UPDATES

കായികം

വാഷിംഗ്ടണ്‍ സുന്ദര്‍; ഈ താരത്തിന്റെ പേരിനു പിന്നില്‍ ഒരു കഥയുണ്ട്

പൂനെ സൂപ്പര്‍ ജെയ്ന്റസിന്റെ തമിഴ്‌നാടുകാരന്‍ സ്പിന്നര്‍ക്ക് ഇങ്ങനെയൊരു പേര് വന്നത് എങ്ങനെയാണെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു

ഐപിഎല്‍ പത്താം സീസണിലെ സെന്‍സേഷണല്‍ താരങ്ങളില്‍ ഒരാളാണ് റൈസിംഗ് പൂനെ സൂപ്പര്‍ജെയിന്റ്‌സിന്റെ തമിഴ്‌നാടുകാരന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. പത്തു മത്സരങ്ങളില്‍ നിന്നായി എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിംഗ്ടണിന്റെ ബൗളിംഗ് മികവ് മുംബൈ ഇന്‍ഡ്യന്‍സിനെ തകര്‍ത്ത് പൂനെ ഫൈനലില്‍ കടന്നതില്‍ മുഖ്യഘടകമായിരുന്നു. ആര്‍ അശ്വിന്റെ പിന്‍ഗാമിയായി ഈ 17 കാരനെ ക്രിക്കറ്റ് വിദഗ്ദര്‍ കാണുകയാണ്.

എന്നാല്‍ ബൗളിംഗ് മികവില്‍ മാത്രമല്ല വാഷിംഗ്ടണ്‍ സുന്ദര്‍ ഐപിഎല്ലിന്റെ വാര്‍ത്തതാരമായിരിക്കുന്നത്. സ്വന്തം പേരിലെ പ്രത്യേകത കൊണ്ടുകൂടിയാണ്. വാഷിംഗ്ടണ്‍ എന്ന പേര് എങ്ങനെ വന്നൂ എന്നാണ് എല്ലാവരും തിരക്കുന്നത്. ആ പേരിന്റെ പിന്നിലെ കഥ വാഷിംഗടണിന്റെ പിതാവ് എം. സുന്ദര്‍ തന്നെ വ്യക്തമാക്കുകയാണ്. മകന്റെ പേരിനു പിന്നിലെ കഥ സുന്ദര്‍ ദി ഹിന്ദു പത്രത്തിനോട് പറയുന്നത് ഇങ്ങനെയാണ്.

തമിഴ്‌നാട്ടിലെ ട്രിപ്ലിക്കാനയിലെ വളരെ സാധാരണമായ ഒരു ഹിന്ദു കുടുംബത്തിലെ അംഗമാണ് ഞാന്‍. ഞങ്ങളുടെ വീടിരിക്കുന്നതിനു രണ്ടു തെരുവുകള്‍ക്ക് അപ്പുറത്ത് ഒരു മുന്‍ പട്ടാളക്കാരന്‍ താമസിച്ചിരുന്നു. പി ഡി വാഷിംഗ്ടണ്‍. ക്രിക്കറ്റില്‍ ഏറെ താത്പര്യമുള്ള ആളായിരുന്നു അദ്ദേഹം. മറീന ഗ്രൗണ്ടില്‍ ഞങ്ങള്‍ കളിക്കുമ്പോള്‍ അദ്ദേഹം കാണാന്‍ വരുമായിരുന്നു. എന്റെ കളി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ വാത്സല്യം എന്നോടും കാണിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടംബത്തിലെ അംഗമായ എന്റെ സ്‌കൂള്‍ ഫീസ് അദ്ദേഹം അടയ്ക്കുമായിരുന്നു. എനിക്ക് യൂനിഫോം, പുസ്തകങ്ങള്‍ എല്ലാം വാങ്ങിത്തന്നു. അദ്ദേഹത്തിന്റെ സൈക്കളില്‍ ഇരുത്തി ഗ്രൗണ്ട് മുഴുവന്‍ കറക്കുമായിരുന്നു. ക്രിക്കറ്റില്‍ എപ്പോഴും അദ്ദേഹമെന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു.

അദ്ദേഹത്തിനും എനിക്കും ഇടയിലെ ബന്ധം വളരെ വലുതായിരുന്നു.

ഞാന്‍ വളര്‍ന്നു. വിവാഹം കഴിച്ചു. എന്റെ ഭാര്യയുടെ ആദ്യത്തെ പ്രസവം ഏറെ വിഷമം പിടിച്ചതായിരുന്നു. പക്ഷേ എല്ലാം നല്ലതായി കലാശിച്ചു. ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു. ഹിന്ദു ആചാരപ്രകാരം പേരിടീല്‍ ചടങ്ങില്‍ ഞാനവന്റെ ചെവിയില്‍ ഭഗവാന്റെ നാമമായ ശ്രീനിവാസന്‍ എന്ന് മന്ത്രിച്ചു. പക്ഷേ അതായിരിക്കില്ല എന്റെ കുഞ്ഞിന്റെ പേരെന്ന് ഞാന്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എന്റെ മനസില്‍ മറ്റൊരു പേരായിരുന്നു; വാഷിംഗ്ടണ്‍. എനിക്കു വേണ്ടി ഏറെ ചെയ്തു തന്നൊരാള്‍. എന്റെ ഗോഡ്ഫാദര്‍. അങ്ങനെയാണ് എന്റെ മകന്റെ പേര് വാഷിംഗ്ടണ്‍ സുന്ദര്‍ എന്നായത്.

പക്ഷേ സങ്കടകരമായൊരു കാര്യം. 1999ല്‍ എന്റെ മകന്‍ ജനിക്കുമ്പോള്‍ അദ്ദേഹം ഈ ലോകത്ത് ഇല്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍