം അക്കാദമി അവാര്‍ഡ് നേടാനും ഡികാപ്രിയോയ്ക്ക് കടന്നുപോകേണ്ടിവന്ന സഹനങ്ങളില്‍ എട്ടെണ്ണം ഇവയാണ്. ഏറ്റവും ചെറിയ പീഡനത്തില്‍ തുടങ്ങി ഏറ്റവും കഠിനമായതില്‍ അവസാനിക്കുന്നു പട്ടിക.

(1) ഒന്നരവര്‍ഷത്തോളം വൃത്തികെട്ട താടിരോമങ്ങളുമായി ജീവിച്ചു
ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു പറയാനാകില്ല. ചൊറിച്ചില്‍ സഹിക്കേണ്ടി വന്നു എന്നത് ഒഴിവാക്കിയാല്‍. എല്ലാ ഇതിഹാസങ്ങളെയും പോലെ താടിരോമങ്ങളുടെ കഥയും സ്വയംജീവന്‍ വയ്ക്കുകയായിരുന്നു. ഡികാപ്രിയോയുടെ മെരുക്കമില്ലാത്ത താടിരോമങ്ങള്‍ വളരെ വൃത്തികെട്ടതായിരുന്നു. അതുകൊണ്ടുതന്നെ അവയില്‍നിന്ന് ഈച്ചകള്‍ പറക്കുന്നതായി കഥകള്‍ പരന്നു. ‘നാഷണല്‍ എന്‍ക്വയറര്‍’ തുടങ്ങിവച്ച ഈ കഥകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്യുക വേണ്ടിവന്നു നിര്‍മാതാക്കളായ ‘ന്യൂ റീജന്‍സി’ക്ക്.

തന്റെ താടി ജീവിതപങ്കാളിയെപ്പോലെയായി എന്നാണ് ഡികാപ്രിയോ ‘വെറൈറ്റി’ മാസികയോടു പറഞ്ഞത്. അത് എങ്ങനെയെന്നു വിശദീകരിച്ചില്ലെങ്കിലും. എന്തായാലും അവസാനം അത് ഷേവ് ചെയ്തപ്പോള്‍ ഭീതിദമായ ഒന്നിനെ നീക്കിയ പ്രതീതിയാണ് ഉണ്ടായതെന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

(2) ചെറിയ ചെറിയ സീനുകള്‍ക്കുവേണ്ടി വളരെ അകലെയുള്ള ലോക്കേഷനുകളിലേക്കു സഞ്ചരിച്ചു
ഒന്നും പകുതിവഴിയില്‍ നിര്‍ത്താന്‍ ആഗ്രഹിക്കാത്തയാളാണ് ഇനാരിട്ടു. പ്രകൃതിയുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ അധികം മനുഷ്യസ്പര്‍ശമുണ്ടാകാത്ത സ്ഥലങ്ങളാണ് ഇനാരിട്ടു തിരഞ്ഞെടുത്തത്. മിക്കവാറും കാനഡയിലെ അല്‍ബെര്‍ട്ടയിലായിരുന്നു ചിത്രീകരണം.

മണ്‍വഴികളിലൂടെ രണ്ടുമണിക്കൂര്‍ യാത്ര ചെയ്താണ് താമസസ്ഥലത്തുനിന്ന് കഥാപാത്രങ്ങളും ക്രൂവും ഷൂട്ടിങ് സ്ഥലത്തെത്തിയത്. അവിടെയെത്തിക്കഴിഞ്ഞാല്‍ ധൃതിപിടിച്ച് ജോലി നടക്കും. കാരണം സ്വാഭാവിക വെളിച്ചത്തില്‍ മാത്രമേ ഛായാഗ്രാഹകന്‍ ഇമ്മാനുവേല്‍ ലുബെസ്‌കി ചിത്രീകരണം നടത്തിയിരുന്നുള്ളൂ. ഏതെങ്കിലും സീന്‍ വിചാരിച്ചതുപോലെ ശരിയായില്ലെങ്കില്‍ റീ ഷൂട്ടിനു സമയമുണ്ടായിരുന്നില്ല. കൊടുംതണുപ്പില്‍ അന്നത്തെ ദിവസം പാഴായതുതന്നെ.

‘നമുക്ക് ആവശ്യമുള്ളിടത്ത് സൂര്യന്‍ എത്തുന്നത് ദിവസം 20 മിനിറ്റ് മാത്രമാണ്,’ ഡികാപ്രിയോയുടെ സഹനടന്‍ ഡോംനാല്‍ ഗ്ലീസന്‍ പറഞ്ഞു. (ഇതൊരല്‍പം അതിശയോക്തിയാകണം. മറ്റ് അഭിമുഖങ്ങളില്‍ 90 മിനിറ്റ് വരെയാണ് പറഞ്ഞുകേട്ടത്). ‘ ഷൂട്ടിങ് ആ സമയത്ത് പൂര്‍ത്തിയാകുന്നില്ലെങ്കില്‍ അടുത്ത ദിവസം വരികയേ വഴിയുള്ളൂ. വെള്ളത്തിലേക്കും തുടര്‍ന്ന് ബോട്ടിലേക്കും ഓടിക്കയറുന്ന ഒരു സീനുണ്ടായിരുന്നു. കുതിരപ്പുറത്ത് ധാരാളം പേര്‍ എതിരെ വരുന്നു. അമ്പുകളും തോക്കുകളും പ്രയോഗിക്കപ്പെടുന്നു. എല്ലാം ഒറ്റ ഷോട്ടില്‍. ഞരമ്പുകള്‍ വലിഞ്ഞുപൊട്ടുന്നതുപോലെ തോന്നും.’

(3) പതിവായി സൂര്യനുദിക്കും മുന്‍പ് ഉണരുക
കരടിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ട ഒരാളെപ്പോലെ തോന്നിക്കേണ്ടതുകൊണ്ട് ഡികാപ്രിയോയ്ക്ക് ധാരാളം മേക്കപ്പ് ഉപയോഗിക്കേണ്ടിയിരുന്നു. ഷൂട്ടിങ്ങിലാകെ 47 തരം കൃത്രിമഅവയവങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. നാലും അഞ്ചും മണിക്കൂറുകള്‍ നീളുന്ന ചമയം നടത്തി സ്വാഭാവിക വെളിച്ചമെത്തുന്ന സമയത്ത് ലൊക്കേഷനിലെത്തണമെങ്കില്‍ പലപ്പോഴും ഡികാപ്രിയോയ്ക്ക് രാവിലെ മൂന്നുമണിക്ക് ഉണരേണ്ടിയിരുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിയാന്‍ ഗ്രിഗ് പറയുന്നു.

(4) ദേഹം മുഴുവന്‍ ഉറുമ്പുകളുമായി അഭിനയിക്കുക
ദേഹം മുഴുവന്‍ ഉറുമ്പുകള്‍ പൊതിഞ്ഞനിലയില്‍ ഡികാപ്രിയോയെ ചിത്രീകരിക്കാന്‍ ആഗ്രഹിച്ചു എന്നാണ് ഇനാരിട്ടു ‘വെറൈറ്റി’യോട് പറഞ്ഞത്. എന്നാല്‍ ഷൂട്ടിങ് പ്രദേശത്ത് ഉറുമ്പുകള്‍ വളരെ കുറവായിരുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍നിന്ന് രണ്ടു തവണയായി വിമാനത്തിലാണ് ഉറുമ്പുകള്‍ വന്നത് (ആദ്യമെത്തിയ ഉറുമ്പുകള്‍ക്ക് അഭിനയം അത്ര വശമില്ലായിരുന്നു!).

അരിച്ചുനടക്കുന്ന ഉറുമ്പുകളാല്‍ പൊതിയപ്പെടുക എന്നത് കഠിനമായൊരു അനുഭവം തന്നെയാകണം. എന്നാല്‍ ചിത്രത്തിലെ ഈ സീന്‍ എനിക്കോ എന്റെയൊപ്പം ചിത്രം കണ്ടവര്‍ക്കോ ഓര്‍മിച്ചെടുക്കാനായില്ല. പ്രയത്‌നഫലം വെള്ളിത്തിരയില്‍ അതുപോലെ ദൃശ്യമായില്ല എന്നര്‍ത്ഥം.

(5) അസുഖബാധിതനായിരുന്നപ്പോഴും ഡികാപ്രിയോ ജോലി ചെയ്തു
പൂജ്യത്തിനു താഴെയുള്ള താപനിലയില്‍ നിരന്തരം ഷൂട്ടിങ് നടന്നതിനാല്‍ പലപ്പോഴും ഡികാപ്രിയോയ്ക്ക് ഫ്ലൂ ബാധിച്ചു. അഭിനയത്തെ കൂടുതല്‍ ആധികാരികമാക്കാന്‍ അസുഖം ഡികാപ്രിയോയെ സഹായിച്ചു എന്നതാണ് ഇതിന്റെ നല്ല വശം. കരടി ആക്രമണത്തിനുശേഷം സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന സീനില്‍ നാം കേള്‍ക്കുന്ന ഭയാനകമായ ചുമ അഭിനയമല്ല. ഡികാപ്രിയോയുടെ യഥാര്‍ത്ഥ അവസ്ഥയാണ്.

(6) കരടി ആക്രമണം അനുഭവിക്കേണ്ടിവന്നു
ഡികാപ്രിയോയെ കരടി ആക്രമിക്കുന്നത് യഥാര്‍ത്ഥമാണോ എന്ന് പല കാഴ്ചക്കാരും ചോദിക്കുന്നതായി സഹനടന്‍ വില്‍ പോള്‍ട്ടര്‍ ഈയിടെ പറഞ്ഞിരുന്നു. യാഥാര്‍ത്ഥ്യം പോലെ ഭീകരമെങ്കിലും അത് യാഥാര്‍ത്ഥമല്ല. കരടിയെത്തന്നെ സിജിഐ നിര്‍മിച്ചതാണ്. പക്ഷേ ഡികാപ്രിയോ കരടിയാല്‍ എറിയപ്പെടുന്നത്, വലിച്ചിഴയ്ക്കപ്പെടുന്നത്, ചവിട്ടപ്പെടുന്നത്, അടിച്ചുപരത്തപ്പെടുന്നത്…ഇവയെല്ലാം യഥാര്‍ത്ഥമായിരുന്നു. വളരെ അസുഖകരവും.

(7) കാളയുടെ പാകംചെയ്യാത്ത കരള്‍ കഴിച്ചു
ഡികാപ്രിയോ സസ്യാഹാരിയാണ്. എന്നാല്‍ കഥാപാത്രം പാകം ചെയ്യാത്ത കാളക്കരള്‍ തിന്നുമ്പോള്‍ അത് ജെല്ലിപോലുള്ള ഏതെങ്കിലും കൃത്രിമക്കരളാണെന്ന് കാഴ്ചക്കാര്‍ കരുതിയെങ്കില്‍ തെറ്റി. യഥാര്‍ത്ഥ കരളാണ് ഡികാപ്രിയോ ഉപയോഗിച്ചത്. 

‘ ഏറ്റവും കുഴപ്പം പിടിച്ച ഭാഗം കരളിനു മുകളിലുള്ള ആവരണമാണ്,’ ഡികാപ്രിയോ വെറൈറ്റിയോടു പറഞ്ഞു. ‘അതൊരു ബലൂണ്‍ പോലെയാണ്. കടിക്കുമ്പോള്‍ അത് നിങ്ങളുടെ വായിലേക്കു പൊട്ടുന്നു.’

അത് ഓക്കാനം വരുന്നതു തന്നെ.

(8) ഏതുനിമിഷവും ഹൈപ്പോതെര്‍മിയ എന്ന അപകടം കാത്തിരുന്നു
കടുത്ത തണുപ്പില്‍ തുടര്‍ച്ചയായി സമയം ചെലവിടുന്നത് അപകടമാണ്. തണുത്തുറഞ്ഞ നദികളില്‍ ചാടുക എന്നത് ഭീകരവും. ‘ ഞാന്‍ കരടിരോമവും ചുവന്ന മാനിന്റെ തൊലിയും ധരിച്ചിരുന്നു. നനയുമ്പോള്‍ ഇതിന് 100 പൗണ്ടിലധികം തൂക്കം വരും (മെന്‍സ് ജേണലിനു നല്‍കിയ കൂടിക്കാഴ്ചയില്‍ 50 പൗണ്ട് എന്നായിരുന്നു പറഞ്ഞത്. അടുത്ത അഭിമുഖത്തില്‍ എന്താകുമോ എന്തോ!) ദിവസവും ഹൈപ്പോതെര്‍മിയ – ശരീരതാപം ക്രമാതീതമായി കുറയുന്ന അവസ്ഥ – ഭീഷണി ഉയര്‍ത്തിയിരുന്നു,’ ഡികാപ്രിയോ പറയുന്നു.

അടിയന്തര വൈദ്യസഹായവും കൂറ്റന്‍ ഡ്രയറും സമീപത്തുതന്നെയുണ്ടായിരുന്നു എന്നതാണ് നല്ല കാര്യങ്ങളില്‍ ഒന്ന്. 

ഒരിക്കല്‍ താപനില പൂജ്യത്തിന് 40 ഡിഗ്രി താഴെയെത്തിയെന്ന് ഡികാപ്രിയോ മെന്‍സ് ജേണലിനോടു പറഞ്ഞു. ‘ ആ സമയത്ത് നമുക്ക് കണ്ണ് തുറക്കാനാകില്ല. വിരലുകള്‍ ഒട്ടിച്ചേരും. ക്യാമറ ഗിയര്‍ ലോക്കായി. അലജാന്ദ്രോയെ നോക്കി ഞാന്‍ പറഞ്ഞു: യാഥാര്‍ത്ഥ്യം അനുഭവിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ ഒന്നും പ്രവര്‍ത്തിക്കാത്ത ഒരു സമയമുണ്ട്.’

അങ്ങനെ അവര്‍ ഇടവേളയ്ക്കായി പിരിഞ്ഞു. അതൊരു മികച്ച തീരുമാനമായിരുന്നവെന്ന് ബില്‍ ബ്രാസ്‌കി പോലും സമ്മതിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍