UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരുള്‍മൂടും കാലം അടുക്കുകയാണ്- എഡിറ്റോറിയല്‍

Avatar

ടീം അഴിമുഖം/ എഡിറ്റോറിയല്‍

നിരവധി മതസമൂഹങ്ങള്‍ തങ്ങളുടെ വര്‍ത്തമാനവും ഭാവിയും പങ്കുവെക്കുകയും എന്നാല്‍ ഭൂതകാലത്തെ വളച്ചൊടിക്കാതിരിക്കുകയും ചെയ്യുന്ന ഇന്ത്യ എന്ന ബഹുസ്വരമായ ദേശീയതയുടെ ആശയം അതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ആരില്‍ നിന്നാണ്? മുഖ്യധാര രാഷ്ട്രീയ കക്ഷികളില്‍ നിന്നും. ബിജെപിയുടെ തീവ്രഹിന്ദുത്വ ദേശീയതയെക്കുറിച്ച് മാത്രമല്ല ഞങ്ങള്‍ പറയുന്നത്; കോണ്‍ഗ്രസ് പാര്‍ട്ടിയേയും മറ്റ് മതേതര കക്ഷികളെയും കുറിച്ചുമാണ്.

മഹാരാഷ്ട്ര നിയമസഭയില്‍ ‘ഭാരത് മാത കീ ജയ്’ എന്നു വിളിക്കാന്‍ വിസമ്മതിച്ചതിന് മജ്‌ലിസ് ഇ ഇതെഹാദുല്‍ മുസ്ലിമീന്‍ എംഎല്‍എ വാരിസ് പത്താനെ ബുധനാഴ്ച്ച സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതാണ് ഈ വിചിത്രമായ പുതിയ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ അധ്യായം.

പത്താനെ വളഞ്ഞുപിടിച്ചവരില്‍ ബിജെപി മാത്രമല്ല, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളുടെ എംഎല്‍എമാരും ഉണ്ടായിരുന്നു. ‘ഭാരത് മാത കീ ജയ്’ എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് നിയമസഭാ പ്രക്ഷുബ്ദമാവുകയും പത്താനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. 

ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഒരു പ്രസ്താവനയെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്, ‘ഞാനാ മുദ്രാവാക്യം വിളിക്കില്ല. നിങ്ങളെന്തു ചെയ്യും ഭഗവത് സാഹബ്… നിങ്ങള്‍ എന്റെ കഴുത്തില്‍ കത്തിവെച്ചാലും ഞാനാ മുദ്രാവാക്യം വിളിക്കില്ല.’ ഈ മുദ്രാവാക്യം വിളിക്കാന്‍ ഭരണഘടന ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു.

ഒവൈസിയുടെ പ്രസ്താവനക്കെതിരെ പല രാഷ്ട്രീയ കക്ഷികളും പ്രതികരിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും അലയൊലികളുണ്ടായി. രാജ്യസഭ എംപിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പാര്‍ലമെന്റില്‍ പറഞ്ഞു, ‘ഭാരത് മാത കീ ജയ്’ എന്നു വിളിക്കുന്നത് എന്റെ കടമയാണോ അല്ലയോ എന്നു ഞാന്‍ ശ്രദ്ധിക്കുന്നില്ല, പക്ഷേ അതെന്റെ അവകാശമാണ്.’

ജാവേദ് അക്തറടക്കമുള്ളവര്‍ കാണാതെ പോകുന്ന ചോദ്യം തങ്ങള്‍ക്ക് വേണ്ടത് പറയാന്‍ ഒവൈസിക്കും പത്താനും സ്വാതന്ത്ര്യമുണ്ട് എന്നതാണ്. അവര്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും പറയുന്നതിന് അവരെ നിര്‍ബന്ധിക്കാന്‍ അവരുടെ എതിരാളികള്‍ക്ക് യാതൊരുവിധ ഭരണഘടനാ അവകാശവുമില്ല. 

ഒവൈസിയെ പോലുള്ള മുസ്ലീം വര്‍ഗീയ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഈ വ്യാജ ദേശഭക്തി ജാഥയുടെ ആക്രോശത്തിനിരയാകുന്നത്. നിവേദിത മേനോനെയും ഗൗഹര്‍ റാസയെയും പോലുള്ള ഏറെ ആദരിക്കപ്പെടുന്ന പണ്ഡിതരും പശുവിറച്ചി പാകം ചെയ്‌തെന്ന ആരോപണവുമായി ആക്രമിക്കപ്പെട്ട രാജസ്ഥാനിലെ കാശ്മീരി വിദ്യാര്‍ത്ഥികളും എല്ലാം ഈ വ്യാജ പ്രചാരണത്തിന്റെ ഇരകളാണ്. ഏറ്റവും ഹീനമായ ഒരുവശമെന്നത്, നമ്മുടെ സര്‍വകലാശാലകളിലെയും കലാലയങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും പഠനമുറികളിലെ ഈ സ്വയംനിയന്ത്രണത്തിന് വിധേയരാകുന്നു എന്നതാണ്.

ഇതുവരെ തങ്ങളിത്രയും ഭീഷണവും തീവ്രവുമായ ദേശീയതാവാദവും അതിനെക്കുറിച്ചുള്ള വ്യാജ ചര്‍ച്ചകളും കേട്ട കാലമുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതും എബി വാജ്‌പേയിയുടെ ഭരണകാലത്തേക്കാള്‍ പരസ്യമായ ഭരണകൂട പിന്തുണയോടെ.

ദു:ഖകരമായ വസ്തുത, ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിന്റെ ഉറച്ച വക്താക്കളെന്ന് കരുതുന്ന കോണ്‍ഗ്രസ് പോലും പലപ്പോഴും ഇടറുന്നു എന്നതാണ്. ഇന്നിപ്പോള്‍ അവര്‍ തങ്ങളുടെ ദേശീയതയുടെ മാറ്റ് തെളിയിക്കാന്‍ മറ്റുള്ളവരില്‍ നിന്നും അവസരങ്ങള്‍ പിടിച്ചുവാങ്ങുകയാണ്. അല്ലെങ്കില്‍ അവര്‍ ഹൈദരബാദ്, ജെഎന്‍യു സര്‍വകലാശാലകളിലേക്ക് മറ്റുള്ളവര്‍ കൊടുക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ കുതിച്ചെത്തുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന അസ്വാസ്ഥ്യജനകമായ സംവാദങ്ങള്‍ നോക്കൂ. എങ്ങനെയാണ് നിങ്ങള്‍ ഇന്ത്യയോടുള്ള കൂറും ദേശഭക്തിയും തെളിയിക്കുക?

അവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ‘ഭാരത് മാത കീ ജയ്’ എന്നു വിളിച്ച് നിങ്ങള്‍ക്ക് രാജ്യത്തോടുള്ള കൂറ് തെളിയിക്കാം. അല്ലെങ്കില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് സംസാരിക്കാതിരുന്നുകൊണ്ട്. അതുമല്ലെങ്കില്‍ നാട്ടിലെ കലാപങ്ങളെക്കുറിച്ചും കശ്മീര്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചുമൊന്നും സാമൂഹ്യശാസ്ത്രം പഠിപ്പിക്കുമ്പോള്‍ പറയാതിരുന്നുകൊണ്ട്.

2014ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ സങ്കുചിതമായ രാഷ്ട്രീയ സംവാദത്തിന്റെ ദേശീയപ്രവണത വളരെവേഗത്തില്‍ ആധിപത്യം നേടിയിരിക്കുന്നു. ഈ മേല്‍ക്കോയ്മയെ മിക്ക മുഖ്യധാര മാധ്യമങ്ങളും, പ്രത്യേകിച്ചു ടെലിവിഷന്‍ ചാനലുകള്‍, പൊക്കിപ്പിടിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നുമുണ്ട്.

ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി, ഇതിന് ഒരു ഉറച്ച ബദല്‍ ആഖ്യാനവുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുന്നു എന്നതാണ്. 

ഇരുള്‍മൂടും കാലം അടുക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍