ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്.
അത്ര പെട്ടന്നൊന്നും മരിച്ചുപോകാന്‍ ആഗ്രഹിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവസാന കാലങ്ങള്‍ തള്ളി നീക്കാനും താല്‍പര്യപ്പെടില്ല. എല്ലായിപ്പോഴും യൗവ്വനം നിലനിര്‍ത്താന്‍ കഴിഞ്ഞാലോ, അത്രയ്ക്ക് അത്യാഗ്രഹം വേണോയെന്ന് സ്വയം തോന്നുകയും ചെയ്യും. ഇനിമുതല്‍ അത്തരം ശങ്കകളൊന്നും വേണ്ട. പ്രായം കൂടുംതോറും ശരീരം ശോഷിക്കുന്നതില്‍ നിന്നും തടയുന്ന, കാല്‍മുട്ട് തേയ്മാനം വരാതിരിക്കാന്‍ സഹായിക്കുന്ന, ഓര്‍മ്മ നഷ്ടപ്പെടാതെ കാഴ്ച നഷ്ടപ്പെടാതെ കാക്കുന്ന ഒരു മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
അങ്ങനെയൊക്കെ സാധ്യമാകുമോ എന്നാകും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവുക. അതെ, സാധ്യമാകും. സെനോലിറ്റിക്‌സ് ശാസ്ത്രം ഉപയോഗിച്ച് അതും അതിലപ്പുറവും നടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വളര്‍ന്നുവരുന്നതും ശാസ്ത്രലോകം വളരെയേറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന ആന്റി-ഏജിംഗ് മെഡിസിനാണ് സെനോലിറ്റിക്‌സ്. ലോകത്തെ മികച്ച ജെറോന്റോളജിസ്റ്റുകളില്‍ പലരും ഇതിനകം മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരില്‍ നടന്ന ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നല്ല ഫലങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പഠനങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമായി തുടരുകയാണെങ്കില്‍ നിലവില്‍ മധ്യവയസ്‌കരായവര്‍ക്ക് കൂടുതല്‍ കാലം യുവത്വം നിലനിര്‍ത്തുന്നവരുടെ ആദ്യ തലമുറയാകാം.
ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്. അതായത്, പ്രായംകൂടുംതോറും വേദനകളും അസുഖങ്ങളും കുറച്ചുകൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യരെ സാഹായിക്കുക. അത് ജീവിതത്തിന്റെ മദ്ധ്യകാലം പിന്നിട്ടവര്‍ക്ക് ഗുണകരമായിരിക്കും. മാത്രമല്ല, ലോകമെമ്പാടും വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമ്പദ്വ്യവസ്ഥയ്ക്ക് അതൊരു മുതല്‍കൂട്ടായി മാറുകയും ചെയ്യും.
‘ആരോഗ്യകരമായ വാര്‍ദ്ധക്യം’ എന്നത് വലിയൊരു പദ്ധതിയാണ് – അതുകൊണ്ട് പ്രായമായ രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ധാരാളം മെച്ചമുണ്ടാകും’ എന്ന് കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഏജിംഗ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മിംഗ് സൂ പറയുന്നു. വാര്‍ദ്ധക്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളും കൂടുതല്‍ അപകടകരമാക്കുന്നത്. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഒപ്പം രോഗങ്ങള്‍ പിടിപെടുന്നത് തടയുകയുമാണ് സെനോലിറ്റിക്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് മിംഗ് സൂ വ്യക്തമാക്കി.
,