UPDATES

വായന/സംസ്കാരം

ക്ഷേത്രങ്ങളും പള്ളികളും വര്‍ഗ്ഗീയതയുടെ ഈറ്റില്ലങ്ങളായിരിക്കുന്നു: സച്ചിദാനന്ദന്‍

തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ കുറഞ്ഞു വരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്

പരമ്പരാഗത സാംസ്‌കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളും പള്ളികളും ക്ഷേത്രങ്ങളും വര്‍ഗ്ഗീയതയുടെ ഈറ്റില്ലങ്ങളായിരിക്കുന്നുവെന്ന് കവി കെ സച്ചിദാനന്ദന്‍. അവയെല്ലാം തന്നെ പ്രതിലോമ ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടിത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ കുറഞ്ഞു വരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആത്മാര്‍ത്ഥമായ സംവാദങ്ങള്‍ ഇവിടെ സാധ്യമല്ലാതായിരിക്കുന്നു. അത്തരമൊരു ധൈഷണികവും സാംസ്‌കാരികവുമായ കാലാവസ്ഥ ഇന്ത്യയിലുടനീളം നിലനില്‍ക്കുന്നു. സംവാദം വിവാദത്തിലേക്കും വിവാദം ശകാരത്തിലേക്കും ശകാരം കൊലപാതകത്തിലേക്ക് വരെ നയിക്കുകയാണ്. നമ്മുടെ പരമ്പരാഗത സാംസ്‌കാരിക കേന്ദ്രങ്ങളെല്ലാം തന്നെ പ്രതിലോമ ശക്തികളായി മാറിക്കൊണ്ടിരിക്കുന്നു്.

ഒരുകാലത്ത് പള്ളികളിലും ക്ഷേത്രങ്ങളിലുമെല്ലാം തന്നെ പുരോഗമനപരമായ പരിപാടികള്‍ നടന്നിരുന്നു. കെടാമംഗലം സദാനന്ദന്റെയും വി സാംബശിവന്റെയും കഥാപ്രസംഗങ്ങളും പുരോഗമന നാടകങ്ങളും ധാരളമായി അമ്പലപ്പറമ്പുകളില്‍ നടന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ തലമുറയ്ക്ക് അത് വളരെയധികം ഓര്‍മ്മയുണ്ട്. എന്നാല്‍ ക്രമേണ ക്രമേണ ആ സ്ഥലങ്ങളെല്ലാം തന്നെ വര്‍ഗ്ഗീയതയുടെ ഈറ്റില്ലങ്ങളായി മാറുന്നതാണ് കാണുന്നത്. ദുഃഖത്തോടെയും ചിലപ്പോഴൊക്കെ ഭീഷണമായ നിസഹായതയോടെയുമാണ് നാം അത് കണ്ടുനില്‍ക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്കും എല്ലാ ചിന്താരീതികളും പുലര്‍ത്തുന്നവര്‍ക്കും എല്ലാ തരത്തിലുള്ള ലോകവീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കും ഒന്നിച്ചിരിക്കാനും ഒരേപോലെ ആശയങ്ങള്‍ പങ്കിടാനും വേണ്ട വേദി ഉണ്ടാകേണ്ടതുണ്ടെന്ന ചിന്തയില്‍ നിന്നാണ് കേരള സാഹിത്യോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങള്‍ പറയുന്നവരെ കൊന്നുകളയുമെന്ന് പറയുന്ന രാജ്യത്ത് ഇത്തരം വേദികള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ചടങ്ങില്‍ സംസാരിച്ച എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍