UPDATES

ചാപ്പ കുത്തിയത് എസ്എഫ്ഐ തന്നെ; കോൺഗ്രസ് ആസൂത്രണം കെട്ടുകഥ: നിഷാദ് വെളിപ്പെടുത്തുന്നു

ഗൂഢാലോചന നടന്നത് കോണ്‍ഗ്രസ് ഓഫീസിലാണെന്ന് കെഎസ്‌യു പ്രവര്‍ത്തകനായ പികെ ശ്യാംകുമാര്‍ വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളായ സൂര്യഗായത്രി, അസ്മിത കബീര്‍ ഇവരുടെ സുഹൃത്ത് ജിജീഷ് എന്നിവരെ കാമ്പസില്‍വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര പ്രശ്‌നം ആരോപിച്ചു മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടനയ്‌ക്കെതിരേ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് 2000-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ചാപ്പകുത്തല്‍ ഒരിക്കല്‍ കൂടി ചര്‍ച്ചകളിലേക്ക് വന്നത്. പ്രസ്തുത വിഷയം അടിസ്ഥാനമാക്കി 2013-ല്‍, യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ചലച്ചിത്ര പ്രവര്‍ത്തകന്‍ നൊവിന്‍ വാസുദേവ് ‘ടാറ്റൂ’ എന്ന ഹൃസ്വചിത്രം പുറത്തിറക്കിയിരുന്നു. എസ്എഫ്‌ഐ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ചാപ്പ കുത്തല്‍ നടന്നു പതിനാറ്‌ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മര്‍ദ്ദനത്തിലൂടെ വീണ്ടും എസ്എഫ്ഐ വിവാദം സൃഷ്ടിച്ചിരിക്കെ ചാപ്പ കുത്തല്‍ പ്രമേയമായ ടാറ്റുവിന്റെ സംവിധായകന്‍ നൊവീന്‍ വാസുദേവുമായി സംസാരിച്ചു അഴിമുഖം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഈ സംഭവം കോണ്‍ഗ്രസ് സൃഷ്ടിച്ചതാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു ചാപ്പകുത്തല്‍ വിവാദമെന്നും വാദമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് അടിസ്ഥാനം കെഎസ്‌യു പ്രവര്‍ത്തകനായ പികെ ശ്യാംകുമാര്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രണത്തില്‍ താന്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു ചാപ്പകുത്തല്‍ എന്നും എസ്എഫ്‌ഐയേയും അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനെയും കരിവാരിത്തേക്കലായിരുന്നു ഇതിന്റെ ലക്ഷ്യമെന്നുമാണ് ശ്യാം വെളിപ്പെടുത്തിയത്. അന്ന് ചാപ്പകുത്തലിന് വിധേയനായ എആര്‍ നിഷാദ് ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്. ശ്യാമിന്റെ വെളിപ്പെടുത്തലുകളെയെല്ലാം പാടെ നിഷേധിക്കുകയാണ് നിഷാദ്. അന്ന് നടന്ന സംഭവങ്ങള്‍ നിഷാദ് അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

“നിലമേല്‍ എന്‍എസ്എസ് കോളേജിലെ ജനറല്‍ സെക്രട്ടറിയായിരുന്ന ഞാന്‍ യൂണിയന്‍ ഉദ്ഘാടനത്തിന് ഒരു അതിഥിയെ ക്ഷണിക്കുന്നതിനായി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സഹായം തേടിയാണ്  2000 നവംബര്‍ പത്തിന് അവിടെ എത്തിയത്. എനിക്കൊപ്പം എന്റെ കോളേജിലെ ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അവിടെ എന്നെ ഓഡിറ്റോറിയം പോലുള്ള ഒരു മുറിയില്‍ എത്തിച്ചു. അത് ഇടിമുറിയാണോ യൂണിയന്‍ ഹാള്‍ ആണോ എന്നൊന്നും അറിയില്ല, അടച്ചിട്ട ഒരു മുറിയായിരുന്നു. അവിടെ വച്ചാണ് എന്നെ കുറെയാളുകള്‍ മര്‍ദ്ദിക്കുകയും മുതുകത്ത് കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് എഴുതുകയും ചെയ്തത്. 
രാത്രിയോടെ അവരെന്നെ തിരുവനന്തപുരം ബസ് സ്റ്റാന്‍ഡിന് സമീപം കൊണ്ടുപോയി ഇറക്കിവിട്ടു. അവിടെ നിന്നും ബസ് കയറി നിലമേലിലെ വീട്ടിലെത്തി. പിറ്റേദിവസം നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം വിവരം അറിഞ്ഞു. അതിന് ശേഷം നിലമേലുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. അവിടുന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയി.

അതോടെയാണ് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ് മാധ്യമങ്ങളുടെ ശ്രദ്ധ ഇതിലേക്ക് പതിയുന്നത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അന്നത്തെ ദിവസം തിരുവനന്തപുരത്തു നിന്നും നിലമേലിലേക്കുള്ള ആ യാത്ര ജീവിതത്തില്‍ മറക്കാനാകില്ല. ദേഹത്തേറ്റതിനേക്കാള്‍ മുറിവ് മനസിലായിരുന്നു. അത്രമാത്രം അപ്രതീക്ഷിതമായ സംഭവമാണല്ലോ അന്നുണ്ടായത്. എങ്ങനെയെങ്കിലും വീട്ടില്‍ തിരികെയെത്തണമെന്നും ജീവനും കൊണ്ട് രക്ഷപ്പെടണമെന്നുമുള്ള ചിന്തയാണ് ഉണ്ടായിരുന്നത്.”

“ചരിത്രത്തില്‍ ആദ്യമായി എസ്എഫ്‌ഐ തങ്ങള്‍ ചെയ്ത ഒരു അക്രമരാഷ്ട്രീയത്തെ അംഗീകരിച്ച സംഭവമാണ് ഇത്. അന്ന് അവര്‍ ഇതിനെതിരെ നടപടി സ്വീകരിച്ചു. എസ്എഫ്‌ഐ നടത്തിയ അന്വേഷണത്തില്‍ ഈ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് കേസ് കോടതിയിലെത്തിയപ്പോള്‍ മൂന്ന് പേര്‍ക്ക് ശിക്ഷ ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി മൂന്ന് ആണ് വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആസൂത്രണമാണ് ഇതിന് പിന്നെലെന്നത് അടിസ്ഥാനരഹിതമാണ്.  ഒരിക്കലും അത്തരം കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഈ വെളിപ്പെടുത്തല്‍ നടത്തിയെന്ന് പറയുന്ന പികെ ശ്യാംകുമാര്‍ ഈ സംഭവം നടക്കുമ്പോള്‍ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. പാര്‍ട്ടിയ്ക്കകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലം വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടി മാത്രം കെട്ടിച്ചമയ്ക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍. അതിനായി സിപിഎം സഹായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകും. ഞാന്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ഒരുപാട് നാളുകള്‍ കഴിഞ്ഞ് അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. കെഎസ്‌യുവിലും കോണ്‍ഗ്രസിലുമുള്ള പലരെയും പരിചയപ്പെട്ട കൂട്ടത്തിലായിരുന്നു അത്. ശ്യാം എന്റെ സുഹൃത്തോ അഭ്യുദയകാംക്ഷിയോ അല്ല.

ഇപ്പോഴത്തെ സംഭവത്തില്‍ തന്നെ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയാകാറായിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എനിക്കുനേരെ ഉണ്ടായത്‌ അങ്ങനെയായിരുന്നില്ല. അതു പകല്‍ പോലെ വ്യക്തവും പലര്‍ക്കും അറിയാവുന്ന കാര്യവുമായിരുന്നു.”

“യഥാര്‍ത്ഥത്തില്‍ അന്ന് അവര്‍ മുറിയില്‍ പൂട്ടിയിട്ട ശേഷം എന്റെ മുതുകത്ത് എഴുതുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ എഴുതുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ആ ദിവസങ്ങളില്‍ ഞാന്‍ തുടര്‍ച്ചയായി മൂന്ന് ദിവസം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ എത്തിയിരുന്നു. നേരത്തെ പറഞ്ഞതുപോലെ അവിടുത്തെ എസ്എഫ്‌ഐയുടെ ഒരു മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട് യൂണിയന്‍ ഉദ്ഘാടനത്തിനുള്ള അതിഥിയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് അതിഥിയെ വിളിക്കാന്‍ സാധിക്കുമെന്നായിരുന്നു എസ്എഫ്‌ഐക്കാരായിരുന്ന എന്റെ സുഹൃത്തുക്കള്‍ എനിക്ക് നല്‍കിയിരുന്ന വിവരം.

ആദ്യത്തെ രണ്ട് ദിവസവും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്തതിനാലാണ് മൂന്നാം ദിവസവും കോളേജില്‍ പോയത്. അന്നാണ് എന്നെ മുറിയില്‍ പൂട്ടിയിട്ടത്. തങ്ങളുടെ കോളേജില്‍ കെഎസ്‌യുക്കാരനായ ഞാന്‍ എന്ത് ധൈര്യത്തില്‍ കയറിയെന്ന് ചോദിച്ചായിരുന്നു ആക്രമണം. പാര്‍ട്ടിയില്‍ നിന്നും എന്റെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണയാണ് എന്നെ അന്ന് നേരിട്ട മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷനേടാന്‍ സഹായിച്ചത്’.

ശരിക്കുപറഞ്ഞാല്‍ ഈ സംഭവത്തോടെ എസ്എഫ്‌ഐയുടെ മാനസിക വൈകല്യമാണ് പുറത്തുവന്നത്. അവരുടെ ജനാധിപത്യ, സ്വാതന്ത്ര്യ, സോഷ്യലിസ്റ്റ് ചിന്ത ഈ തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഈ മനോഭാവം ലോകം മുഴുവന്‍ അറിയുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ മനസിലേക്ക് ആശയപരമായി കടന്നുചെല്ലാതെ കായികമായി ആക്രമിച്ചുകൊണ്ട് കടന്നുചെല്ലാനാണ് എല്ലാക്കാലത്തും അവര്‍ ശ്രമിച്ചിട്ടുള്ളത്. സംഘടനയുടെ പേര് ആരുടെയെങ്കിലും ദേഹത്ത് എഴുതിവച്ചു എന്നത് കൊണ്ട് അവരെ ആ പാര്‍ട്ടിക്കാരന്‍ ആക്കാന്‍ ഒരിക്കലും സാധിക്കില്ല.

ഈ സംഭവത്തിന് ശേഷം കുറച്ചുകാലത്തേക്ക് വിഭ്രാന്തിയും പേടിയും എന്തിനോടും ആശങ്കയുമെല്ലാമുണ്ടായിരുന്നു. എങ്കിലും പിന്നീട് എന്റെ പാര്‍ട്ടിക്കാരും വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പിന്തുണ അതിനെയെല്ലാം തരണം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കി.”

നിലമേല്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ നിഷാദ്‌ 2001ല്‍ എല്‍എല്‍ബിയ്ക്ക് ചേര്‍ന്നു. കെഎസ്‌യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ്പ്രസിഡന്റ്, സര്‍വകലാശാല സെനറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെ മുരളീധരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ നിഷാദ് കെഎസ്‌യു(ഇന്ദിര) എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. നിലവില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു.

(അഴിമുഖം സബ് എഡിറ്റര്‍ ആണ് അരുണ്‍ ടി വിജയന്‍)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍