UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എളുപ്പം മായാത്ത ഒരു മഞ്ഞവര

Avatar

ഷാജഹാന്‍ കാളിയത്ത്

ആ മഞ്ഞവര എളുപ്പം മായില്ല. ഐ എഫ് എഫ്കെയുടെ കൊടിയിറങ്ങിയപ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങളിലൊന്ന് സെല്‍സോ ഗാര്‍ഷ്യ എന്ന മെക്സിക്കന്‍ സംവിധായകന്‍ ഒരുക്കിയ ‘ദി തിന്‍ യെല്ലോ ലൈന്‍’ എന്ന മനോഹരമായ ചിത്രമാണ്. ഇറാനില്‍ നിന്നുള്ള പഞ്ഞിമിഠായി സിനിമകളുടെ കാലം കഴിഞ്ഞതോടെ ലാറ്റിനമേരിക്കയാണ് ജിവിതമുള്ള ചിത്രങ്ങള്‍ നമുക്ക് തന്നുകൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ പെട്ട സിനിമകളിലൊന്നാണ് ‘ദ തിന്‍ യെല്ലോ ലൈന്‍’. 

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള അഞ്ചു മനുഷ്യരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒന്നാമന്‍ അന്‍റോണിയോ. പഴകിയ കാറുകള്‍ കാത്തു സൂക്ഷിക്കുന്ന ഒരു തരിശുനിലത്തിന്റെ കാവല്‍ക്കാരനാണയാള്‍. ആദ്യ സീനില്‍ 11 വര്‍ഷം ആ ശവപ്പറമ്പിന് കാവല്‍ നിന്ന അന്‍റോണിയോയ്ക്ക് പകരം ഉടമ ഒരു പട്ടിയെ കാവലേല്‍പ്പിക്കുന്നത് കാണാം. തന്റെ അസ്തിത്വത്തിലേക്ക് കടന്ന് വന്ന പട്ടിയുടെ കുരകേട്ട് ,പിരിച്ച് വിടപ്പെട്ട  അന്‍റോണിയോ പഴയ കാറില്‍ സ്ഥലം വിടുന്നിടത്ത് നിന്ന് നേരെ  സിനിമ ഒരു ഇസത്തിന്റെയും കൊടി വലിച്ചു കെട്ടാതെ കാര്യം പറയുന്നു. ഇതൊരു പ്രോലിറ്റേറിയന്‍ കഥയാണെന്ന്.

എല്ലാമുണ്ട് ഈ സിനിമയില്‍. പ്രണയം. ദാരിദ്ര്യം, ഒറ്റപ്പെടല്‍, മരണം, വാര്‍ധക്യം. കൗമാരം…. 

ഒരു പട്ടി കവര്‍ന്നെടുത്ത തന്റെ  ഉപജീവനത്തിന് പകരം അന്‍റോണിയോ കണ്ടെത്തുന്നത് പുതിയ ജോലി 200 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് നടുവില് മഞ്ഞ വര /മീഡിയന്‍ വരക്കുന്നതാണ്. കൂട്ടിന്  പഴയൊരു സര്‍ക്കസുകാരന്‍. ഒരു കള്ളന്‍. കാഴ്ച മങ്ങിയതോടെ ജോലി പോയ ഒരു കിറുക്കന്‍ ഡ്രൈവര്‍, ഒരു കുരുത്തമില്ലാത്ത കൗമാരക്കാരന്‍…ഇനിയെവിടെ കഥ എന്ന് അന്തിച്ച് നില്‍ക്കുമ്പോഴാണ് ഈ റോഡ് മൂവി  പരുക്കനും അതേ സമയം രസിപ്പിക്കുന്നതുമായ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു തരുന്നത്.

ഈ 200 കിലോമീറ്റര്‍ യാത്രയ്ക്കിടെ ഒരു സാമാന്യജീവിതത്തിലെ എല്ലാം സംഭവിക്കുന്നുണ്ട്. പിണക്കം. ദാരിദ്ര്യം.പട്ടിണി, സംശയം, വഞ്ചന,പ്രണയം ഉന്‍മാദം .മരണം. ദൂരിതം. ആ നിലയ്ക്ക് ചെറിയൊരു ജീവിത യാത്ര തന്നെയാണ്  ഈ സിനിമ. അതിനുമപ്പുറം  ജീവതമെന്ന ചെറിയ അതിജീവനത്തിന്റെ ഏറ്റവും വലിയ പാഠങ്ങളാണ് സിനിമയിലുള്ളത്. ഒടുക്കം താനേറ്റവും വെറുത്ത പട്ടിയോടൊപ്പം അന്‍റോണിയോ യാത്ര തുടരുന്നിടത്താണ്  സിനിമ അവസാനിക്കുന്നത്. പ്രലോഭനങ്ങളെയും വൈരാഗ്യത്തെയും മറികടക്കുന്നവന്റെ ജീവിതത്തിലെ പ്രത്യാശ എന്നതാവാം  ഗുണപാഠം.  

അന്‍റോണിയോയും കൂട്ടരും വരച്ച ആ മഞ്ഞവര  ഒരു  അടയാളപ്പെടുത്തലാണ്. ജീവിതത്തെയും മരണത്തെയും. ചിരിക്കും കരച്ചിലിനുമിടയിലാണ് ആ വര. ശരിക്കും തെറ്റിനുമിടയിലാണ് ആ അടയാളപ്പെടുത്തല്‍.സമാനമായ പ്രമേയം കൈകാര്യം ചെയ്ത പല ചലച്ചിത്രകാരന്‍മാരും തിരിച്ചറിയാതെ പോയ ഘടകങ്ങളാണ് ഈ സിനിമയുടെ ചോരയോട്ടത്തെ  ശക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കീഴ്ജീവിതങ്ങളുടെ അതീജീവനം എന്ന അതിശക്തമായ ഒരു പ്രമേയം ഈ രസച്ചരടിനടിയിലുണ്ട് എന്നത് പലരും ഗൗരവമായി കണ്ടെന്ന് വരില്ല. അരികുജീവിതങ്ങളെയും അവരുടെ  ഭാവിക്കായുള്ള ആസൂത്രണമോ ഉല്‍ക്കണ്ഠയോ  കരുതിവെയ്പ്പോ ഇല്ലാത്ത അന്നന്നത്തെ അതിജീവനം എന്ന പ്രായോഗിക സമീപനം ആണ് സിനിമയിലുള്ളത് .അതുകൊണ്ട് തന്നെ ലാറ്റിനമേരിക്കയുടെ അതിര്‍ത്തി കടന്ന് ആഗോളമായ ഒരു സ്വീകാര്യത ഈ സിനിമയ്ക്ക് ലഭിക്കുന്നു.

ദ തിന്‍ യെല്ലോ ലൈന്‍ എന്നത് വലിയ ക്രാഫ്റ്റൊന്നും പൊതിഞ്ഞ് വെച്ച കാണിയെ അമ്പരപ്പിക്കുന്ന സിനിമയല്ല. ജീവിതം സായാഹ്നത്തിലേക്ക് കൊണ്ടുപോകുന്ന ചില മനുഷ്യരുടെ ഉള്ളിലെ സ്നേഹത്തിന്റെ പരുക്കന്‍ തലങ്ങള്‍, അവരുടെ അനുഭവങ്ങളുടെ കണക്കുപുസ്തകത്തിലെ ശേഷിപ്പ് എന്നിങ്ങനെ ഒരു ഭൂഖണ്ഡത്തിന്റെയും അതിര്‍ത്തിയില്ലാതെ ഓരോ വ്യക്തിക്കും തിരിച്ചറിയാവുന്ന  സന്ദര്‍ങ്ങളാണ് സിനിമയില്‍.

കുറിയ കൗ ബോയ് വേഷത്തില്‍  അന്‍റോണിയോ എന്ന പ്രധാനകഥാപാത്രം ഉയര്‍ത്തുന്നത് കാല്പനികതയോ ശൂരത്വമോ അല്ല. അനുതാപമാണ്. പ്രത്യാശ ശേഷിക്കുന്ന ഏകാന്തതയാണ്. ഡാമിയന്‍ അല്‍കാസര്‍ എന്ന അതുല്യ നടന്റെ  സംയമനമാണ് ഈ കഥാപാത്രത്തെ നമുക്കിടയിലുള്ള ഒരാളാക്കി മാറ്റുന്നത്. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍