UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സമ്പത്തിന്റെ 58 ശതമാനവും 1 ശതമാനം സമ്പന്നരുടെ പക്കല്‍; അസമത്വം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ട്

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ ആകെയുള്ള സമ്പത്തിന്റെ 58.4 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണെന്ന് പഠനം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അതിഭീമമായ വിധത്തില്‍ അസമത്വം വര്‍ധിച്ചുവരുന്ന സമൂഹമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്പന്നരുടെ ആസ്തി ക്രമാതീതമായി വര്‍ധിച്ചുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ ഇവര്‍ 49 ശതമാനം സമ്പത്തുകള്‍ കൈയടക്കിവച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷമിത് 53 ശതമാനമായി. അതാണ് ഈ വര്‍ഷം 58.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നത്. സൂറിച്ച് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ Credit Suisse Group AG-യുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2010 മുതല്‍ എല്ലാക്കൊല്ലവും ഇവര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്.

 

ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഈ അതിസമ്പന്നര്‍ തങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയിലുണ്ടായിട്ടുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ കൂടുതലായും ഇവരിലേക്കാണ് ചെല്ലുന്നതെന്നും കണക്കുകള്‍ പറയുന്നു. ഈ അതിസമ്പന്നരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കുള്ള സമ്പത്താകട്ടെ വെറും 2.1 ശതമാനം മാത്രമാണ്.

 

2000-ത്തില്‍ ഒരു ശതമാനം വരുന്ന സമ്പന്നര്‍ കൈയടക്കിവച്ചിരുന്ന സമ്പത്ത് 36.8 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ 16 വര്‍ഷമായി ഇത് കൂടിക്കൂടി വരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2010-ല്‍ ഇത് 40.3 ശതമാനമായിരുന്നുവെങ്കില്‍ 2014 ആകുമ്പോള്‍ ഇത് 49 ശതമാനമായി വര്‍ധിച്ചു. അതായത് ആകെയുളള സമ്പത്തിന്റെ മൂന്നിലൊന്നായിരുന്നു ഇവരുടേതെങ്കില്‍ ഈ കാലയളവിനുള്ളില്‍ അത് അഞ്ചില്‍ മൂന്നായി കൂടി.

 

കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പന്നര്‍ക്കുണ്ടാകുന്ന വരുമാനത്തില്‍ വന്‍ വര്‍ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സമ്പന്നരിലെ 10 ശതമാനം വരുന്നവരുടെ വരുമാനത്തിലും വന്‍ വര്‍ധനവാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. 2010-ല്‍ ഇത് 68.8 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 80.7 ശതമാനമായി വര്‍ധിച്ചു.

 

 

ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരില്‍ രാജ്യത്തിന്റെ 58.4 ശതമാനം സമ്പത്ത് കേന്ദ്രീകരിക്കുമ്പോള്‍ ചൈനയില്‍ ഇത് 43.8 ശതമാനമാണ്. ഇന്‍ഡോനേഷ്യയില്‍ ഇത് 49.3 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 41.9 ശതമാനവുമാണ്. രാഷ്ട്ര സമ്പത്തിന്റെ 74.5 ശതമാനവും കൈയടക്കിയിരിക്കുന്ന റഷ്യയിലെ അതിസമ്പന്നരുടെ നിരയിലേക്കാണ് ഇന്ത്യന്‍ അവസ്ഥയും മാറുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

 

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തന്നെ സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സമ്പത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ഒരു ശതമാനം വരുന്ന അതിസമ്പന്നരും 10 ശതമാനം വരുന്ന സമ്പന്നരും കൈയടക്കിയിരിക്കുന്നു. ഈ 10 ശതമാനം വരുന്ന സമ്പന്നര്‍ ആഗോള സമ്പത്തിന്റെ 89 ശതമാനം കൈയടക്കുമ്പോള്‍ താഴേക്കിടയിലുള്ളവരുടേത് ഒരു ശതമാനം മാത്രമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍